ETV Bharat / state

ഇടുക്കി കൊളുക്കുമലയിൽ സുഹൃത്തുക്കൾ നോക്കിനിൽക്കെ 700 അടി താഴ്‌ചയിലേക്ക് ചാടി യുവാവ് ജീവനൊടുക്കി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

യുവാവിൻ്റേത് ആത്മഹത്യാശ്രമമാണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പ്രണയനൈരാശ്യത്തെ തുടർന്നാണ് ദ്രാവിനേഷ് ചാടിയതെന്ന സംശയത്തിലാണ് പൊലീസ്.

KOLUKKUMALAI  CRIME NEWS  LATEST NEWS  KOLUKKUMALAI FATAL INCIDENT
എൻ. ദ്രാവിനേഷ് (File Photo, ETV Bharat)
author img

By ETV Bharat Kerala Team

Published : June 2, 2026 at 8:34 AM IST

2 Min Read
Choose ETV Bharat

ഇടുക്കി: പ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രമായ ചിന്നക്കനാൽ കൊളുക്കുമലയിൽ നിന്നും അഗാധമായ കൊക്കയിലേക്ക് ചാടി ചെന്നൈ സ്വദേശിയായ ഇരുപത്തിയഞ്ചുകാരൻ ജീവനൊടുക്കി. ചെന്നൈ അഭിരാമപുരം (No.45/60) സ്വദേശി എൻ. ദ്രാവിനേഷ് ആണ് മരിച്ചത്. സുഹൃത്തുക്കൾ നോക്കിനിൽക്കെ യുവാവ് 700 അടിയോളം താഴ്‌ചയുള്ള കൊക്കയിലേക്ക് അപ്രതീക്ഷിതമായി ചാടുകയായിരുന്നു. ഇയാൾ താഴേക്ക് പതിക്കുന്നതിൻ്റെ ഞെട്ടിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. കടുത്ത പ്രണയനൈരാശ്യമാണ് യുവാവിനെ ഇത്തരമൊരു അതിക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.



ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും ഒരേപോലെ നടുക്കിയ സംഭവം ഉണ്ടാകുന്നത്. ചെന്നൈയിൽ നിന്നും മൂന്നാർ സന്ദർശനത്തിനായി എത്തിയ 15 അംഗ വിനോദസഞ്ചാര സംഘത്തിലെ അംഗമായിരുന്നു ദ്രാവിനേഷ്. കഴിഞ്ഞ ദിവസം മുതൽ തന്നെ ഇയാൾ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും പ്രണയനൈരാശ്യത്തെക്കുറിച്ച് സുഹൃത്തുക്കളോട് തുടർച്ചയായി സംസാരിച്ചിരുന്നതായും ഒപ്പമുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ കൊളുക്കുമലയിലെ സിംഹപാറ വ്യൂ പോയിൻ്റിൽ കാഴ്‌ചകൾ കാണുന്നതിനിടയിലാണ് സുഹൃത്തുക്കൾക്ക് തടയാൻ കഴിയുന്നതിലും വേഗത്തിൽ ദ്രാവിനേഷ് താഴ്‌ചയിലേക്ക് ചാടിയത്.

ഇടുക്കി കൊളുക്കുമലയിൽ സുഹൃത്തുക്കൾ നോക്കിനിൽക്കെ 700 അടി താഴ്‌ചയിലേക്ക് ചാടി യുവാവ് ജീവനൊടുക്കി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ (ETV Bharat)



യുവാവ് കൊക്കയിലേക്ക് ചാടിയെന്ന വിവരമറിഞ്ഞ് മൂന്നാർ ഫയർഫോഴ്‌സ് സംഘം ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ കുത്തനെയുള്ള ഇറക്കവും അതീവ അപകടഭീഷണിയുള്ള താഴ്‌ചയും രക്ഷാപ്രവർത്തനത്തെ ആദ്യഘട്ടത്തിൽ കടുത്ത പ്രതിസന്ധിയിലാക്കി. ഒടുവിൽ അഗ്നിശമനസേനാംഗങ്ങൾ സ്വന്തം ജീവൻ പണയം വെച്ച്, വടം കെട്ടി സാഹസികമായി 700 അടിയോളം താഴേക്ക് ഇറങ്ങിയാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് മൃതദേഹം വടത്തിൽ കെട്ടി മുകളിൽ എത്തിക്കാനായത്.

KOLUKKUMALAI  CRIME NEWS  LATEST NEWS  KOLUKKUMALAI FATAL INCIDENT
എൻ. ദ്രാവിനേഷ് (File Photo, ETV Bharat)
സംഭവസ്ഥലത്തെത്തിയ ശാന്തൻപാറ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെയുള്ള മേൽനടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കൂടുതൽ നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ചെന്നൈയിൽ നിന്നും എത്തുന്ന ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ശാന്തൻപാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊളുക്കുമല പോലുള്ള അപകടമേഖലകളിൽ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിതുറക്കുന്നതാണ് ഈ സംഭവം.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056

Also Read: അട്ടക്കുളങ്ങര സ്‌കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീണു; അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി