പോര് കടുക്കും മധ്യകേരളത്തിലെ ഈ മണ്ഡലങ്ങളില്‍
യുഡിഎഫ് മറക്കാനാഗ്രഹിക്കുന്ന തെരഞ്ഞെടുപ്പുകളാണ് 2016ലെയും 2021ലെയും, മധ്യകേരളത്തില്‍ വിശേഷിച്ചും. നേരിയ ഭുരിപക്ഷത്തിനാണ് മിക്ക മണ്ഡലങ്ങളിലെയും ഫലങ്ങള്‍ മാറി മറിഞ്ഞത്. അത് കൊണ്ട് തന്നെ മുന്നണികള്‍ക്ക് അവ തലവേദനയുമാണ്. പരിശോധിക്കാം ഇക്കുറി മധ്യകേരളത്തിന്‍റെ മനസിലിരിപ്പ് എന്താണെന്ന്.

Published : February 13, 2026 at 5:09 PM IST
|Updated : March 9, 2026 at 11:33 AM IST
മധ്യ കേരളത്തിലെ നാല് ജില്ലകളിലെ 41 സീറ്റുകളില്‍ 22 സീറ്റുകളാണ് ഹോട്ട് സീറ്റുകളുടെ ഗണത്തില്‍ പെടുന്നത്. ഇതില്‍ 17 എണ്ണവും ഇടതു മുന്നണിയുടെ സിറ്റിങ്ങ് സീറ്റുകളാണ്. 2016 ലേയും 2021 ലേയും തെരഞ്ഞെടുപ്പുകളില്‍ തൃശ്ശൂര്‍ ജില്ലയിലെ ഫലം യുഡിഎഫ് മറക്കാനാഗ്രഹിക്കുന്ന ഒന്നാണ്. 2016 ല്‍ അനില്‍ അക്കര 43 വോട്ടിന് ജയിച്ച വടക്കാഞ്ചേരിയായിരുന്നെങ്കില്‍ 2021 ല്‍ സനീഷ് ജോര്‍ജ്ജ് 1057 വോട്ടിന് ജയിച്ച ചാലക്കുടി , ഇവ മാത്രമായിരുന്നു യുഡിഎഫിന് തൃശ്ശൂരില്‍ ആകെ കിട്ടിയ ആശ്വാസം. ഇടതു മുന്നണിക്കാണെങ്കില്‍ കഴിഞ്ഞ രണ്ടു തവണയും 12 സീറ്റുകളാണ് തൃശ്ശൂര്‍ ജില്ലയില്‍ നിന്നു മാത്രം തങ്ങളുടെ പക്ഷത്തേക്ക് ചേര്‍ക്കാനായത്. അഞ്ചു വര്‍ഷം കഴിഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ തൃശ്ശൂരിലെ പാതി മണ്ഡലങ്ങള്‍ എങ്ങോട്ടും മറിയാവുന്ന അവസ്ഥയിലാണ്.
തൃശ്ശൂരിലെ 13 മണ്ഡലങ്ങളില്‍ ജയം എങ്ങോട്ടും മാറിമറിയാവുന്ന സീറ്റുകള്‍ ഏഴെണ്ണമുണ്ട്. തൃശ്ശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, ഗുരുവായൂര്‍, നാട്ടിക, വടക്കാഞ്ചേരി, ഒല്ലൂര്‍ എന്നീ മണ്ഡലങ്ങളാണ് പ്രവചനങ്ങള്‍ക്ക് വഴങ്ങാതെ നില്‍ക്കുന്നത്. ഇതില്‍ ഗുരുവായൂരിലും വടക്കാഞ്ചേരിയിലും ഒല്ലൂരിലും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയാണ് ലീഡ് നേടിയത്. വലിയ വ്യത്യാസമില്ലെങ്കിലും ആയിരത്തില്‍പ്പരം വോട്ടുകളുടെ മേല്‍ക്കൈ ഇവിടങ്ങളില്‍ എല്‍ഡിഎഫിന് നേടാനായി.
