സുകുമാരക്കുറുപ്പിനെ 'ഹീറോ' ആക്കിയത് ആര് ? ചാനലുകളും ട്രോളന്മാരും കുടുങ്ങും
കേസിൽ ഉണ്ടാകുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ചും നിയമത്തിൻ്റെ അതിർവരമ്പുകളെക്കുറിച്ചും പ്രമുഖ സൈബർ അഭിഭാഷകനും കേരള പൊലീസിൻ്റെ സൈബർഡോം അസിസ്റ്റൻ്റ് കമാൻഡറുമായ അഡ്വ ജിൻസ് ടി തോമസ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു

Published : August 29, 2026 at 5:15 PM IST
നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെയും ക്രൈംബ്രാഞ്ചിനെയും ഒരുപോലെ വലയ്ക്കുന്ന സുകുമാരക്കുറുപ്പ് കേസിലേക്ക് അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായ ഒരു ട്വിസ്റ്റ് വീണ്ടും കടന്നുവന്നിരിക്കുകയാണ്. ബ്രൂണെയിൽ സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദത്തോടെ അടുത്തിടെ ചില പ്രമുഖ വാർത്താ ചാനലുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും പുറത്തുവിട്ട ചിത്രം, വാസ്‌തവത്തിൽ തൃശൂർ സ്വദേശിയും ബ്രൂണെയിലുള്ള നിരപരാധിയുമായ ദാമോദര മേനോൻ്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു.
എഐ ഉപയോഗിച്ച് റെസ്റ്റോറൻ്റുകളുടെ പരസ്യങ്ങള്‍ക്ക് മുതല്‍ വിവിധ തരം മാര്‍ക്കറ്റിങ്ങിന് വരെ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നത് ഒരുനിരപരാധിയുണ്ട് ചിത്രമാണ്. ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കുമായി എഐ ഉപയോഗിച്ച് വീഡിയോകളാക്കിയും വൻതോതില്‍ പ്രചരിക്കുകയാണ്. എന്നാൽ കേവലം ക്ലിക്കുകൾക്കും സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിനുമായി നിരപരാധിയായ ഒരു വ്യക്തിയുടെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും കുറ്റവാളിയുടേതെന്ന പേരിൽ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കും ഡിജിറ്റൽ ഹാൻഡിലുകൾക്കുമെതിരെ ശക്തമായ നിയമവാൾ ഓങ്ങുകയാണ് നിയമസംവിധാനം.
ദാമോദര മേനോൻ കുറുപ്പായ കഥ: നിയമപരമായ വശങ്ങളും കടുത്ത ഭവിഷ്യത്തുകളും
അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഒരു വ്യക്തിയുടെ ചിത്രം സുകുമാരക്കുറുപ്പെന്ന ക്രിമിനലൻ്റേതാക്കി മാറ്റിയത് അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും അന്തസ്സിനെയാണ് കവർന്നത്. മാധ്യമങ്ങൾ വെറുമൊരു 'സംശയം' മാത്രമാണ് ഉന്നയിച്ചതെന്ന് വാദിച്ചാൽ പോലും നിയമത്തിൻ്റെ മുന്നിൽ അത് നിലനിൽക്കില്ല. നിരപരാധിയായ വ്യക്തിയുടെ ചിത്രം ദുരുപയോഗം ചെയ്‌തതിനും കുടുംബത്തിന് സൃഷ്‌ടിച്ച ഭീമമായ മാനസിക പ്രയാസങ്ങൾക്കും എതിരെ ചാനലുകൾക്കും ഡിജിറ്റൽ പേജുകൾക്കുമെതിരെ കോടികൾ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതികളെയോ ഹൈക്കോടതിയെ നേരിട്ടോ സമീപിക്കാം.
