ETV Bharat / state

പ്രതിമകള്‍ക്ക് "ജീവൻ" നല്‍കുന്ന കൈകള്‍; ലോക ശ്രദ്ധയാകർഷിച്ച് സ്‌നാപകയോഹന്നാൻ പ്രതിമ, ഗിന്നസ് മോഹവുമായി മഹേഷ്

ജന്മവാസന കൊണ്ടും ചിത്രകലയിലെ താത്‌പര്യം കൊണ്ടും ശിൽപ്പകലയിൽ കഴിവ് തെളിയിച്ച പട്ടാമ്പി സ്വദേശി മഹേഷ് കെ നാരായണൻ്റെ കഥ ഇങ്ങനെ....

പാലക്കാട്  മഹേഷ് കെ നാരായണൻ  ശിൽപ്പ കല  ശിൽപ്പ നിർമാണം
ലോക റെക്കോർഡുകളിൽ ഇടംപിടിക്കാൻ മഹേഷ് കെ നാരായണൻ (ETV Bharat)
author img

By ETV Bharat Kerala Team

Published : March 4, 2026 at 5:05 PM IST

2 Min Read
Choose ETV Bharat

പാലക്കാട്: പാരമ്പര്യത്തിൻ്റെ പിൻബലമോ ഗുരുനാഥന്മാരുടെ ശിക്ഷണമോ ഇല്ലാത്ത ഒരു ശിൽപിയുണ്ട് പാലാക്കാട്. ജന്മവാസന കൊണ്ടും ചിത്രകലയിലെ താത്‌പര്യം കൊണ്ടും ശില്‍പകലയിൽ കഴിവ് തെളിയിച്ച മഹേഷ് കെ നാരായണൻ. വീട് നിർമാണത്തിനിടെ ബാക്കി വന്ന സിമൻ്റും മണലും കൂട്ടികുഴച്ച് ഉണ്ടാക്കി തുടങ്ങിയ ശിൽപ്പം ഇന്ന് സംസ്ഥാനങ്ങൾ താണ്ടി ലോക റെക്കോർഡുകളിൽ ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

പട്ടാമ്പി കൊപ്പം പുലാശേരി കൂനത്തൊടി വീട്ടിൽ മഹേഷ് കെ നാരായണനൻ്റെ കരവിരുതിലൂടെ ഇന്ന് പിറവിയെടുത്തത് നൂറിലധികം ശിൽപ്പങ്ങളാണ്. ബെംഗളൂരുവിൽ നിർമിച്ച 24 അടി ഉയരമുള്ള സ്‌നാപകയോഹന്നാൻ ശിൽപ്പം ലോകത്തിലെ തന്നെ ഏറ്റവും വലിയ യോഹന്നാൻ ശിൽപ്പമായി കണക്കാക്കുന്നു. ചെറുപ്പം മുതൽ ചിത്രകലയെ ചേർത്ത് പിടിച്ച മഹേഷ് 2004ൽ വീട് പണിക്കിടെ ബാക്കി വന്ന സിമന്‍റും മണലും ചേർത്ത് ഒന്നര അടി വലിപ്പത്തിലുള്ള ഒരു പെൺകുട്ടിയുടെ മുഖം നിർമിച്ചു. അതിലൂടെയാണ് ശിൽപ നിർമാണത്തില്‍ തന്‍റെ കഴിവ് അദ്ദേഹം തിരിച്ചറിഞ്ഞത്.

മഹേഷ് കെ നാരായണൻ്റെ വിശേഷങ്ങൾ (ETV Bharat)

