വയനാടൻ കാടുകളിൽ നിന്ന് ലോകത്തിൻ്റെ നെറുകയിലേക്ക്; 'ചോല'യ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരത്തിൻ്റെ പൊൻതിളക്കം, ഇത് മിനി കരിമത്തിൻ്റെ വിജയഗാഥ
വയനാടിൻ്റെ ഉൾക്കാടുകളിൽ നിന്ന് അന്താരാഷ്ട്ര വേദിയുടെ തിളക്കത്തിലേക്ക് മിനി കരിമം എന്ന പ്രതിഭ നടത്തിയ ആവേശകരമായ സാംസ്‌കാരിക യാത്രയെയും അവരുടെ വിപ്ലവകരമായ പ്രവർത്തനങ്ങളെയും അടുത്തറിയാം...

Published : May 25, 2026 at 7:52 AM IST
വയനാട്: കാലത്തിൻ്റെ കുത്തൊഴുക്കിൽ വിസ്‌മൃതിയിലേക്ക് മറഞ്ഞുപോകുമായിരുന്ന ഒരു ആദിവാസി പാരമ്പര്യ സംഗീതത്തെ നെഞ്ചോട് ചേർത്തുപിടിച്ച്, അതിനെ ലോകത്തിൻ്റെ വലിയൊരു വേദിയിലേക്ക് ഉയർത്തിയിരിക്കുകയാണ് വയനാട് തിരുനെല്ലി സ്വദേശിനിയായ മിനി കരിമം. അടിയ സമുദായത്തിൻ്റെ തനത് സംഗീതോപകരണമായ ‘ചോല’യെ സംരക്ഷിക്കുകയും പുതുതലമുറയിലേക്ക് പകർന്നുനൽകുകയും ചെയ്‌ത മിനിയുടെ നിശബ്‌ദ വിപ്ലവത്തിന് ഇപ്പോൾ അന്താരാഷ്‌ട്ര അംഗീകാരത്തിൻ്റെ പൊൻതിളക്കം വന്നിരിക്കുകയാണ്. സ്വന്തം ഗോത്രസംസ്‌കാരത്തിൻ്റെ തനിമ നഷ്‌ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ അവർ നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിനുള്ള വലിയൊരു ആദരവാണ് ഈ നേട്ടം.
അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ച് ആഗോള സംഘടനയായ ഐലെഡ് നെറ്റ്‌വർക്ക് ഏർപ്പെടുത്തിയ 'തദ്ദേശീയ വനിത പരിശീലക പുരസ്‌കാരം 2026' ആണ് മിനിയെ തേടിയെത്തിയിരിക്കുന്നത്. ആദിവാസി സമൂഹങ്ങൾ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഐലെഡ് നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നത്.
1000 യൂറോയും (ഏകദേശം 1.10 ലക്ഷം രൂപ) പ്രശസ്‌തിപത്രവും ഫലകവുമാണ് പുരസ്‌കാരത്തോടൊപ്പം മിനി സ്വന്തമാക്കിയത്. ഏഷ്യൻ ഭൂഖണ്ഡത്തെ മുഴുവൻ പ്രതിനിധീകരിച്ചാണ് മിനി കരിമം ഈ അപൂർവ നേട്ടം കൈവരിച്ചത് എന്നത് മലയാളിക്ക് ഒട്ടാകെ അഭിമാനിക്കാവുന്ന ഒന്നാണ്.
പട്ടിണിക്കാലത്തെ താരാട്ട്; സങ്കടങ്ങളുടെ കൂട്ടുകാരി
ഒരു ജനതയുടെ പാരമ്പര്യവും ജീവിതാനുഭവങ്ങളും പോരാട്ടങ്ങളും ചേർന്നതാണ് തദ്ദേശീയ സംഗീതം. മിനി കരിമത്തിന് ‘ചോല’ വെറുമൊരു സംഗീതോപകരണമല്ല, മറിച്ച് തൻ്റെ പൂർവികരുടെ ഓർമകളും ജീവിതവുമാണ്. "പണ്ട് അമ്മയും അമ്മൂമ്മയും ചോല ഉണ്ടാക്കുന്ന സമയത്ത് അത് കൗതുകത്തോടെ നോക്കിനിന്നാണ് ഞാൻ ഇത് നിർമ്മിക്കാൻ പഠിച്ചത്. പിന്നീട് വിരലുകൾ അതിൽ താളം പിടിക്കാൻ തുടങ്ങി. പട്ടിണിക്കാലത്ത് കുട്ടികൾ വിശന്നു കരയുമ്പോൾ ഈ ചോലയെടുത്ത് വായിക്കും. ആ സംഗീതം കേട്ട്, വിശപ്പ് മറന്ന് കുട്ടികൾ ശാന്തരായി ഉറങ്ങിപ്പോകുമായിരുന്നു. രാത്രികളിൽ എല്ലാവരും ഒരുമിച്ചിരുന്ന് ചോല വായിക്കുന്നതായിരുന്നു അന്നത്തെ സന്തോഷം..." മിനി കരിമം ഇടിവി ഭാരതിനോട് ഓർമ്മകൾ പങ്കുവച്ചു.
