ETV Bharat / state

"ഒരു വ്യക്തിയെ ഇല്ലാതാക്കിയത് കൊണ്ട് ഒരു ആശയവും ഇല്ലാതായിട്ടില്ല"; സിപിഎം നേതൃത്വത്തിനെതിരെ ടികെ ഗോവിന്ദൻ

മാവൂരിൽ ആർഎംപിഐ നേതാവ് കെ കെ കുഞ്ഞിക്കണാരൻ്റെ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളുടെ സംസാരിക്കുകയായിരുന്നു അദ്ദേഹം

TK GOVINDAN  CPM LEADERS  MEMORIAL OF KK KUNJIKANARAN  PINARAYI VIJAYAN
ടി കെ ഗോവിന്ദൻ (ETV Bharat)
author img

By ETV Bharat Kerala Team

Published : September 1, 2026 at 10:23 AM IST

3 Min Read
Choose ETV Bharat

കോഴിക്കോട്: പാർട്ടിയിൽ നിന്നും പുറത്താക്കിയവരെ വിളിക്കാനുള്ള ഒരുപാട് പേരുകൾ പാർട്ടിയുടെ നിഘണ്ടുവിൽ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ. മാവൂരിൽ ആർഎംപിഐ നേതാവ് കെ കെ കുഞ്ഞിക്കണാരൻ്റെ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിൽ നിന്നും പുറത്തുപോയവരെ എല്ലാകാലത്തും അത്തരം പേരുകളിൽ വിളിച്ചിട്ടുണ്ട്. എകെജിയെയും ഇഎംഎസിനെയും സിപിഎമ്മായി മാറിയപ്പോൾ അന്ന് അവിഭക്ത സിപിഐക്കാർ വിളിച്ചിരുന്നത് വർഗ്ഗ വഞ്ചകർ എന്നാണ്. അതുകൊണ്ട് അതൊന്നും ഒരു പുതിയ കാര്യമല്ലെന്നും ജനങ്ങളോട് ആത്മപരിശോധന നടത്തണമെന്ന് പിണറായി പറഞ്ഞത് ജനങ്ങളെ പരിഹസിക്കലാണെന്നും ടി കെ ഗോവിന്ദൻ എംഎൽഎ ചൂണ്ടിക്കാട്ടി.

ഇന്നും തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും ഒരു പാഠവും സിപിഎം നേതൃത്വം പഠിച്ചിട്ടില്ല. തന്നെ ഒറ്റപ്പെടുത്തണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമാണോ തന്നെ ജയിപ്പിച്ചത് ജനങ്ങൾ അല്ലേ എന്നും, അങ്ങനെ പറയുന്നവൻ്റെ വിവരം എത്രയുണ്ടെന്ന് ആലോചിച്ചാൽ മനസ്സിലാകുമെന്നും എംഎൽഎ പറഞ്ഞു. പിണറായി പാർട്ടി പോളിറ്റ് ബ്യൂറോ മെമ്പറാണ്. പാർട്ടിക്ക് ഒരുപാട് കാലങ്ങളിൽ പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടായപ്പോൾ പാർട്ടിയെ സംരക്ഷിക്കാൻ നേതൃത്വം കൊടുത്ത ആളാണ് പിണറായി വിജയൻ. എന്നാൽ ഈ ചങ്ങാതി എവിടെയായിരുന്നു എന്ന് കെ കെ രാഗേഷിനെ ചൂണ്ടിക്കാണിച്ച് ഗോവിന്ദൻ മാസ്‌റ്റർ ചോദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സിപിഎമ്മിൽ പ്രതിസന്ധി ഉണ്ടായ കാലത്ത് നേതൃത്വം കൊടുത്ത പിണറായിയെ പോലുള്ള ഒരാൾക്ക് പാർട്ടിയിൽ നിന്നും അതുവരെ പ്രവർത്തിച്ച ഒരാൾ പോകുമ്പോൾ എന്തും പറയാം. അദ്ദേഹത്തിന് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, അദ്ദേഹം അത് പറഞ്ഞോട്ടെ. എന്നാൽ മറ്റു ചില ചങ്ങാതിമാർക്കുള്ള സ്വാതന്ത്ര്യം എന്താണ്. എന്ത് യോഗ്യതയാണ് അവർക്കുള്ളത്. അയാൾക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് ഏതെങ്കിലും ഒരു പാർട്ടി മെമ്പർ പറയുമോ. വില കുറഞ്ഞ ഇത്തരം ജൽപനങ്ങളിലൂടെ തീർത്തും പരിഹാസ്യനാവുകയാണ് ചെയ്യുന്നത്. രാഗേഷിൻ്റെ കമൻ്റ് ബോക്‌സിൻ്റെ അടിയിൽ വരുന്ന കമൻ്റുകൾ നോക്കിയാൽ ഇക്കാര്യം വ്യക്തമാകും.

