ശബരിമല സ്വർണക്കവർച്ച: ഗോവർധന് മുഖ്യപങ്ക്, കൂടുതൽ സ്വർണം കടത്താനും പദ്ധതി; എസ്‌ഐടി റിപ്പോർട്ട്
കവർച്ചയാണെന്നറിഞ്ഞു ഗോവർധൻ പണം നൽകിയെന്നും ശ്രീകോവിലിലെ സ്വർണം ഉരുക്കി വിറ്റതായും എസ്‌ഐടി കോടതിയെ അറിയിച്ചു. കൂടുതൽ കവർച്ചയ്ക്കും ഇവർ പദ്ധതിയിട്ടിരുന്നു.

Published : January 6, 2026 at 4:38 PM IST
എറണാകുളം: ശബരിമല സ്വർണക്കവർച്ചയിൽ സ്വർണ വ്യാപാരി ഗോവർധന് മുഖ്യ പങ്കുണ്ടെന്നും കവർച്ചയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സ്വർണത്തിന് പകരം ഇയാൾ പണം നൽകിയതെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. നാഗ ഗോവര്‍ധൻ്റെ ജാമ്യാപേക്ഷയെ എതിർത്ത് നൽകിയ വിശദീകരണത്തിലാണ് അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കിയത്.
ദേവസ്വം ബോർഡിനല്ല, മറിച്ച് എക്സിക്യൂട്ടീവ് ഓഫിസറുടെ പേരിലാണ് ഗോവർധൻ പണം കൈമാറിയതെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഗോവർധനും പങ്കജ് ഭണ്ഡാരിയും ചേർന്ന് വലിയ ഗൂഢാലോചനയാണ് നടത്തിയത്. ശ്രീകോവിലിലെ മറ്റ് സ്വർണപ്പാളികൾ കൂടി കവർച്ച ചെയ്യാൻ ഇവർക്ക് ആസൂത്രണമുണ്ടായിരുന്നു. പ്രഭാമണ്ഡലത്തിൽ നിന്നും ദ്വാരപാലക ശിൽപങ്ങളിൽ നിന്നും സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. ദ്വാരപാലക ശിൽപങ്ങൾ, ശ്രീകോവിലിലെ തൂണുകൾ, വാതിൽപ്പടി എന്നിവിടങ്ങളിലെ സ്വർണം പൂശിയ ചെമ്പ് പാളികളാണ് അറ്റകുറ്റപ്പണിക്കെന്ന വ്യാജേന ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കടത്തിയത്. അവിടെ വച്ച് രാസപ്രക്രിയയിലൂടെ സ്വർണം വേർതിരിച്ചെടുക്കുകയും പിന്നീട് ഗോവർധൻ്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറി വഴി വിറ്റഴിക്കുകയുമായിരുന്നു.
ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയുടെ പരമ്പരയാണെന്നും എസ്‌ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കവർച്ച നടന്നതെന്ന സംശയം ബലപ്പെട്ടതോടെ മുൻ ദേവസ്വം ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പ്രതികൾ ബെംഗളൂരുവിൽ വച്ച് രഹസ്യമായി കൂടിക്കാഴ്ച നടത്തുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സിഡിആർ പരിശോധനയിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. രാജ്യാന്തര വിഗ്രഹക്കടത്ത് മാഫിയകളുടെ രീതിക്ക് സമാനമായ സംഘടിത കുറ്റകൃത്യമാണ് സ്വർണക്കവർച്ചയിൽ നടന്നതെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.
വ്യാജരേഖകളും ഓഡിറ്റ് റിപ്പോർട്ടും
സ്വർണം പൂശാനെന്ന പേരിൽ ശബരിമലയിൽ നിന്ന് കൊണ്ടുപോയ ചെമ്പ് പാളികളിൽ നിന്ന് കിലോക്കണക്കിന് സ്വർണമാണ് നഷ്ടപ്പെട്ടത്. അറ്റകുറ്റപ്പണികൾക്കായി ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന് കരാർ നൽകിയതിലും ദുരൂഹതയുണ്ട്. ദേവസ്വം ബോർഡിൻ്റെ ഓഡിറ്റ് റിപ്പോർട്ടിലാണ് സ്വർണത്തിൻ്റെ അളവിൽ വലിയ കുറവ് കണ്ടെത്തിയത്. ഇതാണ് കേസിന് വഴിത്തിരിവായത്. ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾക്കും മറ്റ് അമൂല്യ വസ്തുക്കൾക്കും മതിയായ സുരക്ഷയല്ല ഉള്ളതെന്ന വിമർശനവും ഇതോടെ ശക്തമായി. സ്ട്രോങ് റൂം കൈകാര്യം ചെയ്യുന്നതിലും രജിസ്റ്റർ സൂക്ഷിക്കുന്നതിലും ഉദ്യോഗസ്ഥർ വീഴ്ച വരുത്തി.
പങ്കജ് ഭണ്ഡാരിയിൽ നിന്നും സ്വർണം കൈപ്പറ്റിയത് ഗോവർധൻ്റെ നിർദേശാനുസരണമാണെന്ന് ഇടനിലക്കാരനായ കൽപേഷ് മൊഴി നൽകിയതായും എസ്‌ഐടി പറയുന്നു. ഗോവർധൻ്റെയും പത്മകുമാറിൻ്റെയും ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി. ഒന്നരക്കോടിയിലധികം രൂപയാണ് ഗോവർധൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾ വ്യാജരേഖകൾ ചമച്ചാണ് സ്വർണം കടത്തിയതെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
Also Read:- മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

