കുട്ടികളെ എങ്ങനെ തിരിച്ചറിയും മാഷേ...? ദേവര്‍കോവില്‍ യുപി സ്‌കൂളില്‍ ട്രിപ്പ്ലറ്റുകളും ഇരട്ടകളുമായി 34 കുട്ടികള്‍
ഒരേ ഭാവത്തിൽ ഒരേ താളത്തിൽ കൈകോർത്തുപിടിച്ച് വിദ്യാര്‍ഥികളെത്തുന്നു, ദേവർകോവിൽ കെവികെഎംഎം യുപി സ്‌കൂളില്‍ കൗതുക കാഴ്‌ച, ഇത്തവണ ഇരട്ടകളും ട്രിപ്പ്ലെറ്റുകളും.

Published : June 1, 2026 at 9:14 AM IST
കോഴിക്കോട്: ചിരിയിലേയും, നോട്ടത്തിലേയും ഒരുമ, ഒരേ പോലെയുള്ള വസ്ത്രങ്ങളും ബാഗുകളും... ഈ വർഷത്തെ സ്‌കൂൾ പ്രവേശനോത്സവത്തിൽ വിസ്‌മയക്കാഴ്‌ച ഒരുക്കുകയാണ് കുറ്റ്യാടിക്കടുത്ത് ദേവർകോവിൽ കെവികെഎംഎംയുപി സ്‌കൂൾ. വിദ്യാലയത്തിലേക്ക് ഈ വർഷം പ്രവേശനം നേടിയ രണ്ട് ട്രിപ്പ്ലറ്റുകളും മൂന്ന് ഇരട്ട കുട്ടികളുമായിരുന്നു പ്രധാന ആകർഷണം. ഈ 12 കുട്ടികൾക്ക് പുറമേ 11 ഇരട്ട കുട്ടികള്‍ സ്‌കൂളിൽ പഠിക്കുന്നുമുണ്ട്.
ഇപ്പോള്‍ ആകെ 34 ട്രിപ്പ്ലറ്റുകളും ഇരട്ടകളുമാണ് സ്‌കൂളിൽ പഠിക്കുന്നത്. ട്രിപ്പ്ലെറ്റുകളിൽ ഒരു കുടുംബത്തിലുള്ള കുട്ടികൾ നാട്ടിൽ ഇല്ലാത്തതുകൊണ്ട് അടുത്ത ദിവസമാണ് സ്‌കൂളിലേക്ക് എത്തുക എന്ന് പ്രധാന അധ്യാപകനായ വി നാസർ ഇടിവി ഭാരതിയോട് പറഞ്ഞു. കൂടാതെ ട്രിപ്പ്ലെറ്റുകളിൽ മൂന്നു കുട്ടികൾ ഒന്നാം ക്ലാസിലേക്കും മറ്റു മൂന്നു കുട്ടികൾ രണ്ടാം ക്ലാസിലേക്ക് ആണ് ചേർന്നത്.


കുന്നുമ്മൽ ഉപജില്ലയിൽ കഴിഞ്ഞ പത്ത് വർഷമായി ഒന്നാം ക്ലാസിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടുന്ന വിദ്യാലയമാണിത്. രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണിത്. പ്രൈമറി വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ സംസ്ഥാനത്തു തന്നെ പത്താം സ്ഥാനത്തുണ്ട് ഈ സ്‌കൂൾ. സിഎം കിഡ് സ്കോളർഷിപ്പ് പരീക്ഷകളിലും ഉപജില്ലാ, ജില്ലാതല മേളകളിലും ഏറെക്കാലം തുടർച്ചയായി ചാമ്പ്യൻമാരുമാണ്.

