ETV Bharat / state

ശ്രീറാമിനെ മുഖ്യാതിഥിയാക്കിയത് പെട്ടെന്ന്; പ്രതിഷേധ കാരണം വ്യക്തമാക്കി രക്ഷിതാവ്

കാലിക്കറ്റ് പെഡലേഴ്‌സ്, ചെറൂട്ടി നഗർ സ്വിമ്മിങ് പൂളിൽ സംഘടിപ്പിച്ച എട്ടാമത് കാലിക്കറ്റ് ട്രയാത്ത്‌ലൺ മത്സരത്തിൻ്റെ സമ്മാനദാനത്തിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്.

PROTEST AGAINST SRiram VENKITARAMAN  SRIRAM VENKITARAMAN CASE  CALICUT TRIATHLON COMPETITION  PARENT AGAINST SRIRAM VENKITARAMAN
അസി. കലക്‌ടർ ഗൗതം രാജ് പെൺകുട്ടിക്ക് സർട്ടിഫിക്കറ്റും മെഡലും നൽകുന്നു, ശ്രീറാം വെങ്കിട്ടരാമൻ (Special Arrangement)
author img

By ETV Bharat Kerala Team

Published : September 2, 2026 at 7:54 AM IST

2 Min Read
Choose ETV Bharat

കോഴിക്കോട്: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് വേദിയിൽ സമ്മാനദാനം നടത്തുന്നതിനെതിരെ രക്ഷിതാവിൻ്റെ പ്രതിഷേധം. കോഴിക്കോട് നടന്ന നീന്തൽ മത്സരത്തിൻ്റെ സമ്മാനദാന ചടങ്ങിനിടെയാണ് തൻ്റെ മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെതിരെ പിതാവ് പരസ്യമായി രംഗത്തെത്തിയത്. സംഭവത്തിൽ തൻ്റെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധത്തിൻ്റെ കാരണം വ്യക്തമാക്കി രക്ഷിതാവ് ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്.

സമ്മാനദാന ചടങ്ങിൽ ശ്രീറാം വെങ്കിട്ടരാമനെ സംഘാടകർ പെട്ടെന്നാണ് മുഖ്യാതിഥിയായി പ്രഖ്യാപിച്ചതെന്ന് രക്ഷിതാവ് ഇടിവി ഭാരതിനോട് പറഞ്ഞു. വിവരമറിഞ്ഞ ഉടൻതന്നെ തൻ്റെ മകൾക്ക് അദ്ദേഹം സമ്മാനം നൽകേണ്ടതില്ലെന്ന് സംഘാടകരെ അറിയിച്ചിരുന്നു. എന്നാൽ ഇത് ചെവിക്കൊള്ളാതെ കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതോടെയാണ് താൻ പരസ്യമായി പ്രതിഷേധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് വിജയികൾക്ക് ശ്രീറാം സമ്മാനം നൽകിയപ്പോൾ താൻ എതിർത്തിരുന്നില്ല. കൊലക്കേസ് പ്രതിക്ക് പൊതുവേദിയിൽ അനാവശ്യ പരിഗണന നൽകി സമ്മാനദാനം നടത്താൻ അവസരമൊരുക്കിയതിലുള്ള വിയോജിപ്പാണ് താൻ പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PROTEST AGAINST SRiram VENKITARAMAN  SRIRAM VENKITARAMAN CASE  CALICUT TRIATHLON COMPETITION  PARENT AGAINST SRIRAM VENKITARAMAN
കാലിക്കറ്റ് ട്രയാത്ത്‌ലൺ മത്സരത്തിൻ്റെ സമ്മാനദാന ചടങ്ങിൽ നിന്ന് (Special Arrangement)

നീന്തൽ മത്സരവും പ്രതിഷേധവും
കാലിക്കറ്റ് പെഡലേഴ്‌സിൻ്റെ നേതൃത്വത്തിൽ ചെറൂട്ടി നഗർ സ്വിമ്മിങ് പൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓഗസ്റ്റ് 30ന് കിഡ്‌സ് സ്വിമ്മത്തോൺ എന്ന പേരിൽ രണ്ട് വിഭാഗങ്ങളിലായാണ് നീന്തൽ മത്സരങ്ങൾ നടന്നത്. അഞ്ചു മുതൽ 10 വയസുവരെയുള്ള കുട്ടികൾക്ക് 50 മീറ്റർ മത്സരവും 10 മുതൽ 14 വയസുവരെയുള്ളവർക്ക് 100 മീറ്റർ മത്സരവുമാണ് ഒരുക്കിയിരുന്നത്.