തുടക്കം ഇവിടെ നിന്ന്

പിന്നീട് മോഹൻലാലിൻ്റെ ഒരു മിനിയേച്ചർ ശിൽപ്പം തയ്യാറാക്കി മോഹൻലാലിന് കൈമാറിയതും നേട്ടങ്ങളിൽ ഒന്നാണ്. ഇത് മഹേഷിൻ്റെ ജീവിതത്തിൽ ശിൽപ്പകലയുടെ ലോകത്തേക്കുള്ള വഴി തുറന്നിട്ടു എന്ന് വേണം പറയാൻ. ഒറ്റപ്പാലം അനങ്ങൻ മല ഇക്കോ ടൂറിസൻ്റെ പ്രവേശന കവാടം ഒരുക്കിക്കൊണ്ടായിരുന്നു മഹേഷിൻ്റെ ശിൽപ്പ കലാ രംഗത്തേക്കുള്ള തുടക്കം. പിന്നീട് വെള്ളിനേഴി, ചെർപ്പുളശേരി എന്നീ ഭാഗങ്ങളിൽ ഗാന്ധി പ്രതിമകളും സ്ഥാപിച്ചു. മഹേഷിൻ്റെ ശിൽപ്പങ്ങൾ ജീവസുറ്റതായതോടെ ആവശ്യക്കാർ അതിർത്തി കടന്നെത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പിന്നീട് വനനശീകരണത്തിലെ അനന്തര ഫലങ്ങളെ പ്രതീകപ്പെടുത്തി കർണാടകയിലെ ഹംപിയിൽ നിർമിച്ച 16 അടി ഉയരത്തിലുള്ള മരമുത്തശിയെയും, ബെംഗളൂരൂവിൽ 10 അടി ഉയരത്തിലുള്ള നടരാജ ശിൽപ്പവും നിർമിച്ചു. പൂനെ ഹിഞ്ചോവാഡി ഇൻഫോസിസിൽ നൂറു മീറ്റർ നീളുന്ന ചുമർ ശിൽപവും, മണ്ഡപങ്ങളും മഹേഷ് കെ നാരായണൻ്റെ രൂപകൽപ്പനയിൽ വിരിഞ്ഞതാണ്. ഗ്ലാസ് ടവർ, എമർജൻസ്, മൃതു ദേവൻ തുടങ്ങിയവ മഹേഷിൻ്റെ ശ്രദ്ധേയമായ മറ്റ് ശിൽപ്പങ്ങളാണ്.

പാലക്കാട്  മഹേഷ് കെ നാരായണൻ  ശിൽപ്പ കല  ശിൽപ്പ നിർമാണം
24 അടി ഉയരമുള്ള സ്‌നാപകയോഹന്നാൻ ശിൽപ്പം (ETV Bharat)

കർണാടകയിലെ ഹിരിയൂരിലുള്ള ഗുഹാ ക്ഷേത്രത്തിന് മുകളിൽ 32 അടിയിലധികം ഉയരത്തിലുള്ള ഷിർദ്ദി സായിബാബയുടെ നിർമിതി പിന്നീട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സായ് ശിൽപ്പമായി മാറി. അതിൻ്റെ അടുത്ത് വന്ന് ആലുകൾ വിഷമങ്ങളും മറ്റും പറയുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്. പൈസ അല്ല, മറിച്ച് ആ ഒരു കാഴ്‌ച നൽകുന്ന സംതൃപ്‌തിയാണ് വലുതെന്ന് മഹേഷ് പറയുന്നു.

ലോകശ്രദ്ധ പിടിച്ചുപറ്റി സ്‌നാപകയോഹന്നാൻ ശിൽപ്പം

"മാസങ്ങൾക്ക് മുൻപാണ് മൈ ഗാർട്ട് ക്രിയേഷനു വേണ്ടി ബെംഗളൂരു കോരമംഗലയിലെ സെൻ്റ് ജോൺസ് മെഡിക്കൽ കോളജ് പാർക്കിൽ മഹേഷ് കോൺക്രീറ്റ് മിശ്രിതത്തിൽ 24 അടി ഉയരമുള്ള സ്‌നാപകയോഹന്നാൻ ശിൽപ്പം നിർമിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യോഹന്നാർ ശിൽപ്പമായാണ് ഇതിനെ കണക്കാക്കുന്നത്" മഹേഷ് വ്യക്തമാക്കി.

പാലക്കാട്  മഹേഷ് കെ നാരായണൻ  ശിൽപ്പ കല  ശിൽപ്പ നിർമാണം
ശിൽപ്പ നിർമാണത്തിനിടെ (ETV Bharat)

യോഹന്നാൻ്റെ ശിൽപ്പങ്ങൾ വെനിസ്വലേയിയും മറ്റ് രാജ്യങ്ങളിലും കാണാം. പക്ഷേ യോഹന്നാൻ യേശുവിന് ജ്ഞാനസ്‌നാനം നൽകുന്ന തീമിലുള്ള പ്രതിമകൾ വേറെ എവിടെയും കണ്ടിട്ടില്ലെന്ന് മഹേഷ് പറഞ്ഞു. മഹേഷിനൊപ്പം രാകേഷ് കണ്ണൻ, സിപി സുരേഷ് , രാജേഷ് നൂറനാട്, അക്ഷയ് എന്നിവരുടെ നേതൃത്വത്തിൽ നാല് മാസമായുള്ള പരിശ്രമത്തിന് ഒടുവിലാണ് ശിൽപ്പ നിർമാണം പൂർത്തീകരിച്ചത്.

Also Read: കാണാന്‍ കൊതിച്ച കരിമ്പുലിയും ആമസോണിലെ ജാഗ്വാറും; വൈല്‍ഡ് ഫോട്ടോഗ്രഫി അനുഭവങ്ങള്‍ പങ്കിട്ട് 'ബിബിന്‍'