നഷ്‌ടപ്പെട്ട കോട്ടകൾ 'കൈ'ക്കലാക്കാന്‍ കോൺഗ്രസ്; തലസ്ഥാനത്ത് 10 സീറ്റ് ലക്ഷ്യമിട്ട് സർപ്രൈസ് നീക്കങ്ങൾ
ആകെയുള്ള 14 സീറ്റിൽ 10 എണ്ണമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കളത്തിലിറക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ ലക്ഷ്യം

Published : January 9, 2026 at 8:27 PM IST
ബിജു ഗോപിനാഥ്
തിരുവനന്തപുരം: തലസ്ഥാന ജില്ല പിടിച്ചാൽ കേരളം പിടിക്കാമെന്നത് കഴിഞ്ഞ കുറെ നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട യാഥാർഥ്യമാണ്. തലസ്ഥാനത്തെ 14 നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷം സീറ്റുകൾ നേടുന്ന മുന്നണി സംസ്ഥാനം ഭരിക്കുന്നതാണ് പതിറ്റാണ്ടുകളായുള്ള പതിവ്. പിണറായി വിജയൻ തുടർഭരണം നേടിയ 2021-ൽ തലസ്ഥാനത്തെ 14-ൽ 13 സീറ്റും എൽഡിഎഫ് നേടിയിരുന്നു. 2016-ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ എൽഡിഎഫിന് 9 സീറ്റും യുഡിഎഫിന് 5 സീറ്റുമായിരുന്നു.
ഇക്കുറി സംസ്ഥാന ഭരണം പിടിക്കാൻ 100 സീറ്റ് ലക്ഷ്യമിടുന്ന യുഡിഎഫിന് തലസ്ഥാന ജില്ലയിൽ മേൽക്കൈ നേടിയേ തീരൂ എന്നതാണ് സ്ഥിതി. ഇതിനായി ആകെയുള്ള 14 സീറ്റിൽ 10 എണ്ണമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കളത്തിലിറക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ ലക്ഷ്യം.
പല മണ്ഡലങ്ങളിലും അപ്രതീക്ഷിത സ്ഥാനാർത്ഥികളും ഉണ്ടായേക്കാം. ഇതിനായി സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക ജില്ലാ കോൺഗ്രസ് നേതൃത്വം തയാറാക്കിക്കഴിഞ്ഞു. ഒന്നിലധികം പേരുകളുള്ള മണ്ഡലങ്ങളിൽ അവസാന ഘട്ടത്തിൽ ഒറ്റപ്പേരിലേക്ക് എത്തുന്നതോടെ അന്തിമ പട്ടികയാകും.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ നാല് സീറ്റുകളാണുള്ളത്. ഇതിൽ നേമം ഒഴികെയുള്ള മൂന്ന് മണ്ഡലങ്ങളിൽ കൃത്യമായ തന്ത്രങ്ങൾ ആവിഷ്കരിച്ചാൽ വിജയിക്കാമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. നേമത്ത് യുഡിഎഫ് വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നില്ലെങ്കിലും മികച്ച സ്ഥാനാർത്ഥിയെ കളത്തിലിറക്കിയില്ലെങ്കിൽ അത് ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുണ്ട്.
അതിനാൽ നേമത്ത് കരുതലോടെയാകും സ്ഥാനാർത്ഥി നിർണ്ണയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ 36,000 വോട്ട് നേടിയ കെ. മുരളീധരന്‍റെ മുന്നേറ്റമാണ് ബിജെപി വിജയം തടഞ്ഞത്. ഇക്കുറി മുരളിയെപ്പോലെ കരുത്തനായ ഒരാളെ രംഗത്തിറക്കാനായിരിക്കും ശ്രമം. അതല്ലെങ്കിൽ മണ്ഡലത്തിൽ സർവ്വസമ്മതനായ ഒരാളെ പരിഗണിക്കും.
