ETV Bharat / state

കാണാന്‍ കൊതിച്ച കരിമ്പുലിയും ആമസോണിലെ ജാഗ്വാറും; വൈല്‍ഡ് ഫോട്ടോഗ്രഫി അനുഭവങ്ങള്‍ പങ്കിട്ട് 'ബിബിന്‍'

കാട്‌ ലഹരിയാണ് ബിബിന്. കരിമ്പുലിയെ കാണാന്‍ മോഹിച്ച് പലപ്പോഴും കാട് കയറിയിട്ടുണ്ട്. എന്നാല്‍ അവിചാരിതമായി ഒരിക്കല്‍ അത് സംഭവിച്ചു. ലോക വന്യജീവി ഡേയില്‍ അനുഭവങ്ങള്‍ പങ്കിട്ട് വൈല്‍ഡ് ഫോട്ടോഗ്രാഫര്‍ ബിബിന്‍.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി  വേള്‍ഡ് ഫോട്ടോഗ്രഫി ഡേ  വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബിബിന്‍  ലോക വന്യജീവി ഡേ
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : February 25, 2026 at 7:40 PM IST

|

Updated : March 3, 2026 at 2:41 PM IST

3 Min Read
Choose ETV Bharat

എറണാകുളം: ജാഗ്വാറിൻ്റെയും ഗോറില്ലയുടെയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തണം. ആമസോൺ വനാന്തരത്തിൽ മാത്രം കാണുന്ന വന്യജീവികളുടെ കാഴ്‌ചകൾ ഒപ്പിയെടുക്കണം. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ കഴിവ് തെളിയിച്ച ബിബിൻ എന്ന ഐടി പ്രൊഫഷണലിൻ്റെ സ്വപ്‌നങ്ങൾ കടലോളം വിശാലമാണ്.

കേരളത്തിലെ അച്ചൻകോവിൽ വനമേഖലയിൽ നിന്നും കരിമ്പുലിയുടെ ദൃശ്യങ്ങൾ പകർത്താൻ കഴിഞ്ഞതിൻ്റെ ആത്മവിശ്വാസത്തിലാണ് വേള്‍ഡ് ഫോട്ടോഗ്രഫി ദിനത്തില്‍ ഈ കണ്ണൂരുകാരൻ തൻ്റെ സ്വപ്‌നങ്ങൾ പങ്കുവയ്ക്കു‌ന്നത്. കൊച്ചി ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന ബിബിന് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ഒരു പാഷനാണ്.

വന്യജീവി കാഴ്‌ചകൾ തേടി ബിബിൻ്റെ ക്യാമറക്കണ്ണുകൾ (ETV Bharat)

കണ്ണൂരിലെ മലയോര മേഖലയായ ആലക്കോട് പഞ്ചായത്തിലെ രയറോം സ്വദേശിയായ ബിബിന് കുട്ടിക്കാലത്ത് തന്നെ കാട് കയറാൻ ഇഷ്‌ടമായിരുന്നു. അന്നുതന്നെ ചെറിയ കാടുകളിലേക്കുള്ള യാത്രകൾ തുടങ്ങിയിരുന്നു. പൈതൽ മലയും കുടകിലെ വനങ്ങളുമായിരുന്നു കാനന സഞ്ചാരത്തിൻ്റെ ആദ്യ ഇടങ്ങൾ. ശ്രീകണ്ഡാപുരം എസ് ഇ എസ് കോളജിലെ ബിരുദ പഠന കാലത്ത് നാച്ചുറൽ ക്ലബിൽ ചേർന്നതും ജീവിതത്തിൽ നിർണായകമായി. പ്രൊഫഷനും പാഷനും ഒരേ സമയം പ്രാധാന്യം നൽകിയായിരുന്നു ബിബിൻ്റെ പ്രയാണം.

