ETV Bharat / state

തിരുവനന്തപുരം വിമാനത്താവളത്തിൽ ആഭ്യന്തര ചരക്കുനീക്കത്തിൽ വൻ കുതിപ്പ്; 41 ശതമാനം വളർച്ച

വിമാനത്താവളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനവും കാർഗോ ശൃംഖലയുടെ കാര്യക്ഷമതയുമാണ് ഈ നേട്ടത്തിന് പിന്നിൽ

THIRUVANANTHAPURAM AIRPORT CARGO  KERALA DOMESTIC CARGO GROWTH  ADANI TRIVANDRUM AIRPORT  VIZHINJAM PORT CARGO LINKAGE
Thiruvananthapuram Airport (Special Arrangement)
author img

By ETV Bharat Kerala Team

Published : September 2, 2026 at 7:54 AM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: ആഭ്യന്തര ചരക്കുനീക്കത്തിൽ വൻ കുതിപ്പുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ ആഭ്യന്തര കാർഗോ കൈകാര്യം ചെയ്യുന്നതിൽ മുൻ വർഷത്തെ അപേക്ഷിച്ച് 41 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. നിലവിൽ പ്രതിമാസം ശരാശരി 350 മെട്രിക് ടൺ ആഭ്യന്തര ചരക്കാണ് വിമാനത്താവളത്തിലെ കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്നത്.

വിമാനത്താവളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനവും കാർഗോ ശൃംഖലയുടെ കാര്യക്ഷമതയുമാണ് ഈ നേട്ടത്തിന് പിന്നിൽ. ആരോഗ്യം, കൃഷി, മത്സ്യബന്ധനം തുടങ്ങി സമയബന്ധിതമായ ചരക്കുനീക്കം അനിവാര്യമായ മേഖലകൾക്ക് വിമാനത്താവളത്തിൻ്റെ കാർഗോ ശൃംഖല നിർണായക പിന്തുണയാണ് നൽകുന്നത്. കേരളത്തിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗം വിപണി കണ്ടെത്തുന്നതിനും ഇതുവഴി അവസരമൊരുങ്ങുന്നു. അദാനി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ കാർഗോ വിഭാഗത്തിനും വലിയ മുതൽക്കൂട്ടായിട്ടുണ്ട്.

പൂക്കളും മത്സ്യവും റബറും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക്

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പുറത്തെത്തിക്കുന്ന പ്രധാന ചരക്കുകളിൽ പൂക്കൾ, ശീതീകരിച്ച മത്സ്യം, അലങ്കാര മത്സ്യങ്ങൾ, മെഡിക്കൽ കിറ്റുകൾ, കൊറിയർ ഉത്പന്നങ്ങൾ, തപാൽ ഉരുപ്പടികൾ, റബർ തൈകൾ എന്നിവ ഉൾപ്പെടുന്നു. കേരളത്തിൽനിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും റബർ തൈകൾ വിമാനമാർഗം എത്തിക്കുന്നുണ്ട്. തോട്ടവിള അധിഷ്ഠിത ഉത്പന്നങ്ങളുടെ രാജ്യവ്യാപകമായ വിതരണത്തിന് ഇത് ഏറെ സഹായകമാണ്. ഡൽഹി, ആഗ്ര, ജമ്മു തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും അലങ്കാര മത്സ്യങ്ങൾ അയയ്ക്കുന്നത്.

അതേസമയം, വിമാനത്താവളത്തിലേക്ക് എത്തുന്ന ആഭ്യന്തര ചരക്കുകളിൽ മരുന്നുകൾ, വാക്‌സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, മാംസ ഉത്പന്നങ്ങൾ, കൊറിയർ ചരക്കുകൾ, വാഹനങ്ങളുടെ ഭാഗങ്ങൾ, തപാൽ ഉരുപ്പടികൾ, ലെൻസുകൾ തുടങ്ങിയവ പ്രധാന സ്ഥാനത്തുണ്ട്. ഇ-കൊമേഴ്‌സ് മേഖലയിലുണ്ടായ വൻ കുതിപ്പും ആഭ്യന്തര ചരക്കുനീക്കം വർധിക്കാൻ കാരണമായിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ ഉള്ളത് കാർഷിക, മത്സ്യ ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്നുണ്ട്. ഇത് കയറ്റുമതിക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കൂടാതെ, വരും മാസങ്ങളിൽ കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കാൻ വിമാനക്കമ്പനികൾ പദ്ധതിയിടുന്നത് കാർഗോ മേഖലയ്ക്ക് കൂടുതൽ കരുത്തേകും.

വിമാനത്താവളവും വിഴിഞ്ഞവും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പൂർണതോതിലുള്ള കയറ്റുമതി ഇറക്കുമതി പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ തിരുവനന്തപുരം മേഖലയിലെ ചരക്കുനീക്കത്തിന് പുതിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്. വിമാനത്താവളത്തിൻ്റെയും വിഴിഞ്ഞം തുറമുഖത്തിൻ്റെയും സാമീപ്യം പ്രയോജനപ്പെടുത്തി വ്യോമ-കടൽ ചരക്കുഗതാഗത ബന്ധം ശക്തിപ്പെടുത്താനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചരക്കിൻ്റെ സ്വഭാവവും അടിയന്തരതയും പരിഗണിച്ച് ഏറ്റവും കാര്യക്ഷമമായ ഗതാഗതമാർഗം തിരഞ്ഞെടുക്കാൻ വ്യവസായ സ്ഥാപനങ്ങൾക്ക് ഇതുവഴി കഴിയും. വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമാകുന്നതോടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മദർഷിപ്പുകൾ എത്തും. ഇതിലൂടെ എത്തുന്ന അടിയന്തര സ്വഭാവമുള്ള ചരക്കുകൾ വിമാനമാർഗം രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിന് സാധിക്കും. ദക്ഷിണ കേരളത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ വ്യോമ-കടൽ ചരക്കുഗതാഗത ബന്ധം വലിയ പങ്കുവഹിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Also Read:- കോഴിക്കോട്ട് കാർ മതിലിടിച്ച് തീപിടിച്ചു; ഡ്രൈവർ വെന്തുമരിച്ചു