ETV Bharat / state

കോടികൾ ചെലവഴിച്ച ടെലി ഹെൽത്ത് യൂണിറ്റുകൾ പ്രവർത്തനരഹിതം; പുനരാരംഭിക്കണമെന്ന് ആവശ്യം

സാധാരണക്കാർക്കും ആദിവാസി മേഖലയിലെ രോഗികൾക്കും വിദഗ്‌ധ ചികിത്സ വീട്ടിൽ എത്തിച്ചിരുന്ന യൂണിറ്റുകള്‍ ആകെ ഒൻപതിനായിരം കിലോമീറ്റർ മാത്രമാണ് ഓടിയത്.

TELE HEALTH UNIT WAYANAD  SREE CHITRA TIRUNAL MEDICAL CENTER  TELE HEALTH UNITS VEHICLES RUINED  TELE HEALTH UNIT SERVICES KERALA
പ്രവർത്തനരഹിതമായതിനെത്തുടർന്ന് നശിച്ചുകൊണ്ടിരിക്കുന്ന ടെലി ഹെൽത്ത് യൂണിറ്റ് (ETV Bharat)
author img

By ETV Bharat Kerala Team

Published : July 4, 2026 at 10:01 AM IST

2 Min Read
Choose ETV Bharat

വയനാട്: ജില്ലയിലെ സാധാരണക്കാർക്കും ആദിവാസി മേഖലയിലെ രോഗികൾക്കും വിദഗ്‌ധ ചികിത്സ വീടിനടുത്തെത്തിച്ചിരുന്ന ശ്രീചിത്തിര ടെലി ഹെൽത്ത് യൂണിറ്റുകൾ പ്രവർത്തനരഹിതം. കോടികൾ ചെലവഴിച്ച് ഒരുക്കിയ അത്യാധുനിക വാഹനങ്ങളും ഉപകരണങ്ങളും സംരക്ഷണമില്ലാതെ കിടന്ന് നശിക്കുകയാണ് ദിനംപ്രതി.

കേന്ദ്ര സർക്കാരിൻ്റെ 'സേതു' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിലാണ് വയനാട്ടിൽ രണ്ട് മൊബൈൽ ടെലി ഹെൽത്ത് യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചത്. ജില്ലയിലെ വിവിധ പിഎച്ച്‌സികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമെത്തി രോഗികൾക്ക് വിദഗ്‌ധ ഡോക്‌ടർമാരുടെ ഓൺലൈൻ സേവനം ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

കോടികൾ ചെലവഴിച്ച ടെലി ഹെൽത്ത് യൂണിറ്റുകൾ പ്രവർത്തനരഹിതം (ETV Bharat)

ആദിവാസി മേഖലയിലെ രോഗികൾക്ക് ആശ്വാസമേകി

അത്യാധുനിക സംവിധാനങ്ങളോടെയുള്ള ബസുകളിൽ ഇസിജി ഉൾപ്പെടെയുള്ള പരിശോധനാ സൗകര്യങ്ങളും ടെലിമെഡിസിൻ സംവിധാനവും ഒരുക്കിയിരുന്നു. നഴ്‌സുമാർ, സോഷ്യൽ വർക്കർമാർ, ഡ്രൈവർമാർ എന്നിവരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിച്ച ശേഷം ശ്രീ ചിത്തിരയിലെയും മറ്റ് മെഡിക്കൽ കോളജുകളിലെയും വിദഗ്‌ധ ഡോക്‌ടർമാരുമായി ഓൺലൈനായി ബന്ധിപ്പിച്ച് ചികിത്സ ഉറപ്പാക്കിയിരുന്നു. അകലെയുള്ള ഗ്രാമങ്ങളിലെയും ആദിവാസി മേഖലയിലെയും നിരവധി രോഗികൾക്ക് ഈ സേവനം വലിയ ആശ്വാസമായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2018 ൽ ആരംഭിച്ച പദ്ധതി 2024 ൽ നിലച്ചു. അതിനുശേഷം ടെലി ഹെൽത്ത് യൂണിറ്റുകൾ വീണ്ടും റോഡിലിറങ്ങിയിട്ടില്ല. 'പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ ഹെൽത്ത് യൂണിറ്റ് ഇവിടെ പ്രവർത്തിച്ചിരുന്നു. പക്ഷേ പ്രവർത്തനം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇത് പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഗോത്ര വിഭാഗങ്ങൾക്കും സാധാരണം ജനങ്ങൾക്കും ഒരുപാട് ഉപകാരപ്രദമായിരുന്ന ഒരു യൂണിറ്റായിരുന്നു ഇത്. ഈ യൂണിറ്റ് പുനരാരംഭിക്കുന്നതിനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നാണ് സർക്കാരിനോട് ആവശ്യപ്പെടാനുള്ളത്', എന്ന് പൊതുപ്രവർത്തകൻ ഫൈസൽ പി എച്ച് പറഞ്ഞു.

സർവിസ് നടത്തിയിട്ടുള്ളത് ഒൻപതിനായിരം കിലോമീറ്റർ മാത്രം

രണ്ടരക്കോടിയിലധികം രൂപ ചെലവഴിച്ച് ഒരുക്കിയ രണ്ട് യൂണിറ്റുകളും ആകെ ഒൻപതിനായിരം കിലോമീറ്റർ മാത്രമാണ് സർവിസ് നടത്തിയത്. നിലവിൽ ഒരു വാഹനം കൽപ്പറ്റ പഴയ ജനറൽ ആശുപത്രി പരിസരത്തും മറ്റൊന്ന് നല്ലൂർനാട് ആശുപത്രി പരിസരത്തും ഉപകരണങ്ങളോടൊപ്പം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

പദ്ധതിയുടെ സാങ്കേതിക പിന്തുണ കേന്ദ്ര സർക്കാർ സ്ഥാപനമായ സി-ഡാക്ക് നൽകിയിരുന്നു. എന്നാൽ പദ്ധതി അവസാനിച്ചതോടെ താത്‌കാലിക ജീവനക്കാരെ ഘട്ടംഘട്ടമായി ഒഴിവാക്കി. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെയോ കേന്ദ്ര സർക്കാരിൻ്റെയോ ഭാഗത്തുനിന്ന് യൂണിറ്റുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ നടപടികളൊന്നും ഉണ്ടായിട്ടില്ല. കോടികൾ ചെലവഴിച്ച പൊതുമുതൽ സംരക്ഷിക്കപ്പെടാതെയും, ജനങ്ങൾക്ക് പ്രയോജനപ്പെട്ടിരുന്ന ആരോഗ്യസേവനം നഷ്‌ടപ്പെട്ടും കിടക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

Also Read: 'വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് കോടികളുടെ തട്ടിപ്പ്'; പണം തിരികെ ചോദിച്ചവർക്കെതിരെ കേസ്