ETV Bharat / state

ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി; ലോകത്തിലെ ഏറ്റവും വലിയ സ്ത്രീസംഗമമായ ആറ്റുകാൽ പൊങ്കാല നാളെ

മാർച്ച് 3-ന് രാവിലെ 9.45-ന് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ ചടങ്ങുകൾ തുടങ്ങും. 40 ലക്ഷത്തോളം ഭക്തരെ പ്രതീക്ഷിക്കുന്നു. കണ്ണകി ചരിതമാണ് പ്രധാന ഐതിഹ്യം.

ആറ്റുകാൽ ദേവി ക്ഷേത്ര ഉത്സവം തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല ലക്ഷക്കണക്കിന് ഭക്തർ പൊങ്കാലയ്ക്ക് ഗിന്നസ് ബുക്കിൽ ഇടംനേടിയ പൊങ്കാല
പൊങ്കാല കലം പരിശോധിക്കുന്ന ഭക്തർ (Etv Bharat)
author img

By ETV Bharat Kerala Team

Published : March 2, 2026 at 7:24 AM IST

4 Min Read
Choose ETV Bharat

തിരുവനന്തപുരം: ദശലക്ഷക്കണക്കിന് മങ്കമാർ ഭക്ത്യാദരപൂർവം കാത്തിരുന്ന മറ്റൊരു പൊങ്കാല പുണ്യത്തിനായി ആറ്റുകാൽ ദേവീക്ഷേത്ര പരിസരം ഒരുങ്ങിക്കഴിഞ്ഞു. ഭക്തിസാന്ദ്രമായ ആ മഹാപുണ്യത്തിന് ഇനി വെറുമൊരു പകലിരവിൻ്റെ അകലം മാത്രമാണുള്ളത്. കേരളത്തിൻ്റെ തലസ്ഥാന നഗരത്തിലെവിടെയും മറ്റു കാഴ്ചകളില്ലാതെ, എവിടെയും പൊങ്കാലയിടാനെത്തിയ ഭക്തരും പൊങ്കാല അടുപ്പും കലങ്ങളും മാത്രമാണ് കാണാൻ സാധിക്കുന്നത്.

മാർച്ച് 3ന് രാവിലെ 9.45ന് ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ ദശലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്കും തീ പടരും. പിന്നീട് മണിക്കൂറുകളോളം നഗരമാകെ യാഗശാലയുടെ പ്രതീതിയിലമരും. ക്ഷേത്ര പരിസരത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ ചുറ്റളവിലാണ് പൊങ്കാല കളങ്ങൾ നിരക്കുക.

ആറ്റുകാൽ ദേവി ക്ഷേത്ര ഉത്സവം തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല ലക്ഷക്കണക്കിന് ഭക്തർ പൊങ്കാലയ്ക്ക് ഗിന്നസ് ബുക്കിൽ ഇടംനേടിയ പൊങ്കാല
പൊങ്കാല കലം പരിശോധിക്കുന്ന ഭക്തർ (ETV Bharat)

ഉച്ചയ്ക്ക് 2.15ന് നിവേദിക്കുന്നതോടെ വീണ്ടും പൊങ്കാല പുണ്യത്തിൻ്റെ സായൂജ്യത്തിൽ ദശലക്ഷക്കണക്കിന് ഭക്തർ വീടുകളിലേക്ക് മടങ്ങും. പിന്നെ മറ്റൊരു പൊങ്കാല പുണ്യത്തിനായി വീണ്ടും ഒരു വർഷത്തെ കാത്തിരിപ്പാണ്. പൊങ്കാല ഉത്സവത്തിന് ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞതായും എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ എ ഗീതാകുമാരി ഇടിവി ഭാരതിനോട് വ്യക്തമാക്കി. ഇത്തവണ 35 ലക്ഷം മുതൽ 40 ലക്ഷം വരെ സ്ത്രീ ഭക്തർ പൊങ്കാല അർപ്പിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

ആറ്റുകാൽ ദേവി ക്ഷേത്ര ഉത്സവം തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല ലക്ഷക്കണക്കിന് ഭക്തർ പൊങ്കാലയ്ക്ക് ഗിന്നസ് ബുക്കിൽ ഇടംനേടിയ പൊങ്കാല
ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം (ETV Bharat)

