മതമൈത്രിയുടെ സംഗമഭൂമിക്ക് ഉത്സവദിനം; ഭക്തി സാന്ദ്രമായി പേട്ടതുള്ളൽ
'സ്വാമി തിന്തകത്തോം അയ്യപ്പതിന്തകത്തോം' താളത്തിൽ ചുവടുവച്ച് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ. ഒപ്പം ഭക്‌തസഹസ്രങ്ങളുടെ കണ്‌ഠങ്ങളിൽ നിന്ന് ശരണം വിളികളും മുഴങ്ങി.

Published : January 11, 2026 at 8:43 PM IST
കോട്ടയം: മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലിയിൽ ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളൽ നടന്നു. 'സ്വാമി തിന്തകത്തോം അയ്യപ്പതിന്തകത്തോം' താളത്തിൽ ചുവടുവച്ച് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ. ഒപ്പം ഭക്‌തസഹസ്രങ്ങളുടെ കണ്‌ഠങ്ങളിൽ നിന്ന് ശരണം വിളികളും മുഴങ്ങി. മതമൈത്രിയുടെ സംഗമ ഭൂമിയായി എരുമേലിയിൽ ഉത്സവ പ്രതീതിയിലാണ് പേട്ടതുള്ളൽ നടന്നത്.
പകൽ ഉച്ചയോടെ ആകാശത്ത് ശ്രീകൃഷ്‌ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നത് ദർശിച്ചാണ് അമ്പലപ്പുഴ സംഘം അചാരാനുഷ്‌ഠാനങ്ങളോടെ പേട്ടതുള്ളൽ ആരംഭിച്ചത്. സമൂഹ പെരിയോൻ എൻ ഗോപാലകൃഷ്‌ണപിള്ളയുടെ നേത്യത്വത്തിലാണ് 250 പേർ അടങ്ങുന്ന അമ്പലപ്പുഴ പേട്ട സംഘം പേട്ടതുള്ളിയത്.
കൊച്ചമ്പലത്തിൽ നിന്ന് ആരംഭിച്ച പേട്ട നൈനാർ മസ്‌ജിദിൽ എത്തിയമ്പോൾ മഹല്ലാ മുസ്‌ലിം ജമാ അത്ത് ഭാരവാഹികൾ പുഷ്‌പവൃഷ്‌ടിയോടെ അമ്പലപ്പുഴ സംഘത്തെ സ്വീകരിച്ചു. തുടർന്ന് മസ്‌ജിദിൽ വലംവച്ച് നേർചക്കാഴ്‌ചകൾ അർപ്പിച്ചു. തുടർന്ന് വാവരുടെ പ്രതിനിധി ടി എച്ച് ആസാദ് താഴത്തുവീട്ടിൽ പള്ളിയിൽ നിന്ന് സമൂഹ പെരിയോൻ്റെ കൈപിടിച്ച് പേട്ട സംഘത്തിൻ്റെ മുന്നിൽ വലിയമ്പലത്തിലേക്ക് ആനയിച്ചു.
അമ്പലപ്പുഴ സംഘത്തിൻ്റെ പേട്ടതുള്ളൽ വലിയമ്പലത്തിൽ സമാപിച്ച ശേഷം ഉച്ചയ്ക്ക് പേട്ട സദ്യ നടന്നു. ഉച്ചയ്ക്കുശേഷമാണ് യോഗം പെരിയോൻ അമ്പാടത്ത് പ്രദീപ് ആർ മേനോൻ്റെ നേതൃത്വത്തിൽ ആലങ്ങാട് സംഘത്തിൻ്റെ പേട്ടതുള്ളൽ നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആലങ്ങാട് യോഗം ശബരിമല സ്വാമി ഭക്തജനസംഘം, ശബരി മല ധർമശാസ്‌താ ആലങ്ങാട് യോഗം, ആലങ്ങാട് യോഗം ട്രസ്‌റ്റ്, ശബരിമല അയ്യപ്പസ്വാമി ടെംബിൾ കുന്നുകര എന്നീ സംഘങ്ങളിൽ നിന്ന് 15 പേർ വീതം ആലങ്ങാട് സംഘത്തിനു വേണ്ടി പേട്ടതുളളി.
അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരും പേട്ടതുള്ളി വലിയമ്പലത്തിലേക്ക് പോയി എന്ന വിശ്വാസത്താൽ പിന്നാലെ ആലങ്ങാട്ട് സംഘം വാവരുപള്ളിയിൽ കയറാതെ നേരിട്ട് വലിയമ്പലത്തിലേക്ക് പേട്ടതുളളി പോയി. പേട്ടതുള്ളുന്നവർക്കും വാദ്യക്കാർക്കും പൊലീസ് പ്രത്യേകം പാസ് നൽകിയിരുന്നു. വൈകിട്ട് ആറിന് പേട്ടതുള്ളൽ ക്ഷേത്രത്തിൽ സമാപിച്ചു. ആലങ്ങാട്ട് സംഘത്തിൻ്റെ ഗോളക ചാർത്തിയാണ് ധർമ ശാസ്‌ത ക്ഷേത്രത്തിൽ ദീപാരാധന നടക്കുക.
പേട്ടതുള്ളലിൻ്റെ മാഹാത്മ്യം
ശബരിമല തീർഥാടനത്തിൻ്റെ ഭാഗമായി കാണുന്ന ആചാരാനുഷ്‌ഠാനമാണ് പേട്ടതുള്ളൽ. കോട്ടയം ജില്ലയിലെ എരുമേലിയിലാണ് ഇത് നടക്കുന്നത്. ഭഗവാൻ അയ്യപ്പൻ മഹിഷി എന്ന അസുരനെ നിഗ്രഹിച്ചതിനെ അനുസ്‌മരിച്ച് ആചാരപരമായി പുരുഷന്മാർ ശരീരത്തിൽ ചായം തേച്ച് താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്നു. അമ്പലപ്പുഴ, ആലങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് കാലങ്ങളായി പ്രധാനമായും ഈ അനുഷ്‌ഠാനം നിഷ്‌ഠയോടുകൂടി നടത്തിപ്പോരുന്നത്.