ഒരു കാലത്ത് കുട്ടികളെ ഉറക്കാനും, ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളിൽ മാനസികമായ ആശ്വാസം കണ്ടെത്താനും അടിയ സമൂഹം ഉപയോഗിച്ചിരുന്ന ഈ സംഗീതരീതി ഇന്ന് അപൂർവങ്ങളിൽ അപൂർവമായി മാറിക്കൊണ്ടിരിക്കുകയാണ്. പണ്ട് നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് ചില്ലുഗ്ലാസും സ്റ്റീൽ പ്ലേറ്റും മാലയുമൊക്കെ മണി ഓർഡറായും സമ്മാനമായും വാങ്ങിയിരുന്ന കാലത്തുനിന്നും, മത്സരങ്ങൾ ഒഴിഞ്ഞ ഇന്നത്തെ കാലത്തും മിനി തന്റെ ഉള്ളിലെ ചോലയുടെ നാദം കെടാതെ സൂക്ഷിച്ചു.

കിസ്റ്റോൺ ഫൗണ്ടേഷൻ്റെ ഇടപെടലും ആഗോള പുരസ്‌കാരവും
അന്യംനിന്നു പോകുമായിരുന്ന ഈ കലാരൂപത്തെയും സംഗീതോപകരണത്തെയും പുതിയ തലമുറയിലേക്ക് എത്തിക്കാൻ മിനി നടത്തിയ നിരന്തരമായ ഇടപെടലുകളെയാണ് ലോകം ഇന്ന് ആദരിക്കുന്നത്. ആദിവാസി സമൂഹങ്ങൾ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഐലെഡ് നെറ്റ്‌വർക്കിന് മുന്നിൽ മിനിയുടെ പേര് പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്‌തത് തദ്ദേശീയ മേഖലകളിൽ പ്രവർത്തിക്കുന്ന കിസ്റ്റോൺ ഫൗണ്ടേഷനാണ്. വെറുമൊരു സംഗീതോപകരണം സംരക്ഷിച്ചതിനപ്പുറം, ഒരു സമൂഹത്തിൻ്റെ സാംസ്‌കാരിക പൈതൃകത്തെ ജീവനോടെ നിലനിർത്താനുള്ള മിനിയുടെ നിശ്ചയദാർഢ്യത്തിനാണ് ഈ ലോകോത്തര ബഹുമതി.
പ്രതികരിച്ച് കീ സ്റ്റോൺ ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്‌ടര്‍
ഇക്കാലത്ത് നിന്നുപോകുന്ന ഒരു കലാരൂപമാണ് ചോലയെന്നും അതിനെ ചേര്‍ത്തുപിടിച്ച് പുതുതലമുറയിലേക്ക് കൈമാറുകയാണ് മിനിയമ്മയെന്നും കീ സ്റ്റോൺ ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്‌ടര്‍ കെ ജി രാമചന്ദ്രൻ ഇടിവി ഭാരതിനോട് പ്രതികരിച്ചു.

