കാന്തപുരത്തെ ന്യായീകരിച്ച് ‘സിറാജ്’; മുസ്‌ലിം സ്‌ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ലേഖനം, സിപിഎം നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം
കാന്തപുരത്തിൻ്റെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സമസ്‌ത മുഖപത്രം. റഹ്മത്തുല്ല സാഖാഫി എളമരം എഴുതിയ "ഇതാണോ ഇവരൊക്കെ സ്വപ്നം കാണുന്ന പുതിയ നൂറ്റാണ്ട്?" എന്ന ലേഖനത്തിലാണ് കാന്തപുരത്തെ പിന്തുണച്ചത്....

Published : August 31, 2026 at 9:07 AM IST
കോഴിക്കോട്: ഇസ്‌ലാമിക ആഘോഷങ്ങളിലും പൊതുവേദികളിലും സ്ത്രീകളുടെ പങ്കാളിത്തത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (കാന്തപുരം വിഭാഗം) നേതാവ് അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ പരാമര്‍ശത്തില്‍ കേരളത്തിൽ വിവാദം പുകയുമ്പോൾ, കാന്തപുരത്തെയും പണ്ഡിതസഭയെയും ശക്തമായി ന്യായീകരിച്ച് സംഘടനയുടെ മുഖപത്രമായ ‘സിറാജ്’.
പത്രത്തിൻ്റെ മാധ്യമം/സമൂഹം പേജിൽ റഹ്മത്തുല്ല സാഖാഫി എളമരം എഴുതിയ "ഇതാണോ ഇവരൊക്കെ സ്വപ്നം കാണുന്ന പുതിയ നൂറ്റാണ്ട്?" എന്ന ലേഖനത്തിലൂടെയാണ് വിമർശനം. സമസ്ത ഒരുകാലത്തും പുതിയ നിയമങ്ങളോ പുതിയ മതമോ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ലേഖനം വ്യക്തമാക്കുന്നു. നൂറ്റാണ്ടുകളായി പണ്ഡിതസഭകൾ നിർവഹിച്ചുവരുന്ന ബോധവൽക്കരണത്തിൻ്റെ ഭാഗം മാത്രമാണിത്. ഭൗതിക സംഘടനകൾക്കുള്ളിൽ ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന മൂല്യബോധം നിലനിർത്താൻ അണികൾക്ക് നിർദ്ദേശം നൽകാൻ പണ്ഡിതന്മാർക്ക് പൂർണ്ണ അവകാശമുണ്ടെന്നും അതിൽ മറ്റുള്ളവർ അസഹിഷ്ണുത പ്രകടിപ്പിക്കേണ്ടതില്ലെന്നും മുഖപത്രം വാദിക്കുന്നു.
ഇതാണോ ഇവരൊക്കെ സ്വപ്നം കാണുന്ന പുതിയ നൂറ്റാണ്ട്? എന്ന തലക്കെട്ടില്‍ തുടങ്ങുന്ന ലേഖനത്തില്‍ പറയുന്നതിങ്ങനെ...
"ഇസ്‌ലാമിക ആഘോഷങ്ങൾക്കപ്പുറം അതിരുവിട്ട ചില താത്പര്യങ്ങളുണ്ട്. യുവതീ യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിൻ്റെ എതിരാണ്. ഈയിടെ ചിലയിടങ്ങളിൽ ദഫ് പ്രദർശനം, സ്കൗട്ട്, ഫ്ലവര്‍ ഷോ തുടങ്ങിയ പരിപാടികളുടെ മറവിൽ ചില പെൺകുട്ടികളെ രംഗത്തിറക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് പണ്ഡിതന്മാർ പ്രത്യേക പ്രസ്താവന ഇറക്കിയത്. ഇത് തികച്ചും മുസ്‌ലിം സമുദായത്തോട് അവരുടെ സംസ്കാരം കാത്തുസൂക്ഷിക്കാൻ നൽകിയ ഒരു നിർദേശം മാത്രമാണ്. അതിൽ ചിലർ അസഹിഷ്ണുത കൊള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല," ലേഖനത്തില്‍ പറയുന്നു.