ഡിജിറ്റൽ അൾമാറാട്ടത്തിനും തട്ടിപ്പിനുമായി ഐ ടി ആക്‌ട് സെക്ഷൻ 66D പ്രകാരവും, വ്യക്തിഹത്യയ്ക്ക് ഭാരതീയ ന്യായ സംഹിത പ്രകാരം സെക്ഷൻ 356 പ്രകാരവും കേസെടുക്കാൻ സാധിക്കും. എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചും ചാക്കോയുടെ കുടുംബത്തിൻ്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലും തമാശ ട്രോളുകൾ ധാരാളം ഇന്ന് സമൂഹമാധ്യമങ്ങളിൽ പെരിക്കികൊണ്ട് ഇരിക്കുകയാണ് അതിൻ്റെ നിയമവശങ്ങളെ പറ്റി കേരള ഹൈക്കോടതിയിലെ പ്രമുഖ സൈബർ അഭിഭാഷകനും കേരള പൊലീസിൻ്റെ സൈബർഡോം അസിസ്റ്റൻ്റ് കമാൻഡറുമായ അഡ്വ ജിൻസ് ടി തോമസ് ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'സൈബർ സെല്ലിന് പെട്ടെന്ന് കേസ് എടുക്കാനാകില്ല'
"വർഷങ്ങളായി മാവേലിക്കര കോടതി പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസാണ് ഇത്. അതുകൊണ്ട് തന്നെ ഇന്നോ ഇന്നലെയോ സംഭവിച്ചതല്ലാത്ത കേസ് ആയതുകൊണ്ടുതന്നെ സൈബർ സെല്ലിന് സ്വമേധയാ പെട്ടെന്നൊരു ആക്ഷൻ എടുക്കുക സാധ്യമല്ല. എന്നാൽ, സുകുമാരക്കുറുപ്പുമായി സാമ്യമുള്ളതിൻ്റെ പേരിൽ ഇരയാക്കപ്പെടുന്ന വ്യക്തി നിലവിലുണ്ട്. അദ്ദേഹത്തിന് വലിയ മാനസിക പ്രയാസങ്ങളാണ് ഇത് സൃഷ്‌ടിക്കുന്നത്. വാർത്താ ചാനലുകൾ സസ്പെക്‌ട് ചെയ്യുകയാണെന്ന് പറഞ്ഞാൽ പോലും, തനിക്കെതിരെ ഇത് മോശമായി ബാധിക്കുന്നു എന്ന് കാണിച്ച് കോടതികളെയോ ഹൈക്കോടതികളെയോ സമീപിച്ച് കോടികൾ നഷ്‌ടപരിഹാരത്തിന് കേസ് കൊടുക്കാൻ സാധിക്കും. ധാരാളം എ ഐ പോസ്റ്റുകളും ട്രോളുകളും വരുന്നുണ്ട്. ഐ ടി ആക്‌ട് പ്രകാരം മാത്രമല്ല, ഭാരതീയ ന്യായ സംഹിത (BNS) പ്രകാരവും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും നിയമനടപടികളുമായി മുന്നോട്ട് പോകാനും ഇരയാക്കപ്പെട്ട വ്യക്തിക്ക് പൂർണ്ണ അവകാശമുണ്ട്." അദ്ദേഹം പറഞ്ഞു
ഡിജിറ്റൽ മാധ്യമങ്ങൾ പുലർത്തേണ്ട ജാഗ്രത
വ്യൂർഷിപ്പ് കൂട്ടാനും സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിനുമായി സത്യസന്ധത പരിശോധിക്കാതെ ഇത്തരം വ്യാജ ചിത്രങ്ങളും വാർത്തകളും നൽകുന്ന പ്രവണതയ്ക്ക് ഈ സംഭവം കനത്ത തിരിച്ചടിയാണ്. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ക്രിമിനൽ അപകീർത്തി കേസുകളും ഹൈക്കോടതി മുൻപാകെയുള്ള വൻ നഷ്‌ടപരിഹാര ഹർജികളും നേരിടേണ്ടി വരുമെന്ന ശക്തമായ മുന്നറിയിപ്പാണ് നിയമലോകം നൽകുന്നത്. ഡിജിറ്റൽ യുഗത്തിൽ വാർത്തകളുടെ വേഗതയേക്കാൾ പ്രധാനം അവയുടെ സത്യസന്ധതയാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് സുകുമാരക്കുറുപ്പിൻ്റെ പേരിൽ നടന്ന ഈ വ്യാജ പ്രചാരണം. കേവലം വ്യൂർഷിപ്പിനും സോഷ്യൽ മീഡിയ മാർക്കറ്റിംഗിനുമായി നിരപരാധികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരവും ഐ ടി ആക്‌ട് പ്രകാരവും കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. മാധ്യമങ്ങളും സൈബർ ലോകവും കൂടുതൽ നിയമപരമായ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തേണ്ടതിൻ്റെ ആവശ്യകതയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നതെന്നും ജിൻസ് കൂട്ടിച്ചേര്‍ത്തു.
