ETV Bharat / state

കാടും മലയും ചുമന്ന് തീരുന്ന ആയുസുകൾ; നാല് ചുവരുകൾക്കപ്പുറം ഒരു റോഡെന്ന സ്വപ്‌നവുമായി ഇടമലക്കുടി കണ്ണീരൊഴുക്കുന്നു!

പെട്ടെന്നൊരു രോഗം വന്നാൽ, ഒരു സ്‌ത്രീക്ക് പ്രസവവേദന എടുത്താൽ, അല്ലെങ്കിൽ ഒരു അത്യാഹിതം സംഭവിച്ചാൽ ഇവിടെയുള്ളവർക്ക് ആശ്രയം കാട്ടുപാതകളും അയൽക്കാരുടെ ശക്തമായ ചുമലുകളും മാത്രമാണ്.

EDAMALAKKUDY ROAD ISSUE  EDAMALAKKUDY PATIENTS CARRIED  EDAMALAKKUDY INFRASTRUCTURE  EDAMALAKKUDY LOCAL PROTEST
റോഡു വഴിയുമില്ലാതെ ദുരിതത്തില്‍ ഇടമലക്കുടി (ETV Bharat)
author img

By ETV Bharat Kerala Team

Published : September 3, 2026 at 1:23 PM IST

4 Min Read
Choose ETV Bharat

ജോജി ജോണ്‍

ഇടുക്കി: ഒരു സഞ്ചാരയോഗ്യമായ റോഡ്, സുരക്ഷിതമായ ഒരു പാലം, എല്ലാ വീടുകളിലും വെളിച്ചമെത്തിക്കുന്ന വൈദ്യുതി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളത്തിലെ ആദ്യത്തെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മനുഷ്യർ ചോദിക്കുന്ന ജീവൻ്റെ വിലയുള്ള സ്വപ്‌നങ്ങളാണിവ. എന്നാൽ ഭരണകൂടത്തിൻ്റെ അവഗണനയുടെ ഇരുട്ടിൽ, വീണ്ടും ഒരു രോഗിയെയും ചുമന്ന് കാടും മലയും താണ്ടി മണിക്കൂറുകൾ നടന്ന് ആശുപത്രിയിൽ എത്തിക്കേണ്ടി വന്നിരിക്കുകയാണ് ഈ പാവം മനുഷ്യർക്ക്. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് ഇത്തരം ഹൃദയഭേദകമായ കാഴ്ചകൾ ഇടമലക്കുടിയിൽ ആവർത്തിക്കുന്നത്.

ആധുനികതയെക്കുറിച്ചും വികസനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോൾ, ഇടമലക്കുടിയിലെ ഊരുകളിൽ നിന്നും ഉയരുന്നത് ഭയത്തിൻ്റെയും നിസ്സഹായാവസ്ഥയുടെയും നിലവിളികളാണ്. പെട്ടെന്നൊരു രോഗം വന്നാൽ, ഒരു ഗർഭിണിക്ക് പ്രസവവേദന എടുത്താൽ, അല്ലെങ്കിൽ ഒരു അത്യാഹിതം സംഭവിച്ചാൽ ഇവിടെയുള്ളവർക്ക് ആശ്രയം കാട്ടുപാതകളും അയൽക്കാരുടെ ശക്തമായ ചുമലുകളും മാത്രമാണ്.

റോഡു വഴിയുമില്ലാതെ ദുരിതത്തില്‍ ഇടമലക്കുടി (ETV Bharat)

മുളങ്കമ്പുകളിൽ കെട്ടിയ തൊട്ടിലിൽ രോഗിയെ കിടത്തി, കുത്തനെയുള്ള മലനിരകളും വന്യമൃഗങ്ങൾ നിറഞ്ഞ കാടും താണ്ടി കിലോമീറ്ററുകളോളം നടക്കുമ്പോൾ ഓരോ സെക്കൻഡിലും അവർ പ്രാർത്ഥിക്കുന്നത് ഒന്നുമാത്രമാണ്, ആശുപത്രിയിൽ എത്തും മുൻപ് ആ ജീവൻ പൊലിഞ്ഞുപോകരുതേ എന്ന്. ഒരു മാസത്തിനിടെ നാല് പ്രാവശ്യം ഒരു ജനതയ്ക്ക് ഈ ദുരവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നു എന്നത് വ്യവസ്ഥിതിക്ക് തന്നെ നാണക്കേടാണ്. ഇനിയും റോഡിനു വേണ്ടിയുള്ള നടപടികൾ വൈകിയാൽ വിവിധ സമരമാർഗ്ഗങ്ങളുമായി രംഗത്തിറങ്ങുമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