കഴിഞ്ഞ മാസം 27-ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇസ്‌ലാം മത വിശ്വാസികൾക്കായി പുറപ്പെടുവിച്ച സർക്കുലറിൽ മതപരമായ ആഘോഷങ്ങളിൽ ചില ജാഗ്രതകൾ ആവശ്യമാണെന്ന് അണികളെ ഓർമ്മിപ്പിച്ചിരുന്നു. അതിൽ അന്യസംസ്കാരങ്ങളുമായുള്ള സങ്കരങ്ങൾ കുടിയേറുന്നതും പൊതുസ്ഥലങ്ങളിൽ യുവതി യുവാക്കൾ ഇടകലർന്നുള്ള പ്രകടനങ്ങളും ആഘോഷ പരിപാടികളിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രത്യേകം പരാമർശിച്ചിരുന്നു.

ഭൗതിക സംഘടനകൾക്കുള്ളിൽ ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന മൂല്യബോധത്തിൻ്റെ ഭാഗമാണ് പണ്ഡിത സഭയുടെ നിർദേശം. മത വിശ്വാസികളായ അണികൾക്ക് നിർദേശം നൽകാൻ വിശ്വാസികളായ ഒരു സഭയ്ക്ക് അവകാശമുണ്ട്. ഇതൊരു പുതിയ നിയമമോ പ്രവാചകനെയോ പുതിയ മതത്തെയോ പരീക്ഷിക്കുന്ന ഒന്നല്ല. നൂറ്റാണ്ടുകളായി പണ്ഡിതസഭകൾ നിർവഹിച്ചുവരുന്ന ബോധവൽക്കരണത്തിൻ്റെ അംശം മാത്രമാണിത്.
മതത്തിൻ്റെ പണ്ഡിതന്മാർ ഇത്തരം ആചാരങ്ങളോട് പ്രതികരിക്കുന്നത് അത് സ്വന്തം താല്പര്യങ്ങളുടെ അടിസ്ഥാനത്തിലല്ല. അനാചാരങ്ങൾ കാണുമ്പോൾ അതിനെ തിരുത്താനും താക്കീത് ചെയ്യാനും പണ്ഡിതന്മാർക്ക് അവകാശമുണ്ടെന്നും റഹ്മത്തുല്ല സാഖാഫി എളമരം ലേഖനത്തില്‍ വ്യക്തമാക്കുന്നു.
മതപരമോ പ്രസ്ഥാനപരമോ ആയ ഏത് ജനകീയ കൂട്ടായ്മയുടെയും അന്തസ്സത്ത അതിൻ്റെ ആന്തരികമായ അച്ചടക്കവും ആചാര നിഷ്ഠയുമാണ്. നൂറ്റാണ്ടുകളായി പണ്ഡിതന്മാരും ആശയപ്രചാരകരും നിർവഹിച്ചുപോരുന്ന ബോധവൽക്കരണങ്ങൾ അത് സമൂഹത്തിൻ്റെ ഘടനാപരമായ നിലനിൽപ്പിനെയും കെട്ടുറപ്പിനെയും നിർണയിക്കുന്ന അനിവാര്യമായ നിബന്ധനകളാണ്. ഏതൊരു പ്രസ്ഥാനത്തിൻ്റെയും ആദർശപരമായ അടിത്തറ രൂപപ്പെടുത്തുന്നത് അതിൻ്റെ അനുയായികൾ പിന്തുടരുന്ന സവിശേഷമായ പ്രവർത്തനശൈലിയിലൂടെയാണ്. ഈ പ്രവർത്തനശൈലിയെ സ്വയം വിലയിരുത്താനും ആവശ്യതെങ്കിൽ കാലാനുസൃതമായി തിരുത്താനും പുതുക്കിപ്പണിയാനുമുള്ള പരമാധികാരം ആ പ്രസ്ഥാനത്തിൻ്റെ നേതാക്കൾക്കും അണികൾക്കും മാത്രമുള്ള ആന്തരിക സ്വാതന്ത്ര്യമാണ്. ആശയപരമായ വൈവിധ്യങ്ങളാണ് വ്യത്യസ്ത പാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും രൂപവൽക്കരണത്തിന് ഹേതുവായത് എന്ന ലളിതമായ ജനാധിപത്യ തത്വം മറന്നുകൊണ്ട്, പുറത്തുനിന്നുള്ളവർ ഇതിൽ നടത്തുന്ന ഇടപെടലുകൾ അഭിപ്രായ - ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള അനാദരവാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യമെന്നത് ഒരു ആശയത്തെ അതിൻ്റെ എല്ലാ തനിമയോടും കൂടി നിലനിൽക്കാൻ അനുവദിക്കലാണ്, അല്ലാതെ അതിനെ തങ്ങളുടെ ഇഷ്ടാനുസരണം തല്ലിയൊതുക്കലല്ല. മാറ്റങ്ങളും പുരോഗമനങ്ങളും അക്ഷരങ്ങളിലോ പുറംപൂച്ചുകളിലോ അല്ല, മറിച്ച് ഒരു സമൂഹത്തിൻ്റെ ആന്തരികമായ ജീവിത സംസ്കാരത്തിലാണ് വികസിക്കേണ്ടത്. സ്വന്തം പ്രസ്ഥാനത്തിൻ്റെ അച്ചടക്കത്തെയും തനിമയെയും സംരക്ഷിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റം പുരോഗമനമല്ല, മറിച്ച് ജനാധിപത്യത്തെ കുറിച്ചുള്ള വിവരക്കേടും സ്വേച്ഛാധിപത്യവുമാണ്.
