ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി റിമാന്‍ഡില്‍, സ്വര്‍ണപ്പാളി കടത്താന്‍ മൗനാനുവാദം, ആചാരലംഘനത്തിന് കൂട്ടുനിന്നെന്നും റിപ്പോര്‍ട്ട്
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തി. സംഭവത്തിൽ ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Published : January 9, 2026 at 2:22 PM IST
തിരുവനന്തപുരം, കൊല്ലം: ശബരിമല ശ്രീകോവിലിലെ സ്വർണ്ണക്കട്ടിളപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന കുറ്റത്തിന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
താന്ത്രിക വിധികൾ പാലിക്കാതെയും ദേവന്‍റെ അനുജ്ഞ വാങ്ങാതെയുമാണ് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ദേവസ്വം ബോർഡ് പാളികൾ കൈമാറിയ സമയത്ത് ക്ഷേത്രത്തിലെ പരമാധികാരിയായ തന്ത്രി അത് തടയാൻ തയ്യാറായില്ലെന്നും പാളികൾ കൊണ്ടുപോകാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമെന്നും അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആചാരലംഘനത്തിന് എതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ കട്ടിളപ്പാളി കടത്താൻ അദ്ദേഹം ഒത്താശ ചെയ്തതായും കോടതി നിരീക്ഷിച്ചു. റിമാൻഡ് ചെയ്യപ്പെട്ട തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. അതേസമയം, തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷ ഈ മാസം 13-ന് കോടതി വീണ്ടും പരിഗണിക്കും. ശബരിമലയിലെ താന്ത്രിക അവകാശവും ആചാരമര്യാദകളും ലംഘിക്കപ്പെട്ട ഈ സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം വിശദമായി അന്വേഷിച്ചുവരികയാണ്.
വൈദ്യ പരിശോധനയ്‌ക്ക് വിധേയമായതിന് പിന്നാലെ തന്ത്രിയെ എസ്‌ഐടി കൊല്ലം കോടതിയിലേക്ക് കൊണ്ടുപോയി. താനൊരു കുറ്റവും ചെയ്‌തിട്ടില്ലെന്ന് തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യ പരിശോധനയ്‌ക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ തന്ത്രിയും കേസില്‍ നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്‌ണന്‍ പോറ്റിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. പോറ്റി സ്വര്‍ണക്കൊള്ള നടത്തിയത് അറിയാവുന്ന വ്യക്തിയാണ് തന്ത്രിയെന്നും എസ്‌ഐടി പറയുന്നു.
ഇന്ന് (ജനുവരി 09) വൈകുന്നേരം മൂന്ന് മണിയോടെയാണ് കേസില്‍ എസ്‌ഐടി സംഘം തന്ത്രിയെ അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മറ്റു പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പ്രതിച്ചേർത്തത്.
കേസിലെ മൂന്നാം പ്രതിയായി അറസ്റ്റിൽ കഴിയുന്ന മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റും സിപിഎം നേതാവുമായ എ പത്മകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ഠര് രാജീവരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ 10ന് തന്ത്രിയെ ചോദ്യം ചെയ്യാനായി ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയിരുന്നു. എ പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവയ്ക്കാൻ എസ്‌ഐടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തന്ത്രി മുൻകൂർ ജാമ്യം നേടുന്നത് തടയുക എന്ന ലക്ഷ്യത്തോടെ അന്വേഷണ സംഘം നടത്തിയ തന്ത്രപരമായ നീക്കമായിരുന്നു ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശബരിമലയിലേക്ക് സഹായിയായി ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചത് തന്ത്രിയായിരുന്നു. അവിടെയെത്തി തന്ത്രിയുടെ സഹായിയായി കൂടിയ ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി ഉന്നതതല ബന്ധങ്ങൾ സ്ഥാപിച്ചതും അതിലൂടെ സ്വർണപ്പാളികൾ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയ ശേഷം സ്വർണം കവർച്ച നടത്തിയതും. പോറ്റിക്ക് ഇതിനായി അവസരമൊരുക്കിയത് തന്ത്രിയാണെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. ഇരുവരും ചേർന്നുള്ള ഗൂഢാലോചനയിലാണ് സ്വർണപ്പാളികൾ കടത്തുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന സംശയവും എസ്‌ഐടിക്ക് ബലപ്പെട്ടിട്ടുണ്ട്.
