'നിയമസഭയിൽ 100 പ്ലസ്'; യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് വി ഡി സതീശൻ
സ്ഥാനാർഥികളെ ഈ മാസം പ്രഖ്യാപിക്കാനും പ്രക്ഷോഭങ്ങൾ ശക്തമാക്കാനും വയനാട് ക്യാമ്പിൽ തീരുമാനിച്ചു.

Published : January 5, 2026 at 3:01 PM IST
വയനാട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെപിസിസിയുടെ നേതൃത്വത്തിൽ വയനാട് സുൽത്താൻ ബത്തേരി സപ്ത കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച 'ലക്ഷ്യ 2026' നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുശതമാനം ആത്മവിശ്വാസത്തോടെയും യാഥാർഥ്യബോധത്തോടെയുമാണ് താൻ ഇക്കാര്യം പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അധികാരത്തിൽ വന്നാൽ നടപ്പിലാക്കാൻ സാധിക്കുന്ന പ്രായോഗികമായ പദ്ധതികൾ മാത്രമാകും യുഡിഎഫ് മുന്നോട്ടുവയ്ക്കുക. ഈ ലക്ഷ്യത്തിനായി ആരും വിശ്രമിക്കാതെ പണിയെടുക്കണമെന്നും താഴെത്തട്ടിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. യുഡിഎഫ് എന്നത് വെറുമൊരു രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മ മാത്രമല്ലെന്നും അതിനപ്പുറം വിപുലമായ ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി മുന്നണി മാറിയിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഒരു 'ടീം യുഡിഎഫ്' ആയാണ് മുന്നണി പ്രവർത്തിക്കുന്നത്. മുൻപ് ഒപ്പമില്ലാതിരുന്ന പലരും ഇപ്പോൾ യുഡിഎഫിനൊപ്പം ചേർന്നിട്ടുണ്ട്. ഇടതുപക്ഷത്തിൻ്റെ തെറ്റായ നയങ്ങൾ തിരിച്ചറിഞ്ഞ് അവരിൽ നിന്ന് അകന്ന നൂറുകണക്കിന് ആളുകളും ഇൻഫ്ലുവൻസർമാരും ഒപ്പീനിയൻ മേക്കർമാരും അടക്കമുള്ളവർ ഈ രാഷ്ട്രീയ പ്ലാറ്റ്‌ഫോമിൻ്റെ ഭാഗമാണ്. തകർന്നടിഞ്ഞ കേരളത്തെ രക്ഷിക്കാൻ യുഡിഎഫ് വരണമെന്ന് ഇടതുപക്ഷത്തിൻ്റെ പ്രചാരകരായിരുന്നവർ പോലും ആഗ്രഹിക്കുന്നുണ്ടെന്നും ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ വിസ്മയങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിലെത്തിയാൽ കേരളത്തിൻ്റെ നികുതി വരുമാനം വർധിപ്പിക്കുമെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കങ്ങളുണ്ടെന്ന സിപിഎം പ്രചാരണത്തെ വിഡി സതീശൻ തള്ളി. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങി പല പ്രമുഖ നേതാക്കളുടെയും ചിത്രങ്ങൾ വച്ച് ഇവർ മുഖ്യമന്ത്രി സ്ഥാനാർഥികളാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നുണ്ട്.
തങ്ങളുടെ നേതാക്കൾക്കിടയിൽ തർക്കമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് സിപിഎം മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസിനുള്ളിൽ ഒരു തരത്തിലുള്ള തർക്കങ്ങളുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നുണപ്രചാരണങ്ങളിൽ യുഡിഎഫ് വീഴില്ല. ഒരു 'ഗാലക്സി ഓഫ് ലീഡർഷിപ്പ്' കോൺഗ്രസിനുണ്ട്. ദേശീയ നേതൃത്വത്തിൻ്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ഐക്യത്തോടെ പോരാടി കേരളത്തെ വീണ്ടെടുക്കുകയാണ് പ്രധാനം. യുഡിഎഫ് എന്നത് ഒരു കുടുംബത്തെപ്പോലെ ഐക്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഒരു ടീം യുഡിഎഫ് ആയാണ് തങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗംഭീരമായി നേതൃസംഗമം സംഘടിപ്പിച്ച ഭാരവാഹികൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ
നിയമസഭ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായാണ് വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കെപിസിസി നേതൃസംഗമം ലക്ഷ്യ 2026 സംഘടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കരുത്താർജിച്ച കോൺഗ്രസ് അതിൻ്റെ ടെമ്പോ നിലനിർത്തി കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് ഒത്തുചേർന്നത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 140ൽ 100 സീറ്റുകൾ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർഥികളെ മുൻകൂട്ടി നിശ്ചയിക്കും.