"സ്ത്രീകളെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. പെൺകുഞ്ഞ് ജനിച്ചാൽ ജീവനോടെ കുഴിച്ചുമൂടിയിരുന്ന കാലഘട്ടത്തിൽ അവർക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്തത് ഇസ്‌ലാമാണ്. പ്രവാചകൻ പറഞ്ഞു, ആർക്കെങ്കിലും ഒരു പെൺകുഞ്ഞ് ജനിക്കുകയും അവളെ കുഴിച്ചുമൂടുകയോ നിസ്സാരപ്പെടുത്തുകയോ ചെയ്യാതെ, ആൺകുട്ടിക്ക് തുല്യമായി പരിഗണന നൽകുകയും സംരക്ഷിച്ചാൽ അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കും. (അഹ്മദ്). സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടിരുന്ന സ്വത്തവകാശം നേടിക്കൊടുത്തതും ഇസ്‌ലാം തന്നെയാണ്. യൂറോപ്പിലും ഇന്ത്യയിലും മറ്റുമത നിയമങ്ങളിലുമെല്ലാം സ്ത്രീകൾക്ക് എന്ന് മുതലാണ് സ്വത്തവകാശം നൽകാൻ തുടങ്ങിയത് എന്ന ചരിത്രം പരിശോധിച്ചാൽ ഇത് മനസ്സിലാക്കാനാകും" ലേഖനത്തില്‍ പറയുന്നു.
സ്ത്രീചൂഷണത്തിൻ്റെ ഏറ്റവും നികൃഷ്ട രീതികൾ നിലനിന്ന നാടായിരുന്നു കേരളം. മാറു മറയ്ക്കാൻ പോലും മഹാ ഭൂരിപക്ഷം സ്ത്രീകൾക്കും അവകാശം നിഷേധിക്കപ്പെടുകയും മുലക്കരം എന്ന പേരിൽ നികുതി പിരിക്കുകയും ചെയ്തിരുന്ന നാടായിരുന്നു ഇത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ആറ്റിങ്ങൽ രാജ്ഞി ഒരു ഈഴവ സ്ത്രീയുടെ സ്തനമരിയാൻ ഉത്തരവിട്ടത് മാറു മറച്ചതിൻ്റെ പേരിലായിരുന്നു. അതിനെതിരെ ഈഴവർ നടത്തിയ സമരത്തെയാണ് ചേലാ കലാപം എന്നറിയപ്പെടുന്നത്. നായർ സമുദായത്തിലെ സ്ത്രീകളുമായി നമ്പൂതിരിമാർ നടത്തിപ്പോന്നിരുന്ന ‘സംബന്ധം’ സ്ത്രീ ചൂഷണമാണെന്ന് തിരിച്ചറിഞ്ഞിട്ട് ഏറെ കാലമായിട്ടില്ല.
