വയനാട് മണ്ണിടിച്ചില്‍: 'വിഷയം പ്രധാനമന്ത്രിയെ അറിയിച്ചു, അനാസ്ഥയുണ്ടായെങ്കില്‍ നടപടി വേണം': സുരേഷ് ഗോപി
വയനാട്ടിലെ മണ്ണിടിച്ചിലിനെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അനാസ്ഥ കാരണം മൂന്ന് ജീവനുകളാണ് നഷ്‌ടപ്പെട്ടത്. പ്രദേശത്തെ മണ്ണ് എത്രയും വേഗം നീക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Published : July 7, 2026 at 4:15 PM IST
പാലക്കാട്: വയനാട് അപകടം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രദേശത്തെ മണ്ണ് മാറ്റാൻ നിർദേശം നല്‍കിയിട്ടും അത് പാലിച്ചില്ല. അങ്ങനെയെങ്കിൽ അതൊരു വലിയ വീഴ്‌ചയാണെന്നും അത്തരം സംഭവത്തിൽ സർക്കാർ നടപടിയെടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുരങ്ക നിർമാണ പ്രദേശത്തെ മണ്ണ് എത്രയും വേഗം നീക്കണമെന്ന് ജില്ലാ കലക്‌ടർ നിർദേശം നൽകിയിരുന്നു. പക്ഷേ നടപടി ഉണ്ടായില്ല. ഇത്തരത്തിലുള്ള അനാസ്ഥ കാരണം മൂന്ന് ജീവനാണ് നഷ്‌ടപ്പെട്ടത്. 9 പേർ ആശുപത്രിയിലും ചികിത്സയിലാണ്. അഞ്ചിലധികം പേരെ കാണാതായിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവിൽ ഇത് സംസ്ഥാന സർക്കാരിന് നിയന്ത്രിക്കാൻ കഴിയുന്ന വിഷയമാണ്. കേന്ദ്രസേനയുടെ ആവശ്യം ഇപ്പോൾ ഇല്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം ഇതൊരു പാഠമായി എല്ലാവരും എടുക്കണം. ആരെയും കുറ്റപ്പെടുത്താൻ ഇവിടെ തയ്യാറല്ല. സംഭവത്തിൽ അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേഷ് ഗോപി പറഞ്ഞു. തുരങ്കപാത തുടർ നിർമാണവുമായി മുന്നോട്ടു പോകുമ്പോൾ അപകടത്തെ സംബന്ധിച്ചിട്ടുള്ള മുൻകരുതൽ തൊഴിലാളികൾക്കും അധികൃതർക്കും ഉണ്ടായിരിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

