ETV Bharat / state

സ്‌പാർക്ക് ഡാറ്റ വിവാദം: ഡിഎ കുടിശിക അനുവദിച്ചതും എച്ച്ആർഎ പുനഃസ്ഥാപിച്ചതും സന്ദേശത്തിലൂടെ അറിയിച്ചതാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

സംസ്ഥാനത്ത് നിലവിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതു കൊണ്ട് തന്നെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ല.ജീവനക്കാരുടെ വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ലനെന്നും സർക്കാർ കോടതിയിൽ.

ഹൈക്കോടതി  സ്‌പാർക്ക് ഡാറ്റ  ജീവനക്കാരുടെ വിവങ്ങള്‍  സർക്കാർ ഹൈക്കോടതിയിൽ
Kerala High Court - File (ETV Bharat)
author img

By ETV Bharat Kerala Team

Published : February 27, 2026 at 3:00 PM IST

2 Min Read
Choose ETV Bharat

എറണാകുളം: സ്‌പാർക്ക് ഡാറ്റ വിവാദത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫിസ് സ്‌പാർക്ക് ഡേറ്റാ ചോർത്തിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് അയച്ച സന്ദേശം രാഷ്ട്രീയ സ്വഭാവമുള്ളതല്ലെന്നും മുഖ്യമന്ത്രിയുടെ സന്ദേശം ഭരണ നിർവഹണത്തിൻ്റെ ഭാഗമെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

മുഖ്യമന്ത്രിയുടെ സന്ദേശം ജീവനക്കാർക്ക് വന്നതിൽ അസ്വാഭാവികതയില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വാദം. മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോർത്തിയിട്ടില്ല. യാതൊരു ഡാറ്റയും സൂക്ഷിക്കാറില്ലെന്നും മറുപടി സത്യവാങ്മൂലത്തിൽ സർക്കാർ കോടതിയിൽ വ്യക്തമാക്കി. കൂടാതെ ഡിഎ കുടിശിക അനുവദിച്ചതും എച്ച്ആർഎ പുനഃസ്ഥാപിച്ചതും മുഖ്യമന്ത്രി സന്ദേശത്തിലൂടെ ജീവനക്കാരെ അറിയിച്ചതാണെന്നും സർക്കാർ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സന്ദേശത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പരാമർശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്‌തിട്ടില്ല. സംസ്ഥാനത്ത് നിലവിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതു കൊണ്ട് തന്നെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ല.
ജീവനക്കാരുടെ വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ലനെന്നും വ്യക്തമാക്കി.

കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേനയാണ് സന്ദേശങ്ങൾ അയച്ചത്. സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തിക്കാനായി കെഎസ്ഐടിഎം ഒരുക്കിയ വാട്‌സ്‌ആപ്പ് പ്ലാറ്റ്ഫോമാണ് ഇതിനായി ഉപയോഗിച്ചതെന്നും സത്യവാങ്മൂലത്തിലൂടെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്‌പാർക്ക് ഡേറ്റ ചോർന്നതിൽ സർക്കാർ ജീവനക്കാർ നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അതേ സമയം മുഖ്യമന്ത്രിയുടെ സന്ദേശം ജീവനക്കാർക്ക് അയയ്ക്കരുതെന്ന ഹൈക്കോടതിയുടെ വിലക്ക് തിങ്കളാഴ്ച്ച വരെ തുടരും.

വിവാദങ്ങളുടെ തുടക്കം

ഡിഎ 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെ സർക്കാർ ജീവനക്കാരുടെ വാട്‌സ്‌ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം വന്നതിനെച്ചൊല്ലിയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ജീവനക്കാരുടെ സ്വകാര്യ ഫോൺനമ്പറുകളിലേക്ക് ഗ്രൂപ്പായി സന്ദേശമയച്ചതിലൂടെ ശമ്പള സോഫ്റ്റ്‌വേറായ സ്‌പാർക്കിൽനിന്നുള്ള ഡാറ്റാ ചോർത്തിയെന്നും ജീവനക്കാരുടെ സ്വകാര്യത ലംഘിച്ചെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപണമുന്നയിക്കുകയായിരുന്നു.

ജീവനക്കാരുടെ പേരുപറഞ്ഞ് അഭിസംബോധന ചെയ്‌തു. ബജറ്റിൽ പ്രഖ്യാപിച്ച വാഗ്‌ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും വനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ ഈ സർക്കാർ എന്നും ഒപ്പമുണ്ട് എന്നും പറയുന്നതടക്കമുള്ള സന്ദേശമാണ് പ്രചരിച്ചത്.

എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ജീവനക്കാരുടെ ഈ വിവരങ്ങൾ എങ്ങനെ കിട്ടിയെന്നാണ് പ്രതിപക്ഷ സംഘടനകളുന്നയിച്ച ചോദ്യം. ഇതോടെയാണ് വിവാദം കോടതിയിലെത്തിയത്. ഇക്കാര്യത്തിലാണ് സർക്കാർ വിശദീകരണം നൽകിയിരിക്കുന്നത്.

നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് പ്രഥമദൃഷ്ട്യാ ഇത് സ്വകാര്യതയിലേക്കുള്ള ഗുരുതര കടന്നു കയറ്റമാണെന്ന് നിരീക്ഷിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ സമാന സ്വഭാവത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കരുതെന്നും കോടതി കർശന നിർദേശം നൽകിയിരുന്നു.

Also Read: ആരോഗ്യമന്ത്രിയുടെ ഡിസ്‌ചാര്‍ജ്; 'യാത്ര പാടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍, യോഗം ചേര്‍ന്ന് തീരുമാനം മാറ്റി'; പരിഹസിച്ച് പ്രതിപക്ഷം