ഓരോ മതങ്ങൾക്കും സംസ്കാരങ്ങൾക്കും മറ്റു വിഷയങ്ങളിലെന്ന പോലെ സ്ത്രീകളുടെ കാര്യത്തിലും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. ആണും പെണ്ണും പ്രകൃതിപരമായി പരസ്പരം ആകർഷിക്കപ്പെടുന്നവരാണ്. ഇത് മനുഷ്യരിൽ മാത്രമുള്ളതല്ല. ലൈംഗികതയാണ് ഈ ആകർഷണത്തിൻ്റെ പ്രധാന കാരണം എന്ന് മനശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. വ്യവസ്ഥാപിത കുടുംബമായി ജീവിക്കുന്ന മനുഷ്യർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തിയതില്ലെങ്കിൽ അത് ദുരുപയോഗപരമായ പ്രത്യാഘാതങ്ങളുണ്ടാകും. അതിനാൽ ഇസ്‌ലാം ചില പെരുമാറ്റച്ചട്ടങ്ങൾ മുന്നോട്ടു വെക്കുന്നു. അവരുടെ മുമ്പിൽ സൗന്ദര്യം മറച്ചുവെക്കണമെന്നും ധരിക്കാൻ നിർദേശിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ പറയുന്നത് ‘അത് നിങ്ങൾ (പതിവ്രതകളാണെന്ന്) തിരിച്ചറിയാനും അതുവഴി നിങ്ങൾ ശല്യം ചെയ്യപ്പെടാതിരിക്കാനുമാണ്’ എന്നത്രെ.
അതിരുവിട്ട ആൺപെൺ ബന്ധങ്ങളും, ആഘോഷ വേദികളിലെ അനാചാരങ്ങളും സമൂഹത്തിൽ വലിയ വിപത്തുകൾ ഉണ്ടാക്കും എന്ന ജാഗ്രതയാണ് ഇതിലൂടെ മുന്നോട്ടുവെച്ചത്. സ്വന്തം സമുദായത്തെ അവരുടെ സംസ്കാരം കാത്തുസൂക്ഷിക്കാൻ ഉപദേശിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്ക് അസഹിഷ്ണുത ഉണ്ടാക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
ജനാധിപത്യപരമായ ഒരു സമൂഹത്തിൽ ഒട്ടനവധി സ്വാതന്ത്ര്യങ്ങൾ നിലനിൽക്കുന്നുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തിന് അതിരുണ്ടെന്ന് ഇസ്‌ലാം വ്യക്തമാക്കുന്നു. വ്യക്തിസ്വാതന്ത്ര്യം എന്നാൽ തോന്നിയതുപോലെ ജീവിക്കാനുള്ള അനുവാദമല്ല. ജനാധിപത്യ രാജ്യത്ത് ഓരോ പൗരനും സ്വന്തം അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ അവകാശമുണ്ട്. അതിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് സ്ത്രീകൾക്ക് നേരെ അധിക്ഷേപങ്ങൾ നടത്തുന്നതും സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും ജനാധിപത്യത്തിന് നിരക്കുന്നതല്ല. സ്ത്രീകൾ ഏത് മേഖലയിലും മുന്നേറുന്ന ഈ നൂറ്റാണ്ടിൽ അവരെ വീട്ടിനുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല എന്ന് പറയുന്ന പുരോഗമനവാദികൾ ഇസ്‌ലാം സ്ത്രീക്ക് നൽകിയ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരല്ല.
ഇസ്‌ലാം സ്ത്രീകൾക്ക് നൽകിയ സ്വാതന്ത്ര്യവും അവകാശങ്ങളും ലോകം അംഗീകരിച്ചതാണ്. പ്രവാചകൻ്റെ കാലത്ത് സ്ത്രീകൾക്ക് എല്ലാവിധ സാമൂഹിക മുന്നേറ്റങ്ങളിലും പങ്കാളികളാകാൻ കഴിഞ്ഞിരുന്നു. മതം വിലക്കാത്ത കാര്യങ്ങളിൽ സ്ത്രീകൾ പൊതുരംഗത്ത് ഇടപെടുന്നതിൽ തെറ്റില്ല. എന്നാൽ അതിർവരമ്പുകൾ ലംഘിച്ചുള്ള ആൺപെൺ ബന്ധങ്ങളെയാണ് ഇസ്‌ലാം എതിർക്കുന്നത്.
