ETV Bharat / state

പാലത്തുംകടവിന് താത്‌കാലികാശ്വാസം; പശുക്കളെ കൊന്ന കടുവ കെണിയില്‍, ഇനിയുള്ളത് പുലി ഭീതി

പശുക്കളെ കൊന്ന കടുവ കെണിയിലായി. 4 പശുക്കളെ കടിച്ച് കൊന്ന കടുവയാണ് വനം വകുപ്പിന്‍റെ കൂട്ടിലകപ്പെട്ടത്. പാലത്തുംകടവുകാര്‍ക്ക് ഇനിയുള്ളത് പുലി ഭീതി.

Tiger Trapped In Kannur  Tiger Attack  Leopard In Kannur  Animal Man Conflict
Tiger Trapped In Kannur (ETV Bharat)
author img

By ETV Bharat Kerala Team

Published : January 10, 2026 at 11:56 AM IST

2 Min Read
Choose ETV Bharat

കണ്ണൂർ: ഇരിട്ടിക്ക് സമീപം പാലത്തുംകടവിൽ തൊഴുത്തില്‍ കെട്ടിയിട്ട പശുക്കളെ കൊന്ന കടുവ ഒടുക്കം കെണിയിലായി. 35 ലിറ്റർ പാൽ വീതം നല്‍കുന്ന രണ്ട് പശുക്കളെയും ഒരു ഗർഭിണിയായ പശുവിനെയും ഒരു പശുക്കിടാവിനെയുമാണ് കടുവ കൊന്നത്. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വെള്ളിയാഴ്‌ച അർധ രാത്രിയോടെയാണ് കടുവ കുടുങ്ങിയത്.

പത്ത് വയസുള്ള ആൺ കടുവയാണ് കൂട്ടിലകപ്പെട്ടത്. കൂട്ടിലകപ്പെട്ട കടുവയെ രാത്രി തന്നെ വയനാട്ടിലെ കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി. കർണാടകത്തിലെ മാക്കൂട്ടം വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിത്.

പാലത്തുംകടവില്‍ നിന്നുള്ള ദൃശ്യം. (ETV Bharat)

പാലത്തുംകടവ് സ്വദേശിയായ രൂപേഷ്‌ രാഘവന്‍റെ വീട്ടിലെ ഫാമിലെ പശുക്കളെയാണ് കടുവ കൊന്നത്. തൊഴുത്തിനരികെ സ്ഥാപിച്ചിട്ടുള്ള പുല്‍ക്കൂടിലൂടെ കടന്നാണ് കടുവ കിടാവിനെ ആക്രമിച്ചത്. എന്നാല്‍ ഇരുമ്പ് കൂടായതിനാല്‍ കടുവയ്‌ക്ക് കിടാവിനെ വലിച്ച് പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇതോടെ ഫാമിലുണ്ടായിരുന്ന മറ്റ് പശുക്കളെയും കടിച്ച് കൊല്ലുകയായിരുന്നു.

ഫാമിനരികെ കടുവയുടെ കാല്‍പാട്: ഫാമിന് അടുത്ത് തളംകെട്ടി കിടന്ന പശുക്കളുടെ രക്തത്തില്‍ കടുവയുടെ കാല്‍പാട് പതിഞ്ഞിരുന്നു. ഇതാണ് കടുവ സാന്നിധ്യം സ്ഥിരീകരിക്കാന്‍ വനം വകുപ്പിന് സഹായകരമായത്. അതോടൊപ്പം ഫാമിന് അരികെയുണ്ടായിരുന്ന ചാണകത്തിലും കടുവയുടെ കാല്‍പാട് കണ്ടെത്തി.

വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിലാണ് സ്ഥിരമായി കടുവയെത്തിയിരുന്നത്. ഇവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള തൊഴുത്തുകളില്‍ എത്തി പശുക്കളെ സ്ഥിരമായി ആക്രമിച്ചിരുന്നു കടുവ. സംഭവത്തില്‍ നാട്ടുകാര്‍ നേരത്തെ വനം വകുപ്പിന് പരാതി നല്‍കിയിരുന്നെങ്കിലും തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് നടപടി സ്വീകരിച്ചിരുന്നില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ നാല്‌ പശുക്കളെ കടുവ കൊന്നതോടെയാണ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലം എംഎൽഎ അഡ്വ.സണ്ണി ജോസഫ് വനം മന്ത്രി എകെ ശശീന്ദ്രനെ ബന്ധപ്പെട്ടതോടെയാണ് നടപടികൾ കടുപ്പിച്ചത്. ജനവാസ മേഖലയില്‍ കൂട്‌ സ്ഥാപിച്ച വനം വകുപ്പ് കൂട്ടില്‍ പശുക്കിടാവിന്‍റെ ജഡം കെട്ടിയിട്ടാണ് കടുവയെ ആകര്‍ഷിച്ചത്. രാത്രിയില്‍ ഇര തേടിയെത്തുന്ന കടുവ വീണ്ടും അതേ സ്ഥലത്തെത്തുമെന്ന നിഗമനത്തിലാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

ഇതോടെയാണ് കടുവ കെണിയിലായത്. കഴിഞ്ഞ ഏറെ നാളായി കർഷകരെയും നാട്ടുകാരെയും ഭീതിയിലാഴ്‌ത്തിയ കടുവയാണിപ്പോള്‍ പിടിയിലായത്. എന്നാൽ കടുവ കൂട്ടില്‍ അകപ്പെട്ടെങ്കിലും പുലി ഭീതിയിലാണിപ്പോള്‍ പ്രദേശം. സ്ഥിരമായി മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടെന്ന് പഞ്ചായത്ത് വികസന സമിതി സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരി റെജി പറഞ്ഞു. പശുക്കളെ നഷ്‌ടപ്പെട്ട കുടുംബത്തിന് 3 ലക്ഷം രൂപ വനം വകുപ്പ് നഷ്‌ട പരിഹാരമായി നല്‍കുമെന്നും അവര്‍ പറഞ്ഞു.

Also Read: 'മന്ത്രിമാർക്കും പങ്ക്, തന്ത്രിയുടെ അറസ്റ്റ് കണ്ണിൽപ്പൊടിയിടാൻ'; സ്വർണക്കൊള്ളയിൽ വിമർശനവുമായി ചെന്നിത്തലയും മുരളീധരനും