ETV Bharat / state

ശബരിമല അടിമുടി മാറും; പണം തട്ടാനുള്ള മോടി പിടിപ്പിക്കല്‍ നിര്‍ത്തും, നഷ്ടപ്പെട്ട അയ്യപ്പചൈതന്യം വീണ്ടെടുക്കുമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോർഡിന്‍റെ കാര്യങ്ങളിൽ സർക്കാർ ഇടപെടാറില്ല. ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്നതിനാൽ സഹായം തേടാറുണ്ട്. അത് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നതനുസരിച്ചാണ് നടക്കുന്നത്.

SABARIMALA  K JAYAKUMAR  SANNIDHANAM  TRAVANCORE DEVASWOM BOARD
കെ ജയകുമാര്‍ അഭിമുഖം (ETV Bharat)
author img

By ETV Bharat Kerala Team

Published : February 25, 2026 at 12:52 PM IST

|

Updated : February 25, 2026 at 12:59 PM IST

2 Min Read
Choose ETV Bharat

കെ ശശീന്ദ്രന്‍

കോഴിക്കോട്: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് നടത്തിയ ഓഡിറ്റ് പൂർണമല്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ പുനഃപരിശോധന നടക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ ഇ ടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. അയ്യപ്പ സംഗമം നടത്തിയത് താനല്ലെങ്കിലും, നിലവിലെ രക്ഷാധികാരി എന്ന നിലയിൽ അതിന് മറുപടി നൽകാൻ ദേവസ്വം ബോർഡിന് ബാധ്യതയുണ്ട്. റിപ്പോർട്ടിൽ എന്തെങ്കിലും പോരായ്മകൾ വന്നിട്ടുണ്ടെങ്കിൽ അതിനെ വെള്ളപൂശാൻ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പലതരത്തിലുള്ള കണക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അവയെല്ലാം കൃത്യമായ ഒരു കണക്കിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സർക്കാർ എന്ത് മറുപടി നൽകും എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. മാർച്ച് 14-നാണ് കേസ് പരിഗണിക്കുന്നത്. മാർച്ച് ആറോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. കോടതിയെ അറിയിക്കേണ്ട ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും എന്നാൽ ഇപ്പോൾ അത് വെളിപ്പെടുത്താനാവില്ലെന്നും ജയകുമാർ പറഞ്ഞു.

കെ ജയകുമാര്‍ അഭിമുഖം (ETV Bharat)

ദേവസ്വം ബോർഡ് ഒരു സ്വയംഭരണ സ്ഥാപനമാണ്. സ്വതന്ത്രമായി തീരുമാനമെടുക്കുന്നതിൽ ബോർഡിന് തടസ്സങ്ങളൊന്നുമില്ല. സർക്കാർ നൽകുന്നത് ചെറിയൊരു ഗ്രാൻഡ് മാത്രമാണ്. ദേവസ്വം ബോർഡിന്‍റെ കാര്യങ്ങളിൽ സർക്കാർ ഇടപെടാറില്ല. ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്നതിനാൽ സഹായം തേടാറുണ്ട്. അത് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നതനുസരിച്ചാണ് നടക്കുന്നത്. അല്ലാതെ ഇത്തരത്തിൽ കാര്യങ്ങൾ ചെയ്യണമെന്ന് സർക്കാർ ഒരിക്കലും നിർദ്ദേശിക്കാറില്ല. ദേവസ്വം നിയമത്തിൽ അത്തരമൊരു വ്യവസ്ഥയുമില്ല. പ്രായോഗികമായി പലതും തോന്നാമെങ്കിലും ഇതാണ് നിയമവശം.