സ്ത്രീകൾക്ക് അവരുടെ അന്തസ്സും മാന്യതയും നിലനിർത്തിക്കൊണ്ട് ഏത് മേഖലയിലും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാം നൽകുന്നുണ്ട്. എന്നാൽ സ്ത്രീകളെ 'പ്രദർശന വസ്തുവായി' മാറ്റുന്ന പുരോഗമനവാദികളുടെ നിലപാടിനോടാണ് എതിർപ്പുള്ളത്. ഇസ്‌ലാമിക ആഘോഷങ്ങൾക്കപ്പുറം അതിരുവിട്ട ചില താത്പര്യങ്ങളുണ്ട്. യുവതീ യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിൻ്റെ എതിരാണ്. ഇതിടെ ചിലയിടങ്ങളിൽ ദഫ് പ്രദർശനം, സ്കൗട്ട്, ഫ്ലവര്‍ഷോ തുടങ്ങിയ പരിപാടികളുടെ മറവിൽ ചില പെൺകുട്ടികളെ രംഗത്തിറക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് പണ്ഡിതന്മാർ പ്രത്യേക പ്രസ്താവന ഇറക്കിയത്.
കായികമായി സ്ത്രീകളെക്കാൾ കരുത്തുള്ള പുരുഷനിൽ നിന്ന് ലൈംഗിക പീഡനങ്ങൾക്ക് സാധ്യത ഏറെയാണ്. അതിൽ നിന്ന് സ്ത്രീകൾക്ക് കരുതലും സുരക്ഷണവുമാണ് ഇത്തരം നിയമങ്ങളുടെ ലക്ഷ്യം. പി കെ ശ്രീമതിയും കെ കെ ശൈലജയും ഈ വിഷയത്തിൽ ഇടപെടുമ്പോൾ മുസ്‌ലിം സ്ത്രീകളുടെ കാര്യത്തിൽ ഇവർക്ക് കുറച്ചുകൂടുതൽ ശ്രദ്ധയും ജാഗ്രതയും ഉണ്ടാകാറുണ്ട്. സ്വന്തം പാർട്ടിയിലും ഭരണത്തിലും അതിനുവേണ്ടി ജീവിതം മുഴുവൻ ചെലവഴിച്ച സ്ത്രീകൾക്ക് അവകാശങ്ങൾ വാങ്ങിക്കൊടുക്കാൻ ഈ ഉൽക്കണ്ഠ യാതൊന്നും വേണ്ടേ? ഡി വൈ എഫ് ഐ നേതാക്കളും എസ് എഫ് ഐക്കാരുമൊക്കെ ചാടിപ്പുറപ്പെട്ടത് പ്രസ്താവന ഉപ നേതൃത്വവുമായി ബന്ധപ്പെട്ട മുന്നണിയിലെ പോര് താൽക്കാലികമായി മിനുക്കിയതിൽ നിന്ന് മാറ്റിവെക്കാനായിരിക്കും. പല കാര്യങ്ങളിലും നിങ്ങളുടെ പുരോഗമന ചിന്തയും ഇസ്‌ലാമും തമ്മിൽ വിയോജിച്ചു നിൽക്കും.
മുസ്‌ലിംകളുടെ മതപരമായ ആഘോഷങ്ങൾ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ട്. അത് വകവെച്ചുകൊടുക്കണം. അതാണ് മതനിരപേക്ഷത. കോട്ടയത്ത് പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ പ്രവർത്തകർ തുള്ളിച്ചാടി മുദ്രാവാക്യം മുഴക്കിയപ്പോൾ, ഇത് ഉഷാ ഉതുപ്പിൻ്റെ ഗാനമേള വേദിയല്ല അച്ചടക്കം പാലിക്കണം എന്ന് പിണറായി വിജയൻ പറഞ്ഞത് ഓർമ്മയില്ലേ. അതുപോലെ സമുദായത്തിൻ്റെ ആഘോഷ പരിപാടിയിൽ മുസ്‌ലിംകൾ പാലിക്കേണ്ട മര്യാദകളെ ഓർമ്മിപ്പിച്ചത് ഉൾക്കൊള്ളാനുള്ള ജനാധിപത്യ ബോധമെങ്കിലും കാണിക്കേണ്ടതില്ലേ. സ്ത്രീകൾക്കായി മുന്നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുകയും പതിനായിരക്കണക്കിന് പെൺകുട്ടികളെ അറിവും കനിവും നൽകി സ്വാശ്രയരാക്കുകയും ചെയ്ത നേതാവിൻ്റെ പേരാണ് കാന്തപുരം ഉസ്താദ് എന്നത്. ഈ അധരയുദ്ധം നടത്തുന്നത് എന്ന് ചെയ്യാൻ കഴിഞ്ഞവനാണ് സ്വയം ആലോചിക്കട്ടെ. എന്നിട്ട് മതി സ്ത്രീവിരുദ്ധത ആരോപിക്കൽ.
