തളിപ്പറമ്പിൽ ഇത്തവണ പോരാട്ടം കടുക്കും; ചര്‍ച്ചകളില്‍ നികേഷ് കുമാർ മുതൽ ജോൺ ബ്രിട്ടാസ് വരെ, പ്രതീക്ഷയോടെ യുഡിഎഫും
സിപിഎമ്മിൻ്റെ സ്ഥാനാർഥിപ്പട്ടികയിലെ ചർച്ചയിൽ നിരവധി പേർ ഉണ്ടെങ്കിലും നേതാക്കന്മാരുടെ സംസാരത്തിൽ ഉയർന്നു കേൾക്കുന്ന പേരുകളിൽ പ്രധാനി മുൻ മാധ്യമ പ്രവർത്തകനായ എം വി നികേഷ് കുമാറിൻ്റേതാണ്

Published : January 8, 2026 at 4:35 PM IST
കണ്ണൂർ: പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ മണ്ഡലം. പ്രതിപക്ഷമില്ലാത്ത ആന്തൂർ മുനിസിപ്പാലിറ്റിയും മലപ്പട്ടം പഞ്ചായത്തും. ഇടതു പക്ഷത്തിന് ആധിപത്യമുള്ള മയ്യിലും കുറ്റ്യാട്ടൂരും പരിയാരവും കുറുമാത്തൂരും കൂടെ ഉണ്ടെങ്കിലും ഇടതു പക്ഷത്തിനു തളിപ്പറമ്പ ഇത്തവണ നെഞ്ചിടിപ്പേറ്റുമെന്ന് ഉറപ്പാണ്. കൂടാതെ യുഡിഫ് ഭരിക്കുന്ന തളിപ്പറമ്പ മുനിസിപ്പാലിറ്റിയും ചപ്പാരപ്പടവ്, കൊളച്ചേരി പഞ്ചായത്തുമാണ് തളിപ്പറമ്പ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശ ഭരണ പ്രദേശങ്ങൾ.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ തവണ 22689 വോട്ടിനാണ് കോൺഗ്രസിലെ യുവ നേതാവായ വി പി അബ്ദുൾ റഷീദിനെ പരാജയപെടുത്തിയത്. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ ഇത്തവണ മണ്ഡലത്തിൽ മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എങ്കിൽ സിപിഎം ടിക്കറ്റിൽ ആരു മത്സരിക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
നികേഷ് കുമാർ മുതൽ ജോൺ ബ്രിട്ടാസ് എംപി വരെ
സിപിഎമ്മിൻ്റെ സ്ഥാനാർഥിപ്പട്ടികയിലെ ചർച്ചയിൽ നിരവധി പേർ ഉണ്ടെങ്കിലും നേതാക്കന്മാരുടെ സംസാരത്തിൽ ഉയർന്നു കേൾക്കുന്ന പേരുകളിൽ പ്രധാനി മുൻ മാധ്യമ പ്രവർത്തകനായ എം വി നികേഷ് കുമാറിൻ്റേതാണ്. നിലവിൽ എംപിയായ ജോൺ ബ്രിട്ടാസ് മുൻ ആന്തൂർ നഗരസഭ ചെയർപേഴ്സണും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയുമായ പി കെ ശ്യാമള, മുൻ എംഎല്‍എ ജെയിംസ് മാത്യുവിൻ്റെ ഭാര്യയും കണ്ണൂർ കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന സുകന്യ ടീച്ചർ എന്നിവരുടെ പേരും പറഞ്ഞു കേൾക്കുന്നു. ജാതീയ സമവാക്യങ്ങളും സാമുദായിക സന്തുലനവും പാലിച്ചാണ് സ്ഥാനാർഥി നിർണയമെങ്കിൽ പാർട്ടി എം വി നികേഷ് കുമാറിലേക്ക് തന്നെ എത്താനാണ് കൂടുതൽ സാധ്യത.
ലീഡിൽ ഇടതിനു നെഞ്ചിടിപ്പ്
മണ്ഡല പുനർനിർണയത്തിന് ശേഷം 2011- ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിൻ്റെ ലീഡ് 27861 വോട്ടായിരുന്നു. 2016-ൽ ലീഡ് 40617 വോട്ട് ആയി ജെയിംസ് മാത്യു ഉയർത്തി. എന്നാൽ കഴിഞ്ഞതവണ എം വി ഗോവിന്ദൻ മാസ്റ്റർ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ എൽഡിഎഫിൻ്റെ ലീഡ് 2016ൽ നിന്ന് നേർ പകുതിയായി കുറഞ്ഞു. ഇതാണ് എൽഡിഎഫിനെ ഭയപ്പെടുത്തുന്നത്.
2011ലും 2016ലും യുഡിഎഫിന് വേണ്ടി മത്സരിച്ചത് കേരള കോൺഗ്രസ് (എം )ആയിരുന്നു. എന്നാൽ കഴിഞ്ഞതവണ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുകയും യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന നേതാവായ വി പി അബ്ദുൾ റഷീദിനെ മത്സരിപ്പിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തദ്ദേശസ്ഥാപനങ്ങളുടെ കണക്കെടുത്താൽ ഏതാണ്ട് 7000 വോട്ടിൻ്റെ ലീഡ് മാത്രമാണ് എൽഡിഎഫിന് ഉള്ളത്. എന്നാൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ പട്ടികഎടുത്താൽ 15000 താഴെ വോട്ടിൻ്റെ ലീഡാണ്. മലപ്പട്ടവും ആന്തൂരും മയ്യിലും കുറ്റ്യാട്ടൂരും ഉണ്ടാവുമ്പോഴും ഓരോ തെരഞ്ഞെടുപ്പുകളിലും ലീഡ് കുറയുന്നതാണ് സിപിഎമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നത്.
