മയ്യഴിയിലെ തോലൻ മൂപ്പൻ; കാരണവന്മാർ കോലധാരിയായി പുനരവതരിക്കുന്ന കഥ
തറവാടുകളില്‍ കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്ന കാലം അവരെയെല്ലാം നയിച്ച് കാരണവന്‍മാര്‍ ഉണ്ടായിരുന്നുവെന്ന പഴയ കാല വ്യവസ്ഥിതിയെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് തോലന്‍ മൂപ്പൻ്റെ തിറയാട്ടം.

Published : March 9, 2026 at 5:30 PM IST
കണ്ണൂര്‍: തറവാട്ട് കാരണവന്‍മാരേയും മുതുമുത്തച്ഛന്‍മാരേയും ആരാധിക്കുന്നത് പഴയ തലമുറയിലെ ശീലമായിരുന്നു. തറവാടിനേയും കുടുംബാംഗങ്ങളേയും നയിക്കുകയും സമൂഹത്തില്‍ പേരും പെരുമയും നേടുകയും ചെയ്‌ത കാരണവന്‍മാരെ കെട്ടിയാട്ടം നടത്തി ദൈവ തുല്യമായി ആരാധിക്കുന്ന ശീലം വടക്കേ മലബാറിലും കുടകിലും ഇന്നും നിലനില്‍ക്കുന്നു.
പേരും പ്രശസ്‌തിയും നേടിത്തന്ന് കുടുംബത്തിൻ്റെ കീര്‍ത്തിക്കും സമൂഹത്തിൻ്റെ നന്മക്കും പാത്രമായവരെ കോലധാരിയിലൂടെ പുനരവതരിപ്പിക്കുന്നു. മയ്യഴിയിലെ പുത്തലം ശ്രീ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട വേദിയില്‍ അരങ്ങേറിയ തോലന്‍ മൂപ്പന്‍ കുടുംബാംഗങ്ങളുടേയും ദേശവാസികളുടേയുും ആരാധനക്ക് പാത്രമായി ഇന്നും ദൈവ പരിവേഷത്തില്‍ അവതരിക്കുന്നു.
തറവാടുകളില്‍ കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്ന കാലം അവരെയെല്ലാം നയിച്ച് കാരണവന്‍മാര്‍ ഉണ്ടായിരുന്നുവെന്ന പഴയ കാല വ്യവസ്ഥിതിയെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് തോലന്‍ മൂപ്പൻ്റെ തിറയാട്ടം. കുടകിലെ കാരണവന്‍മാരായ അജ്ജയ്യൻ്റെ സ്ഥാനത്തിന് സമാനമാണ് പുത്തലത്തെ തോലന്‍ മൂപ്പൻ്റെ സ്ഥാനം.
തോലന്‍ മൂപ്പൻ്റെ കഥ ഇങ്ങനെ...