ആറ്റുകാൽ ഐതിഹ്യം
പ്രശസ്ത തമിഴ് കൃതിയായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയാണ് ആറ്റുകാലിലെ പ്രതിഷ്ഠയെന്നാണ് പൊതുവെ വിശ്വസിച്ചുവരുന്നത്. പരാശക്തി സ്വരൂപിണിയായ പാർവതീദേവിയുടെ അവതാരമാണ് കണ്ണകിയെന്നാണ് പൊതുവെയുള്ള ഭക്തജന വിശ്വാസം. കണ്ണകിയുടെ ഭർത്താവായ കോവലൻ ശിവൻ്റെ അവതാരമായാണ് കരുതപ്പെടുന്നത്. ചിലപ്പതികാരം എന്ന തമിഴ് പദത്തിന് ചിലമ്പിൻ്റെ കഥ എന്നാണ് അർഥം. കോവലൻ മാധവി എന്ന ദേവദാസിയിൽ ആകൃഷ്ടനായി ഭാര്യയായ കണ്ണകിയിൽ നിന്നകന്നു. മാധവിയുമൊത്തുള്ള ജീവിതത്തിനിടെ കോവലൻ്റെ ധനവും മാനവും നഷ്ടപ്പെട്ട് നിസ്വനായി കണ്ണകിയുടെ അടുത്ത് തിരിച്ചെത്തി.

ആറ്റുകാൽ ദേവി ക്ഷേത്ര ഉത്സവം തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല ലക്ഷക്കണക്കിന് ഭക്തർ പൊങ്കാലയ്ക്ക് ഗിന്നസ് ബുക്കിൽ ഇടംനേടിയ പൊങ്കാല
പൊങ്കാലയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന കലം (ETV Bharat)

വീണ്ടും ജീവിതം ആരംഭിക്കാനായി പതിവ്രതാ രത്നമായ കണ്ണകി തൻ്റെ ചിലമ്പ് വിൽക്കാനായി കോവലനെ ഏൽപ്പിച്ചു. ചിലമ്പുമായി മധുരാ നഗരത്തിലെത്തിയ കോവലൻ ഒരു സ്വർണപ്പണിക്കാരന് ചിലമ്പ് കൈമാറി. ചതിയനായ സ്വർണപ്പണിക്കാരൻ പാണ്ഡ്യ രാജ്ഞിയുടെ മോഷണം പോയ ചിലമ്പാണിതെന്ന് പാണ്ഡ്യരാജാവിനെ ധരിപ്പിച്ചു. അങ്ങനെ മോഷ്ടാവെന്ന് മുദ്രകുത്തി ഭടന്മാർ കോവലനെ പിടികൂടി രാജാവിനു മുന്നിലെത്തിച്ചു. മോഷണക്കുറ്റം ആരോപിച്ച് രാജാവ് കോവലനെ വധിച്ചു.

ആറ്റുകാൽ ദേവി ക്ഷേത്ര ഉത്സവം തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല ലക്ഷക്കണക്കിന് ഭക്തർ പൊങ്കാലയ്ക്ക് ഗിന്നസ് ബുക്കിൽ ഇടംനേടിയ പൊങ്കാല
ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം (ETV Bharat)

വിവരമറിഞ്ഞ് മധുരാ നഗരത്തിലെത്തിയ കണ്ണകി തൻ്റെ പാതിവ്രത്യ ശക്തിയാൽ രാജാവിനെയും സ്വർണപ്പണിക്കാരനെയും മധുരാപുരിയെയും ചുട്ടെരിച്ചു. അതീവ കോപതാപങ്ങളോടെ മധുരാപുരിയിൽ നിന്ന് പുറപ്പെട്ട ദേവി ആറ്റുകാലിലൂടെ കൊടുങ്ങല്ലൂരിലെത്തി ഭർത്താവായ കോവലനൊപ്പം സ്വർഗാരോഹണം ചെയ്തുവെന്നാണ് ഐതിഹ്യം. ആറ്റുകാലിലെത്തിയ ദേവിയുടെ കോപം ശമിപ്പിക്കാനായി സ്ത്രീജനങ്ങൾ പൊങ്കാലയിട്ട് സ്വീകരിച്ചു. ഇതോടെ കോപം ശമിച്ച ദേവി ആറ്റുകാലിൽ അധിവാസം ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിൻ്റെ സ്മരണാർഥമാണ് വർഷം തോറുമുള്ള ആറ്റുകാൽ പൊങ്കാല.