2020 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡല പരിധിയില്‍ ഇടതു മുന്നണിക്ക് തന്നെയായിരുന്നു ലീഡ്. 5241 വോട്ടിന്‍റെ മേല്‍ക്കൈ നാലു മാസത്തിനപ്പുറം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 15168 വോട്ടിന്‍റെ ഭൂരിപക്ഷമാക്കാന്‍ ഇടതു സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളിക്ക് സാധിച്ചു.2016 ല്‍ അനില്‍ അക്കര 43 വോട്ടിനും 2011 ല്‍ സി എന്‍ ബാലകൃഷ്‌ണന്‍ 6685 വോട്ടിന്‍റേയും ഭൂരിപക്ഷത്തില്‍ യുഡിഎഫിന് വേണ്ടി സ്വന്തമാക്കിയ മണ്ഡലമാണ് ഇടതു മുന്നണി കഴിഞ്ഞ തവണ തിരിച്ചു പിടിച്ചത്. എന്നാല്‍ 2025 ഡിസംബറിലേക്കെത്തുമ്പോള്‍ വടക്കാഞ്ചേരിയിലെ ഇടതു മുന്നണിയുടെ മേല്‍ക്കൈ നന്നേ ക്ഷയിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്. വെറും 1466 വോട്ടിന്‍റെ മാത്രം ലീഡ്.
ജില്ലയിലെ തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട മണ്ഡലങ്ങളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കൈവശമായിരുന്നു. 946 വോട്ടിന് ഇടതുമുന്നണിയിലെ പി ബാലചന്ദ്രനാണ് തൃശ്ശൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയത്. 2020 ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 2586 വോട്ടിന് യുഡി എഫ് ലീഡ് ചെയ്‌ത മണ്ഡലം നേരിയ വ്യത്യാസത്തിനാണെങ്കിലും ഇടതു മുന്നണി പിടിച്ചെടുക്കുകയായിരുന്നു. 2016 ല്‍ ഇതേ മണ്ഡലത്തില്‍ വി എസ് സുനില്‍കുമാര്‍ 6987 വോട്ടിനാണ് പത്മജാ വേണുഗോപാലിനെ പരാജയപ്പെടുത്തിയത്. ഇക്കഴിഞ്ഞമാസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ അതേ മണ്ഡല പരിധിയില്‍ യുഡിഎഫ് ലീഡ് 9966 ലെത്തിയിരിക്കുന്നു.
കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന്‍ ദീര്‍ഘകാലം പ്രതിനിധാനം ചെയ്‌ത ഇരിങ്ങാലക്കുട മണ്ഡലം കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലായി ഇടതു മുന്നണി കൈയടക്കിയിരിക്കുകയാണ്. 2021 ല്‍ ആര്‍ ബിന്ദു 5949 വോട്ടിന്‍റേയും 2016 ല്‍ കെ യു അരുണന്‍ 2711 വോട്ടിന്‍റേയും ഭൂരിപക്ഷത്തിലാണ് ഇവിടെ തെരഞ്ഞടുക്കപ്പെട്ടത്. 2020 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡല പരിധിയില്‍ ഇടതുമുന്നണിക്കുണ്ടായിരുന്ന 9839 വോട്ടിന്‍റെ ലീഡ് ആര്‍ ബിന്ദുവിന് നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഇത്തവണത്തെ തദ്ദേശ തെരഞ്ഞടുപ്പില്‍ 6688 വോട്ടിന്‍റെ ലീഡാണ് ഇടതു മുന്നണിക്ക് ഇരിങ്ങാലക്കുടയിലുള്ളത്.
ചാലക്കുടിയില്‍ 1057 വോട്ടിന്‍റെ വ്യത്യാസത്തിലാണ് കഴിഞ്ഞ തവണ യുഡിഎഫ് സീറ്റ് പിടിച്ചത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 13258 വോട്ടിന്‍റെ കൂറ്റന്‍ ലീഡുണ്ടായിരുന്ന ഇടതു മുന്നണിക്ക് ഓര്‍ക്കാപ്പുറത്താണ് സീറ്റ് നഷ്‌ടമായത്. അതേ മണ്ഡല പരിധിയില്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 11882 വോട്ടിന്‍റെ വമ്പന്‍ ലീഡ് പിടിച്ചതാണ് ഏറ്റവും പുതിയ കാഴ്‌ച. 2006 ലും 2011 ലും 2016 ലും ബി ഡി ദേവസ്സിയിലൂടെ സിപിഎം ജയിച്ച ചാലക്കുടി ഈ തെരഞ്ഞെടുപ്പിലെങ്കിലും തിരിച്ചു പിടിക്കാന്‍ അവര്‍ക്ക് നന്നായി വിയര്‍ക്കേണ്ടി വരുമെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചന നല്‍കുന്നത്.
മുസ്ലീം ലീഗിലെ പി കെ കെ ബാവ ദീര്‍ഘ കാലം പ്രതിനിധാനം ചെയ്‌ത ഗുരുവായൂര്‍ 2006 മുതല്‍ നല്ല ഭൂരിപക്ഷത്തില്‍ത്തന്നെ ഇടതു മുന്നണി ജയിച്ചു പോരുന്നതായിരുന്നു. 2021 ല്‍ എന്‍ കെ അക്ബര്‍ 18268 വോട്ടിന്‍റെ ഭൂരിപക്ഷവും 2016 ല്‍ കെ വി അബ്‌ദുള്‍ ഖാദര്‍ 15098 വോട്ടിന്‍റെ ഭൂരിപക്ഷവും നേടിയ ഗുരുവായൂരില്‍ ഇടതു മുന്നണിക്ക് അപായ സൂചന മുഴങ്ങുകയാണ്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 16407 വോട്ടിന്‍റെ ലീഡ് നേടിയ ഇടതു മുന്നണി അത് ഏതാണ് അതേ പടി 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ വെളിവായത് ഇടതു മുന്നണിയുടെ മേധാവിത്വം നന്നേ ചുരുങ്ങിയെന്നാണ്. 1281 വോട്ടിന്‍റെ മാത്രം ഭൂരിപക്ഷമാണ് മണ്ഡല പരിധിയില്‍ ഇടതു മുന്നണിക്ക് നേടാനായിരിക്കുന്നത്.
സിപിഐയുടെ സിറ്റിങ്ങ് സീറ്റായ നാട്ടിക ടി എന്‍ പ്രതാപന്‍ ജയിച്ച രണ്ടു തവണ ഒഴിച്ചാല്‍ ഇടതു മുന്നണി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു പോരുന്ന സീറ്റാണ്. 2021 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിസി മുകുന്ദന്‍ വിജയിച്ചത് 28431 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു. 2020 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നാട്ടിക മണ്ഡല പരിധിയിലുണ്ടായിരുന്ന 17397 വോട്ടിന്‍റെ ലീഡ് വീണ്ടും ഉയര്‍ത്തിയായിരുന്നു ഇടതു ജയം. എന്നാല്‍ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആ ലീഡ് നന്നേ കുറഞ്ഞു വന്നിരിക്കുകയാണ്. 4706 വോട്ടിന്‍റെ മേല്‍ക്കൈ മാത്രമാണ് ഇടതു മുന്നണിക്ക് മണ്ഡലത്തിലുള്ളത്. അതു കൊണ്ടു തന്നെ നാട്ടികയിലെ പോരാട്ടവും ശ്രദ്ധേയമാവും.
ഒല്ലൂരും സിപിഐയുടെ സിറ്റിങ്ങ് സീറ്റാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ രാജന്‍ ജയിച്ചത് 21506 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയ 13291 വോട്ടിന്‍റെ ലീഡ് വീണ്ടും ഉയര്‍ത്തിയായിരുന്നു കഴിഞ്ഞതവണ ഇടതു സ്ഥാനാര്‍ത്ഥിയുടെ ജയം. 2016 ലും രാജന്‍ 13248 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ഒല്ലൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. തൊട്ടു മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒല്ലൂര്‍ മണ്ഡല പരിധിയില്‍ ലീഡ് ഇടതു മുന്നണിക്കു തന്നെയാണെങ്കിലും മേല്‍ക്കൈ വെറും 1466 വോട്ടിന്‍റേതാണെന്നത് ഇവിടെ മല്‍സരം കടുത്തതാകും എന്ന് സൂചന നല്‍കുന്നു.
ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സുരേഷ് ഗോപിയിലൂടെ ബിജെപി നടത്തിയ മുന്നേറ്റം മണലൂര്‍, ഒല്ലൂര്‍, തൃശ്ശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡല പരിധിയില്‍ അവരെ മുന്നിലെത്തിച്ചിരുന്നു. തൃശ്ശൂരില്‍ 14117 വോട്ടിന്‍റേയും നാട്ടികയില്‍ 13945 വോട്ടിന്‍റേയും ഇരിങ്ങാലക്കുടയില്‍ 13116 വോട്ടിന്‍റേയും പുതുക്കാട് 12692 വോട്ടിന്‍റേയും ഒല്ലൂരില്‍ 10363 വോട്ടിന്‍റേയും മണലൂരില്‍ 8013 വോട്ടിന്‍റേയും ലീഡ് നേടാനായത് ഈ മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടത്തിന് ബിജെപിക്കും ശക്തി പകരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷക്കൊത്ത പ്രകടനം ഉണ്ടായില്ലെങ്കിലും ഈ മണ്ഡലങ്ങള്‍ക്കൊപ്പം കൊടുങ്ങല്ലൂരിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്.