"പ്രത്യേകിച്ച്, സമൂഹത്തിലെ എല്ലാ മ്യൂസിക്കല്‍ കലാരൂപങ്ങളും പുരുഷന്മാരില്‍ നിന്നും പുരുഷന്മാരിലേക്ക് ആചാരപരമായി കൈമാറ്റം ചെയ്യുന്നവയാണ്. എന്നാല്‍ മിനിയുടെ ചോല പാട്ടിനെ ഞാൻ മനസിലാക്കുന്നത്, സ്‌ത്രീകളില്‍ നിന്ന് സ്‌ത്രീകളിലേക്ക് കൈമാറ്റം ചെയ്യുന്നു എന്നാണ്. അമ്മൂമ്മമാരില്‍ നിന്നും അമ്മമാരില്‍ നിന്നും കൈമാറ്റം ചെയ്‌ത് എത്തിയതാണ് ഈ ചോല പാട്ട്. കുഞ്ഞുങ്ങളെ താരാട്ടുപാട്ടിലൂടെ ഉറക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു മ്യൂസിക്കല്‍ ഇൻസ്ട്രുമെൻ്റാണ് ചോല. അത് അവരുടെ കുടിലില്‍ നിന്ന് പരസ്‌പരം കൈമാറ്റം ചെയ്യപ്പെടുകയും ഉരുതിരിഞ്ഞ് വരികയും ചെയ്‌തു. ഇന്ന് അപൂര്‍വ്വമായിട്ടാണ് ഈ സമുദായം ഈ കലാരൂപം ഉപയോഗിക്കുന്നത്. അതില്‍ തന്നെ അപൂര്‍വ്വമായിട്ടാണ് നമ്മുടെ മിനി കരിമം ഈ കലാരൂപത്തെ കൊണ്ടുനടക്കുന്നത്. ഈ ഇൻസ്‌ട്രുമെൻ്റ് സ്വയം നിര്‍മിച്ച്, അടുത്ത തലമുറക്ക് പഠിക്കാനുള്ള മാതൃകാപരമായ പ്രവര്‍ത്തിയാണ് ഇവര്‍ ചെയ്യുന്നത്" ജി രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
സെലക്ഷൻ കമ്മിറ്റിയുടെ വിലയിരുത്തലുകൾ ഇങ്ങനെ..
"അവർ മുള കൊണ്ടുള്ള ഉപകരണം വായിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്, അത് അവർ ചെറിയ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുകയാണ്. ഭരണകൂടത്തിൽ നിന്നോ സിവിൽ സൊസൈറ്റി ഇടങ്ങളിൽ നിന്നോ യാതൊരുവിധ പിന്തുണയും ഇല്ലാതെ ചെയ്യുന്ന ഈ പ്രവർത്തനത്തിന്, ഈ അവാർഡ് തീർച്ചയായും ആ പാരമ്പര്യം തുടരാൻ അവർക്ക് വലിയ പ്രോത്സാഹനമാകും. കൂടുതൽ കുട്ടികൾക്ക് ഇത് പഠിക്കാൻ പ്രചോദനമാകുകയും അധികം അറിയപ്പെടാത്ത ഈ കലാരൂപത്തെ ജനശ്രദ്ധയിൽ കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യും," സെലക്ഷൻ കമ്മിറ്റി നിരീക്ഷിച്ചു.
തൻ്റെ വിഭാഗത്തിലെ അവസാനത്തെ കണ്ണി എന്ന നിലയിൽ, വളരെ പ്രധാനപ്പെട്ട ഒരു വിജ്ഞാന വാഹകയായി അവർ മുന്നോട്ട് വരുന്നു. ഈ അവാർഡിന് അവർ തികച്ചും അർഹയാണ്. ഈ പുരസ്‌കാരത്തിലൂടെ ഈ പാരമ്പര്യം അടുത്ത തലമുറയിലേക്ക് പകരാൻ കഴിഞ്ഞാൽ, അല്ലെങ്കിൽ മറ്റുള്ളവർക്ക് ചോലപ്പാട്ടിൽ താല്പര്യം ഉണ്ടാക്കാൻ കഴിഞ്ഞാൽ അത് വലിയൊരു കാര്യമായിരിക്കുമെന്നും സെലക്ഷൻ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
മിനിയെക്കുറിച്ച്...
നിലവിൽ, വയനാട് ജില്ലയിൽ കമ്മ്യൂണിറ്റി ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയ "ചോലപ്പാട്ട്" എന്ന അപൂർവ പരമ്പരാഗത സംഗീത രൂപം പാടുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരേയൊരു കലാകാരി മിനിയാണ്.
