ETV Bharat / state

'മന്ത്രിമാർക്കും പങ്ക്, തന്ത്രിയെ അറസ്റ്റ് ചെയ്തത് കണ്ണിൽപ്പൊടിയിടാൻ'; ശബരിമല സ്വർണക്കൊള്ളയിൽ ആഞ്ഞടിച്ച് യുഡിഎഫ്

സ്വർണക്കൊള്ളയിൽ മന്ത്രിമാർക്ക് പങ്കുണ്ടെന്നും യഥാർഥ പ്രതികളെ പിടിക്കണമെന്നും യുഡിഎഫ്. അവരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ്. അധികാരത്തിലെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കി.

RAMESH CHENNITHALA SABARIMALA NEWS KERALA MINISTERS GOLD THEFT LINK K MURALEEDHARAN PRESS CONFERENCE SABARIMALA GOLD THEFT PROBE UPDATE
കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, കെ മുരളീധരൻ (ETV Bharat)
author img

By ETV Bharat Kerala Team

Published : January 10, 2026 at 10:25 AM IST

6 Min Read
Choose ETV Bharat

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിമാർക്കും നിലവിലെ മന്ത്രിമാർക്കും പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് നേതാക്കൾ രംഗത്ത്. കേസിൽ ഉൾപ്പെട്ട ഉന്നതരെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായും യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കെ സി വേണുഗോപാൽ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവർ ആവശ്യപ്പെട്ടു. സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) അന്വേഷണം കൃത്യമായ രീതിയിൽ മുന്നോട്ട് പോകണമെന്നും കുറ്റവാളികളായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തന്ത്രിയെ അറസ്റ്റ് ചെയ്തത് നിയമപരമായ നടപടിയാണ്. നിയമം അതിൻ്റെ വഴിക്ക് പോകട്ടെ എന്നും നിയമത്തിന് മുന്നിൽ ആരും അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ കേസിൽ ഉൾപ്പെട്ട നാല് നേതാക്കൾക്കെതിരെ ഇതുവരെ പാർട്ടി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവരെ രക്ഷപ്പെടുത്താനുള്ള വഴികളാണ് നിലവിൽ നോക്കിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഈ സ്വർണക്കൊള്ളയിൽ മുൻ മന്ത്രിമാർക്കും നിലവിലെ മന്ത്രിമാർക്കും പങ്കുണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. അവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ അയ്യപ്പൻ്റെ മുതൽ കവർന്ന ആരും രക്ഷപ്പെടില്ല. കുറ്റവാളികൾ എത്ര വലിയവരാണെങ്കിലും അവർ ശിക്ഷിക്കപ്പെടണമെന്ന നിലപാടാണ് യുഡിഎഫ് ആദ്യം മുതൽ സ്വീകരിക്കുന്നത്. തന്ത്രിയുടെ അറസ്റ്റ് പോലുള്ള കാര്യങ്ങളിൽ നിയമം തീരുമാനമെടുക്കട്ടെ എന്നും സ്വർണക്കൊള്ളയിലെ യഥാർഥ പ്രതികളെ പുറത്തുകൊണ്ടുവരികയാണ് പ്രധാനമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. എസ്ഐടി അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകേണ്ടതുണ്ട്.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 100 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ജനങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ടുള്ളതായിരുന്നു. കമ്യൂണിസ്റ്റുകാർ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. എൽഡിഎഫ് 110 സീറ്റുകൾ നേടുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരാജിതൻ്റെ കപടമായ ആത്മവിശ്വാസം മാത്രമാണ്. തദ്ദേശ, പാർലമെൻ്റ്, ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് നേടിയ വിജയം ജനങ്ങൾ മാറ്റത്തിന് തയാറാണെന്നതിൻ്റെ തെളിവാണ്. മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ല. മലപ്പുറത്തെ ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ച് ഉയരുന്ന വിവാദങ്ങളിൽ അവർ എന്നും മതേതര നിലപാട് ഉയർത്തിപ്പിടിച്ചിട്ടുള്ളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിൽ ആകെ 140 സീറ്റുകൾ മാത്രമേ ഉള്ളൂവെന്നും ജനങ്ങൾ വസ്തുതകൾ തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രിമാരെ സംരക്ഷിക്കാൻ അനുവദിക്കില്ല