ആറ്റുകാൽ ദേവി ക്ഷേത്ര ഉത്സവം തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല ലക്ഷക്കണക്കിന് ഭക്തർ പൊങ്കാലയ്ക്ക് ഗിന്നസ് ബുക്കിൽ ഇടംനേടിയ പൊങ്കാല
പൊങ്കാലയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന കലം (ETV Bharat)

പൊങ്കാല ദിനം

കുംഭമാസത്തിലെ പൂരം നക്ഷത്രവും പൗർണമിയും ഒത്തുവരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. പാണ്ഡ്യരാജാവിനെ ദേവി വധിക്കുന്ന തോറ്റം പാട്ടിലെ ഭാഗം പാടിക്കഴിയുമ്പോൾ ക്ഷേത്ര ശ്രീകോവിലിൽ നിന്ന് തന്ത്രി ദീപം കൊളുത്തി മേൽശാന്തിക്ക് നൽകും. അദ്ദേഹം ക്ഷേത്രത്തിലെ ചെറിയ തിടപ്പള്ളിയിലേക്കും പ്രദക്ഷിണ വഴിയോട് ചേർന്ന വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പുകളിലേക്കും തീ പകരും. തുടർന്ന് സഹമേൽശാന്തി ഈ ദീപം ഏറ്റുവാങ്ങി പാട്ടുപന്തലിനു മുന്നിലെ പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ അടുപ്പുവെട്ടാകും. ഈ സമയത്ത് ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പും ചെണ്ടമേളവും കതിനാവെടിയും മുഴങ്ങും. പണ്ടാര അടുപ്പിൽ നിന്നുള്ള അഗ്നി ശരവേഗത്തിൽ ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് പടരുന്നതോടെ നഗരം യാഗശാലയാകും.

ആറ്റുകാൽ ദേവി ക്ഷേത്ര ഉത്സവം തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല ലക്ഷക്കണക്കിന് ഭക്തർ പൊങ്കാലയ്ക്ക് ഗിന്നസ് ബുക്കിൽ ഇടംനേടിയ പൊങ്കാല
ആറ്റുകാൽ ക്ഷേത്രം (ETV Bharat)

പൊങ്കാല

സർവാഭീഷ്ടദായിനിയായ ആറ്റുകാലമ്മയുടെ തിരുമുമ്പിൽ വ്രതശുദ്ധിയോടെ തപസനുഷ്ഠിച്ച് അഭീഷ്ടസിദ്ധി കൈവരിക്കാൻ വേണ്ടിയാണ് സ്ത്രീകൾ പൊങ്കാല അർപ്പിക്കുന്നതെന്നൊരു വിശ്വാസമുണ്ട്. പുതിയ മൺകലത്തിലാണ് പൊങ്കാല സമർപ്പിക്കുന്നത്. പൊങ്കാല വിഭവം തയ്യാറാക്കാൻ പച്ചരി, ശർക്കര, നെയ്യ്, നാളികേരം എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഭൂമിയെ പ്രതിനിധീകരിക്കുന്ന മൺകലവും അരിയും മറ്റു ഭൂതങ്ങളായ വായു, ആകാശം, ജലം, അഗ്നി എന്നിവയോട് ചേരുമ്പോൾ പഞ്ചഭൂത സമ്മേളനത്തിലൂടെ പൊങ്കാല നൈവേദ്യം ഒരു വിശിഷ്ട വഴിപാടായി മാറുന്നു.

ആറ്റുകാൽ ദേവി ക്ഷേത്ര ഉത്സവം തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല ലക്ഷക്കണക്കിന് ഭക്തർ പൊങ്കാലയ്ക്ക് ഗിന്നസ് ബുക്കിൽ ഇടംനേടിയ പൊങ്കാല
പൊങ്കാലയ്ക്ക് വേണ്ടിയുള്ള തവി (ETV Bharat)

പ്രതിഷ്ഠ

ആറ്റുകാൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാൾ, ഫലകം, ഖഡ്ഗം, കപാലം എന്നിവ കരങ്ങളിലേന്തിയ ശ്രീഭഗവതിയാണ്. വടക്കോട്ടാണ് ദേവിയുടെ ദർശനം. വടക്കോട്ട് ദർശനമുള്ള ദേവിക്ക് സർവാനുഗ്രഹ ശക്തിയുണ്ടെന്നാണ് വിശ്വാസം. ശിവൻ, ഗണപതി, മാടൻ തമ്പുരാൻ എന്നിവരാണ് ഉപദേവതകൾ. കുംഭമാസത്തിലെ കാർത്തിക നാളിലാണ് ഇവിടെ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ആരംഭിക്കുന്നത്. ഇവിടെ കൊടിയേറ്റോട് കൂടിയല്ല, പകരം ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്.