ഇനിയും റോഡ് നിർമ്മാണം വൈകിയാൽ ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള സമരമാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്ന് മുതുവാൻ സമുദായ സംഘടന സംസ്ഥാന പ്രസിഡൻ്റ്‌ പാൽരാജ് പറഞ്ഞു. 2010ല്‍ ഞങ്ങള്‍ക്ക് അനുവദിച്ച് തന്ന പ്രദേശത്തെ ദുരിതങ്ങളെ പറ്റിയാണ് പറയാനുള്ളത്. ഏറ്റവും ഒടുവില്‍ ദിവസങ്ങള്‍ക്ക് മുമ്പ് 40കാരിയായ സുമതിയെ ഏഴ്‌ കിലോമീറ്ററോളം ചുമന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിന് മുമ്പ് മരണപ്പെട്ട കാര്‍ത്തിക്, മാലയപ്പൻ ഉള്‍പ്പെടെ നിരവധി പേരെയാണ് ചുമന്ന് ഞങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ റോഡില്ല, വൈദ്യുതിയില്ല. ദുരിത ജീവിതത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. വനംവകുപ്പ് അധികൃതര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല. ഇനിയും അവഗണിച്ചാല്‍ മൂന്നാര്‍ ഹൈവേ ഉപരോധിച്ച് ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങും" അദ്ദേഹം ഇടിവി ഭാരതിനോട് പ്രതികരിച്ചു.

വനത്തിലെ ദുർഘടപാതയിലൂടെ രോഗിയെ ചുമന്ന് ആശുപത്രിയിലേക്കുള്ള ഇടമലകൂടിക്കാരുടെ ദുരിതയാത്ര തീരുന്നില്ല. പനി മൂർച്ഛിച്ച യുവതിയെ 7 കിലോമീറ്റർ ചുവന്നാണ് തിങ്കളാഴ്ച ആശുപത്രിയിൽ എത്തിച്ചത്. ഇടമലക്കുടി പറപ്പിയാർകുടിയിലെ സുമതിയെയാണ് മരക്കൊമ്പിൽ തുണികെട്ടിയുണ്ടാക്കിയ മഞ്ചലിൽ സാഹസികമായി വനത്തിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. ഒരു മാസത്തിനിടെ നാലാം തവണയാണ് സമാന സംഭവം ആവർത്തിക്കുന്നത്.

കാട്ടാനകൾ ഉൾപ്പെടെ ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെയും അട്ടകളെയും അതിജീവിച്ചാണ് തോടും പുഴയും താണ്ടി ഈ രക്ഷാപ്രവർത്തനം. ഇടമലക്കുടി സൊസൈറ്റി കുടിയിൽ പ്രൈമറി ഹെൽത്ത് സെൻ്റർ ഉണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്തേക്കുള്ള റോഡിനായുള്ള പ്രൊപ്പോസൽ പഞ്ചായത്തിൽ നിന്നും നൽകിയിട്ടുണ്ട്. ഇതിനായുള്ള എൻഒസി ലഭിക്കാത്തതാണ് റോഡ് നിർമ്മാണം വൈകുന്നതിന് കാരണം. ഇനിയും റോഡ് നിർമ്മാണം വൈകിയാൽ ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള സമരമാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്ന് പാൽരാജ് പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്. സഞ്ചാരയോഗ്യമായ റോഡ്, സുരക്ഷിതമായ പാലം എന്നിവ ഇവിടത്തുകാർക്ക് അന്യമാണ്. ചിലയിടങ്ങളിൽ വൈദ്യുതി പോലുമില്ല. ആരോഗ്യരംഗത്ത് നമ്പർ വൺ എന്ന് അവകാശപ്പെടുന്ന കേരളത്തിലെ ഒരേയൊരു ഗോത്രവർഗ്ഗ പഞ്ചായത്തിലെ സ്ഥിതിയാണ് ഇത്. കാട്ടു വള്ളികളും കമ്പുകളും ഈറ്റയും ഉപയോഗിച്ച് നിർമ്മിച്ച സുരക്ഷിതമല്ലാത്ത പാലത്തിലൂടെയുള്ള ഇവരുടെ സാഹസിക യാത്ര എന്ന് തീരുമെന്ന ചോദ്യം ബാക്കിയാണ്.

