ETV Bharat / state

10 സെക്കൻ്റ് നടത്തത്തിന് നാട്ടുകാർ ചുറ്റുന്നത് മണിക്കൂറുകൾ; പാലം തകർന്നതോടെ കല്ലാർപുഴയോരത്ത് യാത്രാദുരിതം രൂക്ഷം

പ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും തകർന്ന പാലങ്ങളിൽ പലതും പുനർനിർമിക്കാൻ നടപടിയില്ലാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.

Kallarpuzha riverbanks  bridge collapse Kallarpuzha  Kallarpuzha Travel chaos  hours of walking Kallarpuzha
കല്ലാർപുഴയോരത്ത് യാത്രാദുരിതം രൂക്ഷം (ETV Bharat)
author img

By ETV Bharat Kerala Team

Published : August 29, 2026 at 6:52 PM IST

2 Min Read
Choose ETV Bharat

ഇടുക്കി: പുഴയ്ക്ക് കുറുകെ ഒരു പാലമുണ്ടായിരുന്നപ്പോൾ 10 സെക്കൻഡ് കൊണ്ട് അക്കരെയെത്തിയിരുന്നവർ ഇന്ന് അതേ യാത്രയ്ക്ക് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ചുറ്റിക്കറങ്ങണം. കഴിഞ്ഞ വർഷത്തെ മിന്നൽ പ്രളയത്തിൽ കല്ലാർപുഴയ്ക്ക് കുറുകെയുള്ള പാലങ്ങൾ തകർന്നതോടെ കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങൾ കടുത്ത യാത്രാദുരിതത്തിൽ. പ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും തകർന്ന പാലങ്ങളിൽ പലതും പുനർനിർമിക്കാൻ നടപടിയില്ലാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.

കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ശക്തമായ മഴയിലും മിന്നൽ പ്രളയത്തിലും മൂന്ന് പഞ്ചായത്തുകളിലെ വിവിധ മേഖലകളാണ് ദുരിതത്തിലായത്. പലയിടങ്ങളിലായി ആറോളം ഉരുൾപൊട്ടലുകളും ഉണ്ടായി. കല്ലാർപുഴ കരകവിഞ്ഞൊഴുകിയതോടെ പുഴയോര പ്രദേശങ്ങൾ പ്രളയഭീതിയിലായി. വീടുകളും വാഹനങ്ങളും വളർത്തുമൃഗങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടെ വ്യാപകമായി നാശനഷ്‌ടമുണ്ടായി.


ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പാലം തകർന്നതോടെ കല്ലാർപുഴയോരത്ത് യാത്രാദുരിതം രൂക്ഷം (ETV Bharat)



ഇതിനിടെയാണ് പ്രദേശവാസികളുടെ ദൈനംദിന യാത്രയുടെ പ്രധാന ആശ്രയമായിരുന്ന 15ഓളം ചെറുതും വലുതുമായ പാലങ്ങൾ തകർന്നത്. ഇതിൽ ആറോളം പാലങ്ങൾ പൂർണമായും തകർന്നപ്പോൾ മറ്റുള്ളവയ്ക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. പാലങ്ങൾ തകർന്നതോടെ ഒരു പഞ്ചായത്തിൽനിന്ന് മറ്റൊരു പഞ്ചായത്തിലേക്കും പുഴയുടെ മറുകരയിലേക്കും എളുപ്പത്തിൽ എത്താനുള്ള വഴിയാണ് നാട്ടുകാർക്ക് നഷ്‌ടമായത്.

10 സെക്കൻഡ് യാത്ര; ഇപ്പോൾ മണിക്കൂറുകൾ

പുഴയ്ക്ക് കുറുകെയുള്ള പാലം തകർന്നതോടെ സമീപപ്രദേശങ്ങളിലുള്ളവർക്ക് ദൈനംദിന ആവശ്യങ്ങൾക്കായി പോലും ദീർഘദൂരം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. പുഴ കടന്ന് നേരെ മറുകരയിലെത്താൻ ഏതാനും സെക്കൻഡുകൾ മാത്രം മതിയായിരുന്നിടത്ത് ഇപ്പോൾ റോഡ് മാർഗം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ചുറ്റിവളയേണ്ടിവരുന്നു. വിദ്യാർഥികൾക്കും തൊഴിലാളികൾക്കും കർഷകർക്കും രോഗികൾക്കും പ്രായമായവർക്കുമാണ് ഇതിൻ്റെ ഏറ്റവും വലിയ ബുദ്ധിമുട്ട്. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രികളിലേക്കും മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും എത്തുന്നതിനുള്ള സമയവും ഇതോടെ വർധിക്കുന്നു.

പ്രളയം മാറിയിട്ടും ദുരിതം മാറിയില്ല

മഴയും പ്രളയവും മാറിയെങ്കിലും പാലങ്ങൾ പുനർനിർമിക്കാത്തതോടെ നാട്ടുകാരുടെ ദുരിതത്തിന് അവസാനമില്ല. തകർന്ന പാലങ്ങൾക്ക് പകരം താൽക്കാലിക സംവിധാനങ്ങൾ ഒരുക്കുകയോ സ്ഥിരം പാലങ്ങളുടെ നിർമാണം ആരംഭിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്. ഒരു വർഷം പിന്നിട്ടിട്ടും പാലങ്ങളുടെ കാര്യത്തിൽ കാര്യമായ ഇടപെടലുണ്ടാകാത്തതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ട്. തകർന്ന പാലങ്ങളുടെ അവസ്ഥ നേരിട്ട് പരിശോധിച്ച് ആവശ്യമായ ഫണ്ട് അനുവദിച്ച് അടിയന്തരമായി പുനർനിർമാണം ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പ്രളയത്തിൽ തകർന്ന പാലങ്ങൾ വെറും കോൺക്രീറ്റ് നിർമിതികളല്ല. മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രയെയും ഉപജീവനത്തെയും ബന്ധിപ്പിച്ചിരുന്ന ജീവനാഡികളായിരുന്നു. അവ തകർന്നിട്ട് ഒരു വർഷമായിട്ടും പുനർനിർമാണം വൈകുന്നത് സാധാരണ യാത്രാദുരിതത്തെക്കാൾ വലിയ പ്രതിസന്ധിയിലേക്കാണ് പ്രദേശത്തെ തള്ളിവിടുന്നത്. അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും മഴക്കാലത്ത് സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.

Also Read: മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: പാർട്ടി പ്രവർത്തകരാണെങ്കിലും കർശന നടപടിയെന്ന് മന്ത്രി സണ്ണി ജോസഫ്‌, സംഘാടകരെ തള്ളി ജെനീഷ്