പത്തനംതിട്ടയിലും ഷിഗെല്ല; പത്ത് വയസുകാരിക്ക് രോഗബാധ; ആരോഗ്യനില തൃപ്‌തികരം
എഴിക്കാട് ഉന്നതിയിലെ 10 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.

Published : July 3, 2026 at 5:31 PM IST
പത്തനംതിട്ട: ജില്ലയില്‍ ആദ്യമായി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. എഴിക്കാട് ഉന്നതിയിലെ 10 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഛര്‍ദിയും പനിയുമായാണ് കുട്ടിയെ കഴിഞ്ഞ ദിവസം കോഴഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എഴിക്കാട് ഉന്നതി പ്രദേശത്ത് ശുചീകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. വിദ്യാർഥിനി പഠിച്ച സ്‌കൂളിലുൾപ്പെടെ രോഗം പടർന്നിട്ടുണ്ടോയെന്നും വിശദമായ പരിശോധന നടത്തും. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു.

അതേസമയം സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ആറ് പേര്‍ക്കാണ് വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് നാലും പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഒന്ന് വീതം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ജൂണ്‍ മാസം മുതല്‍ മാത്രം സംസ്ഥാനത്ത് 216 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.
294 പേർക്കാണ് ഈ വർഷം ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയില്‍ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