മുളകൊണ്ട് നിർമ്മിച്ച ലളിതമായ ഒരു സംഗീതോപകരണം ഉപയോഗിച്ചാണ് ചോലപ്പാട്ട് അവതരിപ്പിക്കുന്നത്. ചരിത്രപരമായി കുട്ടികളുടെ പരിചരണത്തിലും കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മുൻ തലമുറകളിൽ, കുട്ടികളെ ശാന്തരാക്കാനും ഉറക്കാനും ഈ പാട്ട് ഉപയോഗിച്ചിരുന്നു. കുട്ടികൾക്ക് അസുഖം വരുമ്പോൾ അവരെ ശാന്തരാക്കാനും മരുന്ന് നൽകാനും ഇത് പാടിയിരുന്നു. ഈ രീതിയിൽ, ചോലപ്പാട്ട് കമ്മ്യൂണിറ്റിക്കുള്ളിൽ വൈകാരിക പിന്തുണ, രോഗശാന്തി നൽകുന്ന പ്രക്രിയ, ആദ്യകാല ശിശുവിദ്യാഭ്യാസം എന്നിവയായി പ്രവർത്തിച്ചു.

തൻ്റെ കമ്മ്യൂണിറ്റിയിലെ മുതിർന്നവരിൽ നിന്ന് നിരീക്ഷണം, പങ്കാളിത്തം, ജീവിതാനുഭവങ്ങൾ എന്നിവയിലൂടെ വാമൊഴിയായാണ് മിനി ഈ അറിവ് പാരമ്പര്യമായി ഉൾക്കൊണ്ടത്. ഔപചാരിക വിദ്യാഭ്യാസ ഘടനകളുടെ അഭാവത്തിൽ, പാട്ടിലൂടെയും പരിചരണത്തിലൂടെയും ദൈനംദിന പരിശീലനത്തിലൂടെയും അറിവ് പകർന്നുനൽകിക്കൊണ്ട് അവർ പാരമ്പര്യത്തിൻ്റെ അധ്യാപികയായി മാറി. അവരുടെ പങ്ക് കേവലം അവതരണത്തിൽ മാത്രമായി പരിമിതപ്പെട്ടിരുന്നില്ല, പകരം അവർ പഠിപ്പിക്കുന്നതിൻ്റെയും വളർത്തുന്നതിന്റെയും സാംസ്കാരിക സ്മരണകൾ നിലനിർത്തുന്നതിൻ്റെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു.
ഇന്ന്, അതിവേഗത്തിലുള്ള സാമൂഹിക മാറ്റം തദ്ദേശീയമായ വിജ്ഞാന സംവിധാനങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുമ്പോൾ, മിനിയുടെ സംഭാവന കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഈ പ്രദേശത്തെ ചോലപ്പാട്ടിൻ്റെ ഒരേയൊരു വിജ്ഞാന പ്രസാരകയാണ് അവർ, എന്നെന്നേക്കുമായി അപ്രത്യക്ഷമാകാൻ സാധ്യതയുള്ള പാട്ടുകളും അർത്ഥങ്ങളും ആചാരങ്ങളും അവരുടെ ഓർമ്മയിൽ സൂക്ഷിക്കുന്നു. ഓരോ പ്രകടനവും അടിയ സമുദായത്തിൻ്റെ ചരിത്രം, അതിജീവനശേഷി, ലോകവീക്ഷണം എന്നിവ പ്രതിഫലിപ്പിക്കുന്നു.
ഈ പാരമ്പര്യം സംരക്ഷിക്കുകയും തുടരുകയും ചെയ്യുന്നതിലൂടെ, മിനി തദ്ദേശീയ സ്ത്രീകളുടെ അംഗീകരിക്കപ്പെടാത്ത വിദ്യാഭ്യാസപരമായ കഠിനാധ്വാനത്തെയാണ് പ്രതിനിധീകരിക്കുന്നത്, അവരുടെ അറിവ് തലമുറകളായി കുടുംബങ്ങളെയും കമ്മ്യൂണിറ്റികളെയും സാംസ്കാരിക സ്വത്വത്തെയും നിലനിർത്തുന്നു. ഈ അവാർഡിനായി മിനിയെ നാമനിർദ്ദേശം ചെയ്യുന്നത് അവരുടെ വ്യക്തിപരമായ സമർപ്പണത്തിനുള്ള അംഗീകാരം മാത്രമല്ല, തദ്ദേശീയരായ സ്ത്രീകളെ ജീവിക്കുന്ന വിജ്ഞാന സംവിധാനങ്ങളുടെ അധ്യാപകരും സംരക്ഷകരുമായി അംഗീകരിക്കൽ കൂടിയാണ്.

