നിലമ്പൂരില്‍ മണലരിപ്പ് വ്യാപകം; നടപടി കടുപ്പിച്ച് വനം വകുപ്പ്, രാത്രി പട്രോളിങ്ങും
വന മേഖലയോട് ചേർന്ന പ്രദേശങ്ങളില്‍ മണലരിപ്പ് തുടരുന്നതിനാലാണ് നടപടി.

Published : January 3, 2026 at 3:56 PM IST
മലപ്പുറം: നിലമ്പൂരില്‍ മണലരിപ്പ് തുടരുന്ന സാഹചര്യത്തില്‍ നടപടികള്‍ ശക്തമാക്കി വനം വകുപ്പ്. വന മേഖലയോട് ചേർന്ന പ്രദേശങ്ങളില്‍ മണലൂറ്റല്‍ വ്യാപകമാണെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് നടപടികള്‍ ശക്തമാക്കിയത്. ഇതിൻ്റെ ഭാഗമായി നിലമ്പൂര്‍ ചാലിയാര്‍ പുഴയുടെ തീര മേഖലയില്‍ പരിശോധനയും പട്രോളിങും ശക്തമാക്കി.
മലപ്പുറം നിലമ്പൂർ റേഞ്ചിലെ പനയങ്കോട് സെക്ഷൻ പരിധിയിൽ വരുന്ന ആയിരവല്ലിക്കാവ് ഭാഗത്താണ് മണല്‍ അരിച്ച് സ്വര്‍ണം കൈക്കലാക്കുന്നത്. വനഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണ ഖനനം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റേഞ്ചര്‍ ഓഫിസര്‍ സൂരജ് വേണുഗോപാൽ അറിയിച്ചു. രാത്രികാല പട്രോളിങ് ഉൾപ്പെടെയുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
"നിലമ്പൂർ ടൗണിനോട് ചേർന്ന ആയിരവല്ലിക്കാവ് വനഭാഗത്താണ് ഖനനം നടക്കുന്നത്. ഏറെ ഗൗരവകരമായ പ്രശ്‌നമാണിത്. ഇതിന് പിന്നിൽ സംഘടിത സംഘങ്ങളോ വലിയ ശക്തികളോ ഉണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. അതേസമയം വനമേഖലയോട് ചേർന്ന മറ്റ് തലങ്ങളിൽ ഇപ്പോഴും മണല്‍ അരിച്ച് സ്വർണം ഖനനം നടക്കുന്നുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്" സൂരജ് വേണുഗോപാൽ അറിയിച്ചു.
കഴിഞ്ഞ ദിവസം ചാലിയാർ പുഴയിലെ ആമക്കയം ഭാഗത്ത് മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് വൻതോതിൽ മണല്‍ അരിച്ച് സ്വർണം നേടിയ ഏഴ് പേരെ വനം ഇൻ്റലിജൻസ് സംഘം പിടികൂടിയിരുന്നു. അറസ്റ്റിലായ ഏഴ് പേരും മമ്പാട് പുള്ളിപ്പാടം സ്വദേശികളാണെന്ന് റേഞ്ചര്‍ ഓഫിസര്‍ പറഞ്ഞു. വിശദമായ അന്വേഷണം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിടിയിലായവർക്കെതിരെ വന നിയമപ്രകാരം നിലമ്പൂർ റേഞ്ച് ഓഫിസർ സൂരജ് വേണുഗോപാൽ കേസ് രജിസ്റ്റർ ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വർണ വില ലക്ഷം പിന്നിട്ട് സർവകാല റെക്കോർഡിലെത്തിയതോടെയാണ് സ്വർണത്തിൻ്റെ അംശമുള്ള ചാലിയാർ പുഴയിലെ മണല്‍ അരിച്ച് സ്വര്‍ണം കൈക്കലാക്കുന്നത് വീണ്ടും സജീവമായത്. ചാലിയാർ പുഴയുടെ മരുത മുതൽ മമ്പാട് വരെയുള്ള ഭാഗങ്ങളിലാണ് സ്വർണാംശമുള്ള മണൽ ഉള്ളത്. ഇതോടെ ഇവിടെ വൻതോതിൽ ഖനനം നടത്തി സ്വർണം സ്വന്തമാക്കാമെന്ന കണക്കുകൂട്ടലാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലെന്ന് അധികൃതർ വിലയിരുത്തുന്നു.

ചാലിയാർ പുഴയുടെ ഈ ഭാഗങ്ങൾ വനമേഖലയിലൂടെയാണ് ഒഴുകുന്നത്. വനം വകുപ്പ് നടപടി ശക്തമാക്കിയ സാഹചര്യത്തിൽ റവന്യൂ അധികൃതരും പരിശോധന ശക്തമാക്കേണ്ട സാഹചര്യമാണുള്ളത്. എന്തായാലും ചാലിയാർ പുഴയിലെ മണല്‍ അരിച്ച് നടക്കുന്ന അനധികൃത സ്വർണ ഖനനത്തിന് പൂര്‍ണമായി തടയിടുക എന്ന ലക്ഷ്യത്തോടെയാണ് വനം വകുപ്പ് നിലവില്‍ പ്രവർത്തിക്കുന്നത്.

