ഹിജാബ് വിവാദം പുകയുന്നു; സര്‍ക്കാരിനെതിരെ സ്‌കൂള്‍ മാനേജ്‌മെൻ്റ് ഹൈക്കോടതിയിലേക്ക്
ഡിഡിഇയുടെ റിപ്പോർട്ട് ശരിയായ അന്വേഷണമില്ലാതെയാണ് സമർപ്പിച്ചതെന്ന് സെൻ്റ് റീത്താസ് പബ്ലിക് സ്‌കൂളിൻ്റെ പിടിഎ പ്രസിഡൻ്റ് പറഞ്ഞു.

Published : October 16, 2025 at 1:29 PM IST
എറണാകുളം: ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ സമര്‍പ്പിച്ച റിപ്പോർട്ടിനെതിരെ പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്‌കൂള്‍ ഹൈക്കോടതിയെ സമീപിക്കും. സ്‌കൂളിൻ്റെ ഭാഗത്ത് വീഴ്‌ചയുണ്ടായെന്ന് ആരോപിച്ച് ഡിഡിഇ സമര്‍പ്പിച്ച റിപ്പോർട്ടിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഡിഡിഇയുടെ റിപ്പോർട്ട് ശരിയായ അന്വേഷണമില്ലാതെയാണ് സമർപ്പിച്ചതെന്ന് സെൻ്റ് റീത്താസ് പബ്ലിക് സ്‌കൂളിൻ്റെ പിടിഎ പ്രസിഡൻ്റ് ജോഷി കൈതവളപ്പിൽ വ്യക്തമാക്കി.
“റിപ്പോർട്ടിനെതിരെ കേരള ഹൈക്കോടതിയെ സമീപിക്കാൻ ഞങ്ങൾ തീരുമാനിച്ചു. സ്‌കൂള്‍ മാനേജ്മെൻ്റിൽ നിന്നോ പിടിഎയിൽ നിന്നോ ശരിയായ രീതിയിൽ കേൾക്കാതെയോ സാഹചര്യം വിലയിരുത്താതെയോ ഇത് തയ്യാറാക്കിയതാണ്. റിപ്പോർട്ടിൻ്റെ കണ്ടെത്തലുകൾ ചോദ്യം ചെയ്‌ത് ഞങ്ങളുടെ അഭിഭാഷകൻ ഉടൻ ഒരു ഹർജി ഫയൽ ചെയ്യും,” അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയെന്നും ഇത് കുട്ടിയുടെ വിദ്യാഭ്യാസ അവകാശം ലംഘിച്ചുവെന്നും ഡിഡിഇ റിപ്പോർട്ട് അവകാശപ്പെട്ടു. എന്നാല്‍ സ്‌കൂള്‍ കുറ്റം നിഷേധിക്കുകയായിരുന്നു. വിദ്യാർഥിക്ക് ക്ലാസുകളിൽ പങ്കെടുക്കാനുള്ള അവകാശം ഒരിക്കലും നിഷേധിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, സംഭവത്തിന് ശേഷം എട്ടാം ക്ലാസ് വിദ്യാർഥിനി ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും സ്‌കൂളിൽ പോയിരുന്നില്ല. കുട്ടിക്ക് സുഖമില്ലാത്തതിനാലാണ് സ്‌കൂളിലെ മിഡ് ടേം പരീക്ഷകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന് ജോഷി വ്യക്തമാക്കി. ഹിജാബ് ധരിക്കാതെ കുട്ടി സ്‌കൂളിൽ വരണമെന്ന് രേഖാമൂലമുള്ള ഉറപ്പ് മാതാപിതാക്കളോട് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളും ജോഷി നിഷേധിച്ചു. “ഞങ്ങൾ അത്തരമൊരു തീരുമാനം മാതാപിതാക്കളെ അറിയിച്ചിട്ടില്ല. ചില മാതാപിതാക്കൾ ഈ വിഷയം ഉന്നയിച്ചെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല,” ജോഷി പറഞ്ഞു.
എന്നാല്‍, സംഭവത്തിന് പിന്നാലെ തൻ്റെ മകൾക്ക് പിരിമുറുക്കമുണ്ടായെന്ന് വിദ്യാർഥിനിയുടെ രക്ഷിതാവ് പിടിഐയോട് വ്യക്തമാക്കി. “അവൾക്ക് പനിയുണ്ട്. വളരെ അസ്വസ്ഥയാണ്. അതേ സ്‌കൂളിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഞങ്ങൾ അവളോട് ചോദിക്കും. അവൾ സമ്മതിച്ചാൽ മാത്രമേ ഞങ്ങൾ അവളെ സ്‌കൂളിലേക്ക് തിരിച്ചയക്കൂ,” പിതാവ് പറഞ്ഞു. തങ്ങളുടെ കുടുംബം കടുത്ത സമ്മർദ്ദത്തിലാണ്. തങ്ങൾ സാധാരണക്കാരാണ്. ഒരു വലിയ വിവാദത്തിലേക്ക് നയിച്ച ഒരു പ്രശ്‌നമായിരുന്നു ഇത്. വേണ്ടരീതിയില്‍ പരിഹരിക്കപ്പെടുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും പിതാവ് കൂട്ടിച്ചേർത്തു.
വിദ്യാർഥിനി ഹിജാബ് ധരിക്കുന്നതിനെ സ്‌കൂൾ അധികൃതർ എതിർത്തതോടെയാണ് വിവാദം ആരംഭിച്ചത്. ഈ ആഴ്‌ച ആദ്യം സ്‌കൂള്‍ വിദ്യാർഥികൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഒക്ടോബർ 10 ന് വിദ്യാർഥിനിയുടെ മാതാപിതാക്കൾ മറ്റുള്ളവരോടൊപ്പം സ്‌കൂള്‍ സന്ദർശിക്കുകയും മാനേജ്മെൻ്റിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്‌തു. സംഭവത്തെത്തുടർന്ന് സ്‌കൂളിന് സംരക്ഷണം നൽകാൻ ഹൈക്കോടതി പൊലീസിനോട് നിർദേശിച്ചു. ബുധനാഴ്‌ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദ്യം സ്‌കൂളിനെ വിമർശിച്ചെങ്കിലും പിന്നീട് വിഷയം രമ്യമായി പരിഹരിച്ചതായി വ്യക്തമാക്കി.