തൊണ്ടിമുതൽ കേസിൽ കോടതി ശിക്ഷിച്ചതിലൂടെ നിയമസഭാംഗത്വം നഷ്ടമായ ആന്‍റണി രാജു വിജയിച്ച തിരുവനന്തപുരം മണ്ഡലത്തിൽ ആഞ്ഞുപിടിച്ചാൽ വിജയിക്കാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. മുൻ മന്ത്രി വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് എന്നിവരാണ് പട്ടികയിലുള്ളത്.
സിഎംപി നേതാവ് സി.പി. ജോൺ ഈ മണ്ഡലത്തിൽ കണ്ണുവെക്കുന്നുണ്ട്. ജോണിന് സുരക്ഷിതമായ ഒരു മണ്ഡലം നൽകണമെന്ന അഭിപ്രായം കോൺഗ്രസിലും പൊതുവേയുണ്ട്. അപ്രതീക്ഷിത സ്ഥാനാർത്ഥിയായി അവസാന നിമിഷം ശശി തരൂർ എത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എങ്ങനെയായാലും ശക്തമായ ത്രികോണ മത്സരത്തിനാകും മണ്ഡലം സാക്ഷ്യം വഹിക്കുക എന്നുറപ്പാണ്.
വട്ടിയൂർക്കാവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് മുന്നിലെങ്കിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത് യുഡിഎഫിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. വട്ടിയൂർക്കാവിൽ കെ. മുരളീധരനെ മത്സരിപ്പിക്കണമെന്ന ആവശ്യമുണ്ടെങ്കിലും അദ്ദേഹത്തിന് തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കാനാണ് ആഗ്രഹം.
വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥി ആരെന്നതിനെ ആശ്രയിച്ചായിരിക്കും മുരളിയുടെ സ്ഥാനാർത്ഥിത്വം. ആർ. ശ്രീലേഖയോ കെ. സുരേന്ദ്രനോ ബിജെപി സ്ഥാനാർത്ഥിയായാൽ കെ.എസ്. ശബരീനാഥനെ സ്ഥാനാർത്ഥിയാക്കി കെ. മുരളീധരൻ മറ്റൊരു സുരക്ഷിത മണ്ഡലം തേടിയേക്കും. മുരളീധരന്‍റെയും ശബരീനാഥിന്‍റെയും പേരുകൾക്കാണ് ഇവിടെ മുൻതൂക്കം.
കഴക്കൂട്ടവും ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ്. ബിജെപി വി. മുരളീധരനെ വീണ്ടും സ്ഥാനാർത്ഥിയാക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഇവിടെ ശരത് ചന്ദ്രപ്രസാദ്, ജെ.എസ്. അഖിൽ എന്നിവരുടെ പേരുകളാണ് പ്രാഥമിക പട്ടികയിലുള്ളത്. ഈഴവ സമുദായത്തിൽ നിന്നുള്ള ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥി വന്നേക്കാമെന്നും സൂചനയുണ്ട്.
നേമം മണ്ഡലത്തിൽ വിജയസാധ്യത കുറവായതിനാൽ യുഡിഎഫിൽ സ്ഥാനാർത്ഥി ബാഹുല്യമില്ല. ജവഹർ ബാലമഞ്ചിന്‍റെ അഖിലേന്ത്യാ അധ്യക്ഷൻ ജി.വി. ഹരി, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി മണക്കാട് രാജേഷ്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ്. നുസൂർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ എന്നിവർക്കാണ് പരിഗണന. ശശി തരൂരിന്‍റെ പേരും ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും മത്സരിക്കാനില്ലെന്ന സൂചനയാണ് അദ്ദേഹത്തിന്‍റെ ഓഫീസ് നൽകുന്നത്.
അരുവിക്കരയിൽ മുൻ എംഎൽഎ ശബരീനാഥിന് വലിയ താൽപ്പര്യമില്ല. അവിടെ മുൻ ഡിസിസി പ്രസിഡന്‍റ് പാലോട് രവി, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എം.ആർ. ബൈജു എന്നിവരെയാണ് പരിഗണിക്കുന്നത്. കെ. മുരളീധരനെ അരുവിക്കരയിലും ശബരീനാഥിനെ വട്ടിയൂർക്കാവിലും മത്സരിപ്പിച്ചാൽ രണ്ട് സീറ്റുകളും പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടൽ കോൺഗ്രസിനുണ്ട്.