പ്രതീക്ഷയോടെ യുഡിഎഫ്
കഴിഞ്ഞതവണ കടുത്ത മത്സരം കാഴ്ചവച്ച വിപി അബ്ദുൽ റഷീദ് കഴിഞ്ഞ അഞ്ചുവർഷമായി മണ്ഡലത്തിൽ സജീവമാണ്. കൂടാതെ മണ്ഡലത്തിലെ വികസന മുരടിപ്പും എം വി ഗോവിന്ദൻ മാസ്റ്ററോടുള്ള നെഗറ്റീവ് വോട്ടുകളും തങ്ങൾക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. വി പി അബ്ദുൽ റഷീദ് തന്നെ വീണ്ടും മണ്ഡലത്തിൽ മത്സരിക്കാനുള്ള സാധ്യതയാണ് കൂടുതൽ.
എൽഡിഎഫിന് പ്രതിസന്ധിയായി മുന്നണിക്കുള്ളിലെ അനൈക്യം
മുന്നണിക്കകത്തെ പ്രധാന ഘടക കക്ഷിയായ സിപിഐ എമ്മും സിപിഐയും വർഷങ്ങളായി മണ്ഡലത്തിൽ അകൽച്ചയിൽ ആണ്. മാന്തംകുണ്ടിലെ പ്രമുഖ സിപിഎം നേതാവായ കോമത്ത് മുരളീധരൻ സിപിഐ യിൽ എത്തിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.
മാന്തംകുണ്ടിലെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട തർക്കത്തിൽ ആണ് ഏറ്റവും ഒടുവിൽ ഇരുവിഭാഗവും കൊമ്പ് കോർത്തത്. സിപിഐ പ്രാദേശിക നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേരിട്ട് രംഗത്ത് എത്തുകയായിരുന്നു. മുന്നണി മര്യാദകൾ ലംഘിച്ച് സർക്കാരിനെയും സിപിഎം നേതൃത്വത്തെയും മോശമായി ചിത്രീകരിക്കാൻ സിപിഐയിലെ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇടതുപക്ഷ വിരുദ്ധരെ കൂട്ടുപിടിച്ച് നടത്തുന്ന ഇത്തരം ദുഷ്പ്രചരണങ്ങളിൽ നിന്ന് സിപിഐ പിന്തിരിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടതോടെ പോര് മറനീക്കി പുറത്തു വന്നു.
മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ രക്ഷാധികാരിയായ സിപിഐ നേതാവ് ആയ കോമത് മുരളീധരനെതിരെ ആണ് സിപിഎം നേതാക്കൾ വാർത്താസമ്മേളനം നടത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും സിപിഎമ്മിനെതിരെയും സർക്കാരിനെതിരെയും നിരന്തരം അപവാദപ്രചരണം നടത്തുകയാണ്.
പൊലീസ് നടപടിയെ ന്യായീകരിക്കാനോ തള്ളിക്കളയാനോ പാർട്ടിക്ക് ഉത്തരവാദിത്തമില്ല. എന്നാൽ ഇതിൻ്റെ പേരിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ ദിവസം നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് ഇടതു പക്ഷ വിരുദ്ധരായ വലതുപക്ഷ പാർട്ടികളെ ചേർത്ത് പിടിച്ചാണ് നടത്തിയത്. സർക്കാരിൻ്റെ മുഖത്ത് ചെളിവാരിയെറിയുകയും മുഖ്യമന്ത്രിയെയും സർക്കാരിനെയും ചീത്തവിളിച്ചത് മുന്നണി മര്യാദാ ലംഘനമാണ്. വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയായാണ് സിപിഐയിലെ ചിലർ പ്രവർത്തിച്ചതെന്നും സിപിഎം കുറ്റപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാളയാട് വാർഡിൽ എൽഡിഎഫ് ഐക്യത്തിന് തുരങ്കം വെക്കുന്ന പ്രവർത്തനമാണ് ഈ സിപിഐ നേതാവ് നടത്തിയത്. എൽഡിഎഫ് സ്ഥാനാർഥിയുമായി ഒറ്റയ്ക്ക് പോയി നോമിനേഷൻ നൽകിയതും തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതും ഇതിൻ്റെ തെളിവാണ്. ഇപ്പോൾ പുതുവത്സരാഘോഷത്തിൻ്റെ പേരിൽ വീണ്ടും സിപിഎമ്മിനെ പഴിചാരി സ്വയം നിലനിൽപ്പിന് ശ്രമിക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് സിപിഎം നേതാവ് ടി കെ ഗോവിന്ദൻ പറഞ്ഞു. യുവധാര ക്ലബ്ബ് പൊലീസ് നിർദ്ദേശപ്രകാരം പരിപാടികൾ വേണ്ടെന്ന് വെച്ചപ്പോൾ, നിയമങ്ങൾ ലംഘിച്ച് പരിപാടി നടത്തിയ റസിഡൻസ് അസോസിയേഷനെ പൊലീസ് തടയുകയായിരുന്നു. ഇതിൻ്റെ പേരിൽ നേതാക്കളെ പുലഭ്യം പറയുന്നത് രാഷ്ട്രീയ നെറികേടാണ്. ഇത്തരം വ്യക്തികളെ നിയന്ത്രിക്കാൻ സിപിഐ നേതൃത്വം തയ്യാറാകണമെന്നും സിപിഎം നേതാക്കൾ ആവശ്യപ്പെടുന്നു.

