കുടുക്കിയത് തടിപ്പാവകൾ; പരീക്ഷാപ്പേടി മാറ്റാമെന്ന് വിശ്വസിപ്പിച്ച് 14-കാരിയെ പീഡിപ്പിച്ച പൂജാരിക്ക് ശിക്ഷയുറപ്പായി
ഡോക്ടറോട് കുട്ടി വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുറിയിൽ നിന്നും കണ്ടെടുത്ത തടിപ്പാവകൾ കേസിൽ നിർണായക തെളിവായി.

Published : February 26, 2026 at 4:51 PM IST
തിരുവനന്തപുരം: കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ പതിനാലുകാരിയെ ബാധയൊഴിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച മുൻ പൂജാരി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ചെല്ലമംഗലം ജനത റോഡ് ഭഗവതിമന്ദിരത്തിൽ താമസിക്കുന്ന ബാലപ്പൻ്റെ മകൻ ബിനീഷിനെയാണ് (45) തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്ജി എംപി ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എറണാകുളം പറവൂർ മൂത്തകുന്നമാണ് ഇയാളുടെ സ്വദേശം. പ്രതിയെ റിമാൻഡ് ചെയ്ത കോടതി, ശിക്ഷ വിധിക്കുന്നതിനായി കേസ് ഫെബ്രുവരി 28ലേക്ക് മാറ്റി.
ബാധയൊഴിപ്പിക്കാനെന്ന പേരിൽ ക്രൂരപീഡനം
2019ലാണ് നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടന്നത്. ഒൻപതാം ക്ലാസിൽ പഠിച്ചിരുന്ന പെൺകുട്ടിക്ക് പരീക്ഷ പേടിയുണ്ടായിരുന്നതിനാൽ മാതാവാണ് പൂജാരിയുടെ അടുക്കൽ എത്തിച്ചത്. കുട്ടിക്ക് ബാധയേറ്റിട്ടുണ്ടെന്നും ഇത് മാറ്റാൻ പ്രത്യേകം പൂജകൾ വേണമെന്നും ഇയാൾ രക്ഷാകർത്താവിനെ വിശ്വസിപ്പിച്ചു. തുടർന്ന് പല ദിവസങ്ങളിലായി കുട്ടിയെ പൂജാമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ജനനേന്ദ്രിയത്തിനുള്ളിൽ തടിപ്പാവകൾ, നാണയത്തുട്ടുകൾ, ഇരുമ്പാണികൾ എന്നിവ കയറ്റിയായിരുന്നു അതിക്രമം.
പീഡനവിവരം പുറത്തറിയുന്നു
പൂജകൾ നടത്തിയിട്ടും കുട്ടിയുടെ പരീക്ഷ പേടി മാറാത്തതിനെ തുടർന്ന് മാതാവ് അടുത്തുള്ള മാനസികാരോഗ്യ ക്യാമ്പിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. ഇവിടെവച്ച് ഡോക്ടറോടാണ് കുട്ടി പീഡനവിവരം ആദ്യമായി വെളിപ്പെടുത്തിയത്. ഡോക്ടർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയും തൈക്കാട് ആശുപത്രിയിലെ ഡോക്ടർ ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. കുട്ടിയുടെ ജനനേന്ദ്രിയത്തിലുണ്ടായ മുറിപ്പാടുകൾ സംബന്ധിച്ച് രേഖാചിത്രം സഹിതമാണ് ഡോക്ടർ റിപ്പോർട്ട് നൽകിയത്.
നിർണായകമായത് തടിപ്പാവകൾ
സംഭവത്തിന് പിന്നാലെ തിരുവല്ലം എസ്ഐ ആയിരുന്ന കെഎൽ സമ്പത്തിൻ്റെ നേതൃത്വത്തിൽ പൂജാരിയുടെ മുറിയിൽ നടത്തിയ പരിശോധനയിൽ 51 വ്യത്യസ്ത രൂപത്തിലുള്ള തടിപ്പാവകൾ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. വിസ്താരത്തിനിടെ തന്നെ ഉപദ്രവിക്കാൻ ഉപയോഗിച്ച പ്രത്യേക തടിപ്പാവ ഇതിൽ നിന്നും പെൺകുട്ടി തിരിച്ചറിഞ്ഞു. ഈ പാവയുടെ രൂപവും ഡോക്ടർ കോടതിയിൽ സമർപ്പിച്ച രേഖാചിത്രവും കൃത്യമായി യോജിച്ചത് കേസിൽ നിർണായക തെളിവായി മാറി.
അന്വേഷണവും പ്രോസിക്യൂഷനും
അതേസമയം, പ്രതിയെ രക്ഷപ്പെടുത്താനുള്ള നിലപാടാണ് ക്ഷേത്ര ഭാരവാഹികളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ആക്ഷേപമുണ്ട്. മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന കെഎസ് അരുൺ, പി ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെകെ അജിത് പ്രസാദ്, അഭിഭാഷകയായ വിസി ബിന്ദു എന്നിവർ കോടതിയിൽ ഹാജരായി.
Also Read:- "കോണ്‍ഗ്രസ് വാക്കുപാലിച്ചു", വയനാട്ടിലെ ഭവന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ച് രാഹുല്‍ ഗാന്ധി

