ETV Bharat / state

ശബരിമലയിൽ യുവതീപ്രവേശനം വേണ്ട; സുപ്രീം കോടതിയിൽ നിലപാട് മാറ്റാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കാനാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. യുവതീപ്രവേശനം എതിർക്കുമെന്ന് സുപ്രീം കോടതിയെ അറിയിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പഴയ നിലപാട് മാറ്റുന്നത്.

ശബരിമല യുവതീപ്രവേശന കേസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല സ്ത്രീ പ്രവേശന വിവാദം ദേവസ്വം ബോർഡ് പുതിയ നിലപാട്
കെ ജയകുമാർ വാർത്താസമ്മേളനത്തിൽ (ETV Bharat)
author img

By ETV Bharat Kerala Team

Published : March 2, 2026 at 2:23 PM IST

3 Min Read
Choose ETV Bharat

തിരുവനന്തപുരം: ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്നും യുവതീപ്രവേശനം വേണ്ടതില്ലെന്നുമുള്ള നിർണായക നിലപാടുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഈ നിലപാട് ബോർഡ് സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിക്കും. ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.

സുപ്രീം കോടതിയിലെ പുതിയ നിലപാട്

ഒൻപതംഗ ബെഞ്ച് ഈ വിഷയം പരിഗണിക്കുന്നതിനു മുന്നോടിയായി മാർച്ച് 14ന് മുമ്പ് കക്ഷികളോട് നിലപാടുകൾ അറിയിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെ സർക്കാർ തങ്ങളുടെ മുൻ നിലപാട് തിരുത്തുമോ എന്ന ചർച്ചകൾ ശക്തമാകുന്നതിനിടയിലാണ് ദേവസ്വം ബോർഡ് പുതിയ നിലപാടുമായി രംഗത്തെത്തുന്നത്. യുവതീപ്രവേശനം എതിർക്കപ്പെടേണ്ടതും തടയേണ്ടതുമാണെന്നാണ് ദേവസ്വം ബോർഡിൻ്റെ ഇപ്പോഴത്തെ അന്തിമ നിലപാട്. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന 14ാം തീയതിയാകും പുതിയ സത്യവാങ്മൂലം സമർപ്പിക്കുക. ആചാരങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ആചാര്യന്മാരുമായും വിശ്വാസികളുമായും ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂ എന്ന് ബോർഡ് വ്യക്തമാക്കുന്നു.

പഴയ നിലപാടുകളിൽ നിന്നുള്ള മാറ്റം

2018ൽ യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു ദേവസ്വം ബോർഡ് സ്വീകരിച്ചിരുന്നത്. 2019ൽ യുവതീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് ബോർഡ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതോടെ വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. അതിന് തികച്ചും വിരുദ്ധമായാണ് ഇപ്പോൾ യുവതീപ്രവേശനത്തെ എതിർത്തുകൊണ്ട് ബോർഡ് പുതിയ നിലപാടെടുക്കുന്നത്. അന്ന് ശബരിമലയിൽ യുവതീപ്രവേശനം ഉണ്ടായതിനെ തുടർന്ന് വലിയ വിവാദങ്ങൾ ഉണ്ടാകുകയും, പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വലിയ തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബോർഡ് തങ്ങളുടെ മുൻ നിലപാടിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്.

2007ൽ വി എസ് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് നൽകിയ സത്യവാങ്മൂലത്തിൽ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനൊപ്പം തന്നെ ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരുടെ അഭിപ്രായത്തിന് മുൻഗണന നൽകിക്കൊണ്ട് തീരുമാനമെടുക്കണം എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. 2017ൽ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തും ഇതേ സത്യവാങ്മൂലം തന്നെയാണ് ബോർഡ് കോടതിയിൽ നൽകിയത്. എന്നാൽ ഇപ്പോൾ അജണ്ടയിൽ ഉൾപ്പെടുത്തി വിശദമായി ചർച്ച ചെയ്തതിനു ശേഷമാണ് ആചാരം സംരക്ഷിക്കപ്പെടണമെന്നും യുവതീപ്രവേശനത്തെ പൂർണമായി എതിർക്കണമെന്നുമുള്ള പുതിയ നിലപാടിലേക്ക് ബോർഡ് എത്തിച്ചേർന്നത്.

