യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ സജീവം; പുതുയുഗയാത്രയ്ക്ക് പിന്നാലെ അന്തിമ തീരുമാനം
കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കേരള കോൺഗ്രസ് സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ ഇതുവരെ പൂർത്തിയായിട്ടില്ല.

Published : March 4, 2026 at 5:31 PM IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷനേതാവ് നയിക്കുന്ന പുതുയുഗയാത്ര അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾ പുനരാരംഭിക്കാൻ നീക്കം തുടങ്ങി. നിലവിൽ കോൺഗ്രസിന്‍റെ കെ. ബാബു ഒഴികെയുള്ള എം.എൽ.എമാരുടെ പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ അന്തിമ തീരുമാനം വരാനിരിക്കെയാണ് ഘടകകക്ഷികളുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാക്കാൻ യു.ഡി.എഫ് ഒരുങ്ങുന്നത്.
കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കേരള കോൺഗ്രസ് സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ ഇതുവരെ പൂർത്തിയായിട്ടില്ല. കഴിഞ്ഞ തവണ പത്ത് സീറ്റുകളിലാണ് കേരള കോൺഗ്രസ് മത്സരിച്ചത്. എന്നാൽ വിജയസാധ്യത കണക്കിലെടുത്ത് ഇത്തവണ ചില സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇടുക്കി, ഏറ്റുമാനൂർ, കുട്ടനാട് സീറ്റുകൾ വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും, കഴിഞ്ഞ തവണ മത്സരിച്ച അതേ സീറ്റുകളിൽ തന്നെ ഇക്കുറിയും സ്ഥാനാർത്ഥികളെ നിർത്താനാണ് കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയുടെ തീരുമാനം. അതിനാൽ സീറ്റുകൾ വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ്.
25 സീറ്റുകളിൽ മത്സരിച്ച മുസ്ലിം ലീഗ് അധിക സീറ്റുകളൊന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ ചില സീറ്റുകൾ കോൺഗ്രസുമായും മറ്റ് ഘടകകക്ഷികളുമായും വെച്ചുമാറിയേക്കും. കഴിഞ്ഞ തവണ ലീഗ് പരാജയപ്പെട്ട തിരുവമ്പാടി സീറ്റ് സി.എം.പിക്ക് നൽകുന്ന കാര്യം സജീവ പരിഗണനയിലാണ്; പകരം അവർക്ക് മറ്റൊരു സീറ്റ് നൽകിയേക്കും. ലീഗ് പരാജയപ്പെട്ട കോങ്ങാട്, ഗുരുവായൂർ, പുനലൂർ സീറ്റുകളിലെ വെച്ചുമാറ്റവും ആലോചനയിലുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. മറ്റ് ചെറുകക്ഷികളും കൂടുതൽ സീറ്റുകൾക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും അധിക സീറ്റുകൾ വിട്ടുനൽകാൻ സാധ്യതയില്ല.
ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയാകുന്ന മുറയ്ക്ക് കോൺഗ്രസിലെ സ്ഥാനാർത്ഥി പട്ടിക വേഗത്തിൽ പുറത്തിറക്കാനാണ് തീരുമാനം. മിക്ക സീറ്റുകളിലും ഇതിനോടകം ധാരണയായെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ പരമാവധി സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പാർട്ടി നേതൃത്വം.
സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായിട്ടില്ല: അടൂർ പ്രകാശ്
ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഇ ടിവി ഭാരതിനോട് പറഞ്ഞു. സീറ്റുകൾ സംബന്ധിച്ച ആവശ്യങ്ങൾ കക്ഷികൾ അറിയിച്ചിട്ടുണ്ട്. പുതുയുഗയാത്രയ്ക്ക് ശേഷം ചർച്ചകളിലൂടെ വേഗത്തിൽ തീരുമാനമുണ്ടാകും.
സിറ്റിംഗ് എം.എൽ.എമാർ വീണ്ടും മത്സരിക്കണമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടിക സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നൽകിയിട്ടുണ്ടെങ്കിലും അതിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് നിന്നുള്ള പട്ടിക സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച ശേഷം ഹൈക്കമാൻഡ് അനുമതിയോടെയാകും അന്തിമ പട്ടിക പുറത്തിറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: വിമര്‍ശനങ്ങളില്‍ വീഴാതെ സിപിഎം; കോട്ട കാക്കാൻ പുതുമുഖങ്ങളും കരുത്തരും, കണ്ണൂരിലെ സ്ഥാനാർഥി ചിത്രം