കൊടുങ്ങല്ലൂർ ഭഗവതിയെയാണ് ഇവിടെ കാപ്പുകെട്ടി കുടിയിരുത്തുന്നത്. കൊടുങ്ങല്ലൂർ ദേവിയെ ആവാഹിച്ചിരുത്തുകയും ഉത്സവ ശേഷം തിരിച്ച് കൊണ്ടുപോകുകയും ചെയ്യുന്നതായി ഇവിടെ പാടുന്ന തോറ്റം പാട്ടിൽ പറയുന്നു. ഒമ്പതാം നാളിൽ പൂരം നക്ഷത്രവും പൗർണമിയും ഒത്തുവരുന്ന ദിവസമാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. സ്ത്രീകളുടെ പാതിവ്രത്യ മഹിമയുടെ പ്രാധാന്യം കൂടി വിളംബരം ചെയ്യുന്ന ഒരു ഉത്സവം കൂടിയായാണ് ഇവിടുത്തെ ഉത്സവത്തെ വിലയിരുത്തുന്നത്. കാരുണ്യക്കടലായ അമ്മയുടെ മുന്നിൽ മനമുരുകി പ്രാർഥിച്ച് പൊങ്കാലയിട്ടാൽ സർവാഭീഷ്ടങ്ങളും സാധിക്കുമെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. ആറ്റുകാൽ പൊങ്കാല പോലെ സ്ത്രീകൾ ഒരേ ദിവസം ഒരേ സമയം സംഗമിക്കുന്ന ഉത്സവങ്ങൾ ലോകത്ത് തന്നെ അപൂർവമാണ്. ഇതിനുള്ള അംഗീകാരമായി 1997ലും 2009ലും പൊങ്കാല ഉത്സവം ഗിന്നസ് ബുക്കിൽ ഇടം നേടി.

ആറ്റുകാൽ ദേവി ക്ഷേത്ര ഉത്സവം തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല ലക്ഷക്കണക്കിന് ഭക്തർ പൊങ്കാലയ്ക്ക് ഗിന്നസ് ബുക്കിൽ ഇടംനേടിയ പൊങ്കാല
പൊങ്കാല കലം (ETV Bharat)

ക്ഷേത്രം

അനന്തശായിയായ മഹാവിഷ്ണു പള്ളികൊള്ളുന്ന ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് 2 കിലോമീറ്റർ തെക്കുകിഴക്ക് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്ത്രീകളുടെ ശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പുണ്യനദിയായ കിള്ളിയാറിൻ്റെ തീരത്ത് പ്രകൃതിമനോഹരമായ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആറ്റിൽ ദേവിയുടെ തൃക്കാൽ പതിഞ്ഞ സ്ഥലം ആറ്റുകാൽ ആയെന്നാണ് നാട്ടുപഴമ. കാൽ എന്നതിന് വയൽ എന്നും അർഥമുണ്ട്. ആറ്റിൻ തീരത്തെ വയലേല ആറ്റുകാൽ ആകുക എന്നതുമാകാം എന്നും കരുതപ്പെടുന്നു.

ആറ്റുകാൽ ദേവി ക്ഷേത്ര ഉത്സവം തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല ലക്ഷക്കണക്കിന് ഭക്തർ പൊങ്കാലയ്ക്ക് ഗിന്നസ് ബുക്കിൽ ഇടംനേടിയ പൊങ്കാല
പൊങ്കാല കലം പരിശോധിക്കുന്ന ഭക്തർ (ETV Bharat)

കുത്തിയോട്ടം

പൊങ്കാല ദിവസം ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് കുത്തിയോട്ടം. 12 വയസ്സിൽ താഴെയുള്ള ബാലന്മാരാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുന്നത്. മഹിഷാസുര മർദനത്തിനൊരുങ്ങുന്ന ദേവിക്ക് വേണ്ടി ദേവന്മാർ വ്രതം നോക്കുന്നതിൻ്റെ സ്മരണയാണ് കുത്തിയോട്ട വ്രതത്തിന് പിന്നിലെന്നാണ് വിശ്വസിക്കുന്നത്. ദാരിക നിഗ്രഹം കഴിഞ്ഞ് മുറിവേറ്റ സൈനികരുമായി ദേവി നടത്തുന്ന നഗര പ്രദക്ഷിണമെന്നൊരു സങ്കൽപ്പവുമുണ്ട്.

Also Read:- പാക് വിമാനത്താവളങ്ങളിലടക്കം കുടുങ്ങി മലയാളികള്‍; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് നോർക്ക, വിവരങ്ങള്‍ ഇങ്ങനെ