ശിക്ഷകള്‍ എന്തെല്ലാമെന്ന് അഭിഭാഷകൻ വിശദീകരിക്കുന്നു...
ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ശിക്ഷകൾ..
മാനഹാനി
ഒരാളുടെ ചിത്രം തെറ്റായ രീതിയിലോ അവരുടെ അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയിലോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാൽ അത് ക്രിമിനൽ കുറ്റമാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ 2 വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. പുതിയ നിയമപ്രകാരം ചില സാഹചര്യങ്ങളിൽ കമ്മ്യൂണിറ്റി സർവീസും (സാമൂഹിക സേവനം) ശിക്ഷയായി വിധിക്കാൻ വ്യവസ്ഥയുണ്ട്.
ആൾമാറാട്ടവും വഞ്ചനയും
മറ്റൊരാളുടെ ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുകയോ സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുകയോ ചെയ്താൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
ഐടി ആക്ട് 2000 പ്രകാരമുള്ള കടുത്ത ശിക്ഷകൾ:
സ്വകാര്യതാ ലംഘനം
ഒരാളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ പകർത്തുകയോ, ഇൻ്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയോ, മറ്റുള്ളവർക്ക് അയക്കുകയോ ചെയ്യുന്നത് കടുത്ത നിയമലംഘനമാണ്. ഇതിന് 3 വർഷം വരെ തടവോ 2 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും ഒന്നിച്ചോ ശിക്ഷയായി ലഭിക്കാം.
ഡിജിറ്റൽ ആൾമാറാട്ടം
വ്യൂവർഷിപ്പ് കൂട്ടാൻ നിരപരാധികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിക്കുകയോ, വ്യക്തിത്വം വ്യാജമായി നിർമ്മിച്ച് കബളിപ്പിക്കുകയോ ചെയ്താൽ 3 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ഈടാക്കാം.
അശ്ലീല സന്ദേശങ്ങളും മോർഫിംഗും
ചിത്രങ്ങൾ എഡിറ്റ് ചെയ്ത് അശ്ലീലമായോ അപകീർത്തികരമായ രീതിയിലോ പ്രചരിപ്പിച്ചാൽ 3 മുതൽ 5 വർഷം വരെ തടവും 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ കനത്ത പിഴയും ഒടുക്കേണ്ടി വരും.
ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളിലെ പുതിയ ഭേദഗതികൾ
കേന്ദ്ര സർക്കാരിൻ്റെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ച്, ആരുടെയെങ്കിലും ചിത്രം അനുവാദമില്ലാതെ ദുരുപയോഗം ചെയ്താൽ ഇരയാക്കപ്പെട്ട വ്യക്തിക്കോ കോടതിക്കോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് മുതലായവ) ആ ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാം. ഇത്തരം പരാതികൾ ലഭിച്ചാൽ 24 മണിക്കൂറിനകം ആ പോസ്റ്റുകൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ കമ്പനികൾ ബാധ്യസ്ഥരാണ്. കൂടാതെ നിയമലംഘനം നടത്തുന്ന അക്കൗണ്ടുകൾ സ്ഥിരമായി റദ്ദാക്കാനും പൊലീസിന് കർശന നടപടികൾ സ്വീകരിക്കാനും അനുമതിയുണ്ട്. ഓൺലൈൻ വ്യൂവർഷിപ്പിലൂടെയുള്ള വരുമാനത്തിനും താല്‍ക്കാലിക പ്രശസ്തിക്കും വേണ്ടി മറ്റുള്ളവരുടെ ജീവിതം വെച്ചു കളിക്കുന്നവർക്ക് നേരെ സൈബർ സെല്ലും പൊലീസും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

