ശബരിമല സ്വർണപ്പാളി വിവാദം: കോടതിയിൽ വാദങ്ങൾ പൂർത്തിയാക്കി കടകംപള്ളി; വി ഡി സതീശൻ്റെ മറുപടി 15-ന്
കടകംപള്ളിയുടെ വാദത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകുന്ന മറുപടി ജനുവരി 15-ന് കോടതി പരിഗണിക്കും

Published : January 5, 2026 at 7:48 PM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കവർച്ചാ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപമാനകരമായ പ്രസ്താവനകൾ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം മൂന്നാം സബ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. കടകംപള്ളിയുടെ വാദത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകുന്ന മറുപടി ജനുവരി 15-ന് കോടതി പരിഗണിക്കും.
സർക്കാരിന് ദേവസ്വം ബോർഡിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നും ബോർഡ് ഒരു സ്വയംഭരണാധികാരമുള്ള സ്ഥാപനമാണെന്നും കടകംപള്ളി കോടതിയിൽ വാദിച്ചു. മുൻ ദേവസ്വം മന്ത്രിയായിരുന്നു എന്ന കാരണത്താൽ താൻ സ്വർണം മോഷ്ടിച്ചു എന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് അടിസ്ഥാനരഹിതമാണ്. രാഷ്ട്രീയ പ്രേരിതമായ ഇത്തരം ആരോപണങ്ങൾ വ്യക്തിഹത്യയ്ക്ക് തുല്യമാണ്. തനിക്കെതിരെ സമാനമായ പ്രസ്താവനകൾ തുടരുന്നത് സ്റ്റേ ചെയ്യണമെന്നും, മാനഹാനിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താൻ ഉത്തമബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തിയതെന്നും അത് കടകംപള്ളിയെ വ്യക്തിപരമായി അധിക്ഷേപിക്കാനല്ലെന്നും വി ഡി സതീശൻ കോടതിയെ അറിയിച്ചു. 2016 മുതൽ 2021 വരെ കടകംപള്ളി മന്ത്രിയായിരുന്ന കാലത്താണ് ക്രമക്കേടുകൾ നടന്നത്. ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഉള്ളതുപോലെ തന്നെ ഉത്തരവാദിത്തം വകുപ്പ് മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കുമുണ്ട്. കേസിലെ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിൻ്റെ മൊഴി പ്രകാരം, മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് ചില അപേക്ഷകൾ പരിഗണിച്ചത്. ഇതിൽ നിന്നും കടകംപള്ളിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും സതീശൻ വ്യക്തമാക്കി.
സ്വർണപ്പാളി മോഷ്ടിച്ചു എന്നതിന് തെളിവുണ്ടെങ്കിൽ കോടതിയിൽ രേഖകൾ ഹാജരാക്കാൻ പ്രതിപക്ഷ നേതാവ് തയാറാകണമെന്ന് കടകംപള്ളി സുരേന്ദ്രൻ്റെ അഭിഭാഷകൻ നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. സ്വർണപ്പാളി വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോഴും ഇക്കാര്യങ്ങൾ വ്യക്തമാക്കിയതാണ്. എന്നിട്ടും ഇത് മറച്ചുവച്ച് വാർത്താസമ്മേളനങ്ങൾ വിളിച്ച് തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവനകൾ നടത്തുന്നത് ന്യായീകരിക്കാൻ കഴിയില്ല. അത്തരം സമ്പ്രദായം ഒരു രാഷ്ട്രീയ നേതാവിന് യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ താൻ പറഞ്ഞ കാര്യങ്ങൾ ദൃശ്യമാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. വ്യക്തമായ രേഖകൾ ഇല്ലാതെ ഇത്തരം മോഷണ ആരോപണങ്ങൾ എങ്ങനെ ഉന്നയിക്കാൻ കഴിയുമെന്ന വാദമാണ് മാധ്യമങ്ങൾ മാറ്റിമറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സതീശൻ മാപ്പ് പറയണമെന്ന കടകംപള്ളിയുടെ ആവശ്യത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു. എന്നാൽ താൻ നടത്തിയ പ്രസ്താവനയിൽ തെറ്റില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്.