തിരുവാഭരണ മോഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണവും തന്ത്രിയുടെ അറസ്റ്റും കേവലം തന്ത്രിയിൽ മാത്രം ഒതുക്കിത്തീർക്കാൻ അനുവദിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ വ്യക്തമാക്കി. ദേവസ്വം ബോർഡ് അധികൃതർ മാത്രം വിചാരിച്ചാൽ ഇത്ര വലിയ തോതിൽ സ്വർണം കടത്താൻ കഴിയില്ല. സ്വന്തം വകുപ്പിന് കീഴിൽ ഇത്ര വലിയ കൊള്ള നടക്കുമ്പോൾ അത് കണ്ടുപിടിക്കാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. മാർക്സിസ്റ്റ് പാർട്ടി പോലെയുള്ള ഒരു സംവിധാനത്തിൽ, അറസ്റ്റിലായവരെല്ലാം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കാരല്ലേ എന്നും അദ്ദേഹം ചോദിച്ചു. പാർട്ടിക്കാരും മന്ത്രിയും ഭരണതലപ്പത്തുള്ളവരും അറിയാതെ ഇത്തരമൊരു സ്വർണക്കടത്ത് നടക്കില്ല. അതുകൊണ്ട് തന്നെ തന്ത്രിയുടെ അറസ്റ്റോടെ ഈ കേസ് അവസാനിച്ചുവെന്ന് സർക്കാർ കരുതേണ്ടെന്നും കോൺഗ്രസ് ഈ വിഷയത്തെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിമാരെ സംരക്ഷിക്കാൻ ശ്രമം നടന്നാൽ അത് അംഗീകരിക്കില്ല. വരാനിരിക്കുന്ന നിയമസഭ സമ്മേളന ദിവസം കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നിയമസഭ മാർച്ച് സംഘടിപ്പിക്കുമെന്നും ആവശ്യമെങ്കിൽ യുഡിഎഫിൻ്റെ ഭാഗത്തുനിന്ന് അതിശക്തമായ സമരപരിപാടികൾ ഉണ്ടാകുമെന്നും കെ മുരളീധരൻ മുന്നറിയിപ്പ് നൽകി. ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് അതിൻ്റെ ഫലം എന്തായെന്ന് അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ട്. ഇത്ര വലിയ ക്രമക്കേട് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് പറയുന്നത് വിശ്വസനീയമല്ല.

തന്ത്രിയുടെ അറസ്റ്റിനെ സംബന്ധിച്ച നിയമപരമായ കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ. എന്നാൽ തിരശീലയ്ക്ക് പിന്നിൽ നടന്ന കാര്യങ്ങൾ കൂടി പുറത്തുവരേണ്ടതുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിൽ സർക്കാരിന് അനുകൂലമായ ഉദ്യോഗസ്ഥർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വാർത്തകൾ ഗൗരവകരമാണ്. ഹൈക്കോടതി ഇടപെടുന്നത് വരെ അന്വേഷണം മന്ദഗതിയിലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ഇതൊരു രാഷ്ട്രീയ ആയുധമായല്ല കോൺഗ്രസ് കാണുന്നത്. ക്ഷേത്രങ്ങളോ പള്ളികളോ ആകട്ടെ, ഭക്തർ നൽകുന്ന കാണിക്കയും വരുമാനവും ആര് കൊള്ളയടിച്ചാലും അത് അംഗീകരിക്കാനാവില്ല. ജനങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്ന പ്രവർത്തനങ്ങൾ തടയപ്പെടണം. തന്ത്രിയുടെ അറസ്റ്റ് ഞെട്ടിക്കുന്ന സംഭവമാണെങ്കിലും, ഒരാൾക്കെതിരെ ആരോപണം വന്നതുകൊണ്ട് ആ വിഭാഗം മുഴുവൻ മോശക്കാരാണെന്ന് കരുതരുത്. മുൻപ് ആരോപണവിധേയനായ ഒരു തന്ത്രിയെ അയ്യപ്പ സംഗമത്തിന് വിളക്ക് തെളിയിക്കാൻ മുഖ്യമന്ത്രി അനുവദിച്ചത് ചൂണ്ടിക്കാട്ടിയ കെ മുരളീധരൻ, നിലവിലെ തന്ത്രി സ്ത്രീ പ്രവേശന വിഷയത്തിൽ ശുദ്ധികലശം നടത്തിയത് വഴി മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായ വ്യക്തിയാണെന്നും ഓർമിപ്പിച്ചു.

അന്വേഷണം എല്ലാവരിലേക്കും എത്തണം

തന്ത്രിയിൽ ചാരി മന്ത്രി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്ന് കെ സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ശബരിമല സ്വർണക്കൊള്ള നടത്തിയിട്ടുള്ള എല്ലാവരിലേക്കും അന്വേഷണം എത്തണം. അന്വേഷണത്തിൻ്റെ ഗതിവിഗതികൾ നിയന്ത്രിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. അതാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വന്നത്. അയ്യപ്പൻ്റെ സ്വർണം കട്ടവരെ രണ്ട് കക്ഷത്തിലും വച്ചാണ് മുഖ്യമന്ത്രി അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത്. മുഖ്യമന്ത്രി നടത്തിയത് ആരുടെ പ്രസംഗമാണെന്ന് പറയുന്നില്ല. ഇനിയും പലരിലേക്കും അന്വേഷണം എത്താനുണ്ട്. എസ്ഐടിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. എസ്ഐടിക്ക് കൂച്ചുവിലങ്ങ് ഇടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കെ സി വേണുഗോപാൽ കണ്ണൂരിൽ പറഞ്ഞു.

