ETV Bharat / state

തിരുവനന്തപുരം ലോകോത്തര നഗരം, 20 രൂപയ്ക്ക് ഊണും കുറഞ്ഞ നിരക്കിൽ മരുന്നും; വൻ പ്രഖ്യാപനങ്ങളുമായി നഗരസഭ ബജറ്റ്

തിരുവനന്തപുരത്തെ 2035-ഓടെ ലോകോത്തര നഗരമാക്കാൻ ലക്ഷ്യമിട്ട്, കുറഞ്ഞ നിരക്കിൽ ഭക്ഷണവും മരുന്നും നൈറ്റ് ലൈഫ് ഓഫീസും ഉൾപ്പെടെ വിപ്ലവകരമായ വികസന പദ്ധതികൾ പ്രഖ്യാപിച്ച് നഗരസഭയുടെ പുതിയ ബജറ്റ്

TVM CORPORATION BUDGET
കോര്‍പ്പറേഷന്‍ ബജറ്റ് (facebook.com/officialpagevvrajesh)
author img

By ETV Bharat Kerala Team

Published : February 24, 2026 at 7:40 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: നഗരസഭ ഭരണം ബിജെപി നേടിയശേഷം ആദ്യമായി അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ കേന്ദ്ര സർക്കാരിൻ്റെ നഗര കേന്ദ്രീകൃത പദ്ധതികളുടെ പരമാവധി പ്രയോജനം ലഭ്യമാക്കുമെന്ന് പ്രഖ്യാപനം. 2030ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരവും 2035ൽ ലോകത്തിലെ ഏറ്റവും മികച്ച നഗരവുമാക്കുമെന്ന് കന്നി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഡെപ്യൂട്ടി മേയർ ജി എസ് ആശനാഥ് പറഞ്ഞു. 20 രൂപ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന അടൽ ക്യാൻ്റീൻ, അടൽ സൂപ്പർ മാർക്കറ്റ് എന്നിവയും ബഡ്ജറ്റ് പ്രഖ്യാപനത്തിലുണ്ട്.

50 ശതമാനം കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിന് ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡുമായി സഹകരിച്ച് നഗരസഭയിലെ 101 വാർഡുകളിലും അമൃത് ഫാർമസി ആരംഭിക്കും. നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ രാത്രികാല സാമ്പത്തികകാര്യ ഓഫീസ് സ്ഥാപിക്കും. പൊലീസ്, സുരക്ഷാ ഏജൻസികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ച് ഓഫീസ് പ്രവർത്തിക്കും. നഗരസഭ വാർഷിക സിനിമാ അവാർഡ് ദാനചടങ്ങ് സംഘടിപ്പിക്കും. നേമത്ത് ആധുനിക മൾട്ടിപ്ലക്‌സ് കെട്ടിടം നിർമിക്കും. വിവാഹ മണ്ഡപം, സിനിമ തിയേറ്റർ എന്നിവ അതിലുണ്ടാകും.

കേന്ദ്ര സർക്കാരിൻ്റെ സ്വച്ഛ് ഭാരത് അഭിയാൻ മാതൃകയാക്കി പൊതുസ്ഥലങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും 200 ശുചിമുറികൾ സ്ഥാപിക്കാൻ 20 കോടിരൂപ വകയിരുത്തി. സ്‌കൂൾ വിദ്യാർഥികൾക്ക് അടിയന്തര ആവശ്യങ്ങൾക്കായി സ്‌കൂൾ ചൈൽഡ് കെയർ ആംബുലൻസ് സംവിധാനം ആരംഭിക്കും. എട്ട് മുതൽ പ്ലസ്ടു വരെയുള്ള എസ്. സി എസ്. ടി വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം ചെയ്യാൻ 50 ലക്ഷം രൂപ വകയിരുത്തി.

പ്രൈം ഹെൽത്ത് ലാബ് സൗകര്യങ്ങൾക്കായി 1.5 കോടി രൂപ അനുവദിച്ചു. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡുമായി സഹകരിച്ച് സിറ്റി സ്കാനിംഗ്, എംആഐ, എക്സറേ സൗകര്യങ്ങളുള്ള സെന്‍ററിന് 1.5 കോടി രൂപയും വകയിരുത്തി.

TVM CORPORATION BUDGET
ഡെപ്യൂട്ടി മേയർ ജിഎസ് ആശനാഥ് ബജറ്റ് അവതരിപ്പിക്കുന്നു (facebook.com/officialpagevvrajesh)

നഗരപരിധിയിലെ എല്ലാ ആറുകളും തോടുകളും 2035 ൽ ഉപയോഗയോഗ്യമാക്കാൻ രണ്ടുകോടിരൂപ വകയിരുത്തി. നഗരസഭ പ്രധാന ഓഫീസിന് പുതിയ കെട്ടിടം പണിയാൻ 1 കോടിരൂപ വകയിരുത്തി. കണ്ണമ്മൂല വാർഡിൽ പുത്തൻപാലം കേന്ദ്രീകരിച്ച് ടൗൺഷിപ്പ് വികസിപ്പിക്കാൻ അഞ്ചുകോടിരൂപയും വകയിരുത്തി. പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, വെട്ടുകാട്, ബീമാപള്ളി എന്നിവയെ ബന്ധിപ്പിച്ച് സ്പിരിച്വൽ ടൂറിസം സർക്യൂട്ടിന് 50 ലക്ഷം അനുവദിച്ചു.
നഗരത്തിൻ്റെ മുഖച്ഛായ മാറ്റുന്നതിനൊപ്പം സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്ന പദ്ധതികൾക്കാണ് ഈ ബജറ്റ് മുൻഗണന നൽകുന്നത്.

Also Read: പതിനാറാം കേരള നിയമസഭയ്ക്ക് തിരശീല; സഭ സമ്മേളിച്ചത് 204 ദിവസം; പാസാക്കിയത് 168 ബില്ലുകൾ