വെട്ടിത്തിളങ്ങുന്ന മുഖത്തിനും അഴകാര്‍ന്ന ചര്‍മത്തിനും ബ്യൂട്ടിക്ക... വമ്പൻ ഹിറ്റായി അപര്‍ണയുടെ സംരംഭം
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പ്രകൃതിദത്തമായ വഴികള്‍ തേടി അഴീക്കോട് ചാല്‍ ബീച്ച് സ്വദേശിനി അപര്‍ണ പുതു ചരിത്രം രചിക്കുകയാണ്. മായം കലരാത്ത ഇവരുടെ ഉത്‌പന്നങ്ങള്‍ വാങ്ങാൻ ആവശ്യക്കാര്‍ ഏറെയാണ്...

Published : January 11, 2026 at 8:29 AM IST
കണ്ണൂര്‍: സുന്ദരമായ മുഖവും അഴകാര്‍ന്ന ശരീരവും ഏതൊരു മനുഷ്യൻ്റേയും സ്വപ്‌നമാണ്. ജെന്‍സികള്‍ മാത്രമല്ല മധ്യവയസ്‌കരും വയോധികരും സുന്ദരമായ മുഖവും ശരീരശോഭയും നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. സൗന്ദര്യ വര്‍ധക ശസ്ത്രക്രിയയില്‍ മുഖം മിനുക്കാന്‍ റൈനോ പ്ലാസ്‌റ്റിവരേയും തെരഞ്ഞെടുക്കുന്ന കാലമാണിത്. അനുദിനം സൗന്ദര്യ വര്‍ധക വസ്‌തുക്കളുടെ ആധിപത്യം മാര്‍ക്കറ്റില്‍ ഏറി വരികയാണ്. അതില്‍ രാസവസ്‌തുക്കള്‍ ഉള്‍പ്പെട്ടവയും ആരോഗ്യത്തിന് ഹാനികരമായ വിധത്തിലുള്ളവയും ഉണ്ട്.
എന്നാല്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പ്രകൃതിദത്തമായ വഴികള്‍ തേടി അഴീക്കോട് ചാല്‍ ബീച്ച് സ്വദേശിനി അപര്‍ണ പുതു ചരിത്രം രചിക്കുകയാണ്. സ്വദേശത്ത് ലഭ്യമാവുന്ന ചെടികളും പൂവുകളും ഇലകളുമൊക്കെ ഉപയോഗിച്ച് രാസവസ്‌തുക്കള്‍ ചേര്‍ക്കാത്ത സൗന്ദര്യ വസ്‌തുക്കളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
കാപ്പിപ്പൊടിയും തേനും കറ്റാര്‍ വാഴയും കസ്‌തൂരി മഞ്ഞളും തുടങ്ങി അമ്പതിലേറെ സസ്യങ്ങളും കിഴങ്ങുകളുമൊക്കെ സൗന്ദര്യ വസ്‌തുക്കളുണ്ടാക്കാന്‍ അപര്‍ണ ഉപയോഗിക്കുന്നു. ബ്യൂട്ടിക ഓര്‍ഗാനിക്‌സ് എന്ന പേരില്‍ വിപണിയിലേക്ക് കടന്നിരിക്കയാണ് ഈ യുവതി. അപര്‍ണ ഈ രംഗത്ത് ഇറങ്ങാന്‍ തക്കതായ കാരണവുമുണ്ട്.
വഴിത്തിരിവ്...
2017 ലാണ് അപര്‍ണയുടെ രണ്ടാമത്തെ കുഞ്ഞായി ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ജനിച്ച് പന്ത്രണ്ട് ദിവസം വരെ കുഞ്ഞിന് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. എന്നാല്‍, പതിമൂന്നാം ദിവസം മുതല്‍ കഴുത്തുറയ്ക്കുന്നില്ല. ക്രമേണ സെറിബ്രല്‍ പാഴ്‌സിയായി കുട്ടി മാറി. അതോടെ എല്ലാം തകര്‍ന്നുവെന്ന സ്ഥിതിയിലായിരുന്നു അപര്‍ണ. അഞ്ചാറ് വര്‍ഷം ദുരിത ജീവിതം തന്നെയായിരുന്നു. സദാസമയവും കുഞ്ഞിനൊപ്പം കഴിയേണ്ട അവസ്ഥ. വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ പോലും കഴിയാത്ത സാഹചര്യം.