തിരുവിതാംകൂർ മഹാരാജാവിന്‍റെ കൈവശമുണ്ടായിരുന്ന ആയിരത്തോളം ക്ഷേത്രങ്ങൾ രാഷ്ട്രീയ ഇടപെടലുകളില്ലാതെ നടത്തിക്കൊണ്ടുപോകാൻ വിശ്വാസികൾ അടങ്ങുന്ന ഒരു സ്വതന്ത്ര സ്ഥാപനം ഉണ്ടാകണമെന്ന ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് നിലവിൽ വന്നത്. മന്നത്ത് പത്മനാഭൻ, ആർ. ശങ്കർ തുടങ്ങിയ പ്രഗത്ഭരുടെ നേതൃത്വത്തിലാണ് ക്ഷേത്രവിശ്വാസികൾ നയിക്കേണ്ട ഈ ബോർഡ് രൂപീകൃതമായത്. ഹിന്ദു മതവിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാനുള്ള ബോർഡിന്‍റെ ദൈനംദിന ആചാരപരമായ പ്രവർത്തനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്വാധീനം ചെലുത്തരുത് എന്ന നിർബന്ധം അതിലുണ്ട്.

"എമ്പ്രാൻ അപ്പം കട്ടുമുടിച്ചാൽ അമ്പലവാസികൾ മൊത്തം കട്ടുമുടിക്കും" എന്ന കുഞ്ചൻ നമ്പ്യാരുടെ വചനം പലയിടത്തും പ്രസക്തമാണ്. എന്നാൽ സുതാര്യമായി കാര്യങ്ങൾ നടത്തുന്ന ക്ഷേത്രങ്ങളുമുണ്ട്. അമ്പലപ്പുഴ ക്ഷേത്രം ഇതിനൊരു ഉദാഹരണമാണ്. ഉത്സവം കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ അവിടെ കണക്കുകൾ ലഭ്യമാകും. എന്നാൽ പല ക്ഷേത്രങ്ങളിലും വർഷം കഴിഞ്ഞാലും കണക്കുകൾ അവതരിപ്പിക്കാറില്ല. ഇത് പലതരത്തിലുള്ള ക്രമക്കേടുകൾക്കും വഴിമാറുന്നു. ഇത്തരത്തിലുള്ള പഴുതുകൾ അടച്ച് ഓഡിറ്റിങ് കൃത്യമാക്കാനാണ് താൻ ലക്ഷ്യമിടുന്നത്. അഡ്വാൻസ് തുക നിലനിൽക്കെ കൂടുതൽ പണം അനുവദിക്കില്ലെന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ നടപ്പിലാക്കും.

ശബരിമല അടിമുടി മാറും. ഇതൊരു പുനർജനിയാണ്. നഷ്ടപ്പെട്ട അയ്യപ്പചൈതന്യം വീണ്ടെടുക്കും. അത് ഭക്തർക്ക് ബോധ്യപ്പെടും. ക്ഷേത്രപരിസരം മലീമസമാക്കുന്ന ഘടകങ്ങൾ ഒഴിവാക്കും. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന മഹാക്ഷേത്രത്തെ കൃത്യമായ അനുമതിയില്ലാതെ മോടിപിടിപ്പിക്കുന്നത് പണം ഉണ്ടാക്കാൻ വേണ്ടിയാണ്. ഇതിലൂടെ ക്ഷേത്രത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഓരോ ഭക്തന്‍റെയും ആവശ്യങ്ങൾ കണ്ടറിയണം. ശബരിമലയിൽ വിരിവെക്കാനുള്ള സൗകര്യം കുറഞ്ഞത് 20,000 പേർക്കെങ്കിലും ലഭ്യമാക്കും. പണം തട്ടിയെടുക്കാനായി ഓരോ വഴിയിലും പുതിയ ആചാരങ്ങൾ സൃഷ്ടിക്കുന്നത് നിർത്തലാക്കുമെന്നും ജയകുമാർ പറഞ്ഞു.

Also Read: 'അയ്യപ്പൻ പൊന്നുതരുന്ന താറാവല്ല'; ശബരിമലയെ തകര്‍ക്കുന്നത് അഴിമതി, ഭഗവാന് സ്പോൺസർമാരുടെ ആവശ്യമില്ല, വെളിപ്പെടുത്തലുമായി കെ. ജയകുമാർ

Last Updated : February 25, 2026 at 12:59 PM IST