ETV Bharat / state

കണ്ണൂരിൻ്റെ പെൺകരുത്ത് ഇനി ഡൽഹിയിൽ; തറിയിൽ വിരിഞ്ഞത് റിപ്പബ്ലിക് ദിനത്തിലേക്കുള്ള വിമാന ടിക്കറ്റ്

റിപ്പബ്ലിക് ദിന പരേഡ് കാണാൻ പയ്യന്നൂരിലെ ഖാദി തൊഴിലാളികൾ ഡൽഹിയിലേക്ക്

Weaving Success
ബിന്ദുവും എലിസബത്തും (ETV Bharat)
author img

By ETV Bharat Kerala Team

Published : January 5, 2026 at 4:24 PM IST

2 Min Read
Choose ETV Bharat

കണ്ണൂർ: വർഷങ്ങളായി നൂലുകൾക്കിടയിൽ നെയ്തെടുത്ത സ്വപ്നങ്ങൾക്ക് ഇപ്പോൾ റിപ്പബ്ലിക് ദിനത്തിൻ്റെ തിളക്കം. പയ്യന്നൂർ ഫർക്ക ഗ്രാമോദയ സംഘത്തിലെ ഖാദി നെയ്ത്ത് തൊഴിലാളികളായ ബിന്ദുവിനും എലിസബത്തിനുമാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നേരിട്ട് കാണാൻ ഡൽഹിയിൽനിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് ഖാദി കമ്മീഷൻ തിരഞ്ഞെടുത്ത നാല് പേരിൽ രണ്ടുപേരും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഫർക്ക ഗ്രാമോദയ സംഘത്തിലെ ചെറുപുഴ കുണ്ടംതടം യൂണിറ്റിലെ ജീവനക്കാരാണ് എന്നത് നാടിനും അഭിമാനമാകുന്നു.

അപ്രതീക്ഷിതമായി എത്തിയ അംഗീകാരം

16 വർഷമായി ഖാദി മേഖലയിൽ ജോലി ചെയ്യുന്ന ബിന്ദുവും 13 വർഷമായി ഈ രംഗത്തുള്ള എലിസബത്തും ഒരു പുതുവത്സര സമ്മാനം പോലെയാണ് ഈ വാർത്തയെ കാണുന്നത്. ഖാദി കമ്മീഷനിൽ നിന്നുള്ള ആദ്യ ഫോൺ കോൾ എത്തിയപ്പോൾ ഒരു സാധാരണ മീറ്റിങ്ങിനുള്ള വിളിയാണെന്നാണ് എലിസബത്ത് കരുതിയത്. എന്നാൽ പിന്നീട് നടന്ന ക്ലാസുകളിലൂടെയാണ് രാജ്യം ആദരിക്കുന്ന അതിഥികളായി തങ്ങൾ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ പോവുകയാണെന്ന് തിരിച്ചറിഞ്ഞതെന്നും എലിസബത്ത് ഇ ടിവി ഭാരതിനോട് പറഞ്ഞു.

തറികളിൽ നിന്ന് രാജപഥിലേക്ക് (ETV Bharat)

വെല്ലുവിളികൾക്കിടയിലും തളരാത്ത നെയ്ത്തുപുര

തുച്ഛമായ കൂലിയിൽ പ്രതിസന്ധികൾ നേരിടുന്ന ഒരു തൊഴിൽ മേഖലയാണിത്. നൂൽ നൂൽപ്പ് ഉൾപ്പടെ വീട്ടിൽ നിന്നും തൊഴിൽ എടുക്കുന്നവരും യൂണിറ്റിൽ എത്തി തൊഴിലെടുക്കുന്നവരും അടക്കം 57 പേര് ആണ് ഇവിടെയുള്ളത്. ഒരു മീറ്റർ നെയ്താൽ ലഭിക്കുന്നത് വെറും 70 രൂപ മാത്രം. എങ്കിലും ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർഥതയും സ്നേഹവുമാണ് ഇവരെ മുന്നോട്ട് നയിക്കുന്നത്.

Weaving Success
എലിസബത്ത് (ETV Bharat)

പാടിച്ചാലിലെ യൂണിറ്റിൽ ഒരു വർഷം ജോലി എടുത്ത ശേഷം ആണ് ബിന്ദു കുണ്ടം തടം യൂണിറ്റിൽ എത്തുന്നത്. തൊഴിൽ മേഖല പ്രതിസന്ധിയിൽ ആണെങ്കിലും തങ്ങൾ ചെയ്യുന്ന തൊഴിലിൽ ഏറെ സന്തുഷ്ടരാണിവർ. കൃത്യമായി ശമ്പളം ലഭിക്കുകയാണെങ്കിൽ നല്ല വരുമാന മാർഗം ആണ്. നല്ല പാവും നൂലും ഉണ്ടെങ്കിൽ 7 മീറ്റർ മുതൽ 8 മീറ്റർ വരെ നെയ്യാൻ കഴിയുമെന്നും ബിന്ദു പറയുന്നു.

മോദിക്ക് പ്രിയങ്കരമായ 'മനില' തുണികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറെ പ്രിയപ്പെട്ട 'മനില' ഷർട്ട് പീസുകൾ നെയ്യുന്ന തൊഴിലാളികളാണ് ഇവർ എന്നത് ഈ നേട്ടത്തിൻ്റെ തിളക്കം വർധിപ്പിക്കുന്നു. പാടിച്ചാൽ, കുണ്ടംതടം, മഞ്ഞക്കാട് തുടങ്ങിയ തുടങ്ങിയ ഖാദി കേന്ദ്രങ്ങളിൽ നെയ്യുന്ന തുണികളൊക്കെയും മനില ഷർട്ട് പീസുകൾക്ക് ഉള്ള തുണികൾ ആണ്. മൂന്ന് വ്യത്യസ്ത നിറങ്ങളിലുള്ള നൂലുകൾ ഉപയോഗിച്ചാണ് ഈ പ്രത്യേക തരം തുണി നെയ്തെടുക്കുന്നത്. പ്രധാനമന്ത്രി കേരളം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് സമ്മാനമായി നൽകിയതും നെയ്ത മനില തുണികളായിരുന്നു.

Weaving Success
ബിന്ദു (ETV Bharat)

യാത്രയ്‌ക്കൊരുങ്ങി കുടുംബം

ബിന്ദുവും ഐടിഐ പഠനം കഴിഞ്ഞ മകൻ ജിഷ്ണുവും, എലിസബത്തും ഭർത്താവ് ജോർജും ഈ യാത്രയുടെ ആവേശത്തിലാണ്. ജനുവരി 22 ന് ഡൽഹിയിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയെയും റിപ്പബ്ലിക് ദിന പരേഡും നേരിട്ട് കാണാൻ കഴിയുന്നതിലെ സന്തോഷത്തിൽ ആണിവർ.

കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് രാജ്യം നൽകുന്ന ഈ വലിയ അംഗീകാരം ഖാദി മേഖലയ്ക്ക് തന്നെ പുതിയ ഉണർവ് നൽകുന്നതാണ്.

Also Read: 'സിബിഐയെ വിട്ട് അറസ്റ്റ് ചെയ്യിപ്പിക്കണോ? നടന്നോട്ടെ'; സർക്കാരിനെ വെല്ലുവിളിച്ച് വി ഡി സതീശൻ