കാടിൻ്റെ വന്യതയും ഗോത്രതാളവും; എന്താണ് അടിയ സമുദായത്തിൻ്റെ 'ചോല'?
വയനാടിൻ്റെ ഹരിതാഭമായ കാടുകളിൽ നൂറ്റാണ്ടുകളായി ജീവിക്കുന്ന, സവിശേഷമായ സാംസ്‌കാരിക പാരമ്പര്യമുള്ള ആദിവാസി വിഭാഗമാണ് അടിയ സമുദായം. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഇവരുടെ ആചാരങ്ങൾക്കും ഉത്സവങ്ങൾക്കും എപ്പോഴും സംഗീതത്തിൻ്റെയും നൃത്തത്തിൻ്റെയും അകമ്പടിയുണ്ടാകും.
അത്തരത്തിൽ, അടിയ ജനതയുടെ ആത്മാവോടും അനുഷ്ഠാനങ്ങളോടും ചേർന്നുനിൽക്കുന്ന അതിപുരാതനവും തനതുമായ ഒരു പാരമ്പര്യ സംഗീതോപകരണമാണ് 'ചോല'. കാലത്തിൻ്റെ കുത്തൊഴുക്കിൽ വംശനാശത്തിൻ്റെ വക്കിലെത്തിയ ഈ സംഗീതോപകരണത്തെ വയനാട് തിരുനെല്ലി സ്വദേശിനിയായ മിനി കരിമം നെഞ്ചോട് ചേർത്തുപിടിക്കുകയും ആഗോളതലത്തിൽ ശ്രദ്ധേയമാക്കുകയും ചെയ്‌തതോടെയാണ് 'ചോല' ഇന്ന് വീണ്ടും സാംസ്കാരിക ലോകത്ത് ചർച്ചയാകുന്നത്.
എന്താണ് ചോല?
അടിയ സമുദായത്തിൻ്റെ ഗോത്ര അനുഷ്‌ഠാനങ്ങളിൽ, പ്രത്യേകിച്ച് രോഗശാന്തിക്കും ഐശ്വര്യത്തിനുമായി നടത്തുന്ന പ്രശസ്‌തമായ 'ഗദ്ദിക' എന്ന ആചാര നൃത്തത്തിന് താളമേകാൻ ഉപയോഗിക്കുന്ന സുപ്രധാന സംഗീതോപകരണങ്ങളിലൊന്നാണിത്. കാട്ടിൽ നിന്നും സ്വാഭാവികമായി ലഭിക്കുന്ന വനവിഭവങ്ങൾ മാത്രം ഉപയോഗിച്ചാണ് ഈ ഉപകരണം നിർമിക്കുന്നത്. കുഞ്ഞുങ്ങളെ ഉറക്കാൻ താരാട്ടുപാട്ടിനായും ഇത് ഉപയോഗിക്കുന്നു. തുകലും പ്രകൃതിദത്തമായ തടിയും ചേർന്ന ഇതിൻ്റെ ഘടന കാടിൻ്റെ വന്യമായ സംഗീതത്തെ ഓർമ്മിപ്പിക്കുന്നതാണ്.

ചോലയുടെ നിര്‍മാണം എങ്ങനെ?
'ചോല' പൂർണമായും പ്രകൃതിദത്തമായ വനവിഭവങ്ങൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്. കാടിൻ്റെ വന്യതയും തനത് ഗോത്രതാളവും സമന്വയിക്കുന്ന ഇതിന്റെ നിർമ്മാണ രീതി വളരെ ലളിതവും എന്നാൽ ശ്രദ്ധയോടെ ചെയ്യേണ്ടതുമായ ഒന്നാണ്. മരം തിരഞ്ഞെടുക്കലും ഉള്ളുരുട്ടലും
ചോലയുടെ പ്രധാന ശരീരഭാഗം (കൂട്) നിർമ്മിക്കാൻ കാട്ടിൽ നിന്ന് ലഭിക്കുന്ന നല്ല ഗുണനിലവാരമുള്ള പ്രകൃതിദത്തമായ തടിയാണ് ഉപയോഗിക്കുന്നത്. സാധാരണയായി ഭാരം കുറഞ്ഞതും ഈടുനിൽക്കുന്നതുമായ മരങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുക. മരത്തടി ഒരു ചെറിയ മുരശിന്റെയോ അല്ലെങ്കിൽ ഉടുക്കിൻ്റെയോ മാതൃകയിൽ (ചിലതിന് സിലിണ്ടർ ആകൃതി ആയിരിക്കും) വെട്ടിയെടുക്കുന്നു. തുടർന്ന് ഇതിൻ്റെ ഉൾഭാഗം തുരന്ന് കളഞ്ഞ് പൊള്ളയാക്കുന്നു. വശങ്ങൾ നന്നായി ചെത്തിമിനുക്കിയാണ് ചോലയുടെ ഘടന ഉണ്ടാക്കുന്നത്.
