റംസാൻ വിപണിയിൽ 'നിലാവു'മായി സപ്ലൈകോ; 1018 രൂപയുടെ കിറ്റ് വെറും 786 രൂപയ്ക്ക്
വിലക്കയറ്റത്തിന് തടയിട്ട് സപ്ലൈകോയുടെ 'റംസാൻ നിലാവ്'. 1018 രൂപയുടെ 15 ഇനങ്ങൾ അടങ്ങിയ കിറ്റ് വെറും 786 രൂപയ്ക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി ഇപ്പോൾ ലഭ്യമാണ്


Published : March 4, 2026 at 5:52 PM IST
എറണാകുളം: വിശുദ്ധ റംസാൻ മാസത്തിൽ സാധാരണക്കാരുടെ കുടുംബ ബജറ്റിന് കരുത്തേകാൻ സപ്ലൈകോയുടെ കൈത്താങ്ങ്. വിപണിയിലെ വിലക്കയറ്റം ഫലപ്രദമായി പ്രതിരോധിക്കുന്നതിനും സാധാരണക്കാർക്ക് മിതമായ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനുമായി 'റംസാൻ നിലാവ്' എന്ന പേരിൽ പ്രത്യേക കിറ്റുകൾ പുറത്തിറക്കിയിരിക്കുകയാണ് സപ്ലൈകോ. റംസാൻ വിപണി ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലൂടെ ജനങ്ങൾക്ക് വലിയ സാമ്പത്തിക ലാഭമാണ് ലഭിക്കുക. നാല്‍പത് ലക്ഷത്തോളം കുടുംബങ്ങളാണ് സപ്ലൈകോയെ പ്രതിമാസം ആശ്രയിക്കുന്നത്. സപ്ലൈകോയുടെ സബ്സിഡി ഇതര ഉല്പന്നങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള വേറിട്ട വിപണന തന്ത്രങ്ങളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.
ആകർഷകമായ വിലക്കുറവും ഗുണമേന്‍മയും
വിപണിയിൽ ഏകദേശം 1,018 രൂപയോളം വില വരുന്ന 15 ഇനങ്ങൾ ഉൾപ്പെട്ട കിറ്റാണ് സപ്ലൈകോ വെറും 786 രൂപയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. റംസാൻ മാസത്തിലെ പ്രത്യേക ഭക്ഷണരീതികൾക്ക് അത്യന്താപേക്ഷിതമായ ഉൽപ്പന്നങ്ങളാണ് ഈ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തിൽ സപ്ലൈകോയുടെ ഈ ഇടപെടൽ സാധാരണക്കാരായ വീട്ടമ്മമാർക്കും കുടുംബങ്ങൾക്കും വലിയൊരു കൈത്താങ്ങായി മാറും.
കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിഭവങ്ങൾ
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ മികച്ച ഉൽപ്പന്നങ്ങളാണ് കിറ്റിൽ ഭൂരിഭാഗവും ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കിലോ വീതമുള്ള അപ്പം പൊടി, പുട്ടുപൊടി, റവ, പഞ്ചസാര എന്നിവയും 250 ഗ്രാമിൻ്റെ ശബരി ഗോൾഡ് ചായപ്പൊടിയും ഇതിലുണ്ട്. കൂടാതെ 100 ഗ്രാം വീതമുള്ള ചിക്കൻ മസാല, മീറ്റ് മസാല, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, പെരുഞ്ചീരകം, ജീരകം എന്നിവയും 50 ഗ്രാം കുരുമുളകുപൊടിയും കിറ്റിൻ്റെ ഭാഗമാണ്. പായസത്തിനും മറ്റും ഉപയോഗിക്കാൻ 20 ഗ്രാം ഏലക്കായയും 50 ഗ്രാം അണ്ടിപ്പരിപ്പും ഇതിൽ അടങ്ങിയിരിക്കുന്നു.
വിതരണവും കാലാവധിയും
സംസ്ഥാനത്തുടനീളമുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി ഈ പ്രത്യേക കിറ്റുകൾ ലഭ്യമാകും. മാർച്ച് 20 വരെയാണ് നിലവിൽ ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും സ്റ്റോക്ക് തീരുന്നതിനനുസരിച്ച് കൂടുതൽ കിറ്റുകൾ സജ്ജമാക്കാൻ അധികൃതർ ലക്ഷ്യമിടുന്നുണ്ട്. വ്രതശുദ്ധിയുടെ നാളുകളിൽ അടുക്കള ബജറ്റ് താളംതെറ്റാതെ നോക്കാൻ ഈ പദ്ധതി ഉപകരിക്കും. വാലൻ്റൈൻസ് ദിനത്തിൽ 14 രൂപയ്ക്ക് പഞ്ചസാര നൽകി ശ്രദ്ധ നേടിയ സപ്ലൈകോ, ഇപ്പോൾ റംസാൻ വിപണിയിലും ജനപ്രിയമായ ഇടപെടലുമായി രംഗത്തുവന്നിരിക്കുകയാണ്.
Also Read: വിമര്‍ശനങ്ങളില്‍ വീഴാതെ സിപിഎം; കോട്ട കാക്കാൻ പുതുമുഖങ്ങളും കരുത്തരും, കണ്ണൂരിലെ സ്ഥാനാർഥി ചിത്രം