യുഡി എഫിന്‍റെ അക്കൗണ്ടിലേക്ക് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പരമാവധി സീറ്റുകളെത്തിച്ച ജില്ലയാണ് എറണാകുളം. 14 സീറ്റുകളുള്ള ജില്ലയിലെ കോതമംഗലം, കുന്നത്തുനാട്, കൊച്ചി, വൈപ്പിന്‍, കളമശ്ശേരി മണ്ഡലങ്ങള്‍ മാത്രമാണ് 2021 ലെ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ജയിക്കാനായത്. 2016 ല്‍ കളമശ്ശേരിക്ക് പകരം തൃപ്പൂണിത്തുറയില്‍ ഇടതു മുന്നണി ജയിച്ചിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ കൈയിലിരുന്ന പല സീറ്റുകളിലും മേല്‍ക്കൈ മാറി മറിഞ്ഞിരിക്കുകയാണ്. അപ്രതീക്ഷിതമായി കുന്നത്തുനാട്ടില്‍ എന്‍ഡിഎക്കും പ്രതീക്ഷ ജനിക്കുന്നു.
യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റാണ് പെരുമ്പാവൂര്‍. 2001 ലും 2006 ലും 2011 ലും ജയിച്ച് ഹാട്രിക്കടിച്ച സി പിഎമ്മിലെ സാജു പോളിനെ കീഴടക്കി 2016 ലാണ് യുഡിഎഫിലെ എല്‍ദോസ് കുന്നപ്പള്ളി പെരുമ്പാവൂര്‍ പിടിച്ചെടുത്തത്. അന്ന് യുഡിഎഫിന്‍റെ ഭൂരിപക്ഷം 7088 വോട്ട്. 2011 ല്‍ ഇടതു മുന്നണിയായിരുന്നു പെരുമ്പാവൂരില്‍ ജയിച്ചത്. ഭൂരിപക്ഷം 3382. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3176 വോട്ടിന്‍റെ ലീഡ് യുഡിഎഫിന് മണ്ഡല പരിധിയിലുണ്ടായിരുന്നു. അത് വലുതായി നഷ്‌ടപ്പെടാതെ നില നിര്‍ത്തിക്കൊണ്ടാണ് 2899 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ 2021 ല്‍ എല്‍ദോസ് കുന്നപ്പള്ളി ഇവിടെ നിന്ന് ജയിച്ചു കയറിയത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 11876 വോട്ടാക്കി ലീഡ് ഉയര്‍ത്താന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്.
കൊച്ചിയില്‍ 2016 ല്‍ ഞെരുങ്ങി ജയിച്ച എല്‍ഡിഎഫ് 2021ല്‍ പിടി മുറുക്കുകയായിരുന്നു. 16503 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ 2011 ല്‍ യുഡിഎഫ് ജയിച്ച മണ്ഡലമാണ് കൊച്ചി. 2016 ലും 2021 ലും ഇടതു മുന്നണി ജയിച്ച കൊച്ചി സീറ്റ് 2011 ല്‍ യുഡിഎഫിന് നല്‍കിയത് 16863 വോട്ടിന്‍റെ വമ്പന്‍ ഭൂരിപക്ഷമായിരുന്നു. 2016 ല്‍ 1086 വോട്ടിന്‍റേയും 2021 ല്‍ 14079 വോട്ടിന്‍റേയും ഭൂരിപക്ഷമാണിവിടെ കെ ജെ മാക്‌സി നേടിയത്. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ 3072 വോട്ടിന്‍റെ ലീഡ് വന്‍ തോതില്‍ ഉയര്‍ത്തി വിജയക്കൊടി പാറിക്കാന്‍ ഇവിടെ എല്‍ഡിഎഫിന് സാധിച്ചിരുന്നു. ഇത്തവണ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുകയാണ്. മണ്ഡല പരിധിയില്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് ആധിപത്യം. അതും 9273 വോട്ടിന്‍റെ ലീഡ്.
