ETV Bharat / state

'തൃശൂരിൽ വികസനം വരും'; എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് സുരേഷ് ഗോപി

എയിംസ് വേണമെന്ന ആവശ്യം ഉന്നയിക്കുന്ന ജനങ്ങൾക്കൊപ്പമാണ് താനെന്നും സർക്കാരുമായി ഒന്നിച്ച് നിന്ന് അതിനായി പ്രവർത്തിക്കാമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി.

SURESH GOPI  AIIMS  THRISSUR AIIMS PROJECT  SURESH GOPI EXPLAIN AIIMS PROJECT
Union minister Suresh Gopi. (ETV Bharat)
author img

By ETV Bharat Kerala Team

Published : August 28, 2026 at 1:26 PM IST

2 Min Read
Choose ETV Bharat

തൃശൂർ: എയിംസ് (AIIMS) വിഷയത്തിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് സമയത്തെ പ്രസംഗങ്ങളിൽ ഒരിടത്തും എയിംസ് ഉച്ചരിച്ചിട്ടില്ലെന്നും താൻ നടത്തിയ പ്രസംഗങ്ങൾ പരിശോധിച്ചാൽ അക്കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ എയിംസ് വരാൻ യോഗ്യമാണെന്ന് പിന്നീടാണ് പറയുന്നതെന്നും എയിംസ് വേണമെന്ന ആവശ്യം ഉന്നയിക്കുന്ന ജനങ്ങൾക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു.

വരും വർഷങ്ങളിൽ തൃശൂരിൽ വികസനം കൊണ്ടുവരും. ന്യൂനതകൾ പരിഹരിച്ച് മുന്നോട്ട് പോകും. കേരള സർക്കാർ വിചാരിച്ചാൽ മാത്രമെ തൃശൂരിൽ എയിംസ് വരികയുള്ളൂ. അതിന് ആവശ്യമായ നിരവധി സ്ഥലങ്ങൾ ജില്ലയിലുണ്ട്. മറ്റത്തൂർ പഞ്ചായത്തിൽ ലീസ് കാലാവധി കഴിഞ്ഞ ഏകദേശം 400 ഏക്കർ സ്ഥലം ഉണ്ട്. ഉപയോഗശൂന്യം അല്ലെങ്കിൽ ഉപയോഗപ്രദമല്ലാത്തത് എന്നീ പദങ്ങൾ ഉപയോഗിച്ച് കൂടായെങ്കിലും മറ്റ് ആവശ്യങ്ങൾക്കൊന്നും തന്നെ നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന വേറെയും സ്ഥലങ്ങൾ തൃശൂരിന് സ്വന്തമായുണ്ട്. മണ്ണൂത്തിയിലും പൊലീസ് അക്കാദമിയിലും അനുയോജ്യമായ സ്ഥലങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

'തൃശൂരിൽ വികസനം വരും'; എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് സുരേഷ് ഗോപി (ETV Bharat)

എന്നാൽ ഇത്രയും സൗകര്യങ്ങൾ ലഭ്യമായിരുന്നിട്ടും കഴിഞ്ഞ സർക്കാർ പദ്ധതിയോട് വിമുഖത കാണിച്ചു. ഈ സർക്കാർ പദ്ധതിയോട് അത്തരം വിമുഖത കാണിക്കാതെയിരിക്കട്ടെ. അതിന് ആവശ്യമായ നടപടികൾ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകട്ടെ. നമുക്ക് ഒന്നിച്ച് നിന്ന് അതിനായി പ്രവർത്തിക്കാം. മേയറും ഇവിടുത്തെ ഏഴ് എംഎൽഎമാരും ചേർന്ന് ഒത്തുപിടിച്ചാൽ നിങ്ങളാഗ്രഹിക്കുന്നത് പോലെ നടത്തിയെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശക്തൻമാർക്കറ്റിനെ സംബന്ധിച്ച വികസനവും തൃശൂരിൽ ഉറപ്പായും കൊണ്ടുവരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതുമായി ബന്ധപ്പെട്ട വികസന രേഖകൾ 2020-21 കാലഘട്ടത്തിൽ തയ്യാറാക്കിയതാണ്. എന്നാൽ ആ ഡിപിആർ ഇതുവരെയും ലഭിച്ചിട്ടില്ല. ഈ വിഷയം ഉടൻ പരിഗണിക്കാനാണ് തീരുമാനം. അതിനായി പുതിയ മേയറിൻ്റെ സാന്നിധ്യത്തിൽ എറണാകുളത്ത് വച്ച് ഒരു യോഗം നടത്തി വിഷയം ചർച്ച ചെയ്‌ത് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അതിൻ്റെ ആദ്യ ഗഡു 99 കോടി രൂപ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ 2028ൽ പണി പൂർത്തിയാക്കി റെയിൽവേ സമുച്ചയവും വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എയിംസിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ രേഖാമൂലം വേഗത്തിൽ പൂർത്തിയാക്കിയാൽ വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ തന്നെ അത് പ്രഖ്യാപിച്ചേക്കുമെന്ന് കേന്ദ്രമന്ത്രി മുൻപ് പറഞ്ഞിരുന്നു. നടപടിക്രമങ്ങൾ കൃത്യമായി പൂർത്തിയാക്കിയാൽ അടുത്ത ബജറ്റിൽ തന്നെ അത് യാഥാർഥ്യമായേക്കും. അല്ലെങ്കിൽ അതിനടുത്ത ബജറ്റിൽ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഏതായാലും കേരളത്തിൽ എയിംസ് വരുന്ന കാലം വിദൂരമല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Also Read: എതിർപ്പുകൾ തള്ളി ആരോഗ്യവകുപ്പ്; സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരെ പുനർവിന്യസിക്കാൻ തീരുമാനം