ചൊവ്വാഴ്‌ച്ച (ഇന്ന്) കണ്ണൂരിൽ നടക്കുന്ന പരിപാടിയിൽ ഇതിനെല്ലാം ചുട്ട മറുപടി കൊടുക്കുമെന്നും ടി കെ ഗോവിന്ദൻ മാസ്‌റ്റർ മുന്നറിയിപ്പ് നൽകി. താൻ പാർട്ടിയിൽ ഉണ്ടായിരുന്ന സമയത്ത് പാർട്ടിക്കുള്ളിൽ പല ചർച്ചകളും ഉണ്ടായിട്ടുണ്ടാകാം, അത്തരം ചർച്ചകൾ ഒന്നും തന്നെ പുറത്തു പറയാൻ താൻ ഇപ്പോൾ തയ്യാറല്ല. എന്നാൽ തന്നെക്കൊണ്ട് അത് പറയിച്ചേ അടങ്ങൂ എന്നാണെങ്കിൽ അതിന് ഇടയാക്കരുത് എന്നാണ് തനിക്ക് പറയാനുള്ളതെന്നും ടി കെ ഗോവിന്ദൻ പ്രതികരിച്ചു. ഇവരൊക്കെ ജനിക്കുന്നതിനു മുമ്പേ ഈ പാർട്ടിയിൽ ഉള്ള ധാരാളം അനുഭവങ്ങൾ തനിക്കുണ്ട്. സിപിഎമ്മിനെ തകർക്കണമെന്ന് താൻ യാതൊരുവിധത്തിലും ഉദ്ദേശിക്കുന്നില്ല.

സിപിഎം ചെയ്‌ത തെറ്റായ നിലപാടിനെതിരെ ഒരു നിലപാട് സ്വീകരിച്ചപ്പോൾ ആ നിലപാടിന് ജനങ്ങളും യുഡിഎഫും പിന്തുണ നൽകി. അങ്ങനെ വന്നപ്പോൾ തനിക്ക് വലിയ ഭൂരിപക്ഷം ലഭിച്ച് വിജയിച്ചു. എന്നാൽ അതുപയോഗിച്ചു കൊണ്ട് സിപിഎമ്മിനെതിരെ ഒരു നിലപാട് സ്വീകരിക്കാം എന്ന് ഞാൻ വിചാരിക്കുന്നില്ല. പക്ഷേ തന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ച് അടങ്ങൂ എന്നാണെങ്കിൽ ആ സമയത്ത് ആലോചിക്കാം.

സിപിഎം നേതാക്കൾ ഉയർത്തുന്ന ഭീഷണിയെയൊന്നും ഭയക്കുന്നില്ല. അവർക്ക് ചിലപ്പോൾ ഒരു വ്യക്തിയെ ഇല്ലാതാക്കാൻ സാധിച്ചേക്കാം. അത് സ്വാഭാവികമായും ചെയ്യാൻ സാധിക്കുന്നതാണ്. അകാര്യം ഭീരുക്കളുടെ ലക്ഷണമാണ്. ഒരാളെ ഉന്മൂലനം ചെയ്യുക എന്നു പറഞ്ഞാൽ അത് ഭീരുത്വമാണ്. അതുകൊണ്ട് ഒരു ആശയവും ഇല്ലാതായിട്ടില്ല. അത്തരം ഒരു വിവരക്കേട് പാർട്ടി ചെയ്യുമെന്ന് എനിക്ക് അഭിപ്രായവും ഇല്ല. പാർട്ടി അല്ലാത്ത കുറെ ആളുകളെ ഉപയോഗിച്ചാണല്ലോ അത്തരം കാര്യങ്ങളൊക്കെ ചെയ്‌തിരുന്നത് എന്നും അതൊക്കെ പിന്നെയുള്ള കാര്യമല്ലേ എന്നും ടി കെ ഗോവിന്ദൻ ചോദിച്ചു.

Also Read: കെപിസിസി പുനഃസംഘടന നീളുന്നു; കോൺഗ്രസിൽ പൊട്ടിത്തെറിക്ക് സാധ്യത