ഇതിനുപുറമെ മുതിർന്നവർക്കായി 70 മീറ്റർ ട്രയാത്ത്‌ലൺ മത്സരവും സംഘടിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപുതന്നെ ക്യു.ആർ കോഡ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയ നിരവധി മത്സരാർഥികൾ രാവിലെ ആറുമണിയോടെ ആരംഭിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പകൽ 11.30ഓടെ മത്സരങ്ങൾ പൂർത്തിയാക്കി സമ്മാനദാനം ആരംഭിച്ചു. ഇതിനിടെ 10 മുതൽ 14 വയസുവരെയുള്ള വിഭാഗത്തിൽ സമ്മാനദാനം നടത്തുമ്പോഴാണ് കൃഷിവകുപ്പ് ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമനെതിരെ അപ്രതീക്ഷിത പ്രതിഷേധം ഉയർന്നത്.

PROTEST AGAINST SRiram VENKITARAMAN  SRIRAM VENKITARAMAN CASE  CALICUT TRIATHLON COMPETITION  PARENT AGAINST SRIRAM VENKITARAMAN
എട്ടാമത് കാലിക്കറ്റ് ട്രയാത്ത്‌ലൺ മത്സരത്തിൻ്റെ പോസ്‌റ്റർ (Special Arrangement)

ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തിനർഹയായ പെൺകുട്ടി വേദിയിലെത്തിയപ്പോൾ ശ്രീറാം വെങ്കിട്ടരാമനിൽനിന്ന് സമ്മാനം സ്വീകരിക്കില്ലെന്ന് പിതാവ് സംഘാടകരെ അറിയിച്ചു. കൊലയാളി തൻ്റെ മകൾക്ക് സമ്മാനം നൽകേണ്ടതില്ലെന്നും മറ്റൊരാൾ നൽകിയാൽ മതിയെന്നും അദ്ദേഹം വേദിക്ക് മുന്നിൽവച്ച് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. സംഘാടകർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതേത്തുടർന്ന് വേദിയിലുണ്ടായിരുന്ന അസിസ്റ്റൻ്റ് കലക്ടർ ഗൗതം രാജ് പെൺകുട്ടിക്ക് സർട്ടിഫിക്കറ്റും മെഡലും കൈമാറി. എന്നാൽ ഗൗതം രാജ് സമ്മാനം നൽകുമ്പോൾ അദ്ദേഹത്തിൻ്റെ തൊട്ടുപിറകിലായി ഫോട്ടോയിൽ വരാൻ പാകത്തിൽ ശ്രീറാം നിലയുറപ്പിച്ചിരുന്നു. പ്രതിഷേധം കടുത്തതോടെ അദ്ദേഹത്തിന് അവിടെനിന്ന് മാറിനിൽക്കേണ്ടിവന്നു.

സംഘാടകരുടെ വിശദീകരണം
കഴിഞ്ഞ വർഷവും ഇതേ പരിപാടിയിൽ പങ്കെടുത്തതിനാലാണ് ഇത്തവണയും അദ്ദേഹത്തെ ക്ഷണിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. മത്സരം പൂർത്തിയായ ശേഷം സമ്മാനം നൽകാൻ അദ്ദേഹത്തോട് അഭ്യർഥിക്കുകയായിരുന്നുവെന്ന് കോഓർഡിനേറ്റർ അർഷാദ് ഇടിവി ഭാരതിനോട് പറഞ്ഞു. തമിഴ്‌നാട്ടിലെ മുതിർന്ന ഐ.എ.എസ് ഓഫിസറായ ഭരണികുമാർ, അസിസ്റ്റൻ്റ് കലക്ടർ ഗൗതം രാജ്, സുഹറാ സിറാജ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

PROTEST AGAINST SRiram VENKITARAMAN  SRIRAM VENKITARAMAN CASE  CALICUT TRIATHLON COMPETITION  PARENT AGAINST SRIRAM VENKITARAMAN
അസി. കലക്‌ടർ ഗൗതം രാജ് പെൺകുട്ടിക്ക് സർട്ടിഫിക്കറ്റും മെഡലും നൽകുന്നു (Special Arrangement)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം ബഷീറിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. മാധ്യമ പ്രവർത്തകൻ്റെ ദാരുണ മരണത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ പൊതുപരിപാടിക്ക് ക്ഷണിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് രക്ഷിതാവ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.
Also Read: മാണി സി. കാപ്പൻ എംഎൽഎക്ക് തടവുശിക്ഷയും പിഴയും; കണ്ണൂർ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസിൽ ഉത്തരവ്