കണ്ഠര് രാജീവരെ കസ്റ്റഡിയിലെടുക്കുന്നതിന് മുന്നോടിയായി, ജയിലിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്‌ഐടി വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ നിർണായകമായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇപ്പോൾ രാജീവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ സ്വർണത്തട്ടിപ്പിനെക്കുറിച്ച് തന്ത്രിക്ക് അറിവുണ്ടായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളായതിനാൽ അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിലും തന്ത്രി ഉൾപ്പെടും. ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങൾക്കും തന്ത്രിയുടെ അനുമതി നിർബന്ധമാണ്. എന്നാൽ ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ താൻ അനുമതി നൽകിയില്ലെന്നായിരുന്നു കണ്ഠര് രാജീവരുടെ വാദം. അതേസമയം ചില സ്പോൺസർഷിപ്പുകളിൽ നൽകിയ അനുമതി സംശയകരമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശയാസ്പദമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇഡി കേസ് രജിസ്റ്റർ ചെയ്തു
ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൻ്റെ ഭാഗമായി എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്തു. പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിലാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്. ക്രിമിനൽ കേസുകളിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് സമാനമാണ് ഇഡിയുടെ ഇസിഐആർ. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇഡി കടക്കും.
ശബരിമല സ്വർണക്കൊളള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവർ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരിക്കും ആദ്യ ഘട്ടത്തിൽ തന്നെ വിശദമായ അന്വേഷണത്തിലേക്ക് ഇഡി പ്രവേശിക്കുക. കൊച്ചി അഡീഷണൽ ഡയറക്ടർ രാകേഷ് കുമാറിൻ്റെ മേൽനോട്ടത്തിലാണ് ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം നടക്കുക. എഫ്‌ഐആർ, അനുബന്ധ രേഖകൾ, സാക്ഷി മൊഴികൾ എന്നിവ നേരത്തെ തന്നെ ഇഡിക്ക് ലഭിച്ചിരുന്നു. കൊല്ലം വിജിലൻസ് കോടതിയായിരുന്നു ഇഡിക്ക് രേഖകൾ കൈമാറാൻ ഉത്തരവിട്ടിരുന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ ഇഡി പ്രാഥമിക അന്വേഷണം നടത്തുകയും പിഎംഎൽഎ നിയമപ്രകാരം കേസെടുക്കാൻ നിയമപരമായ സാധ്യതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കേസിൻ്റെ രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് സഹകരിച്ചിരുന്നില്ല. ഇതോടെയായിരുന്നു ഇഡി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സർക്കാർ ഇതിനെ എതിർത്തു. നിലവിൽ പ്രത്യേക അന്വേഷണ സംഘം നല്ല നിലയിലാണ് അന്വേഷണം നടത്തുന്നതെന്നും ഫെമ നിയമലംഘനം കണ്ടെത്തിയിട്ടില്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഇതോടെ ഇഡിയോട് വിചാരണക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഇഡി വിജിലൻസ് കോടതിയെ സമീപിച്ചതോടെയാണ് രേഖകൾ കൈമാറാൻ വിചാരണ കോടതി ഉത്തരവിട്ടത്.