തുകൽ പാകപ്പെടുത്തൽ
വാദ്യത്തിന്റെ ഇരുവശങ്ങളിലും (അല്ലെങ്കിൽ ശബ്ദം പുറപ്പെടുവിക്കേണ്ട ഭാഗത്ത്) വലിച്ച് കെട്ടാൻ മൃഗങ്ങളുടെ തുകലാണ് ഉപയോഗിക്കുന്നത്. അസംസ്‌കൃതമായ തുകൽ ആദ്യം വെള്ളത്തിൽ കുതിർത്ത് വെച്ച് വൃത്തിയാക്കുന്നു. അതിനുശേഷം ഉണക്കി പാകപ്പെടുത്തിയാണ് മരക്കൂടിന് മുകളിൽ ഉറപ്പിക്കാൻ തയ്യാറാക്കുന്നത്.
വലിച്ച് കെട്ടലും താളം ക്രമീകരിക്കലും
തുകൽ മരക്കൂടിൻ്റെ വശങ്ങളിൽ ഉറപ്പിച്ച ശേഷം, കാട്ടിൽ നിന്ന് തന്നെ ലഭിക്കുന്ന പ്രകൃതിദത്തമായ വള്ളികളോ നാരുകളോ (ഇക്കാലത്ത് ചിലർ ചരടുകളും ഉപയോഗിക്കുന്നു) ഉപയോഗിച്ച് ഇരുവശങ്ങളിലേക്കും നന്നായി വലിച്ച് മുറുക്കി കെട്ടുന്നു. ഈ വള്ളികൾ എത്രത്തോളം മുറുകിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ചോലയുടെ ശബ്ദത്തിന്റെ ഗാംഭീര്യം നിലനിൽക്കുന്നത് ഇതിന് കൃത്രിമമായ നിറങ്ങളോ രാസവസ്തുക്കളോ ഒന്നും തന്നെ ഉപയോഗിക്കാറില്ല. പൂർണമായും കൈവേലയിലൂടെ നിർമ്മിക്കുന്ന ചോലയ്ക്ക് കനം കുറഞ്ഞതും മനോഹരവുമായ നാടൻ ശബ്ദമാണുള്ളത്. കുട്ടികളെ ഉറക്കാനുള്ള താരാട്ടുപാട്ടുകൾക്ക് പശ്ചാത്തലമൊരുക്കാൻ ഈ മൃദുവായ താളം ഏറെ സഹായിക്കുന്നു

'ചോല'യുടെ പ്രധാന പ്രത്യേകതകൾ
പ്രകൃതിദത്തമായ നിർമ്മാണം: യാതൊരുവിധ ആധുനിക യന്ത്രസാമഗ്രികളും ഇല്ലാതെ പൂർണമായും കൈകൊണ്ട് നിർമ്മിക്കുന്നതാണ് ചോല. കാട്ടിലെ പ്രത്യേക തരം മരങ്ങളുടെ തടിയും മൃഗങ്ങളുടെ തുകലും ഉപയോഗിച്ചാണ് ഇതിൻ്റെ നാദതടം ഒരുക്കുന്നത്.
അനുഷ്ഠാന ബന്ധം: വെറുമൊരു വിനോദോപാധിയായല്ല അടിയ ജനത ചോലയെ കാണുന്നത്. പകരം ദൈവങ്ങളെ പ്രീതിപ്പെടുത്താനും, മാറാരോഗങ്ങൾ മാറ്റാനും, ഗോത്രത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സുരക്ഷയേകാനും നടത്തുന്ന 'പൂജാ ഗദ്ദിക' പോലുള്ള അതീവ പവിത്രമായ ചടങ്ങുകളിലാണ് ചോല നാദം മുഴങ്ങുന്നത്.
