ETV Bharat / state

തിരുവനന്തപുരത്തിന് കേന്ദ്രത്തിന്‍റെ നിക്ഷേപം; ആദ്യ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളിലൊന്ന് തലസ്ഥാനത്ത് യാഥാര്‍ഥ്യമാകുന്നു

തിരുവനന്തപുരത്തെ ലോകനിലവാരമുള്ള സാങ്കേതിക-ഗവേഷണ ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപം അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു.

HIRUVANANTHAPURAM  UNIVERSITY TOWNSHIP  EDUCATION
Thiruvananthapuram to Get University Township (X.com)
author img

By ETV Bharat Kerala Team

Published : June 29, 2026 at 8:50 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളില്‍ ഒന്ന് തിരുവനന്തപുരത്ത് യാഥാര്‍ഥ്യമാകുന്നു. തിരുവനന്തപുരത്തെ ലോകനിലവാരമുള്ള സാങ്കേതിക-ഗവേഷണ ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപം അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു.

യൂണിവേഴ്‌സിറ്റിയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താമസിക്കുന്നതിനുള്ള കേന്ദ്രങ്ങളും അനുബന്ധ ജീവിത സാഹചര്യങ്ങളുമെല്ലാം ഒരു കുടക്കീഴില്‍ ഒത്തുചേരുന്നതാണ് ഈ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ്. 2024 മുതല്‍ തിരുവനന്തപുരത്തെ ഒരു ആഗോള സാങ്കേതിക ഹബ്ബാക്കി മാറ്റാന്‍ താന്‍ നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ ഫലമായാണ് ഈ സ്വപ്ന പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. കേരളത്തിന്‍റെ ഭാവി വികസനത്തിനായി ഈ പദ്ധതിക്ക് അംഗീകാരവും നിക്ഷേപവും നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

തിരുവനന്തപുരം റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ക്ലസ്റ്ററിനൊപ്പം (T-RIC) ഈ പുതിയ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ് കൂടി എത്തുന്നതോടെ മലയാളി യുവാക്കളുടെ ഭാവി തന്നെ മാറ്റിമറിക്കാന്‍ പോകുന്ന വലിയൊരു വികസന-സാങ്കേതിക ശൃംഖലയ്ക്കാണ് തുടക്കമിടുന്നത്. ടി-റിക് പുതിയ ആശയങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും വഴിയൊരുക്കുമ്പോള്‍, യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ് അതിനെ വലിയ തലങ്ങളിലേക്ക് വളര്‍ത്തിയെടുക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കും. നമ്മുടെ സര്‍വ്വകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ സംരംഭങ്ങള്‍, വിഴിഞ്ഞം തുറമുഖം എന്നിവയെല്ലാം കോര്‍ത്തിണക്കിയുള്ള വലിയൊരു വികസന മുന്നേറ്റത്തിനാണ് ഇത് വഴിയൊരുക്കുകയെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ടെക്നോളജി, ബയോടെക്, എഐ, ഡീപ് ടെക്, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഉയര്‍ന്ന ശമ്പളമുള്ള ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ ഇത് കാരണമാകും. ഇതോടെ നമ്മുടെ യുവതലമുറയ്ക്ക് നാടുവിട്ടുപോകാതെ സ്വന്തം നാട്ടില്‍ തന്നെ മികച്ചൊരു ഭാവി കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നും, എല്ലാവര്‍ക്കും വേണ്ടിയുള്ളൊരു വികസിത കേരളം കെട്ടിപ്പടുക്കുന്നതിന്‍റെ തുടക്കം മാത്രമാണിതെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം-

വ്യക്തമായ കാഴ്ചപ്പാടും പ്രവർത്തനമികവിന്റെ രാഷ്ട്രീയവും ഒത്തുചേരുമ്പോൾ എന്താണ് സംഭവിക്കുക?

ഇന്ത്യയിലെ തന്നെ ആദ്യത്തെ 'യൂണിവേഴ്സിറ്റി ടൗൺഷിപ്പുകളിൽ' ഒന്ന് നമ്മുടെ സ്വന്തം തിരുവനന്തപുരത്തേക്ക് എത്തുകയാണ്.

തിരുവനന്തപുരത്തെ ലോകോത്തര നിലവാരമുള്ളൊരു സാങ്കേതിക-ഗവേഷണ ഹബ്ബാക്കി മാറ്റാൻ 2024 മുതൽ ഞാൻ നിരന്തരം ശ്രമിച്ചുവരികയാണ്.

ഇന്ന്, ആ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് വലിയൊരു ചുവടുകൂടി വെച്ചിരിക്കുകയാണ്.

ഈ കാഴ്ചപ്പാടിൽ പൂർണ്ണ വിശ്വാസമർപ്പിച്ച്, കേരളത്തിന്റെ ഭാവി വികസനത്തിനായി നിക്ഷേപം അനുവദിച്ച പ്രധാനമന്ത്രി Narendra Modi ജിക്കും കേന്ദ്ര ധനമന്ത്രി Nirmala Sitharaman ജിക്കും ഹൃദയം നിറഞ്ഞ നന്ദി.

തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നവേഷൻ ക്ലസ്റ്ററിനൊപ്പം (T-RIC) ഈ പുതിയ യൂണിവേഴ്സിറ്റി ടൗൺഷിപ്പ് കൂടി എത്തുന്നതോടെ, മലയാളി യുവാക്കളുടെ ഭാവി തന്നെ മാറ്റിമറിക്കാൻ പോകുന്ന വലിയൊരു വികസന-സാങ്കേതിക ശൃംഖലയ്ക്കാണ് ഞങ്ങൾ തുടക്കമിടുന്നത്.

ടി-റിക് (T-RIC) പുതിയ ആശയങ്ങൾക്കും കണ്ടെത്തലുകൾക്കും വഴിയൊരുക്കുന്നു.

യൂണിവേഴ്സിറ്റി ടൗൺഷിപ്പ് അതിനെ വലിയ തലങ്ങളിലേക്ക് വളർത്തിയെടുക്കാനുള്ള സാഹചര്യം ഒരുക്കുന്നു.

നമ്മുടെ സർവ്വകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായ സംരംഭങ്ങൾ, വിഴിഞ്ഞം തുറമുഖം എന്നിവയെല്ലാം കോർത്തിണക്കി വലിയൊരു വികസന മുന്നേറ്റത്തിനാണ് ഇവ രണ്ടും ചേർന്ന് വഴിയൊരുക്കുന്നത്.

ഇത് കേരളത്തിലേക്ക് എന്ത് മാറ്റമാണ് കൊണ്ടുവരിക?

ടെക്നോളജി, ബയോടെക്, എഐ, ഡീപ് ടെക്, ഗവേഷണം തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളമുള്ള കൂടുതൽ തൊഴിലവസരങ്ങൾ.

നമ്മുടെ യുവതലമുറയ്ക്ക് നാടുവിട്ടുപോകാതെ കേരളത്തിൽ തന്നെ മികച്ചൊരു ഭാവി കെട്ടിപ്പടുക്കാൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.

എല്ലാവർക്കും വേണ്ടിയുള്ളൊരു #VikasitaKeralam ഞങ്ങൾ കെട്ടിപ്പടുക്കുന്നത് ഇങ്ങനെയാണ്.

ഇത് വെറുമൊരു തുടക്കം മാത്രം!

Also Read: നയം വ്യക്തമാക്കി സിബിഎസ്ഇ; നിലവിൽ പത്താം ക്ലാസ് വിദ്യാർഥികൾ പുതുക്കിയ ത്രിഭാഷാ നയം പിന്തുടരേണ്ട