വനത്തിൻ്റെ വന്യതയിൽ ഒളിപ്പിച്ച സൗന്ദര്യങ്ങളെ ക്യാമറയിൽ പകർത്തുന്തോറും കാടിനോടും വന്യജീവികളോടും സ്നേഹം കൂടുകയാണെന്ന് ബിബിൻ പറയുന്നു. ഒരോ തവണ കാട് കയറുമ്പോഴും ലഭിക്കുന്നത് വ്യത്യസ്‌ത അനുഭവങ്ങളാണ്. പെരിയാർ വന്യജീവി സങ്കേതത്തിൽ പോയതിന് കണക്കില്ലെന്നും ബിബിൻ വ്യക്തമാക്കുന്നു.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി കാട് കയറാൻ തുടങ്ങിയെങ്കിലും ആറുവർഷമേ ആയുള്ളൂ സീരിയസായുളള വന്യജീവി വീഡിയോ, ഫോട്ടോഗ്രഫികളിലേക്ക് പ്രവേശിച്ചിട്ട്. നല്ലൊരു വൈൽഡ് ലൈഫ് വ്ലോഗർ കൂടിയാണ് ബിബിൻ. ഡോട്ട് ഗ്രീൻ എന്ന യുട്യൂബ് ചാനലിലൂടെയാണ് ബിബിൻ തൻ്റെ യാത്ര അനുഭവങ്ങൾ പങ്കുവയ്ക്കു‌ന്നത്.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി  വേള്‍ഡ് ഫോട്ടോഗ്രഫി ഡേ  വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബിബിന്‍  ലോക വന്യജീവി ഡേ
ബിബിൻ പകർത്തിയ ചിത്രങ്ങളിൽ നിന്ന് (ETV Bharat)

പറമ്പിക്കുളത്ത് കടുവയെ വളരെയടുത്ത് വച്ച് കണ്ടതും കെനിയയിലെ മസായ് മാരയിലുള്ള സിംഹങ്ങളിലെ ഏറ്റവും സുന്ദരൻമാരിലൊരാളായ 'ഒലോഷിപ' എന്ന സിംഹത്തിൻ്റെ ദൃശ്യങ്ങൾ വളരെ അടുത്ത് വച്ച് ക്യാമറയിൽ പകർത്തിയതും അവസാനമായി കേരളത്തിൽ വച്ച് തന്നെ കരിമ്പുലിയെ കണ്ടുമുട്ടിയതും ഉൾപ്പടെ പട്ടികയിൽ ഉൾപ്പെടുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കാട് കയറി തുടങ്ങിയാൽ അതൊരു ലഹരിയാണ്. കാടിൻ്റെ ഭംഗിയും വന്യമൃഗങ്ങളെയൊക്കൊ കണ്ടു തുടങ്ങി കഴിഞ്ഞാൽ അതിൽ നിന്നൊരു തിരിച്ച് പോക്ക് അസാധ്യമാണന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വളരെ വിരളമായി മാത്രം കാണാറുള്ള കരിമ്പുലിയെ കാണുകയെന്നത് വലിയ ആഗ്രഹമായിരുന്നുവെന്ന് ബിബിൻ പറയുന്നു.

"ഇത്രയും നാൾ കാട് കയറിയിട്ടും കരിമ്പുലിയെ കാണാത്തതിൽ നിരാശയുണ്ടായിരുന്നു. കരിമ്പുലിയെ കാണാൻ മാത്രമായി യാത്രകൾ ചെയ്‌തിട്ടുണ്ട് . എന്നാൽ അന്നൊന്നും കാണാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏഴാം തീയതി സുഹൃത്തുക്കളായ നിധിനും ഉണ്ണിയ്ക്കും ഒപ്പം അച്ചൻ കോവിൽ പോയപ്പോഴാണ് യാദൃശ്ചികമായി വഴിയരികിൽ വച്ച് കരിമ്പുലിലെ കണ്ടത്. കാട്ടിൽ നിന്നും ഇറങ്ങി പുഴയിൽ വെള്ളം കുടിക്കുന്ന കരിമ്പുലിയെ ആദ്യം കണ്ടത് കൂടെയുള്ള സുഹൃത്താണ്. ആദ്യം വിശ്വസിക്കാനായില്ല. ഒരു നിമിഷം പകച്ചുപോയെങ്കിലും സമചിത്തത വീണ്ടെടുത്ത് പരമാവധി ചിത്രങ്ങൾ ക്യാമറയിൽ പകർത്തുകയായിരുന്നു", ബിബിൻ പറഞ്ഞു.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി  വേള്‍ഡ് ഫോട്ടോഗ്രഫി ഡേ  വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബിബിന്‍  ലോക വന്യജീവി ഡേ
ബിബിൻ പകർത്തിയ ചിത്രങ്ങളിൽ നിന്ന് (ETV Bharat)