പ്രമുഖരെ പിടികൂടാനുണ്ട്

ശബരിമല തന്ത്രിയുടെ അറസ്റ്റിൽ കരുതലോടെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. തന്ത്രിയെ അറസ്റ്റ് ചെയ്തത് അന്വേഷണത്തിൻ്റെ പുരോഗതിയാണെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. എന്നാൽ മുൻ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് എവിടെവരെയായി എന്ന ചോദ്യത്തിന് ഉത്തരമില്ല. കടകംപള്ളി സുരേന്ദ്രൻ്റെ അഭിമുഖമാണോ അന്വേഷണ സംഘം രേഖപ്പെടുത്തിയത് അതോ ചോദ്യം ചെയ്യലാണോ നടന്നതെന്ന് വ്യക്തമാക്കണം. മുൻ മന്ത്രിയെ ചോദ്യം ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്നും അതിൻ്റെ ഫലം എന്തെന്നറിയാൻ ശബരിമല വിശ്വാസികൾക്കും കേരളത്തിലെ ജനങ്ങൾക്കും അവകാശമുണ്ടെന്നും അത് വെളിപ്പെടുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയതും കൊള്ള നടത്താൻ അവസരം നൽകിയതും ആരാണെന്ന് ജനത്തിനറിയാം. ദേവസ്വം ബോർഡ് അറിയാതെ അവിടെ ഈ സ്വർണക്കൊള്ള നടക്കില്ല. ബോർഡ് പ്രസിഡൻ്റും ദേവസ്വം മന്ത്രിയും സിപിഎമ്മുകാരാണ്. സ്വർണക്കൊള്ളയ്ക്ക് അവസരമൊരുക്കി മിനുട്‌സ് തിരുത്തിയത് ദേവസ്വം പ്രസിഡൻ്റായിരുന്ന എ പത്മകുമാറാണ്. അത് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച രേഖകളിൽ നിന്ന് വ്യക്തമാണ്. പ്രതികൾ സുപ്രീം കോടതിയിൽ ജാമ്യത്തിന് ശ്രമിച്ചപ്പോൾ ഈശ്വരന് പോലും രക്ഷയില്ലാത്ത കളവു കേസിലെ പ്രതികൾ ഇങ്ങോട്ട് വരേണ്ടായെന്നാണ് കോടതി പറഞ്ഞത്. തന്ത്രിയെ അറസ്റ്റ് ചെയ്തതിൻ്റെ പേരിൽ ഈ കൊള്ളയിൽ സിപിഎമ്മിന് പങ്കില്ലെന്ന് വാദിക്കാൻ കഴിയില്ല.

സിപിഎം പറയുന്ന ഒരു ന്യായവും വാദവും ജനങ്ങൾ വിശ്വസിക്കില്ല. തന്ത്രിയെ നിയന്ത്രിക്കേണ്ട മന്ത്രിയേയും 2025ലെ ദേവസ്വം പ്രസിഡൻ്റിനേയും ചോദ്യം ചെയ്തിട്ടുണ്ട്. അവർ എന്താണ് പറഞ്ഞതെന്ന് പോലും വ്യക്തമല്ല. അവർക്ക് രാഷ്ട്രീയ സംരക്ഷണ കവചം കിട്ടുന്നത് കൊണ്ടാണ് ജയിലിൽ പോകാത്തത്. ഈ കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതും പ്രതികളെ രക്ഷിക്കാനാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എന്തെങ്കിലും പഴുതുണ്ടായിരുന്നെങ്കിൽ സർക്കാർ വെറുതെ ഇരിക്കുമായിരുന്നില്ല. ഒന്നുമില്ലാത്തത് കൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. അന്വേഷണ ഏജൻസി വിളിപ്പിച്ചാൽ കടകംപള്ളി സുരേന്ദ്രനെ പോലെ ഒളിച്ചു പോകില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ എംപിയായ അടൂർ പ്രകാശിന് ഈ വിഷയത്തിൽ എന്ത് സ്വാധീനം ചെലുത്താൻ കഴിയും. മുൻ ദേവസ്വം മന്ത്രിയും ഇപ്പോഴത്തെ ഭരണകക്ഷി എംഎൽഎയുമായ വ്യക്തിയേയും പ്രതിപക്ഷ എംപിയേയും ചോദ്യം ചെയ്യുന്നത് തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല.

പ്രമുഖരെ ഇനിയും പിടികൂടാനുണ്ടെന്നാണ് ഹൈക്കോടതി ആവർത്തിച്ച് വ്യക്തമാക്കിയത്. അതിൽ ഒരു തന്ത്രി മാത്രമല്ല ഉൾപ്പെടുന്നത്. മോഷ്ടിക്കപ്പെട്ട സ്വർണം പൂർണമായും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്ത് ജയിലിൽ കിടക്കുന്ന സിപിഎം നേതാക്കന്മാരായ പ്രതികൾ എ പത്മകുമാർ, എൻ വാസു ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷകൾ നിരന്തരം കോടതി തള്ളിയിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും പാർട്ടി സെക്രട്ടറിയും ഇപ്പോഴും അവരെ സംരക്ഷിക്കുകയാണ്. അന്വേഷണം കുറേക്കൂടി ദ്രുതഗതിയിലാക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Also Read:- 'മതി വരാത്ത മധുര സംഗീതം'; പിന്നിട്ടത് 86 സ്വരരാഗ വർഷങ്ങൾ, ഗാനഗന്ധർവ്വന് ഇന്ന് പിറന്നാൾ