പുരോഗമനം പറഞ്ഞ് പ്രകൃതിവിരുദ്ധവും മാനുഷികവിരുദ്ധവുമായ കാര്യങ്ങളെപ്പോലും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ ഉള്ളവരാണ് പല കമ്മ്യൂണിസ്റ്റുകാരും. മുൻപ് ഒരു പെൺകുട്ടി സ്‌തനമരിഞ്ഞ് ടീഷർട്ടും പാൻസും ധരിച്ച് താൻ ആണാണെന്ന് പറഞ്ഞു. മറ്റൊരു ചെറുപ്പക്കാരൻ ഹോർമോൺ ചികിത്സയിലൂടെ തൻ്റെ മാറിടം വരുത്താതെ പാവാടയുടുത്ത് താൻ പെണ്ണാണെന്നും പറഞ്ഞു. ഒടുവിൽ ഇവർ രണ്ട് പേരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. ട്രാൻസ് ദമ്പതികൾക്ക് അനുകൂലമായിരുന്നു പൊതുബോധം.
എല്ലാവരും അവരെ ആശീർവദിച്ചു. പിന്നീട് സംഭവിച്ചത്, ആണെന്ന് വാദിച്ച പെൺകുട്ടി പ്രസവിച്ചു. പിതാവ് പെണ്ണാണെന്ന് പറഞ്ഞ പാവാടയുടുത്തയാള്‍ തന്നെ. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ഒരു കമ്മ്യൂണിസ്റ്റ് വനിതാ മന്ത്രി തൻ്റെ സാമൂഹിക മാധ്യമത്തിൽ കുറിച്ചത് നമുക്കൊന്ന് വായിക്കാം. 'ട്രാൻസ് ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നിരിക്കുന്നു. സാമ്പ്രദായ ബൈനറികളിലുറച്ച പൊതുബോധത്തിൽ അട്ടിമറി സൃഷ്ടിച്ചു കൊണ്ട് ഈ ഭൂമിയിൽ പിറന്നുവീണ ആ കുഞ്ഞ് തുറന്നിടുന്നത് ഒരു നവലോകത്തിലേക്കുള്ള വാതിലുകളാണ്... ആധിപത്യത്തിൻ്റേയും അധികാര സ്ഥാപനത്തിൻ്റേയും വിമ്മിട്ടപ്പെടുത്തുന്ന കുടുംബ സങ്കൽപ്പങ്ങൾക്കപ്പുറത്ത് സ്നേഹത്തിൻ്റേയും തുല്യപങ്കാളിത്തത്തിൻ്റേയും മസ്തിഷ്കമായ അന്തരീക്ഷമുള്ള ഒന്നായി കുടുംബത്തെ പുനർ നിർണ്ണയിക്കാൻ ഈ ജനനം ഒരു നല്ല കാരണമാകട്ടെ' (മുൻ മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്).
ഇതാണോ ഇവരൊക്കെ സ്വപ്നം കാണുന്ന പുതിയ നൂറ്റാണ്ട്? ഒരു കുഞ്ഞ് പിറന്നാൽ ഉടനെ നിലവിളിച്ചു കരയുന്നതിൻ്റെ പിന്നിലെ പ്രധാന കാരണം മുലപ്പാലിന് വേണ്ടിയാണ്. അത് കുട്ടിയുടെ അവകാശമാണ്. അമ്മയുടെ ബാധ്യതയും. ഇവിടെ എന്താണ് സംഭവിച്ചത്. ഗർഭിണിയായ സ്ത്രീ നേരത്തെ തൻ്റെ സ്തനങ്ങൾ അറുത്തു കളഞ്ഞതിനാൽ ഈ കുഞ്ഞിൻ്റെ ജീവനാധാരമായ മുലപ്പാൽ നിഷേധിക്കപ്പെട്ടു. ഇതിനെ ഒരു നവലോകത്തിലേക്കുള്ള വാതിലായി കാണുന്ന മൂഢബോധ പുരോഗമനത്തേക്കാൾ ഞങ്ങൾക്ക് വേണ്ടത് ആറാം നൂറ്റാണ്ടിലെ മനുഷ്യപ്പറ്റുള്ള മാതൃദർശനങ്ങൾ തന്നെയാണെന്ന് പറഞ്ഞാണ് ലേഖനം നിര്‍ത്തുന്നത്.

