ETV Bharat / state

'പാര്‍ട്ടിയില്‍ വരുമ്പോള്‍ വയറിംഗ് തൊഴിലാളി'; കെ കെ രാഗേഷിൻ്റെ സ്വത്തുവിവരം അന്വേഷിക്കണമെന്ന് ടി കെ ഗോവിന്ദൻ

വ്യക്തിപരമായി തന്നെ വിമർശിക്കുന്നതിന് മുൻപ് രാഗേഷ് കണ്ണാടിയിൽ നോക്കണമായിരുന്നു. അദ്ദേഹം പറഞ്ഞതുപോലെ വ്യക്തി അധിക്ഷേപം തിരിച്ചു പറയുന്നില്ല. അദ്ദേഹത്തിൻ്റെ അധിക്ഷേപങ്ങൾ കാര്യമായി എടുക്കുന്നുമില്ല

T K Govindan MLA Slams K K Ragesh
ടി കെ ഗോവിന്ദൻ എംഎല്‍എ (Special Arrangement)
author img

By ETV Bharat Kerala Team

Published : September 2, 2026 at 7:07 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ജനിക്കും മുൻപ് പാർട്ടി നേതൃത്വത്തിൽ വന്നയാളാണ് താനെന്നും രാഗേഷിൻ്റെ സ്വത്തുക്കൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ടി കെ ഗോവിന്ദൻ എംഎൽഎ. കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രസംഗങ്ങൾ വിചിത്രമാണ്. തന്നെക്കുറിച്ചും കുഞ്ഞികൃഷ്ണനെക്കുറിച്ചുമാണ് രാഗേഷ് പ്രസംഗിച്ചു നടക്കുന്നത്. അദ്ദേഹമാണ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചത്. വ്യക്തിപരമായി തന്നെ വിമർശിക്കുന്നതിന് മുൻപ് രാഗേഷ് കണ്ണാടിയിൽ നോക്കണമായിരുന്നു. അദ്ദേഹം പറഞ്ഞതുപോലെ വ്യക്തി അധിക്ഷേപം തിരിച്ചു പറയുന്നില്ല. അദ്ദേഹത്തിൻ്റെ അധിക്ഷേപങ്ങൾ കാര്യമായി എടുക്കുന്നുമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഒരു വിരൽ തനിക്കെതിരെ ചൂണ്ടുമ്പോൾ മറ്റു വിരലുകളെല്ലാം അദ്ദേഹത്തിനു നേരെയാണിരിക്കുന്നത്. വയറിംഗ്, പ്ലംബിങ് തൊഴിലാളി ആയാണ് രാഗേഷ് പാർട്ടിയിൽ വന്നത്. രാഗേഷിൻ്റെ അന്നുള്ള സ്വത്തും ഇപ്പോഴുള്ള സ്വത്തും അന്വേഷിക്കണം. തൻ്റെ സ്വത്തും അന്വേഷിക്കാം. തന്നെക്കൊണ്ട് അധികം പറയിപ്പിക്കാൻ രാഗേഷ് ശ്രമിക്കരുത്. പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ ഉണ്ടായ കാര്യങ്ങളെല്ലാം തന്നെക്കൊണ്ട് പറയിപ്പിക്കരുത്. അതിന് പ്രേരിപ്പിക്കരുത്. രാഷ്ട്രീയം മലീമസമാക്കാൻ മാത്രമേ അതിനു കഴിയൂവെന്നും ഗോവിന്ദന്‍ പറഞ്ഞു.

പാർട്ടിക്കും പിണറായി വിജയനും പറ്റിയ തെറ്റാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം. തെറ്റു പറ്റിയാൽ അതു തുറന്നു പറയാൻ തയ്യാറാവണം. ഭയമില്ലാതെ തുറന്നുപറയാൻ അണികളോട് പറയുമ്പോൾ അതിന് നേതാക്കളും തയ്യാറാവണം. അതിനു പകരം തങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഭീഷണിയിൽ താൻ ഭയപ്പെടില്ല. അടിയന്തരാവസ്ഥയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ് താൻ. അപ്പോൾ രാഗേഷ് ജനിച്ചിട്ടുണ്ടാവില്ല. തന്നെ കുറ്റം പറഞ്ഞതു കൊണ്ട് പാർട്ടി കണ്ണൂരിൽ രക്ഷപ്പെടുമെന്ന് നേതാക്കൾ കരുതുന്നുണ്ടോ. തളിപ്പറമ്പിലും പയ്യന്നൂരിലും സംസ്ഥാന നേതാക്കളെല്ലാം വീടുവീടാന്തരം കയറിയിറങ്ങിയിട്ടും പാർട്ടി രക്ഷപെട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ട ഇടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പിബി അംഗമെന്ന നിലയിൽ പിണറായി വിജയന്‍ പ്രസംഗിച്ചത്.
തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളിയെന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണ്. എന്നാൽ, ഈ പോരായ്മ പിണറായി പ്രസംഗത്തിൽ പറഞ്ഞില്ല. ഇതേത് പാർട്ടി രീതിയാണെന്നും ടി കെ ഗോവിന്ദന്‍ ചോദിച്ചു. പാർട്ടി തെറ്റുതിരുത്താൻ പോകുന്നില്ലെന്നതിൻ്റെ ദൃഷ്ടാന്തമാണിതെന്നും ഗോവിന്ദന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read: മുഖ്യമന്ത്രി വി ഡി സതീശനെ വഴി തടഞ്ഞ കേസ്; ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം