ETV Bharat / state

കാത്തിരിപ്പിന് വിരാമം; രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാലയായ പുത്തൂർ സുവോളജിക്കൽ പാർക്ക് തുറന്നു

നാടിൻ്റെ ദീർഘനാളത്തെ കാത്തിരിപ്പാണ് യാഥാർഥ്യമായിരിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരിക്കും മൃഗശാലയിൽ പ്രവേശനം. സ്‌കൂൾ കുട്ടികൾക്കും മറ്റ് വിദ്യാർഥികൾക്കും പ്രത്യേകം പാക്കേജും ഒരുക്കിയിട്ടുണ്ട്.

സുവോളജിക്കൽ പാർക്ക് ഉദ്‌ഘാടനം  സുവോളജിക്കൽ പാർക്ക് തൃശൂർ  പുത്തൂർ മൃഗശാല  പുത്തൂർ മൃഗശാല തുറന്നു
thrissur zoological park entrance (ETV Bharat)
author img

By ETV Bharat Kerala Team

Published : February 28, 2026 at 9:13 PM IST

3 Min Read
Choose ETV Bharat

തൃശൂർ: കേരളത്തിനാകെ അഭിമാനമായ പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. രാവിലെ എട്ടുമണിക്ക് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും റവന്യൂ മന്ത്രി കെ രാജനും ചേർന്ന് പാർക്കിലേക്കുള്ള ആദ്യ ടിക്കറ്റെടുത്താണ് സന്ദർശനത്തിന് തുടക്കം കുറിച്ചത്. 300ലധികം ജീവികൾക്കായി 14 ആവാസവ്യവസ്ഥകളാണ് സുവോളജിക്കൽ പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ജിറാഫ് ഉൾപ്പെടെയുള്ള വിദേശ മൃഗങ്ങളെ കൊണ്ടുവരാനായി സർക്കാർ നാല് കോടി രൂപ അഡ്വാൻസ് നൽകിയിട്ടുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം

അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ സുവോളജിക്കൽ പാർക്കാണ് പുത്തൂരിലേത്. പാർക്ക് യാഥാർഥ്യമായതോടെ തൃശൂർ ജില്ലയിലെ മലയോര ഗ്രാമമായ പുത്തൂർ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമായി മാറി. ഇന്ത്യയിലെ ആദ്യത്തെ ഡിസൈൻ മൃഗശാല എന്ന ഖ്യാതിയും പുത്തൂർ പാർക്കിനുണ്ട്. സ്വാഭാവിക വനഭൂമിയുടെ പ്രകൃതിഭംഗിക്ക് കോട്ടം തട്ടാതെ 23 ആവാസ ഇടങ്ങളും സന്ദർശകർക്കുള്ള പാതകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓസ്ട്രേലിയൻ പൗരനും പ്രശസ്ത മൃഗശാലാ ഡിസൈനറുമായ ജോൺ കോയുടെ രൂപകല്പനയിലാണ് പാർക്കിൻ്റെ നിർമാണം മൂന്ന് ഘട്ടങ്ങളായി പൂർത്തിയാക്കിയത്.

തൃശൂർ സുവോളജിക്കൽ പാർക്കിൻ്റെ ഉദ്‌ഘാടനച്ചടങ്ങിൻ്റെ ദൃശ്യങ്ങൾ (ETV Bharat)
സുവോളജിക്കൽ പാർക്ക് ഉദ്‌ഘാടനം  സുവോളജിക്കൽ പാർക്ക് തൃശൂർ  പുത്തൂർ മൃഗശാല  പുത്തൂർ മൃഗശാല തുറന്നു
മന്ത്രിമാരും സംഘവും പാർക്ക് സന്ദർശിക്കുന്നു (ETV Bharat)

പ്രവേശനം, സമയക്രമം, യാത്രാസൗകര്യങ്ങൾ

രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പാർക്കിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ചകളിൽ അവധിയായിരിക്കും. വാഹനങ്ങളിലും നടന്നും പാർക്ക് ചുറ്റിക്കാണാൻ സൗകര്യമുണ്ട്. കൂടാതെ സന്ദർശകർക്കായി ഫുഡ് സെൻ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. പാർക്കിനുള്ളിലെ യാത്രയ്ക്കായി കെഎസ്ആർടിസിയുടെ രണ്ട് നോൺ എസി ഇലക്ട്രിക് ബസുകൾ എപ്പോഴും സർവീസ് നടത്തും. മുതിർന്നവർക്ക് 50 രൂപയും 5 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 25 രൂപയുമാണ് ബസ് യാത്രാനിരക്ക്.

സുവോളജിക്കൽ പാർക്ക് ഉദ്‌ഘാടനം  സുവോളജിക്കൽ പാർക്ക് തൃശൂർ  പുത്തൂർ മൃഗശാല  പുത്തൂർ മൃഗശാല തുറന്നു
പാർക്കിൽ നിന്നുള്ള കാഴ്‌ച (ETV Bharat)

ടിക്കറ്റ് നിരക്കുകൾ

മുതിർന്നവർക്ക് 100 രൂപയും 5 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 30 രൂപയും മുതിർന്ന പൗരന്മാർക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭിന്നശേഷിക്കാർക്ക് പ്രവേശനം സൗജന്യമാണ്. സ്കൂൾ അധികൃതരുടെ അനുമതിയോടെ യൂണിഫോമിൽ ഗ്രൂപ്പായി വരുന്ന വിദ്യാർഥികൾക്ക് പ്രത്യേക ഇളവുകൾ നൽകും. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് 30 രൂപയും 20 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന ക്രമത്തിൽ അവർക്കും 30 രൂപ നിരക്കിൽ പ്രവേശിക്കാം. സ്റ്റിൽ കാമറയ്ക്ക് 350 രൂപയും വിഡിയോ കാമറയ്ക്ക് 750 രൂപയും ക്ലോക്ക് റൂമിന് 25 രൂപയുമാണ് ഈടാക്കുക.