മൂന്നു ജോഡി ഇരട്ടകളും രണ്ട് ട്രിപ്പ്ലറ്റുകളുമടക്കം ഈ വർഷം പ്രവേശനം നേടിയ 150 ഒന്നാം ക്ലാസ് വിദ്യാർഥികളുൾപ്പെടെയുള്ള 350ലേറെ നവാഗതരാണ് ഇന്ന് എത്തിയത്. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കാർട്ടൂൺ കഥാപാത്രങ്ങളും ചേർന്ന് സ്‌കൂൾഗ്രൗണ്ടിൽ ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെയാണ് കുട്ടികളെ സ്വീകരിച്ചതെന്ന് പ്രധാന അധ്യാപകൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മികച്ച നിലവാരം പുലർത്തിവരുന്ന സ്‌കൂളാണ് കെവികെഎംഎം എന്ന് മുൻ മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിൽ ഇടിവി ഭാരതിയോട് പറഞ്ഞു. ''ഒന്നു മുതൽ ഏഴ് വരെ താൻ അവിടെയാണ് പഠിച്ചത്. ആ കാലം മുതൽ ദേവർകോവിലുകാരുടെ പ്രിയപ്പെട്ട സ്‌കൂൾ ആണിത്. അത് ഓരോ വർഷം കൂടുന്തോറും മികച്ച രീതിയിൽ കൊണ്ടുപോകുന്നതുകൊണ്ടാണ് കുട്ടികൾ ധാരാളമായി എത്തുന്നത്. ഇത്തവണ വലിയ പ്രത്യേകതകൾ കൂടി ആയതോടെ ഈ സ്‌കൂൾ ലോകം മൊത്തം അറിയപ്പെടട്ടെ എന്ന് ആശംസിക്കുന്നു,'' എന്നും മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

അടുക്കത്ത് വലിയ കണ്ടത്തില്‍ മുജീബ് റഹ്മാന്‍റെയും മുര്‍ഷിദയുടെയും മക്കളായ വികെ മുഹമ്മദ് ഇസാന്‍, വികെ മുഹമ്മദ് ഫൈസാന്‍, വികെ ഹൈസ മുജീബ് എന്നിവരും ഊരത്ത് അനസിന്‍റെയും നജീമയുടെയും മക്കളായ ഐസ ഫാത്തിമ, ആദം മുഹമ്മദ്,ഐസ ഖദീജ എന്നിവരുമാണ് സ്‌കൂളിലെ ട്രിപ്പ്ലെറ്റുകൾ.

വരും ദിവസങ്ങളിൽ ക്ലാസ് മുറികളിൽ ഒരേ ബെഞ്ചിലിരിക്കുന്ന കുട്ടികളെ മാറിപ്പോകാതെ തിരിച്ചറിയുക എന്നത് അധ്യാപകരെയും കൂട്ടുകാരേയും കുഴപ്പിക്കുന്ന രസകരമായ തിരിച്ചറിയൽ പരീക്ഷയാവും. പേര് മാറി വിളിക്കുമ്പോൾ മറ്റേയാൾ വിളി കേൾക്കുന്നതും, ഒരേ ഭാവത്തിൽ അധ്യാപകരെ നോക്കി പുഞ്ചിരിക്കുന്നതും ക്ലാസുകളിൽ വലിയ ചിരി മുഹൂർത്തങ്ങൾക്ക് വഴിവെച്ചേക്കാം. ഒരു സ്‌കൂളിൽ ഇത്രയധികം ഇരട്ടക്കുട്ടികളും ഒപ്പം രണ്ട് ട്രിപ്പ്ലെറ്റുകളും ഒന്നിച്ച് പഠിക്കുക എന്നത് വളരെ അപൂർവ്വമായത് തന്നെ.

ട്രിപ്പിള്‍സിന്‍റെയും ഇരട്ടകളുടെയും സവിശേഷ സംഗമത്തിലൂടെ ഈ വർഷത്തെ പ്രവേശനോത്സവം സ്‌കൂളിൻ്റെ ചരിത്രത്തിലെ ഏറ്റവും മനോഹരവും ശ്രദ്ധേയവുമായ വേറിട്ട ആഘോഷമായി. അങ്ങനെ പുതിയ അധ്യയന വർഷത്തിൻ്റെ ആദ്യ ദിനം അപൂർവ്വ സംഗമത്തിലൂടെ കെവികെഎംഎം യുപി സ്‌കൂൾ തൂക്കി.
Also Read:സന്ദീപ് വാര്യരെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണി; സംഭവത്തിന് പിന്നിൽ ആർഎസ്എസ്?


