ETV Bharat / state

കഷ്‌ടപ്പാടിൻ്റെ പടവുകൾ താണ്ടി സിവിൽ സർവീസിലേക്ക്; ആദ്യശ്രമത്തിൽ 57-ാം റാങ്കുമായി ശ്രീജ

കഷ്ടപ്പാടുകൾക്കിടയിലും നിശ്ചയദാർഢ്യത്തോടെ പഠിച്ച നരുവാമൂട് സ്വദേശിനി ജെ എസ് ശ്രീജ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ 57-ാം റാങ്ക് നേടി അഭിമാനമാകുന്നു

Thiruvananthapuram Girl Sreeja JS Shines in Civil Services Exam
ശ്രീജ മാതാപിതാക്കള്‍ക്കൊപ്പം (ETV Bharat)
author img

By ETV Bharat Kerala Team

Published : March 6, 2026 at 7:06 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: പ്രതിസന്ധികളെ വകഞ്ഞുമാറ്റി, നിശ്ചയദാർഢ്യത്തിൻ്റെ കരുത്തിൽ ജെ എസ് ശ്രീജ സിവിൽ സർവീസ് പട്ടികയിൽ ഇടംപിടിച്ചത് അഭിമാനകരമായ നേട്ടം. ആദ്യ ശ്രമത്തിൽ തന്നെ 57-ാം റാങ്ക് കരസ്ഥമാക്കിയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനിയായ ഈ മിടുക്കി നാടിന് അഭിമാനമായത്. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും നിറകണ്ണുകളോടെയാണ് ഈ സന്തോഷ വാർത്ത കേട്ടത്. ഇന്ത്യൻ ഫോറിൻ സർവീസിൽ ചേരാനാണ് ശ്രീജയുടെ ആഗ്രഹം. നിശ്ചയദാർഢ്യത്തിൻ്റെ പിൻബലത്തിൽ ശ്രീജ പൊരുതിനേടിയ വിജയത്തിൽ അഭിമാനത്തിലാണ് നരുവാമൂടും.

'ആദ്യശ്രമത്തിൽ തന്നെ എന്നെ കൊണ്ട് പറ്റുമെന്ന് അച്ഛനും അമ്മയും പറയുമായിരുന്നു. ഇന്ത്യൻ ഫോറിൻ സർവീസിൽ എത്തുമെന്ന് എപ്പോഴും അധ്യാപകരും ചർച്ചിലുള്ളവരും പറയാറുണ്ടായിരുന്നു. പേരിനൊപ്പം ഐഎഫ്എസ് കൂടി ചേര്‍ത്ത് സ്വപ്നം കാണുമായിരുന്നു. സ്റ്റഡി ഏരിയയിലും ശ്രീജ ഐഎഫ്എസ് എന്നെഴുതി വച്ചിരുന്നു. ഇത് കാണുമ്പോള്‍ മോട്ടിവേഷന്‍ കൂടിയിരുന്നു. അന്നന്നുള്ളത് പഠിച്ചിട്ടേ ഉറങ്ങാറുള്ളൂ. കഴിയാത്ത ദിവസം ആ ഭാഗങ്ങൾ വെള്ളിയാഴ്ചത്തേക്കോ ശനിയാഴ്ചത്തേക്കോ മാറ്റിവെയ്ക്കും. പഠിച്ച ഫോർച്യൂൺ അക്കാഡമിയിൽ ഞായറാഴ്ച പരീക്ഷ എഴുതാൻ പോകുന്നതിന് മുന്നേ എല്ലാം പഠിച്ചെന്ന് ഉറപ്പു വരുത്തുമായിരുന്നു. ഈ രീതി പ്രിലിംസിലും മെയിൻ പരീക്ഷയിലും ഒത്തിരി സഹായിച്ചു. ഫലം കാത്തിരിക്കുന്ന സമയം നല്ല ടെൻഷനുണ്ടായിരുന്നു. ആ സമയമെല്ലാം ഒപ്പമുണ്ടായിരുന്ന അച്ഛനും അമ്മയും ആത്മവിശ്വാസം നൽകി'- ശ്രീജ പറഞ്ഞു.

കൂലിപ്പണിക്കാരനായ അച്ഛൻ്റെയും അമ്മയുടെയും കഷ്ടപ്പാടുകൾ കണ്ടു വളർന്ന ശ്രീജ, പഠനത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. മകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ചിട്ടി പിടിച്ചും വായ്പയെടുത്തും അവർ പണം കണ്ടെത്തി. ചെലവുകൾ ചുരുക്കാൻ സൈക്കിളിലായിരുന്നു യാത്രകൾ. അത്രയ്ക്ക് കഷ്ടപ്പെട്ട് സ്വരൂപിച്ച പണമെല്ലാം പഠനത്തിനായി മാറ്റിവച്ചു. മകളുടെ അധ്വാനത്തിൻ്റെ ഫലം ദൈവം കൊടുത്തതെന്ന് അമ്മ പറഞ്ഞു. വീടുപണി പോലും പൂർത്തിയാകാത്ത അവസ്ഥയിലും മകളുടെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകിയ മാതാപിതാക്കളുടെ ആത്മവിശ്വാസമാണ് ഈ വിജയത്തിൻ്റെ അടിത്തറ.

തിരുവനന്തപുരത്തെ സ്‌കൂൾ പഠനത്തിനുശേഷം ഉപരിപഠനം ചെന്നൈയിലായിരുന്നു. മദ്രാസ് ക്രിസ്റ്റ്യൻ കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശ്രീജ, 2024-ലാണ് സിവിൽ സർവീസ് കോച്ചിങ് ആരംഭിച്ചത്. കൃത്യമായ പ്ലാനിങ്ങോടു കൂടി ഓരോ ദിവസവും നിശ്ചയിച്ച പാഠഭാഗങ്ങൾ പഠിച്ചുതീർത്തുകൊണ്ടുള്ള കഠിനാധ്വാനമാണ് ഈ വിജയത്തിലേക്ക് നയിച്ചതെന്ന് ശ്രീജ പറയുന്നു.

പരീക്ഷയിൽ നല്ല വിജയം പ്രതീക്ഷിച്ചിരുന്നു. ശ്രീജയും മാതാപിതാക്കളും റാങ്ക് നേട്ടത്തിൽ അഭിമാനത്തിൻ്റെ കൊടുമുടിയിലാണ്. പലവിധ പരിമിതികൾക്കിടയിലും തളരാതെ പൊരുതിയ ശ്രീജയുടെ വിജയം, സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒട്ടനവധി വിദ്യാർത്ഥികൾക്ക് വലിയൊരു പ്രചോദനമാണ്.

Also Read: മൂന്നു തവണയും പ്രിലിംസില്‍ തന്നെ പുറത്ത്; നാലാം അവസരത്തില്‍ ഐഎഎസ് കരസ്ഥമാക്കി സിദ്ധാര്‍ഥ്