കെ ബാബുവിന്‍റെ തട്ടകമായ തൃപ്പൂണിത്തുറ 2016 ല്‍ മാത്രമാണ് ഇടതിന്‍റെ പിടിയിലമര്‍ന്നത്. 4467 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അന്ന് എം സ്വരാജ് ജയിച്ചത്. 2021 ല്‍ കെ ബാബു മണ്ഡലം വീണ്ടെടുത്തത് 992 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തൃപ്പൂണിത്തുറയില്‍ യുഡിഎഫിന്‍റെ ലീഡ് വെറും 243 വോട്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം ആരെ തുണക്കുമെന്നത് പ്രവചിക്കുക അസാധ്യമായിരിക്കുന്നു. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തൃപ്പൂണിത്തുറയില്‍ ഇടതു മുന്നണിക്ക് ഉണ്ടായിരുന്ന 6010 വോട്ടിന്‍റെ ലീഡ് തകര്‍ത്താണ് കെ ബാബു അവിടെ 992 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയത്. അത് താരതമ്യം ചെയ്യുമ്പോള്‍ മണ്ഡലത്തില്‍ യുഡിഎഫ് തന്നെ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതാക്കള്‍.
കേരളത്തിലെ ഭരണം പോലെ മാറി മാറി ഇരു മുന്നണികളേയും ജയിപ്പിച്ച മണ്ഡലമാണ് കുന്നത്തുനാട്. ഈ സംവരണ മണ്ഡലത്തില്‍ 2021 ല്‍ ജയിച്ചത് ഇടതു മുന്നണിയിലെ പി വി ശ്രീനിജനായിരുന്നു. 2715 വോട്ടിന്‍റെ ഭൂരിപക്ഷം. ശക്തമായ ത്രികോണ മല്‍സരത്തില്‍ യുഡിഎഫ് ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് ഇടതു സ്ഥാനാര്‍ത്ഥി വിജയിച്ചത്. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായിരുന്ന 1962 വോട്ടിന്‍റെ ലീഡ് മറികടന്നു കൊണ്ടാണ് ശ്രീനിജന്‍ വിജയം പിടിച്ചെടുത്തത്. അന്നും ട്വന്‍റി ട്വന്‍റി 39164 വോട്ട് പിടിച്ചിരുന്നു. 2016 ലും 2011 ലും കോണ്‍ഗ്രസിലെ വി പി സജീന്ദ്രനായിരുന്നു യഥാക്രമം 2679 വോട്ടിന്‍റേയും 8732 വോട്ടിന്‍റേയും ഭൂരിപക്ഷത്തില്‍ കുന്നത്തുനാട്ടില്‍ നിന്ന് വിജയിച്ചത്. ഇത്തവണ ട്വന്‍റി ട്വന്‍റി എന്‍ഡിഎയില്‍ ചേര്‍ന്ന് മല്‍സരിക്കുന്ന കുന്നത്തുനാട്ടില്‍ കണക്കു കൂട്ടലുകള്‍ പിഴക്കാനിടയുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫാണ് നേട്ടമുണ്ടാക്കിയത്. 50712 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ ട്വന്‍റി ട്വന്‍റിയുടേയും ബിജെപിയുടേയും വോട്ടുകള്‍ ചേര്‍ത്താല്‍ മണ്ഡല പരിധിയില്‍ ലീഡ് അവര്‍ക്കാകും.
കോട്ടയം ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴും ഇത്തവണ പൊരിഞ്ഞ പോരാട്ടം നടക്കുന്ന സീറ്റുകളാണ്. പാലായില്‍ ജോസ് കെ മാണിയെ മലര്‍ത്തിയടിച്ച് മാണി സി കാപ്പന്‍ നേടിയ 15378 വോട്ട് ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയുമോ എന്നത് കേരളം ഉറ്റുനോക്കുകയാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം നാലുമാസം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ ഇടതു മുന്നണി നേടിയ 9363 വോട്ടിന്‍റെ ലീഡ് മറികടന്ന് പിന്നെയും 15378 വോട്ട് നേടിയാണ് യുഡിഎഫ് ജയിച്ചത്. ആ പാലാ മണ്ഡല പരിധിയില്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് കിട്ടിയത് 1518 വോട്ടിന്‍റെ ലീഡാണ്.