പാർക്കിങ് ഫീസ് വിവരങ്ങൾ താഴെ നൽകുന്നു:

  • ഇരുചക്രവാഹനം: 25 രൂപ
  • ഓട്ടോറിക്ഷ: 30 രൂപ
  • കാർ/ജീപ്പ്: 100 രൂപ
  • വാൻ/മിനി ബസ് (32 സീറ്റ് വരെ): 175 രൂപ
  • ബസ്: 250 രൂപ

സുവോളജിക്കൽ പാർക്കിൻ്റെ നടത്തിപ്പിനായി അഡ്വൈസറി കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഗവേണിങ് ബോഡിയും ഉൾപ്പെടുന്ന ഒരു സൊസൈറ്റിയായിരിക്കും പ്രവർത്തിക്കുക. രാഷ്ട്രീയ ഇടപെടലുകളില്ലാതെ, വകുപ്പ് മന്ത്രി അധ്യക്ഷനായുള്ള ഉദ്യോഗസ്ഥ സമിതിക്കാണ് ഇതിൻ്റെ പൂർണ ചുമതല. കാലത്തിനനുസരിച്ചും പുതിയ മൃഗങ്ങളെ കൊണ്ടുവരുന്നതിനനുസരിച്ചും പാർക്കിൽ തുടർന്നും നവീകരണ പ്രവർത്തനങ്ങൾ നടക്കും.

സുവോളജിക്കൽ പാർക്ക് ഉദ്‌ഘാടനം  സുവോളജിക്കൽ പാർക്ക് തൃശൂർ  പുത്തൂർ മൃഗശാല  പുത്തൂർ മൃഗശാല തുറന്നു
ഇലക്‌ട്രിക് ബസ് ഉദ്‌ഘാടനം (ETV Bharat)

ചരിത്രവും നാൾവഴികളും

1885ൽ തൃശൂർ നഗരമധ്യത്തിൽ പ്രവർത്തനം ആരംഭിച്ച മൃഗശാലയിലെ പക്ഷിമൃഗാദികളെ നിലവിൽ പുത്തൂരിലേക്ക് മാറ്റിയിട്ടുണ്ട്. നഗരത്തിന് പുറത്തേക്ക് മൃഗശാല മാറ്റണമെന്ന ആശയം 2003ൽ തന്നെ ഉയർന്നിരുന്നുവെങ്കിലും 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഇതിനുള്ള നടപടികൾ വേഗത്തിലായത്. 2009ൽ ഭൂമി കൈമാറ്റം സംബന്ധിച്ച ഉത്തരവിറങ്ങുകയും 2010 ജൂൺ 5ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ചുറ്റുമതിലിൻ്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

സുവോളജിക്കൽ പാർക്ക് ഉദ്‌ഘാടനം  സുവോളജിക്കൽ പാർക്ക് തൃശൂർ  പുത്തൂർ മൃഗശാല  പുത്തൂർ മൃഗശാല തുറന്നു
പാർക്കിൽ നിന്നുള്ള കാഴ്‌ച (ETV Bharat)

വിനോദസഞ്ചാര കുതിപ്പ്

ലോകോത്തര നിലവാരത്തിലുള്ള പാർക്കായതിനാൽ പ്രതിവർഷം 50 ലക്ഷം സന്ദർശകരെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഇത് പ്രദേശത്തിൻ്റെ അടിസ്ഥാന, സാമ്പത്തിക വികസനത്തിന് വലിയ മുതൽക്കൂട്ടാകും. പുത്തൂർ സുവോളജിക്കൽ പാർക്ക്, പീച്ചി, മരോട്ടിച്ചാൽ വെള്ളച്ചാട്ടം, കച്ചിക്കോട് ഡാം, ഒരപ്പൻകെട്ടിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രം എന്നിവ ഉൾപ്പെടുന്ന ഒല്ലൂർ ടൂറിസം കോറിഡോർ കേരളത്തിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രധാന ഇടമായി മാറുകയാണ്.

സുവോളജിക്കൽ പാർക്ക് ഉദ്‌ഘാടനം  സുവോളജിക്കൽ പാർക്ക് തൃശൂർ  പുത്തൂർ മൃഗശാല  പുത്തൂർ മൃഗശാല തുറന്നു
റവന്യൂ മന്ത്രി കെ രാജൻ ടിക്കറ്റ് എടുത്ത് സന്ദർശനത്തിന് തുടക്കം കുറിച്ചു (ETV Bharat)

മന്ത്രിമാരുടെ പ്രതികരണങ്ങൾ

വർഷങ്ങൾ നീണ്ട കാത്തിരിപ്പിൻ്റെ നേർസാക്ഷ്യമാണ് പുത്തൂർ സുവോളജിക്കൽ പാർക്കെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഓരോ ദിവസവും പാർക്ക് നവീകരിക്കപ്പെടുമെന്നും പുതിയ മൃഗങ്ങൾ എത്തിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ സുവോളജിക്കൽ പാർക്കുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് പാർക്ക് ഔദ്യോഗികമായി സന്ദർശകർക്കായി തുറന്നുകൊടുക്കുന്നതെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ഏറെ വിമർശിക്കപ്പെട്ട കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി യാഥാർഥ്യമാക്കിയ ഈ മെഗാ പദ്ധതി ഇന്ത്യയ്ക്കാകെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഭക്തിസാന്ദ്രമായി അനന്തപുരി; ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന്, ഭക്തരെ സ്വീകരിക്കാനൊരുങ്ങി നഗരം