ETV Bharat / state

പ്രതിപക്ഷ ഉപനേതൃപദവി: ആടിയുലഞ്ഞ് ഇടതുമുന്നണി; സംസ്ഥാന എക്‌സിക്യൂട്ടീവിന് ശേഷം കടുത്ത തീരുമാനമെടുക്കാൻ സിപിഐ

മുന്നണി മര്യാദ ലംഘിച്ചു കൊണ്ടുള്ള പിണറായി വിജയൻ്റെ പരാമർശങ്ങൾ ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സിപിഐ നേതൃത്വം

DEPUTY LEADER POST
പ്രതീകാത്മക ചിത്രം (Facebook.com)
author img

By ETV Bharat Kerala Team

Published : July 6, 2026 at 2:24 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃത്വ പദവിയിൽ പാർട്ടിയെ പരസ്യമായി അവഹേളിച്ച പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും സിപിഐ തുറന്ന പോരിനൊരുങ്ങുമ്പോൾ ഇടതുമുന്നണി ആടിയുലയുന്നു. 13ന് സംസ്ഥാന എക്‌സിക്യൂട്ടീവ് ചേർന്നശേഷം എൽഡിഎഫിൽ ഉപനേതൃത്വ പദവി ഔദ്യോഗികമായി ആവശ്യപ്പെടാനാണ് സിപിഐ തീരുമാനം.

മുന്നണി മര്യാദ ലംഘിച്ചു കൊണ്ടുള്ള പിണറായി വിജയൻ്റെ പരാമർശങ്ങൾ ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. ചർച്ച ചെയ്യാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ അനുനയനീക്കം മുഖവിലക്കെടുക്കാതെ പ്രതിഷേധ നിലപാട് തുടരാനാണ് തീരുമാനം. സിപിഎം- സിപിഐ പോരിനെത്തുടർന്ന് പ്രതിപക്ഷത്തിൻ്റെ പ്രവർത്തനവും അനിശ്ചിതാവസ്ഥയിൽ. യുഡിഎഫ് അധികാരമേറ്റ് ഒന്നരമാസം കഴിഞ്ഞിട്ടും ഇടതുമുന്നണിയോഗം കൂടിയിട്ടില്ല.

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായുള്ള സിപിഐ ആവശ്യം പരിഗണിക്കപ്പെടാതെ തുടരുന്നതിനിടെയാണ് 'അതൊക്കെ പറഞ്ഞുകൊണ്ടിരിക്കും, അതെല്ലാം കഴിഞ്ഞ കാര്യമാണ്' എന്ന പിണറായിയുടെ പരാമർശമുണ്ടായത്. മുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐക്കെതിരെയുള്ള പരസ്യ അവഹേളനമായാണ് ഇതിനെ നേതൃത്വം വിലയിരുത്തിയത്. അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്ന സിപിഎമ്മിൻ്റെ അഭിപ്രായത്തെയും സിപിഐ തള്ളുകയായിരുന്നു.

സംസ്ഥാന സെക്രട്ടറി സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ അസിസ്റ്റൻ്റ് സെക്രട്ടറി പി പി സുനീറിനെ പാർട്ടി തീരുമാനിച്ചുറപ്പിച്ചാണ് മറുപടിക്ക് നിയോഗിച്ചത്. ഉപനേതൃസ്ഥാനം അനുവദിക്കാത്തതിന് കീഴ്വഴക്കം ചൂണ്ടിക്കാട്ടിയുള്ള സിപിഎമ്മിൻ്റെ പ്രതിരോധത്തെ, കീഴ്വഴക്കങ്ങൾ മാറാനുള്ളതാണെന്നും ഭരണഘടന പോലും ഭേദഗതി ചെയ്യാവുന്ന രാജ്യത്ത് കീഴ്വഴക്കങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളതെന്നുമാണ് സിപിഐ തിരിച്ചടിച്ചത്.

ഈ മാസം 13, 14 തീയതികളിൽ ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ ഉപനേതൃപദവി വിഷയം ഗൗരവമായി ചർച്ചയ്‌ക്കെടുക്കും. പാർട്ടിയുടെ ആവശ്യത്തിൽ സിപിഎം തുടക്കം മുതൽ സ്വീകരിച്ച നിഷേധാത്മക നിലപാട് അവഹേളനമായി മാറിയെന്ന വിലയിരുത്തലിലാണ് സിപിഐ. മുൻപ്, പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ സിപിഐയുടെ എതിർപ്പ് സിപിഎം വകവയ്ക്കാതിരുന്നതിൻ്റെ അതൃപ്തി ഇപ്പോഴും സിപിഐയിൽ പുകയുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു ശേഷവും സിപിഎമ്മിൻ്റെ വല്ല്യേട്ടൻ മനോഭാവം തുടരുന്നതിൽ മാറ്റം വരുത്തണമെന്ന ശക്തമായ അഭിപ്രായം ഇടതുമുന്നണിയിൽ സിപിഐ ഉന്നയിക്കും.

'ഉപനേതൃസ്ഥാനമെല്ലാം കഴിഞ്ഞ കാര്യമാണെന്നും അതിനെപ്പറ്റി ആലോചിച്ചു ബുദ്ധിമുട്ടേണ്ടെ'ന്നുമുള്ള പിണറായി വിജയൻ്റെ പരാമർശമാണ് സിപിഐ നേതാക്കളെ ചൊടിപ്പിച്ചത്. പരാമർശങ്ങൾ കടന്നുപോയെന്ന തിരിച്ചറിവിൽ ചർച്ച ചെയ്ത് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ കഴിഞ്ഞ ദിവസത്തെ അനുനയനീക്കം മുഖവിലക്കെടുക്കാതെ പ്രതിഷേധസ്വരം കടുപ്പിക്കാനാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. ഉപനേതൃപദവിയിലെ തർക്കങ്ങൾ അനിശ്ചിതത്വത്തിലായതോടെ മുന്നണി സംവിധാനം സ്തംഭനാവസ്ഥയിലാണ്. മദ്യനയവും വിഴിഞ്ഞവുമടക്കം സർക്കാരിനെതിരായ വിഷയങ്ങളിൽ ഇടതുമുന്നണി കാര്യമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിട്ടില്ല. മാത്രമല്ല, നിയമസഭ സമ്മേളന കാലത്ത് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗം പോലും വിളിക്കാനുമായിട്ടില്ല.

Also Read: പത്തനംതിട്ടയിലെ പീഡന പരാതി: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കസ്റ്റഡിയിലെടുത്ത യുവാവ്; ക്രൂരമായി മര്‍ദ്ദിച്ചു ;ഹൃദ്രോഗി ആണെന്ന് പറഞ്ഞിട്ടും ഗൗനിച്ചില്ല