
മാലിദ്വീപിൽനിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്നതിന് കടുത്ത നിയന്ത്രണം; പ്രവാസികൾ ആശങ്കയിൽ, കേന്ദ്രസർക്കാർ ഇടപെടൽ തേടി
പണമയക്കാനുള്ള നിയന്ത്രണം നിയമവിരുദ്ധമായി ഏജൻ്റുമാർ വഴി പണം നാട്ടിലയക്കുന്ന സാഹചരത്തിലേക്ക് പ്രവാസികള തള്ളിവിടുമെന്ന് വിപിൻ

Published : October 18, 2025 at 3:06 PM IST
എറണാകുളം: മാലിദ്വീപിൽനിന്ന് ഇന്ത്യയിലേക്ക് അയയ്ക്കാവുന്ന പണത്തിൻ്റെ പരിധി വെട്ടിച്ചുരുക്കുന്നതിൽ ആശങ്കയിലാണ് മലയാളികൾ ഉൾപ്പടെ പ്രവാസികൾ. നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാലിദ്വീപ് വഴി നിയന്ത്രണങ്ങളിലാതെ പണമയക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇപ്പോഴത് പ്രതിമാസം 150 ഡോളറായി വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് മാലിദ്വീപിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ആവശ്യപ്പെടുന്നത്. മാലിദ്വീപിൽ ആറായിരത്തോളം ഇന്ത്യക്കാരാണ് ജോലിചെയ്യുന്നത്. ഇതിൽ തന്നെ രണ്ടായിരത്തോളം പേർ മലയാളികളുമാണ്.
അതേസമയം മാലിദ്വീപിലുള്ള ഡോളറിൻ്റെ ലഭ്യതക്കുറവാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്നാണ് എസ് ബി ഐ പറയുന്നതെന്ന് ഒരു പതിറ്റാണ്ടിലേറെയായി മാലിദ്വീപിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ അധ്യാപകനായി ജോലി ചെയ്യുന്ന വിപിൻ ഇ ടിവി ഭാരതിനോട് പറഞ്ഞു. എസ്ബിഐയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പണമയക്കാനുള്ള നിയന്ത്രണം നിയമവിരുദ്ധമായി ഏജൻ്റുമാർ വഴി പണം നാട്ടിലയക്കുന്ന സാഹചരത്തിലേക്ക് പ്രവാസികള തള്ളിവിടുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ഇത്തരത്തിൽ പതിനായിരം രൂപ നാട്ടിലയക്കുന്നതിന് പന്ത്രണ്ടായിരം രൂപയാണ് ഏജൻ്റുമർ ആവശ്യപ്പെടുന്നത്. അധ്യാപക മേഖലയിൽ ജോലി ചെയ്യുന്നവർ നിരവധി പ്രശ്നങ്ങൾ നേരിടുകയാണ്. ഇതിനിടയിലാണ് പണമയക്കുന്നതിന് കൂടി കൂടുതൽ നിയന്ത്രണങ്ങൾ വരുന്നതെന്നും വിപിൻ ചൂണ്ടിക്കാണിച്ചു.
കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ മാലിദ്വീപ് സർക്കാറിൽ സമ്മർദം ചെലുത്തി എസ് ബി ഐക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാൻ അവസരം സൃഷ്ടിക്കണമെന്നാണ് മാലിദ്വീപിലെ പ്രവാസികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മലയാളികൾ കേരളത്തിലെ എംപി മാർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇവരുടെ ഇടപെടലിലൂടെ ഈ വിഷയത്തിൽ കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മാലിദ്വീപിലെ സാമ്പത്തിക പ്രതിസന്ധിയാണ് ബാങ്കുകൾക്ക് ആവശ്യമായ ഡോളർ ലഭ്യമാക്കുന്നതിൽ കുറവ് വരുന്നതിന് കാരണമാകുന്നത്.
അധ്യാപകർ, ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻ മേഖലകളിലാണ് കൂടുതല്‍ പേരും ജോലി നോക്കുന്നത്. പ്രതിമാസം മാലിദ്വീപ് റുഫിയയിൽ ലഭിക്കുന്ന ശമ്പളം, ഇന്ത്യൻ രൂപയാക്കി നാട്ടിലേക്ക് അയക്കുന്നതിനുള്ള ഏക മാർഗം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാലിദ്വീപ് ബ്രാഞ്ചായ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ മാലിദ്വീപ്സ് ആണ്. 2023 മുതൽ ഇത്തരത്തിൽ പണമയക്കുന്നത് 500 ഡോളറാക്കി പരിമിതിപ്പെടുത്തിയിരുന്നു. 2024 ഇത് വീണ്ടും കുറച്ച് 400 ഡോളറാക്കി നിശ്ചയിച്ചു. എന്നാൽ 2025 ഒക്ടോബർ 25 മുതൽ ഇത് 150 ഡോളറായി കുറയ്ക്കുകയാണന്ന് എസ്ബിഐ മാലിദ്വീപ്സ് ബ്രാഞ്ച് ഉപഭോക്താക്കള അറിയിച്ചിരിക്കുന്നത്.
ഇതനുസരിച്ച് പ്രതിമാസം 2294.98 റുഫിയ അഥവാ 13,211 ഇന്ത്യൻ രൂപയേ നാട്ടിലേക്ക് അയയ്ക്കാൻ കഴിയുകയുള്ളൂ. ഇതാണ് പ്രവാസികളിലും അവരെ ആശ്രയിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മാലിദ്വീപിന് പുറത്ത് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽനിന്ന് പണം പിൻവലിക്കുന്നതിനും വ്യാപാരസ്ഥാപനങ്ങളിൽ ഇടപാട് നടത്തുന്നതിനുമുള്ള അനുമതി 25 മുതൽ നിർത്തുമെന്നുംമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇടയ്ക്കിടെ ഈ പരിധികൾ അവലോകനം ചെയ്യുമെന്നും വിദേശനാണ്യ ലഭ്യത മെച്ചപ്പെട്ടാലുടൻ സാധാരണ പരിധികൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്നും എസ് ബി ഐ അറിയിച്ചിട്ടുണ്ട്. തങ്ങൾ ജോലി ചെയ്ത് ലഭിക്കുന്ന പണം നാട്ടിലെത്തിക്കാനുള്ള സാഹചര്യം എസ് ബി ഐ ഉറപ്പാക്കണമെന്നാണ് മാലിദ്വീപിലെ പ്രവാസികൾ ആവശ്യപ്പെടുന്നത്.
Also Read: അറബിക്കടലിൽ തീവ്രന്യൂന മർദം; രണ്ട് ദിവസം അതി ശക്തമായ മഴ, കേരളത്തിലും ലക്ഷദ്വീപിലും ഓറഞ്ച് അലെർട്ട്

