ETV Bharat / state

​പ്ലാനിങ് ബോർഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സിക്ക് ഇരട്ടപ്രഹരം; ഉത്തരക്കടലാസ് നൽകാൻ ഉത്തരവ്, ചെയർമാൻ്റെ നടപടി തള്ളി പിഎസ്‌സി യോഗം

പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സിക്കു തിരിച്ചടി, ഉത്തരക്കടലാസ് ഒരാഴ്ചയ്ക്കുള്ളില്‍ പരാതിക്കാര്‍ക്ക് നല്‍കണമെന്ന് വിവരാവകാശ കമ്മിഷന്‍. ക്രമക്കേട് അന്വേഷണം പരീക്ഷാ കണ്‍ട്രോളറെ ഏല്‍പ്പിച്ച ചെയര്‍മാൻ്റെ നടപടി ബോര്‍ഡ് യോഗം തള്ളി. അന്വേഷണ ചുമതല ആഭ്യന്തര വിജിലന്‍സിന്

PLANNING BOARD EXAM SCAM
പിഎസ്‌സി (ETV Bharat)
author img

By ETV Bharat Kerala Team

Published : July 6, 2026 at 5:45 PM IST

3 Min Read
Choose ETV Bharat

തിരുവനന്തപുരം: വിവാദമായ പ്ലാനിങ് ബോര്‍ഡ് ചീഫ് നിമനത്തില്‍ പിഎസ്‌സിക്ക് കനത്ത തിരിച്ചടി. പരാതിക്കാരായ ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസ് നല്‍കണമെന്ന് വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. ശ്യാം കൃഷ്ണന്‍ എന്ന ഉദ്യോഗാര്‍ഥി വിവരാവകാശ കമ്മിഷനു സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കി കമ്മിഷണര്‍ സോണിച്ചന്‍ പി ജോസഫാണ് ഉത്തരക്കടലാസുകള്‍ അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കാന്‍ ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉരക്കടലാസ് നല്‍കണമെന്നും ഉത്തരവില്‍ പിഎസ്‌സിക്കു നിര്‍ദ്ദേശമുണ്ട്. ഉദ്യോഗാര്‍ഥികള്‍ പല തവണ അപേക്ഷിച്ചിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഉത്തരക്കടലാസ് നല്‍കുന്നതു നിരസിച്ച കമ്മിഷനാണ് ഒടുവില്‍ തിരിച്ചടിയേറ്റിരിക്കുന്നത്. ഇതോടെ പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സിയുടെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്.


ആസൂത്രണ ബോര്‍ഡിലെ വിവാദമായ പിഎസ്‌സി പരീക്ഷാ ക്രമക്കേട് പിഎസ്‌സി പരീക്ഷാ കണ്‍ട്രോളറെ ഏകപക്ഷീയമായി ഏല്‍പ്പിച്ച ചെയര്‍മാൻ്റെ നടപടി ഇന്നു ചേര്‍ന്ന പിഎസ്‌സി യോഗം തള്ളി. ക്രമക്കേട് പിഎസ്‌സി ആഭ്യന്തര വിജിലന്‍സ് എസ്‌പി അന്വേഷിക്കണമെന്ന് യോഗം തീരുമാനിച്ചു. പരീക്ഷാ കണ്‍ട്രോളറെ അന്വേഷണച്ചുമതല ഏല്‍പ്പിച്ച ചെയര്‍മാൻ്റെ നടപടി വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ്, ഇന്നു ചേര്‍ന്ന പിഎസ്‌സി യോഗം പരീക്ഷ കണ്‍ട്രോളര്‍ നടത്തുന്ന അന്വേഷണം നിര്‍ത്തിവയ്ക്കാനും, ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാനും തീരുമാനമെടുത്തത്.

ആഭ്യന്തര വിജിലന്‍സ് എസ്‌പി സിനി ഡെന്നീസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കിയിരുന്നില്ല. പകരം പരീക്ഷാ കണ്‍ട്രോളര്‍ക്ക് അന്വേഷണ ചുമതല ചെയര്‍മാന്‍ ഏല്‍പ്പിക്കുകയായിരുന്നു. കേസ് അട്ടിമറിക്കാന്‍ പിഎസ്‌സി ചെയര്‍മാന്‍ രഹസ്യമായാണ് കണ്‍ട്രോളറെ അന്വേഷണം ഏല്‍പ്പിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപണം ഉയര്‍ത്തിയിരുന്നു.


അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ, വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിയമോപദേശം തേടി. കേസ് അഴിമതി നിരോധന പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. പിഎസ്‌സി സംസ്ഥാന സര്‍ക്കാരിൻ്റെ പരിധിയിലാണ്. അതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശം ലഭിച്ചു. എന്നാല്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്‌സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഉയര്‍ന്നു വന്ന ആക്ഷേപങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ്‌സി യോഗം ആഭ്യന്തര വിജിലന്‍സിന് അന്വേഷണം കൈമാറാന്‍ തീരുമാനിച്ചത്.


അന്വേഷണം സംസ്ഥാന വിജിലന്‍സ് ഏറ്റെടുത്താല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിഎസ്‌സിയുമായി ബന്ധപ്പെട്ട ക്രമക്കേട് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നിയമന ക്രമക്കേടില്‍ ചെയര്‍മാന്‍ എം ആര്‍ ബൈജുവിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഓഫീസ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബാരിക്കേഡ് നീക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ആറ് തവണയാണ് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത്. വിവാദ നിയമനങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിൻ്റെ പ്രതിഷേധം.


പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കു നടത്തിയ പരീക്ഷയിലെ 10 ചോദ്യങ്ങള്‍ക്കു മാര്‍ക്കിടാതെ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം നല്‍കിയ നടപടിയാണ് ഇപ്പോള്‍ വന്‍ വിവാദത്തില്‍ കലാശിച്ചിരിക്കുന്നത്. ആകെയുള്ള 28 ചോദ്യങ്ങളില്‍ 18 എണ്ണത്തിനു മാത്രമാണ് പിഎസ്‌സി മൂല്യ നിര്‍ണയം നടത്തിയത്. 53 മാര്‍ക്കിനുള്ള ബാക്കി 10 ചോദ്യങ്ങള്‍ മൂല്യ നിര്‍ണയം നടത്താന്‍ അധ്യാപകര്‍ക്കു കൈമാറിയില്ല. മുഴുവന്‍ ഉത്തരങ്ങളും മൂല്യ നിര്‍ണയം നടത്താതെ ഒരു ഉന്നത തസ്തികകയിലേക്ക് റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധീകരിച്ചു നിയമനം നടത്തി. പിന്നീട് ഇതു സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ പിഎസ്‌സി ചെയര്‍മാന്‍ തന്നെ രംഗത്തെത്തുകയാണെന്നാണ് ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ ഉയര്‍ത്തുന്ന ആരോപണം.

Also Read: ഫ്‌ളിപ്പ്കാർട്ട് ഗോട്ട് സെയിലിൻ്റെ പേരിൽ വ്യാജ ഓഫറുകൾ; പുതിയ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്