ETV Bharat / state

തൃശൂരില്‍ വൻ തീപിടിത്തം; റെയില്‍വേ പാർക്കിങ്ങില്‍ തീ പടർന്ന് 600ലധികം ബൈക്കുകള്‍ കത്തിനശിച്ചു, അന്വേഷണം

അന്വേഷണത്തിന് ഉത്തരവ്. അവധി ദിവസമായതിനാല്‍ വൻ ദുരന്തം ഒഴിവായി.

BIKES CAUGHT FIRE IN THRISSUR  RAILWAY PARKING CAUGHT FIRE  THRISSUR RAILWAY STATION FIRE  തൃശൂരില്‍ വൻ തീപിടിത്തം
Photo from the spot (ETV Bharat)
author img

By ETV Bharat Kerala Team

Published : January 4, 2026 at 7:56 AM IST

2 Min Read
Choose ETV Bharat

തൃശൂർ : തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അ​ഗ്നിബാധ. റെയിൽവേ സ്റ്റേഷന്‍റെ പിൻഭാഗത്തെ പ്രവേശന കവാടത്തിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്.

600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്‌തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ​ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു.

ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം. അവധി ദിനമായതില്‍ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങള്‍ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. മറ്റ് ദിവസങ്ങളില്‍ ആയിരത്തിലധികം വാഹനങ്ങള്‍ ഇവിടെ പാർക്ക് ചെയ്യാറുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം.

തീപിടിത്തത്തിന്‍റെ ദൃശ്യങ്ങള്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അഗ്നിരക്ഷാ സംഘം തീയണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആദ്യം ഇലക്‌ട്രിക് വാഹനത്തിനാണ് തീപിടിച്ചത് എന്നാണ് സംശയം. പാർക്കിങ്ങിലെ വാഹനങ്ങളെല്ലാം പൂർണമായി കത്തി നശിച്ചു എന്നാണ് പ്രാഥമിക നിഗമനം. വാഹനങ്ങളില്‍ ഇന്ധനം ഉണ്ടായിരുന്നത് തീ വേഗത്തില്‍ പടരാൻ കാരണമായി.

നിർത്തിയിട്ടിരുന്ന ഇൻസ്പെക്ഷൻ വാഹനവും കത്തി നശിച്ചു. തീപിടിത്തം ഉണ്ടായ സ്ഥലത്തുനിന്നും വാഹനം ഉടൻ മാറ്റിയത് അപകടം ഒഴിവാക്കി. തൃശൂർ, ഒല്ലൂർ തുടങ്ങിയ അഗ്നിരക്ഷാ സേന യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തിന്‍റെ പ്രഭവകേന്ദ്രം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും, ഫോറൻസിക് സംഘത്തെ അടക്കം എത്തിച്ച് പരിശോധന നടത്തുമെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

തീയണയ്‌ക്കാനുള്ള ശ്രമങ്ങള്‍ അതിവേഗം നടത്തിയനാല്‍ വലിയൊരു സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടതായും മന്ത്രി കെ രാജൻ പറഞ്ഞു. 'വാനങ്ങളിലെ പെട്രോള്‍ ടാങ്ക് തീപിടിച്ച് പൊട്ടിത്തെറിക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. കൂടാതെ വർക്കിങ് ഡേ ആയിരുന്നെങ്കില്‍ പ്രദേശം ജനനിബിടമായിരുന്നേനെ. ഇത് രണ്ടും സംഭവിക്കാതെ പോയി എന്നത് പ്രധാനപ്പെട്ട കാര്യമാണ്. തീപിടിത്തത്തിന്‍റെ കാരണം പ്രഭവ കേന്ദ്രം എന്നിവ സംബന്ധിച്ച് അന്വേഷണം ആലോചിക്കുന്നുണ്ട്' -മന്ത്രി പറഞ്ഞു.

ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

അതേസമയം അടിയന്തര അന്വേഷണത്തിന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടു. ഡിആർഎം തലത്തിൽ അന്വേഷണം വേണമെന്നാണ് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടത്. തൃശൂർ റെയിൽവേ സ്റ്റേഷനിലെ തീപിടിത്തം അതീവ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര മന്ത്രി റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.

നിലവിൽ തീ നിയന്ത്രണ വിധേയമാണെങ്കിലും പാർക്കിങ് ഷെഡ് പൂർണമായും കത്തി നശിച്ചു. തീ ആളിപ്പടർന്നതോടെ തകര ഷീറ്റ് മേഞ്ഞ ഷെഡ് പൂർണമായും താഴത്തേക് അമർന്ന നിലയിലാണ്. തീ ആളിപ്പടന്ന സമയത്ത് പാസഞ്ചർ ട്രെയിനുകൾ റെയിൽവേ സ്റ്റേഷനിലേക്ക് എത്താതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.

Also Read: ചെരുപ്പ് കമ്പനിക്ക് തീപിടിച്ച് വൻ നാശനഷ്‌ടം; ഉയരുന്നത് വിഷ പുക, പ്രദേശവാസികൾ ആശങ്കയിൽ