സർക്കാരിൻ്റെ രാഷ്ട്രീയ തീരുമാനം

ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രത്യേകം സത്യവാങ്മൂലം നൽകേണ്ടതില്ല. പകരം ദേവസ്വം ബോർഡാണ് സത്യവാങ്മൂലം നൽകേണ്ടത്. എങ്കിലും സംസ്ഥാന ഭരണത്തിന് കീഴിലുള്ള ഒരു ബോർഡ് നിലപാടെടുക്കുമ്പോൾ അത് സ്വാഭാവികമായും സംസ്ഥാന സർക്കാരിൻ്റെ കൂടി നിലപാടായി തന്നെ വ്യാഖ്യാനിക്കപ്പെടും. ബോർഡിൻ്റേത് സ്വതന്ത്രമായ തീരുമാനമല്ലെന്നും സർക്കാരുമായും സിപിഎമ്മുമായും കൂടിയാലോചിച്ചെടുത്ത രാഷ്ട്രീയപരമായ തീരുമാനമാണെന്നും വിലയിരുത്തലുണ്ട്. ദേവസ്വം മന്ത്രി വി എൻ വാസവൻ, മന്ത്രി സജി ചെറിയാൻ എന്നിവരും വിശ്വാസത്തെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാട് സുപ്രീം കോടതിയിൽ എടുക്കണം എന്ന അഭിപ്രായം നേരത്തെ തന്നെ പങ്കുവച്ചിരുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് ഈ വിഷയത്തിൽ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ചുവടുമാറ്റം

യുവതീപ്രവേശന അനുകൂല തീരുമാനത്തിൽ നിന്നും പിന്നോട്ടുപോകാതെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ലെന്ന ബോധ്യം സംസ്ഥാന സർക്കാരിനും പ്രത്യേകിച്ച് സിപിഎമ്മിനുമുണ്ട്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ തിരിച്ചടിയും, തുടർന്ന് വീടുകൾ കയറി ശബരിമല വിഷയത്തിൽ തെറ്റുപറ്റിയെന്ന് അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ സമ്മതിക്കേണ്ടി വന്നതുമെല്ലാം ഇതിന് കാരണമാണ്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിശ്വാസികളുടെ പ്രതിഷേധം തണുപ്പിക്കുന്നതിനാണ് ഇത്തരമൊരു ചുവടുമാറ്റം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിൻ്റെ ഉത്തരവിന് ഇതുവരെ സ്റ്റേ ലഭിച്ചിട്ടില്ലെങ്കിലും വീണ്ടും സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. വിഷയം പരിഗണിക്കുന്ന പശ്ചാത്തലത്തിൽ അന്തിമ തീരുമാനം വരട്ടെ എന്ന നിലപാടിലാണ് സർക്കാർ. കോടതിയിൽ തൽസ്ഥിതി തുടരണമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.

നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും ശബരിമല വിഷയം വീണ്ടും സജീവമാക്കാൻ ആലോചിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാർ തങ്ങളുടെ പഴയ നിലപാടിൽ നിന്നും പൂർണമായും പിന്നോട്ട് പോയിരിക്കുന്നത്. വിശ്വാസ സംരക്ഷണത്തോടൊപ്പം പുരോഗമനപരമായ നിലപാടുകളും കൈക്കൊള്ളുമെന്ന് സർക്കാർ വൃത്തങ്ങളും പ്രതികരിച്ചിട്ടുണ്ട്. ഏതായാലും ശബരിമലയിലെ ആചാര സംരക്ഷണത്തിൽ ദേവസ്വം ബോർഡ് കൈക്കൊണ്ട ഈ മാറ്റം കേരള രാഷ്ട്രീയത്തിൽ നിർണായകമായ ഒരു വഴിത്തിരിവായിരിക്കുകയാണ്.

Also Read:- ഭിന്നശേഷി നിയമനം: കെ ടെറ്റ് യോഗ്യതയില്ലാത്തതിനാൽ തടഞ്ഞുവെച്ച വേതനം നൽകും