വടകര വാഴുന്നവരുടെ കാലം. ജനങ്ങളില്‍ നിന്നും കപ്പങ്ങളെല്ലാം ശേഖരിച്ചു നല്‍കുന്നത് പുത്തലത്തെ തോലന്‍ മൂപ്പനായിരുന്നു. അങ്ങനെ ഒരുനാള്‍ മയ്യഴിയിലെ പുത്തലം ഭഗവതിക്ക് എഴുന്നള്ളിപ്പ് അവകാശം വേണമെന്ന് വാഴുന്നവരോട് ഉണര്‍ത്തിക്കുന്നു. എന്നാല്‍ വാഴുന്നവരുടെ പ്രീതിക്ക് പാത്രമായ തോലൻ മറ്റൊന്നും നോക്കാതെ തൻ്റെ ആനയേയും പരിവാരങ്ങളേയും വിട്ട് നല്‍കുന്നു. അന്നത്തെ വ്യവസ്ഥയനുസരിച്ച് എഴുന്നള്ളിപ്പിനുള്ള അവകാശം ലഭിക്കുമായിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭഗവതിയുടെ എഴുന്നള്ളിപ്പോടെ തോലൻ്റെ പേരും പ്രശസ്‌തിയും വര്‍ധിച്ചു. പുത്തലം ദേശത്തുമാത്രമല്ല മയ്യഴി ഒട്ടാകെ തോലന്‍ അറിയപ്പെട്ടു. ഭഗവതിയുടെ എഴുന്നള്ളിപ്പ് വര്‍ഷാവര്‍ഷം ആര്‍ഭാടമായി നടന്നു. അന്ന് മാഹിയുടെ അധികാരം ഫ്രഞ്ചുകാര്‍ക്കായിരുന്നു. തോലന്‍ ഫ്രഞ്ച് ഭാഷ പഠിച്ച് അവരുടെ പ്രീതി സമ്പാദിച്ചു. അങ്ങനെയിരിക്കേയാണ് മാഹി പള്ളി പുതുക്കി പണിയുവാനായി മരമെടുക്കാന്‍ ഫ്രഞ്ചുകാര്‍ തോലനെ ഏല്‍പ്പിച്ചത്. കൊയിലാണ്ടിയിലെ ചാലോറ ഇല്ലത്ത് തിറ നടക്കുന്ന സമയമായിരുന്നു അത്. തിറ കാണാന്‍ തോലനും അവിടെയെത്തി.
പൂക്കുട്ടി ശാസ്‌തൻ്റെ തിറ തോലനെ വല്ലാതെ ആകര്‍ഷിച്ചു. തൻ്റെ ധര്‍മ്മ ഭഗവതിക്കൊപ്പം പുത്തലത്തും പൂക്കുട്ടി ശാസ്‌തനെ കുടിയിരുത്താന്‍ തോലന്‍ തീരുമാനിച്ചു. മാഹി പള്ളിയിലേക്കുളള മരവുമായി തോലന്‍ എത്തിയപ്പോഴേക്കും പൂക്കുട്ടി ശാസ്‌തന്‍ അദ്ദേഹത്തിൻ്റെ കൂടെ വന്നുവെന്നാണ് ഐതിഹ്യം. എല്ലാവിധികളുമടക്കം ഭക്ത്യാദരപൂര്‍വ്വം സ്ഥാനമാനങ്ങള്‍ നല്‍കി പൂക്കുട്ടി ശാസ്‌തനെ പുത്തലത്ത് കുടിയിരുത്തി. ശാസ്‌തനെ തളയ്ക്കാന്‍ കാളകാട്ടില്ലക്കാര്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല.
ഒടുവില്‍ കാളകാട്ടില്ലക്കാര്‍ പിന്‍തിരിഞ്ഞു പോവുകയും പൂക്കുട്ടി ശാസ്‌തന്‍ പുത്തലത്തെ തൻ്റെ അധീനതയിലാക്കുകയും ചെയ്‌തു. ഈ സംഭവത്തോടെയാണ് തോലന്‍ മൂപ്പന്‍ കൂടുതല്‍ പ്രശസ്‌തനായത്. മാത്രമല്ല കുടുംബത്തിൻ്റെയും ദേശവാസികളുടേയും അതിദേവനെന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്‌തു. ഭഗവതിക്കും പൂക്കുട്ടി ശാസ്‌തനും പുറമേ ഗുളികന്‍, പോതി, തലശിലോന്‍, പാമ്പൂരികരുവന്‍, പോതി, മാര്‍പ്പൊലിയന്‍, കാരണവര്‍ എന്നീ തിറകളും വിവിധ ദിവസങ്ങളിലായി പുത്തലത്ത് നടത്തുന്നുണ്ട്.
ALSO READ: ഥാറിൽ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന മലയാളി വനിത; ഇത് സ്വപ്‌നങ്ങളെ പിന്തുടർന്ന നാജി നൗഷിയുടെ കഥ