"ചെറിയ രീതിയിലാണ് സംരംഭം തുടങ്ങിയത്. മൂന്നു വർഷമേ ആയിട്ടുള്ളൂ വീട്ടിൽ തന്നെ ജോലികൾ ചെയ്യാൻ തുടങ്ങിയിട്ട്. ഒരു വർഷമായിട്ടാണ് പുറത്ത് ഒരു ഷോപ്പും പ്രവർത്തിച്ച് വരുന്നുണ്ട്. ഇതിന് കുടുംബശ്രീയുടെ സഹായവും ഒരുപാടുണ്ട്. നിലവിൽ വിൽപ്പന നല്ലരീതിയിൽ പോകുന്നുണ്ട്. എല്ലാവർക്കും നല്ല അഭിപ്രായമാണുള്ളത്. ഉത്‌പ്പന്നം വാങ്ങുന്നവർ വീണ്ടും വീണ്ടും വരുന്നുണ്ട്. മറ്റ് രാസവസ്‌തുക്കൾ ഉപയോഗിക്കാറില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പ്രകൃതി ദത്തമായ വസ്‌തുക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്", എന്ന് സംരംഭകയായ അപർണ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജീവിതം തന്നെ മടുപ്പിലായപ്പോള്‍ അയല്‍ക്കാരും സ്‌നേഹിതരും ഒരു പോം വഴി പറഞ്ഞു. വീട്ടില്‍ നിന്ന് എന്തെങ്കിലും ജോലി ചെയ്യുക. അങ്ങനെ മനക്കരുത്തും ആത്മവിശ്വാസവും മുതല്‍കൂട്ടാക്കി അപര്‍ണ സ്വയം തൊഴിലിന് ശ്രമിച്ചു. പ്രോത്സാഹനം ഏറിയപ്പോള്‍ ഒരു വര്‍ഷം മുൻപ് തുളസി കൊണ്ട് സോപ്പുണ്ടാക്കി അടുത്തുള്ളവര്‍ക്കൊക്കെ കൊടുത്തു. സോപ്പ് എല്ലാവര്‍ക്കും ഇഷ്‌ടപ്പെട്ടു. അതോടെ അച്ഛന്‍ അശോകനും അമ്മ പ്രേമയും ഭര്‍ത്താവ് ശ്രീജിത്തും അപര്‍ണയ്‌ക്ക് ഒപ്പം കൂടി.

സസ്യങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെപ്പറ്റിയും ഗുണത്തെപ്പറ്റിയും അറിവ് നേടി. തൃശൂരില്‍ നിന്നും ഒരു സ്ത്രീ അപര്‍ണയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. അതേ തുടര്‍ന്ന് കൂടുതല്‍ ഉത്പ്പന്നങ്ങളിലേക്ക് തിരിഞ്ഞു. കറ്റാര്‍ വാഴ, കസ്‌തൂരി മഞ്ഞള്‍, ബീറ്റ്‌റൂട്ട്, കാരറ്റ്, ചെമ്പരത്തിപ്പൂവ്, ശംഖുപുഷ്‌പം തുടങ്ങിയവ കൊണ്ട് സോപ്പുകളും ഷാംപൂകളുമൊക്കെ ഉണ്ടാക്കി.
നിര്‍മാണത്തിനായി പപ്പായയും കസ്‌തൂരി മഞ്ഞളും തുളസിയുമൊക്കെ നട്ടു വളര്‍ത്തി. മുഖക്കുരുവിന് മഞ്ഞളും കസ്‌തൂരി മഞ്ഞളും ചേര്‍ന്ന സോപ്പ്, ചര്‍മ്മ സംബന്ധിയായ കരുതലിന് പനിക്കൂര്‍ക്ക, ആര്യവേപ്പ്, തേങ്ങാപ്പാല്‍, കരിഞ്ചീരകം എന്നിവ കൊണ്ടുള്ള ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ചു. കോക്കനട്ട് മില്‍ക്ക് ഷാംപൂ, കേശവര്‍ധിനി ഹെയര്‍ ഓയില്‍, അലോവേര ഷാംപൂ തുടങ്ങിയവ പ്രാദേശിക മാര്‍ക്കറ്റില്‍ ഇടം നേടി.

ഉത്പ്പന്നങ്ങള്‍ ജനപ്രിയമായതോടെ ഈ വനിതാ സംരംഭകയുടെ ഉത്പ്പന്നങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്നും ഉദ്യം രജിസ്‌ട്രേഷന്‍ ലഭിച്ചു. ചാല്‍ ബീച്ച് കുടുംബശ്രീയുടേയും സിഡിഎസിൻ്റേയും സഹകരണം അപര്‍ണയ്‌ക്ക് ലഭിച്ചു. സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര പ്രദര്‍ശന വില്‍പ്പന മേളകളില്‍ അപര്‍ണയുടെ ബ്യൂട്ടിക ഓര്‍ഗാനിക്‌സിന് ഇടങ്ങള്‍ ലഭിച്ചു തുടങ്ങി.
Also Read: തൃശൂർ ഒരുങ്ങി, ഇനി കലോത്സവ ലഹരി; 14,000 പ്രതിഭകൾ മാറ്റുരയ്ക്കും, ചരിത്രമാകാൻ സ്‌കൂൾ മേള