മോന്‍സ് ജോസഫിന്‍റെ മണ്ഡലമായ കടുത്തുരുത്തിയില്‍ കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്‌തമായ ചിത്രമാണ് ഇത്തവണ ഉള്ളത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡല പരിധിക്കകത്ത് ഇടതു മുന്നണിയായിരുന്നു മുന്നില്‍. 9490 വോട്ടിന്‍റെ ഭൂരിപക്ഷം. നാലു മാസത്തിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചിത്രം മാറ്റി വരച്ചു. 4256 വോട്ടിന് മോന്‍സ് ജയിച്ചു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ യുഡിഎഫിന് കിട്ടിയിരിക്കുകയാണ്. 2480 വോട്ടിന്‍റെ ലീഡ്. അത് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയമാക്കി മാറ്റുമോ എന്നാണ് ഇനി അറിയേണ്ടത്.
വൈക്കം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വന്‍ ഭൂരിപക്ഷം സമ്മാനിച്ച മണ്ഡലങ്ങളിലൊന്നാണ്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 8502 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടായിരുന്ന വൈക്കത്ത് നാലുമാസം കൊണ്ട് ഭൂരിപക്ഷം 29122 ലെത്തിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. 2016 ലും സി കെ ആശ തന്നെയായിരുന്നു വൈക്കത്തെ ജനപ്രതിനിധി. ഭൂരിപക്ഷം 24584. വൈക്കത്തെ എല്‍ഡിഎഫ് കുതിപ്പ് ഏതാണ്ട് നിലച്ചുവെന്ന സൂചനയാണ് 2025 ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ഇടതുമുന്നണിക്കാണ് മണ്ഡലത്തില്‍ നേരിയ മേല്‍ക്കൈ എങ്കിലും ലീഡ് വെറും 2238 വോട്ടിന്‍റേതായിരിക്കുന്നു.
വി എന്‍ വാസവന്‍റെ മണ്ഡലമായ ഏറ്റുമാനൂരില്‍ 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വിജയിച്ചത് 14303 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു. 2020 ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5632 വോട്ടിന്‍റെ ലീഡ് മണ്ഡലത്തില്‍ ഇടതു മുന്നണിക്കുണ്ടായിരുന്നു. കേരളാ കോണ്‍ഗ്രസ് മാണിയുടെ കൂടി കരുത്തിലാണ് എല്‍ഡിഎഫ് ഭൂരിപക്ഷത്തില്‍ കുതിപ്പ് നടത്തിയത്. ആ കുതിപ്പും നിലച്ചുവെന്ന് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. മണ്ഡല പരിധിയില്‍ യുഡിഎഫ് നേടിയിരിക്കുന്നത് 1331 വോട്ടിന്‍റെ ലീഡാണ്.
പി സി ജോര്‍ജ്ജിന്‍റെ തട്ടകമായ പൂഞ്ഞാറില്‍ കഴിഞ്ഞ തവണ ഇടതു മുന്നണി നേടിയത് സ്വപ്‌ന തുല്യമായ വിജയമായിരുന്നു. 24035 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഇവിടെ ജയിച്ചത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ 1704 വോട്ടിന്‍റെ ലീഡാണ് ഇടതു മുന്നണി ഇരുപത്തി നാലായിരത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ആ കുതിപ്പും റിവേഴ്‌സ് ഗിയറിലായെന്ന് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. മണ്ഡലത്തില്‍ യുഡിഎഫ് മുന്നിലെത്തിയിരിക്കുകയാണ്. 4321 വോട്ടിന്‍റെ ലീഡ്.
സി എഫ് തോമസിന്‍റെ തട്ടകമായിരുന്ന ചങ്ങനാശ്ശേരിയില്‍ 2021 ല്‍ കേരളാ കോണ്‍ഗ്രസ് മാണിയിലൂടെ ഇടതു മുന്നണി ജയിച്ചു കയറിയത് 6059 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു. അതിനു മുമ്പ് ഒമ്പത് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സി എഫ് തോമസായിരുന്നു വിജയി. 2016 ല്‍ 1849 വോട്ടിന്‍റേയും 2011 ല്‍ 2554 വോട്ടിന്‍റേയും ഭൂരിപക്ഷത്തിനായിരുന്നു ജയം. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ത്തന്നെ മണ്ഡലത്തിന്‍റെ രാഷ്ട്രീയ നിറം മാറിയതിന്‍റെ സൂചന വന്നിരുന്നു. 5381 വോട്ടുകള്‍ക്ക് അന്ന് ഇടതു മുന്നണി മുന്നിലെത്തി. അത് നാലു മാസത്തിനപ്പുറം 6059 ലെത്തിക്കാന്‍ അവര്‍ക്കായി. അതൊക്കെ പഴങ്കഥയാക്കിക്കൊണ്ട് ചങ്ങനാശ്ശേരിയില്‍ യുഡിഎഫ് തിരിച്ചു വരികയാണെന്ന സൂചന നല്‍കുകയാണ് ഇത്തവണത്തെ തദ്ദേശ ഫലം. ഇവിടെ യുഡിഎഫ് 1190 വോട്ടിന് മുന്നിലെത്തിയിരിക്കുകയാണ്.
