ETV Bharat / state

കണ്ണൂർ റെയിൽവേ സ്റ്റേഷൻ ആക്രമണക്കേസ്; മുൻ മന്ത്രി വീണാ ജോർജിൻ്റെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം

കേസിൽ വ്യാജ വകുപ്പുകൾ ചുമത്തി ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് രണ്ടാഴചയിലൊരിക്കൽ റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന കർശന നിർദ്ദേശം

gunman statement probe  KAP IV Commandant U Preman SIT  KSU attack case  Kannur railway station case
മുൻ മന്ത്രി വീണാ ജോർജ് (ETV Bharat)
author img

By ETV Bharat Kerala Team

Published : September 1, 2026 at 4:05 PM IST

2 Min Read
Choose ETV Bharat

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെ എസ് യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിലെ തുടരന്വേഷണത്തിൻ്റെ ഭാഗമായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെയും സംഭവദിവസം കൂടെയുണ്ടായിരുന്ന ഗൺമാൻ്റെയും മൊഴി വിശദമായി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. 2026 ഫെബ്രുവരി 25 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിലെത്തിയ മുൻ മന്ത്രിക്ക് നേരെ കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുകയായിരുന്നു.

എന്നാൽ, പ്രതിഷേധത്തിനിടയിൽ തന്നെ വധിക്കാൻ ശ്രമിച്ചെന്നും മാരകായുധങ്ങൾ ഉപയോഗിച്ച് കഴുത്തിൽ പിടിച്ച് പരിക്കേൽപ്പിച്ചെന്നും ആരോപിച്ചാണ് വീണാ ജോർജ് പൊലീസിന് മൊഴി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് അന്ന് കേസെടുക്കുകയായിരുന്നു. എന്നാൽ പിന്നീട് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തുനിന്ന് ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും വധശ്രമ വകുപ്പുകൾ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വഴിത്തിരിവായ കെ എസ് യു വിൻ്റെ പരാതിയും എസ്‌ ഐ ടി അന്വേഷണവും

ഇത് പൂർണ്ണമായും തട്ടിക്കൂട്ടിയ വ്യാജ കേസാണെന്നും, പൊലീസിനെ മുന്നിൽ നിർത്തി നടന്ന ഉന്നത ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് വിപുലമായ പുനരന്വേഷണം പ്രഖ്യാപിച്ചത്. കേസിൽ വ്യാജ വകുപ്പുകൾ കൂട്ടിച്ചേർത്തത് ആരാണെന്നും അതിന് പിന്നിലെ ബാഹ്യ ഇടപെടലുകൾ എന്തൊക്കെയാണെന്നും കണ്ടെത്താൻ കെ എ പി നാലാം ബറ്റാലിയൻ കമാൻഡൻ്റ് യു. പ്രേമൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ (SIT) സംസ്ഥാന പൊലീസ് മേധാവി ചുമതലപ്പെടുത്തി.

കണ്ണൂർ സിറ്റി എ സി പി എ പി അസദ് കൂടി ഉൾപ്പെടുന്ന സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ വീണ്ടും ശാസ്ത്രീയമായി പരിശോധിച്ച് വരികയാണ്. പ്രാഥമിക അന്വേഷണത്തിൽ മനഃപൂർവ്വം വീഴ്‌ച വരുത്തുകയും നിസാരമായ സംഭവത്തിൽ വ്യാജ തെളിവുണ്ടാക്കി വധശ്രമ വകുപ്പുകൾ തുന്നിച്ചേർക്കുകയും ചെയ്‌തത് പൊലീസുകാരാണെന്ന് വ്യക്തമായാൽ അവർക്കെതിരെ കടുത്ത വകുപ്പുതല നടപടിയും ക്രിമിനൽ കേസും ഉണ്ടാകും. മുൻപ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെയും അന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെയും എസ്‌ ഐ ടി ഉടൻ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തും.

Also Read: ഹൃദ്രോഗ ചികിത്സയിൽ പുതിയ നാഴികക്കല്ലിട്ട് ശ്രീചിത്ര; 'ചിത്ര കോർ' കൊറോണറി സ്റ്റെൻ്റ് പുറത്തിറക്കി