ആംബുലൻസ് പെരുവഴിയിൽ

അത്യാവശ്യഘട്ടങ്ങളിൽ ഇടമലക്കുടിയിലെ ആളുകൾക്ക് ആശുപത്രിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിൻ്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നൽകിയ ആംബുലൻസ് ഇപ്പോൾ പെരുവഴിയിൽ. ഒരു മാസത്തിനിടെ നാല് രോഗികളെയാണ് മലയും പുഴയും താണ്ടി ചുമന്നുകൊണ്ട് ആശുപത്രിയിൽ എത്തിച്ചത്. ഈ വാഹനം സഞ്ചാരയോഗികമാക്കിയാൽ ഇത്തരം സംഭവങ്ങൾ ഒരു പരിധിവരെ തടയാൻ ആകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

വർഷങ്ങൾക്കു മുമ്പ് പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ഇടമലക്കുടി ഗ്രാമപഞ്ചായത്തിനായി ഒരു ആംബുലൻസ് നൽകിയിരുന്നു. എന്നാൽ ഇത് കാലങ്ങളായി മെയിൻ്റനൻസ് പൂർത്തീകരിക്കാതെ അടിമാലി കൂമ്പൻ പാറയ്ക്ക് സമീപം തുരുമ്പെടുത്ത നശിക്കുകയാണ്. കാലങ്ങളായി റോഡിൻ്റെ വശത്തായി ഒതുങ്ങി കിടക്കുന്ന വാഹനം ഇപ്പോൾ നാശത്തിൻ്റെ വക്കിലാണ്. ഇടമലക്കുടിയിലെ ജനങ്ങൾക്ക് അത്യാവശ്യമായി ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വാഹനമായിരുന്നു ഈ ആംബുലൻസ്.

ആംബുലൻസിൻ്റെ മെയിൻ്റനൻസ് പൂർത്തീകരിക്കുകയാണെങ്കിൽ ഇടമലക്കുടിയിലെ രോഗികൾക്ക് ഒരു പരിധിവരെ ആശ്വാസമാകും ഈ വാഹനം. എത്രയും വേഗം ഇതിൻ്റെ അധികാരികൾ ഇടപെട്ട് വാഹനം ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

റോഡ് പണിക്ക് എൻഒസി അനുവദിച്ചു:

ഇടമലക്കുടി പഞ്ചായത്തിലെ വിദൂര ഊരുകളായ മീൻകുത്തി കുടിയിൽ നിന്നും കൂടല്ലാർകുടി വരെയുള്ള 3 കിലോമീറ്റർ ദൂരത്തെ റോഡ് നിർമാണത്തിന് വനം വകുപ്പ് എൻഒസി അനുവദിച്ചു. മലയാറ്റൂർ വനം ഡിവിഷനിൽ പെട്ട കൂടല്ലാർകുടിയിൽ നിന്നും ആനക്കുളം വരെയുള്ള 3 കിലോമീറ്റർ റോഡ് നിർമാണത്തിന് കൂടി അനുമതി ലഭിച്ചാൽ മാത്രമാണ് മേഖലയിലെ 10 ഊരുകളിലുള്ളവരുടെ യാത്രാദുരിതത്തിന് പൂർണ പരിഹാരമാകുകയുള്ളു. 3 കിലോമീറ്റർ റോഡ് നിർമിക്കാൻ എൻഒസി ലഭിച്ചതോടെ അധികൃതർക്ക് ടെണ്ടർ നടപടികളിലേക്ക് കടക്കാൻ കഴിയും.

റോഡ് യാഥാർഥ്യമാകുന്നതോടെ വിദൂര പ്രദേശങ്ങളിലെ 10 ഊരുകളിൽ നിന്നുള്ളവർക്ക് ആനക്കുളം വഴി മാങ്കുളത്തും അടിമാലിയിലും വേഗത്തിലെത്താൻ കഴിയും. കൂടല്ലാർ, കീഴ് വളയം പാറ തുടങ്ങിയ ഊരുകളിൽ നിന്നും രോഗികളെ ഗതാഗത സൗകര്യമില്ലാത്തതിനാൽ മഞ്ചലിൽ ചുമന്ന് ആനക്കുളത്ത് എത്തിച്ചത് വലിയ വാർത്തയായിരുന്നു.

Also Read: തീവിലയും ഗ്യാസ് ക്ഷാമവും; പൂട്ടലിൻ്റെ വക്കിൽ ചെറുകിട ഹോട്ടലുകൾ, അടിയന്തര സർക്കാർ ഇടപെടൽ വേണമെന്ന് വ്യാപാരികൾ