പ്രശസ്ത തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവും അദ്ദേഹത്തിൻ്റെ ടീമും ക്യാമ്പിൽ പങ്കെടുത്തു. ഓരോ മണ്ഡലത്തെയും കുറിച്ചുള്ള പഠന റിപ്പോർട്ടുകൾ ഇവർ പാർട്ടിക്ക് സമർപ്പിച്ചിട്ടുണ്ട്. നിലവിൽ 90 സീറ്റുകൾ നേടുമെന്നാണ് കനുഗോലുവിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് വയനാട്ടിൽ കോൺഗ്രസ് നേതൃത്വം ഒത്തുകൂടിയത് എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. അത് പുറത്ത് വരാതായതോടെ നേതാക്കളുടെ തമ്മിലടിയിൽ സ്ഥാനാർഥി നിർണയം വൈകിയെന്നും വാർത്തകൾ വന്നു. എന്നാൽ ഇത് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന പരിപാടി അല്ല എന്നായിരുന്നു വിഡി സതീശൻ്റെ മറുപടി.
ഇത്തവണ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കും. സ്ഥാനാർഥി പട്ടികയുടെ ആദ്യഘട്ടം ഈ മാസം തന്നെ പുറത്തിറക്കാനാണ് നീക്കം. ഫെബ്രുവരി ആദ്യവാരത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന 'കേരള യാത്ര'യിൽ സ്ഥാനാർഥികളെയും അവതരിപ്പിക്കാനാണ് ലക്ഷ്യം. പ്രചാരണത്തിന് കൂടുതൽ സമയം ലഭിച്ചാൽ അത് ഗുണകരമാകും എന്നാണ് പൊതുവിലയിരുത്തൽ. സംസ്ഥാനത്തെ തെക്ക്, മധ്യ, വടക്ക് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏകോപിപ്പിക്കും.
പ്രക്ഷോഭ പരിപാടികൾ
പ്രക്ഷോഭങ്ങൾക്കടക്കം തുടക്കം കുറിച്ചും പാർട്ടി സംവിധാനം ശക്തിപ്പെടുത്തിയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലുവിൻ്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. ഇതിൻ്റെ ഭാഗമായി ജനുവരി 19ന് കോൺഗ്രസിൻ്റെ മെഗാ പഞ്ചായത്ത് നടക്കും. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ കോൺഗ്രസ് പ്രതിനിധികളുടെയും സംഗമമാണിത്.

രാഹുൽ ഗാന്ധി സമ്മേളനത്തിന് എത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ജനുവരി 13, 14 തീയതികളിൽ തിരുവനന്തപുരത്ത് രാപ്പകൽ സമരം സംഘടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടലിനെതിരെയാണ് സമരം. ജനുവരി 15, 16 തീയതികളിൽ ബൂത്ത് പ്രസിഡൻ്റുമാരുടെയും ബിഎൽഎമാരുടെയും യോഗങ്ങൾ നടക്കും. ഇതിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കണമെന്ന് നിർദേശമുണ്ട്. പിന്നാലെ ശബരിമല സ്വർണ കൊള്ളയിൽ ശക്തമായ പ്രക്ഷോഭത്തിനും തീരുമാനമുണ്ട്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ദിവസം നിയമസഭയിലേക്കും മറ്റ് 13 ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്താനാണ് തീരുമാനം.
സ്ഥാനാർഥി നിർണയവും പാർട്ടി നിലപാടുകളും
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ ഉടൻ കേരളം സന്ദർശിക്കുമെന്ന് കെസി വേണുഗോപാൽ അറിയിച്ചു. കേരളത്തിലെ ഇലക്ഷൻ കമ്മിറ്റി പട്ടിക നൽകും. ജനുവരി മാസം തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. സുനിൽ കനുഗോലുവിൻ്റെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും.
കോൺഗ്രസ് സാമ്പത്തിക പ്രതിസന്ധി ഉള്ള പാർട്ടിയാണെന്നും എല്ലാവരും തേങ്ങ ചിരകുമ്പോൾ ഞങ്ങൾ ചിരട്ടയെങ്കിലും ചിരകണ്ടേയെന്നും കെസി വേണുഗോപാൽ പറഞ്ഞു. ശശി തരൂർ പാർട്ടി ലൈനിൽ നിൽക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. പാർട്ടി ഐക്യമാണ് നാട് ആവശ്യപ്പെടുന്നത്. ഐക്യത്തിൽ നിന്ന് വിട്ടുപോകുന്നവർക്ക് അധോഗതിയാണ് ഉണ്ടാവുക. വ്യക്തിപരമായല്ല വിമർശനം ഉന്നയിക്കുന്നത്. പാർട്ടി നയത്തിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് വിമർശിക്കുന്നത്.
ശശി തരൂർ പാർട്ടിക്ക് വിലപ്പെട്ട നേതാവാണ്. അദ്ദേഹം ചില പ്രസ്താവനകൾ നടത്തുന്നത് ശ്രദ്ധിക്കണമെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു. ശശി തരൂരിനെ ഉപയോഗിക്കണമെന്ന് തന്നെയാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ സമരം ഉണ്ടാവും. വിശ്വാസികൾ അല്ലാത്തവർക്ക് ദേവസ്വം ഏൽപ്പിച്ചു കൊടുത്തതിൻ്റെ പരിണിതഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. വയനാട്ടിലെ ക്യാമ്പിൽ 158 മുതിർന്ന നേതാക്കളാണ് പങ്കെടുത്തത്.
Also Read:- 'മോദിയെ പുകഴ്ത്തിയിട്ടില്ല, തലക്കെട്ട് മാത്രം കണ്ട് വിമർശിക്കരുത്'; മറുപടിയുമായി ശശി തരൂർ