കാട്ടാക്കടയിൽ മുൻ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എം.ആർ. ബൈജു, കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന മലയിൻകീഴ് വേണുഗോപാൽ എന്നിവർക്കാണ് പ്രാഥമിക പരിഗണന. നെയ്യാറ്റിൻകരയിൽ നാടാർ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥി എന്ന നിലയിൽ ഡിസിസി പ്രസിഡന്‍റും മുൻ സ്പീക്കറുമായ എൻ. ശക്തനാണ് മുൻഗണന. ഇവിടെ സി.വി. പ്രാണകുമാറിനെയും പരിഗണിക്കുന്നുണ്ട്. പാറശാലയിൽ നെയ്യാറ്റിൻകര സനലിന് മുൻതൂക്കമുണ്ട്. മുൻ മന്ത്രി വി.എസ്. ശിവകുമാർ, എം.ആർ. ബൈജു എന്നിവരും പട്ടികയിലുണ്ട്.
കോവളത്ത് നിലവിലെ എംഎൽഎ എം. വിൻസന്‍റല്ലാതെ മറ്റൊരാളും പരിഗണനയിലില്ല. സംവരണ മണ്ഡലമായ ചിറയിൻകീഴിൽ കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച അനൂപിനാണ് പ്രഥമ പരിഗണന. അപ്രതീക്ഷിത സ്ഥാനാർത്ഥിയായി രമ്യാ ഹരിദാസിനെയും പരിഗണിക്കുന്നു. കൊടിക്കുന്നിൽ സുരേഷ് എംപിക്കും ഈ മണ്ഡലത്തിൽ താൽപ്പര്യമുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി കെ.എസ്. ഗോപകുമാറിനെയും ഇവിടെ പരിഗണിക്കുന്നു.
മറ്റൊരു സംവരണ മണ്ഡലമായ ആറ്റിങ്ങലിൽ യുഡിഎഫിന് വലിയ പ്രതീക്ഷയില്ലാത്തതിനാൽ സ്ഥാനാർത്ഥി മോഹികളുമില്ല. കഴിഞ്ഞ തവണ ആർഎസ്പി മത്സരിച്ച ഈ മണ്ഡലം ഇക്കുറി വേണ്ടെന്ന് അവർ അറിയിച്ചത് കോൺഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. വർക്കലയിൽ മുൻ എംഎൽഎ വർക്കല കഹാർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈഴവ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിശ്ചയിച്ചാൽ ശരത്ചന്ദ്ര പ്രസാദ്, എം.ജെ. ആനന്ദ് എന്നിവരിലൊരാളെ പരിഗണിക്കും. കഴിഞ്ഞ തവണ മത്സരിച്ച ബി.ആർ.എം. ഷഫീറിന് വർക്കലയിൽ താൽപ്പര്യമില്ല.
വാമനപുരത്ത് കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായർക്കാണ് പ്രഥമ പരിഗണന. ശരത്ചന്ദ്ര പ്രസാദ്, കെ. മോഹൻകുമാർ, പാലോട് രവി, സുധീർഷാ പാലോട് എന്നിവരും പട്ടികയിലുണ്ട്. നെടുമങ്ങാട് മന്ത്രി ജി.ആർ. അനിൽ എൽഡിഎഫ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. ഇവിടെ എം.എ. വാഹിദ്, കെ. മോഹൻകുമാർ, ബി.ആർ.എം. ഷഫീർ എന്നിവരെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്.
ജില്ലയിൽ 10 സീറ്റെന്നത് യുഡിഎഫിനെ സംബന്ധിച്ച് കഠിനമായ വെല്ലുവിളിയായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ വണ്ടന്നൂർ സുരേഷ് ഇ ടിവി ഭാരതിനോട് പറഞ്ഞു. സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ചാൽ 6 മുതൽ 8 സീറ്റുകൾ വരെ യുഡിഎഫിന് നേടാനാകുമെന്നും ബിജെപി ഉയർത്തുന്ന ഭീഷണിയെ മറികടക്കുക എന്നതാകും പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