പ്രൊഫ. എന്‍ ജയരാജിന്‍റെ മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ ഇടതു മുന്നണിക്ക് കാര്യങ്ങള്‍ ഭദ്രമാണെന്ന് തന്നെയാണ് ഏറ്റവും ഒടുവിലത്തെ സൂചനകള്‍. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 16470 വോട്ടിന് മുന്നിലായിരുന്ന ഇടതു മുന്നണി നിയമസഭാ തെരഞ്ഞെടുപ്പിലും മേധാവിത്വം തുടരുകയായിരുന്നു. 13703 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു മണ്ഡലം എല്‍ഡിഎഫ് പിടിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും കാഞ്ഞിരപ്പള്ളിയില്‍ ലീഡ് കുറഞ്ഞിട്ടുണ്ടെങ്കിലും മേല്‍ക്കൈ ഇടതിന് തന്നെയാണ്. മണ്ഡല പരിധിയില്‍ ഇടതു മുന്നണിയുടെ ലീഡ് 6083 വോട്ടുകളുടേതാണ്.
കോട്ടയത്തെ ഒന്‍പത് സീറ്റുകളില്‍ 2016 ല്‍ ആറെണ്ണം നേടി മുന്നിലെത്തിയത് യുഡിഎഫായിരുന്നു. ജോസ് കെ മാണിയെക്കൂടി ചേര്‍ത്ത് 2021 ല്‍ അഞ്ചിടത്ത് ജയിച്ച് എല്‍ഡിഎഫ് കഴിഞ്ഞ തവണ അധീശത്വം ഉറപ്പിക്കുകയായിരുന്നു.
ഇടുക്കി ജില്ലയിലെ തൊടു പുഴ ഇടുക്കി മണ്ഡലങ്ങള്‍ പൊതുവേ യുഡിഎഫിനൊപ്പം നില്‍ക്കുന്ന സീറ്റുകളായാണ് കരുതിപ്പോരുന്നത്. ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങള്‍ പൊതുവേ ഇടതു മുന്നണിക്കൊപ്പം നില്‍ക്കുന്നു എന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ ഹൈറേഞ്ചിലെ രാഷ്ട്രീയത്തിലും അടിയൊഴുക്കുകള്‍ സജീവമാണെന്നതാണ് ഏറ്റവും പുതിയ വോട്ടിങ്ങ് പാറ്റേണ്‍ വ്യക്തമാക്കുന്നത്. കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്‍റെ സ്ഥിരം തട്ടകമായ തൊടുപുഴയില്‍ യാതൊരു ചലനവുമില്ലെങ്കിലും മറ്റ് നാല് മണ്ഡലങ്ങളുടെ സ്ഥിതി അതല്ല.
എം എം മണി മഹാ ഭൂരിപക്ഷത്തിന് വിജയിച്ച ഉടുമ്പഞ്ചോലയിലാണ് വലിയ അടിയൊഴുക്കുകള്‍ പ്രകടമാകുന്നത്. 2001 മുതല്‍ ഇടതു മുന്നണി ജയിച്ചു പോരുന്ന ഉടുമ്പഞ്ചോലയില്‍ 1109 വോട്ടിന് 2016 ല്‍ ജയിച്ചു കയറിയ എം എം മണി 2021 ല്‍ 38305 വോട്ടിനാണ് ഇവിടെ ജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ത്തന്നെ ഇടത് മുന്നണി കരുത്താര്‍ജ്ജിക്കുന്നതിന്‍റെ സൂചനകള്‍ ലഭിച്ചിരുന്നു. 12532 വോട്ടിന് അന്നു തന്നെ എല്‍ഡിഎഫ് മണ്ഡല പരിധിയില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ മണ്ഡലത്തിലെ അധീശത്വം ഇടതു മുന്നണിക്ക് കൈമോശം വരുന്നു എന്നാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങ് കണക്ക് കാണിക്കുന്നത്. എല്‍ഡിഎഫിന്‍റെ മേല്‍ക്കൈ മണ്ഡലത്തില്‍ 5629 വോട്ടായി മാറിയിരിക്കുകയാണ്.
