ഉളിയുടെ താളത്തിൽ കരിയർ മാറ്റിമറിച്ച 22-കാരി; മരപ്പണിയിൽ വിസ്മയം തീർത്ത് സ്നേഹ, പൊതുബോധങ്ങൾക്ക് ചുറ്റിക കൊണ്ട് മറുപടി
സ്നേഹയുടെ വീട്ടിൽ എത്തുന്നതിനു മുന്നേ തന്നെ മരപ്പണിയുടെ ശബ്ദം കേൾക്കാം. വീടിൻ്റെ ഒരു മൂലയിൽ മരത്തടികള്‍ക്ക് ഇടയിൽ ശ്രദ്ധയോടെ ജോലി ചെയ്യുന്ന സ്നേഹയെയും

Published : July 9, 2026 at 5:59 PM IST
സന്ദീപ് ബാലകൃഷ്ണൻ
കാസർകോട്: മരത്തിൻ്റെ മണം, ഉളിയുടെ താളം, കൃത്യമായ കണക്കുകൾ... പലരും പുരുഷന്മാരുടെ മേഖലയായി കാണുന്ന മരപ്പണിയിൽ സ്വന്തം കൈയൊപ്പ് പതിപ്പിക്കുകയാണ് കാസർകോട്ടുകാരിയായ 22-കാരി സ്നേഹ. കുട്ടിക്കാലത്തെ കൗതുകമായി തുടങ്ങിയ യാത്ര ഇന്ന് അച്ഛൻ്റെ പാത പിന്തുടർന്ന് ശ്രദ്ധേയമായൊരു കരകൗശല ജീവിതമായി മാറിയിരിക്കുന്നു. സംസ്ഥാന ഹൈസ്കൂൾ ശാസ്ത്രമേളയിൽ മരപ്പണിയിൽ മത്സരിച്ച ഏക പെൺകുട്ടിയായിരുന്ന സ്നേഹ വർഷങ്ങൾക്കിപ്പുറം അതേ മേഖലയെ തൻ്റെ ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. ഡിഗ്രിയും സൈബർ സെക്യൂരിറ്റി ഡിപ്ലോമയും കൈയിലുണ്ടെങ്കിലും, അച്ഛൻ്റെ പാത പിന്തുടർന്ന് രാമായണമാസത്തിൽ ബുക്ക് സ്റ്റാൻഡുകൾ നിർമിക്കുന്ന തിരക്കിലാണ് സ്നേഹ.
അച്ഛൻ്റെ പാത പിന്തുടർന്ന് മകളും
സ്നേഹയുടെ വീട്ടിൽ എത്തുന്നതിനു മുന്നേ തന്നെ മരപ്പണിയുടെ ശബ്ദം കേൾക്കാം. വീടിൻ്റെ ഒരു മൂലയിൽ മരത്തടികള്‍ക്ക് ഇടയിൽ ശ്രദ്ധയോടെ ജോലി ചെയ്യുന്ന സ്നേഹയെയും.
കഴിഞ്ഞ 30 വർഷമായി മരപ്പണി മേഖലയിലുള്ള ശശിധരനാണ് സ്നേഹയുടെ അച്ഛനും ഗുരുവും. അച്ഛൻ മരപ്പണിയെടുക്കുന്നത് കണ്ടാണ് സ്നേഹ വളർന്നത്. ചെറിയ പ്രായത്തിൽ മരക്കഷ്ണങ്ങൾ എടുത്തു കൊടുക്കാൻ ഒപ്പം കൂടിയ സ്നേഹ, പതുക്കെ ഉളിയും ചുറ്റികയും കൈയിലെടുക്കുകയായിരുന്നു. മകളുടെ താല്‍പര്യം കണ്ട അച്ഛൻ അവളെ തടഞ്ഞില്ല, പകരം പൂർണ പിന്തുണയോടെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ മരപ്പണിയിൽ ശാസ്ത്രോത്സവം വരെ എത്തി സമ്മനങ്ങൾ നേടി.

"മരപ്പണിയൊക്കെ ആണുങ്ങളുടെ ജോലിയാണെന്ന് പലരും പറയാറുണ്ടായിരുന്നു. പക്ഷേ എനിക്കിഷ്ടം ഇതാണ്. അച്ഛനും അമ്മയും ഇതുവരെ എന്നെ വിലക്കിയിട്ടില്ല. അതാണ് എൻ്റെ ഏറ്റവും വലിയ സന്തോഷവും ധൈര്യവും," സ്നേഹ ആത്മവിശ്വാസത്തോടെ പറയുന്നു.

പിഴയ്ക്കാത്ത കണക്കുകൾ, ശാസ്ത്രമേളയിലെ പെൺകരുത്ത്
ആറാം ക്ലാസ്സ് മുതൽ സ്കൂൾ ശാസ്ത്രമേളകളിൽ മരപ്പണിയിൽ മത്സരിച്ച ഏക പെൺകുട്ടിയായിരുന്നു സ്നേഹ. സംസ്ഥാന ഹൈസ്കൂൾ ശാസ്ത്രമേളയിൽ വരെ പങ്കെടുത്ത് ഈ മിടുക്കി സമ്മാനങ്ങൾ വാരിക്കൂട്ടി. കോവിഡ് സമയത്ത് താൻ പഠിച്ച സ്കൂളും വീടും എല്ലാം മരത്തിൽ ചെറുരൂപങ്ങളായി നിർമിച്ച് സ്നേഹ വിസ്മയം തീർത്തിരുന്നു. പ്ലസ് ടു പഠിക്കുന്ന സമയത്ത് മരപ്പണിക്ക് ഇടവേള നൽകിയെങ്കിലും ബിരുദവും സൈബർ സെക്യൂരിറ്റിയിൽ ഡിപ്ലോമയും നേടി വീണ്ടും മരപ്പണി തുടരുന്നു.

മരപ്പണിയിൽ എല്ലാം കണക്കാണെന്നും, ഒരു ചെറിയ കണക്ക് പിഴച്ചാൽ പോലും ഫർണിച്ചറുകളുടെ ആകൃതി നഷ്ടപ്പെടുമെന്നും സ്നേഹ വ്യക്തമാക്കുന്നു. ജോലിയിൽ എന്തെങ്കിലും സംശയം തോന്നിയാൽ എന്തിനും ഏതിനും കൂടെ നിൽക്കാൻ അച്ഛൻ ശശിധരൻ ഒപ്പമുണ്ട്.
പഠിച്ച സൈബർ സെക്യൂരിറ്റി മേഖലയിൽ ജോലി ലഭിച്ചാലും തൻ്റെ പ്രാണനായ മരപ്പണി ഉപേക്ഷിക്കില്ലെന്നാണ് സ്നേഹയുടെ ഉറച്ച തീരുമാനം. 'പെണ്ണുങ്ങൾ ചെയ്താൽ ശരിയാവില്ല' എന്ന് കരുതുന്ന പല പൊതുബോധങ്ങൾക്കും കയ്യിലെ ഉളിയും ചുറ്റികയും കൊണ്ട് മറുപടി നൽകുകയാണ് സ്നേഹ. അച്ഛന്റെ തണലിൽ, തടിയുടെ സുഗന്ധമുള്ള ഈ ലോകത്ത് ഇനിയും ഒട്ടനവധി അത്ഭുതങ്ങൾ തീർക്കാനുള്ള ഒരുക്കത്തിലാണ് കാസർകോടിൻ്റെ ഈ സ്വന്തം മിടുക്കി.