എപ്പോഴും അപ്രതീക്ഷിതമായ കാഴ്‌ചകൾ തേടിയാണ് കാട് കയറാറുള്ളത്. അത്തരം നിരവധി കാഴ്‌ചകൾ ക്യാമറയിൽ പകർത്തുകയും ചെയ്‌തിട്ടുണ്ട്. മൂന്ന് മിനിറ്റ് സമയത്തോളം കരിമ്പുലിയെ കാണാൻ കഴിഞ്ഞു. തങ്ങളെ കുറച്ചു സമയം നോക്കി നിന്ന ശേഷമാണ് കരിമ്പുലി കാട്ടിലേക് കയറി പോയതെന്ന് ബിബിൻ പറഞ്ഞു.

ഫോട്ടോഗ്രാഫി ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷം കരിമ്പുലിയെ കാണാൻ കഴിഞ്ഞതും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ കഴിഞ്ഞതുമാണെന്നും ബിബിൻ പറഞ്ഞു. കരിമ്പുലി കേരളത്തിലെ കാടുകളിലുണ്ടെങ്കിലും കരിമ്പുലിയെ കാണാനും ക്യാമറയിൽ പകർത്താനും കഴിയാറില്ല. ഏതാണ്ട് എല്ലാ വന്യജീവികളെയും ഇതിനകം തന്നെ ബിബിൻ തൻ്റെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

ഇനി ജാഗ്വാറിനെയും ഗോറില്ലെയും പകർത്തണം അതിനായുള്ള കാത്തിരിപ്പിലാണ് ബിബിൻ. ഉത്തരാഖണ്ഡിലെ രാജാജി ദേശീയ പാർക്കിലേക്കാണ് അടുത്തയാഴ്‌ച ബിബിൻ്റെ യാത്ര. ഉത്തർപ്രദേശിലെ പിലിഭിത്, ലഖിംപൂർ ഖേരി, ഷാജഹാൻപൂർ ജില്ലകളിലായി ഇന്ത്യ-നേപ്പാൾ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പിലിഭിത് കടുവ സങ്കേതത്തിലേക്കാണ് യാത്ര.

ഓഗസ്‌റ്റ് മാസത്തിൽ മസായ് മാരയിലേക്കാണ് യാത്ര. കടുവയെ ക്യാമറയിൽ പകർത്താനാണ് ബിബിൻ ഏറ്റവും ഇഷ്‌ടം. പ്രൊഫഷനും പാഷനുമായുള്ള ഓട്ടത്തിനിടയിലും പൂർണ പിന്തുണയുമായി ബിബിന് കരുത്ത് പകരുന്നത് ഭാര്യ ജിനിയാണ്. മക്കളായ ഈതൻ, അന്ന, റാഫേൽ മൂവരും അച്ഛൻ്റെ വന്യജീവി ഫോട്ടേയെ ഇഷ്‌ടപെടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി  വേള്‍ഡ് ഫോട്ടോഗ്രഫി ഡേ  വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബിബിന്‍  ലോക വന്യജീവി ഡേ
ബിബിൻ പകർത്തിയ ചിത്രങ്ങളിൽ നിന്ന് (ETV Bharat)

Also Read: ഓട്ടുകിണ്ണത്തിൽ മഞ്ഞളും അരിതിരിയും; സ്വർണപ്രഭയിൽ രണ്ടായിരത്തിലേറെ സ്ത്രീകൾ, മലബാറിലെ ഏറ്റവും വലിയ താലപ്പൊലി

Last Updated : March 3, 2026 at 2:41 PM IST