2016 ല്‍ 314 വോട്ടിനും 2021 ല്‍ 1835 വോട്ടിനും ഇടതു മുന്നണി നേടിയ പീരുമേട് മണ്ഡലം 2011 ല്‍ 4777 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇടതു മുന്നണി ജയിച്ച ഇടതു മുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 12512 വോട്ടിന് പീരുമേട് സീറ്റില്‍ ലീഡ് ചെയ്‌തിരുന്നു. അതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 1835 വോട്ടിന്‍റെ വ്യത്യാസമായി ചുരുങ്ങിയത്. അഞ്ച് വര്‍ഷത്തിനു ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പീരുമേട് മണ്ഡല പരിധിയില്‍ മുന്നിലെത്തിയിരിക്കുന്നത് യുഡിഎഫാണ്. 6124 വോട്ടിന്‍റെ ലീഡുണ്ട് ഐക്യ ജനാധിപത്യ മുന്നണിക്ക്.
മുന്നണി ഏതായാലും റോഷി അഗസ്റ്റിന്‍ സ്ഥിരമായി ജയിച്ചു പോരുന്ന ഇടുക്കി മണ്ഡലത്തിലും മാറ്റത്തിന്‍റെ കാറ്റ് ശക്തമാണ്. 2016 ല്‍ യുഡി എഫ് സ്ഥാനാര്‍ത്ഥിയായി ഇടുക്കിയില്‍ 9333 വോട്ടിന് ജയിച്ച റോഷി അഗസ്റ്റിന്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതു മുന്നണിയിലെത്തിയ ശേഷം നടന്ന 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഇടുക്കി മണ്ഡല പരിധിയില്‍ ഇടതു മുന്നണി മുന്നിലെത്തിയിരുന്നു. അന്ന് അവര്‍ക്ക് കിട്ടിയ ലീഡ് 2198 വോട്ടിന്‍റേതായിരുന്നു. അത് നിയമസഭാ തെരഞ്ഞടുപ്പില്‍ റോഷി ഉയര്‍ത്തി 5573 വോട്ട് ലീഡാക്കി. എന്നാല്‍ 2025 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ വോട്ടര്‍മാര്‍ ഇടതു മുന്നണിയെ കൈയൊഴിഞ്ഞു. 15750 വോട്ടിന്‍റെ വന്‍ ലീഡാണ് മണ്ഡല പരിധിയില്‍ യുഡിഎഫ് നേടിയിരിക്കുന്നത്.
2006 മുതല്‍ ഇടതു മുന്നണി നിരന്തരമായി ജയിച്ചു പോരുന്ന ദേവികുളത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 7848 വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടിയിരുന്നു. 2016 ല്‍ എസ് രാജേന്ദ്രന് ലഭിച്ച 6232 വോട്ട് ഭൂരിപക്ഷമാണ് ഡി രാജ മെച്ചപ്പെടുത്തിയത്. 2025 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 326 വോട്ടിന് മുന്നിലെത്തിയ യുഡിഎഫിനെ പിന്തള്ളിയായിരുന്നു ദേവികുളത്തെ ഇടതു ജയം. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞ് ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് ഇടതു മുന്നണിയുടെ ലീഡ് നഷ്‌ടമാകുന്നതാണ് കണ്ടത്. 5423 വോട്ടിന് ഇവിടെ യുഡിഎഫാണ് മുന്നില്‍.
2021 ല്‍ മധ്യകേരളത്തിലെ 41 സീറ്റില്‍ ഇരുപത്തിയാറും ഇടതു മുന്നണിക്കായിരുന്നു. 2016 ല്‍ 22 സീറ്റും. മധ്യ കേരളത്തില്‍ നിന്ന് കൂടുതല്‍ സീറ്റ് ഇത്തവണ യുഡിഎഫ് ലക്ഷ്യം വയ്‌ക്കുന്നുണ്ട്. ചുരുങ്ങിയത് ഇരുപത് സീറ്റുകളെങ്കിലും ഈ നാല് ജില്ലകളില്‍ നിന്ന് നേടാനാകുമെന്ന് ഇരു മുന്നണികളും കണക്കു കൂട്ടുന്നു. എന്‍ഡിഎയും മധ്യകേരളത്തില്‍ പ്രതീക്ഷ വയ്ക്കുമ്പോള്‍ ത്രികോണപ്പോര് കനക്കുമെന്ന് ഉറപ്പാണ്.