സവിശേഷമായ ശബ്ദഗാംഭീര്യം: കാടിൻ്റെ നിശബ്ദതയെ ഭേദിക്കുന്ന കനത്തതും എന്നാൽ ഈടുറ്റതുമായ നാദമാണ് ചോലയുടേത്. ഗദ്ദിക പാട്ടുകളുടെ വരികൾക്കൊപ്പം ഈ ഉപകരണം മീട്ടുമ്പോൾ കേൾവിക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അനുഭൂതിയാണുണ്ടാകുക.
തലമുറകളുടെ കൈമാറ്റം: എഴുതപ്പെട്ട ലിപികളോ കുറിപ്പുകളോ ഇല്ലാത്ത അടിയ സമുദായത്തിൽ, ചോല വായിക്കാനുള്ള അറിവ് വായ്മൊഴിയായും കേട്ടറിവായും മാത്രമാണ് മുതിർന്നവരിൽ നിന്ന് പുതുതലമുറയിലേക്ക് പകരുന്നത്.
പല കാരണങ്ങളാൽ ഈ തനത് വാദ്യം വായിക്കാൻ അറിയാവുന്നവരും ഇത് നിർമ്മിക്കുന്നവരും അടിയ സമുദായത്തിൽ കുറഞ്ഞുവന്നു. ഈ സാഹചര്യത്തിലാണ് തിരുനെല്ലിയിലെ മിനി കരിമം ഈ പാരമ്പര്യത്തെ വീണ്ടെടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. ചോലയെ സംരക്ഷിക്കുകയും, പുതിയ തലമുറയിലെ കുട്ടികൾക്ക് ഇത് വായിക്കാൻ സൗജന്യമായി പരിശീലനം നൽകുകയും ചെയ്ത മിനിയുടെ പ്രവർത്തനം വലിയൊരു സാംസ്കാരിക വിപ്ലവമായിരുന്നു. അതുവരെ കാടിൻ്റെ അതിരുകൾക്കുള്ളിൽ ഒതുങ്ങിനിന്ന ഈ 'ചോല' നാദത്തെയും അതിൻ്റെ പിന്നിലെ സംസ്കാരത്തെയും ആഗോള സംഘടനയായ ഐലെഡ് നെറ്റ്‌വർക്ക് തിരിച്ചറിയുകയും, മിനിക്ക് അന്താരാഷ്ട്ര പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു. ഇന്ന് വയനാടിൻ്റെ ഈ തനത് ചോല നാദം ലോകത്തിൻ്റെ നെറുകയിൽ അഭിമാനത്തോടെ മുഴങ്ങുകയാണ്.

തൃശ്ശിലേരിയിൽ ആദരവിൻ്റെ വേദി
തിരുനെല്ലിയിൽ നിന്ന് ലോകവേദിയിലേക്കുള്ള മിനിയുടെ ഈ യാത്ര ആദിവാസി കലാസാംസ്‌കാരിക മേഖലയ്ക്ക് വലിയൊരു ഊർജ്ജമാണ് പകരുന്നത്. കിസ്റ്റോൺ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലും തദ്ദേശീയ പഞ്ചായത്തിൻ്റെ സഹകരണത്തോടെയും ഈ മാസം മെയ് 25-ന് തൃശ്ശിലേരിയിലെ മുള്ളൻകൊല്ലിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് ഈ പുരസ്‌കാരദാന ചടങ്ങ് നടക്കും. പാരമ്പര്യത്തിൻ്റെ തനത് ശബ്‌ദം പുതിയ തലമുറയുടെ കാതുകളിലേക്ക് എത്തിച്ച മിനി കരിമം ഇനി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധാകേന്ദ്രമാണ്. വേരുകൾ മറക്കാത്ത മനുഷ്യർക്ക് കാലം കരുതിവെക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് ഈ അംഗീകാരം. തനത് സംസ്‌കാരത്തിൻ്റെ ഈ കാവലാളിക്ക് വരുംതലമുറയുടെ പ്രണാമം.
Also Read: പേനും ഈരും പമ്പ കടക്കും, ഇന്നും താരം ഈരെലി തന്നെ; കണ്ണൂരിലെ കൗതുകമായി കണ്ണൻ്റെ ചീപ്പ് നിര്‍മാണം