തുടർന്നാണ് അന്വേഷണ വിവരങ്ങൾ ഉൾപ്പടെ ഇഡി ശേഖരിക്കുകയും തുടർ നടപടികളിലേക്ക് പ്രവേശിക്കുകയും ചെയ്തത്. ശബരിമല സ്വർണക്കൊള്ളയിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഇഡി കൊച്ചി യൂണിറ്റ് ഡയറക്ടറേറ്റിൻ്റെ അനുമതി തേടുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസമാണ് കേസ് എടുക്കാൻ ഡയറക്ടറേറ്റിൽ നിന്നും അനുമതി ലഭിച്ചത്. നിലവിൽ എസ്‌ഐടി കേസിൽ പ്രതികളായവരെ എല്ലാം ഇഡി പ്രതികളാക്കും. പ്രതികളെയെല്ലാം ഇഡി കോടതിയെ സമീപിച്ച് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇതോടെയായിരിക്കും ശബരിമല സ്വർണക്കൊള്ളയിൽ നടന്ന ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് ഇഡി കേസുകൾ പരിഗണിക്കുന്ന കോടതിയിൽ സമർപ്പിക്കുക. എസ്‌ഐടി കണ്ടെത്തിയതിന് പുറമെയുള്ള കൂടുതൽ കാര്യങ്ങൾ ഇഡി കണ്ടെത്തുമോ എന്നതും, ശബരിമല സ്വർണക്കൊളളയ്ക്ക് രാജ്യാന്തര ബന്ധങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തുന്നതും നിർണായകമാണ്.
അന്വേഷണം ശരിയായ ദിശയിലെന്ന് അധികൃതർ
ശബരിമല തന്ത്രിയുടെ അറസ്റ്റിനെ തുടർന്ന് നടക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു. തന്ത്രിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇപ്പോൾ പ്രത്യേകം പ്രതികരണം നടത്തേണ്ട കാര്യമില്ല. കേസിൻ്റെ അന്വേഷണം കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇക്കാര്യം കോടതി തന്നെ ശരിവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണത്തിൻ്റെ ഓരോ ഘട്ടത്തിലും പ്രത്യേകമായി അഭിപ്രായം പറയേണ്ട സാഹചര്യം നിലവിലില്ല. അന്വേഷണ സംഘത്തിൻ്റെ നടപടികളിലോ മറ്റ് കാര്യങ്ങളിലോ എന്തെങ്കിലും വ്യത്യസ്തമായ അഭിപ്രായം ഉണ്ടാവുകയാണെങ്കിൽ ആ ഘട്ടത്തിൽ അത് തുറന്നുപറയാമെന്നും കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മന്ത്രി വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുമ്പോൾ എല്ലാകാര്യങ്ങളും വിശദീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാനില്ലെന്നും എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ പറഞ്ഞു. ഇപ്രാവശ്യത്തെ തന്ത്രി കണ്ഠര് രാജീവര് അല്ല, ചുമതല മകന് ആയിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനില്ല. ശബരിമലയിൽ നിന്ന് സ്വർണമെന്നല്ല എന്തുതന്നെ നഷ്ടമായാലും അത് സങ്കടം തന്നെയാണ്. അതിൽ വിഷമമുണ്ട്. അതുകൊണ്ടാണ് ഇത്തവണ കൂടുതൽ അയ്യപ്പഭക്തർ എത്തിയത്. അറസ്റ്റിനെ പറ്റിയോ കേസിനെ പറ്റിയോ കൂടുതൽ പറയുന്നത് നിയമപരമായി സാധൂകരിക്കത്തക്കതല്ലെന്നും കെ ജയകുമാർ പ്രതികരിച്ചു.
സ്വർണക്കൊള്ളയിലെ അന്വേഷണം എസ്‌ഐടി ശരിയായ രീതിയിലാണ് നടത്തുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പ്രവർത്തനത്തിൽ ഒരു തരത്തിലും ഇടപെടാൻ സംസ്ഥാന പൊലീസ് ഉദ്ദേശിക്കുന്നില്ല. ഹൈക്കോടതിയുടെ പരിപൂർണ നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നത്. വസ്തുനിഷ്ഠമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Also Read:- മദ്യത്തിന് പേരും ലോഗായും ക്ഷണിക്കല്‍; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

