ETV Bharat / state

എല്ലാത്തിനും ഉത്തരം അയ്യപ്പൻ പറയിച്ചിരിക്കുമെന്ന് കമന്‍റ്; 'എല്ലാം അയ്യപ്പനറിയാമെന്ന' മറുപടിയുമായി പി.എസ്. പ്രശാന്ത്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അധ്യക്ഷനായ പി.എസ്. പ്രശാന്തിന്‍റെ മൊഴി പ്രത്യേക അന്വേഷണസംഘം (SIT) രണ്ടുതവണ രേഖപ്പെടുത്തിയിരുന്നു.

Sabarimala  ശബരിമല  സ്വര്‍ണക്കൊള്ള  പി എസ് പ്രശാന്ത്
sabarimala gold scam ps prashanth reply (ETV Bharat)
author img

By ETV Bharat Kerala Team

Published : March 3, 2026 at 5:55 PM IST

4 Min Read
Choose ETV Bharat

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിനത്തിൽ മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻ പി.എസ്. പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ശബരിമല സ്വർണക്കൊള്ള ആരോപിച്ചു വിമർശിച്ചയാൾക്ക് മറുപടിയുമായി പ്രശാന്ത് രംഗത്തെത്തി. ഭാര്യ പൊങ്കാലയിടുന്ന ചിത്രം പ്രശാന്ത് തന്‍റെ പേജിൽ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് വിമർശനമുയർന്നത്.

"ഇതുകൊണ്ടൊന്നും ശബരിമലയിലെ പാപം പോകാൻ പോകുന്നില്ല. എല്ലാത്തിനും ഉത്തരം അയ്യപ്പൻ പറയിച്ചിരിക്കും" എന്നായിരുന്നു കമന്‍റ്. ഇതിന് മറുപടിയുമായി പ്രശാന്തും രംഗത്തെത്തി.

"അതാണ് എന്‍റെ ആശ്വാസം. എല്ലാം ഭഗവാൻ അയ്യപ്പന് അറിയാം. അതുകൊണ്ടാണ് അയ്യപ്പ സംഗമത്തെ പൊളിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ആരോപണവുമായി വരുന്നതും, അത് അയാൾക്ക് തന്നെ വിനയായി മാറുന്നതും, ഇപ്പോൾ ഒടുവിൽ 2017-ലെ കൊടിമര അഴിമതിയിൽ വരെ വന്ന് നിൽക്കുന്നതും. വരട്ടെ, അന്വേഷണം നടക്കുകയല്ലേ; നമുക്ക് നോക്കാം ആരൊക്കെ ജയിലിൽ പോകുമെന്നും ആരൊക്കെ പ്രതികളായി മാറുമെന്നും. ഭഗവാൻ ഇതെല്ലാം കൃത്യമായി കാണുന്നുണ്ട് എന്നതാണ് ഏക ആശ്വാസം" എന്നായിരുന്നു പ്രശാന്തിന്‍റെ മറുപടി. തുടർന്നുള്ള കമന്‍റുകളിൽ ഇതേപ്പറ്റി പരാമർശങ്ങൾ ഉണ്ടായില്ല.

പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്തത് രണ്ടുതവണ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അധ്യക്ഷനായ പി.എസ്. പ്രശാന്തിന്‍റെ മൊഴി പ്രത്യേക അന്വേഷണസംഘം (SIT) രണ്ടുതവണ രേഖപ്പെടുത്തിയിരുന്നു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആദ്യം പി.എസ്. പ്രശാന്തിന്‍റെ മൊഴി ശേഖരിച്ചത്. പിന്നീട് കഴിഞ്ഞ ജനുവരി 24-നാണ് എസ്.ഐ.ടി. ഓഫീസിൽ വെച്ച് പ്രശാന്തിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. ഇദ്ദേഹത്തിന് പുറമേ ദേവസ്വം ബോർഡ് അംഗം അജികുമാറിനെയും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രശാന്ത് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.

അന്വേഷണത്തിന് എസ്.ഐ.ടി. രൂപീകരിച്ച് സർക്കാർ

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ നിർദ്ദേശപ്രകാരം 2025 ഒക്ടോബർ 25-നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചത്. കേസ് അതിസങ്കീർണ്ണമായതിനാൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പാക്കാനാണ് എസ്.ഐ.ടി. രൂപീകരിക്കണമെന്ന് ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചത്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുമ്പോൾ, നിലവിലെ അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി, കേസിലെ പ്രതികൾ രക്ഷപ്പെടില്ലെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നും വ്യക്തമാക്കി.

സ്വർണക്കൊള്ളയിൽ ഇതുവരെ അറസ്റ്റിലായവർ

സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് 12 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 17-ന് ആദ്യം എസ്.ഐ.ടി. അറസ്റ്റ് ചെയ്യുന്നത് ഉണ്ണികൃഷ്ണൻ പോറ്റിയെയാണ്. തുടർന്ന് അതേ മാസം 29-ന് മുരാരി ബാബു, നവംബർ ഒന്നിന് ഡി. സുധീഷ് കുമാർ, ആറിന് കെ.എസ്. ബൈജു, 11-ന് മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻ എൻ. വാസു, 20-ന് മുൻ പ്രസിഡന്റ് എ. പത്മകുമാർ, ഡിസംബർ 17-ന് എസ്. ശ്രീകുമാർ, 19-ന് സ്മാർട്ട് ക്രിയേഷൻസുമായി ബന്ധപ്പെട്ട ഗോവർധൻ, പങ്കജ് ഭണ്ഡാരി എന്നിവരും അറസ്റ്റിലായി.

തുടർന്ന് പത്തു ദിവസത്തിന് ശേഷം 29-ന് ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാറിനെ അറസ്റ്റ് ചെയ്തു. 2026 ജനുവരി 9-ന് തന്ത്രി കണ്ഠരര് രാജീവരെയും അവസാനമായി ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസിനെയും അറസ്റ്റ് ചെയ്തു. കുറെ ദിവസങ്ങളായി പക്ഷാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഐ.സി.യു-വിലായിരുന്ന ശങ്കർദാസിനെ മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

കേസിൽ ജാമ്യം ലഭിച്ചവർ

ശബരിമല സ്വർണ്ണക്കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് സ്വാഭാവിക ജാമ്യം ലഭിച്ച് ആറുപേർ ഇതുവരെ പുറത്തിറങ്ങി. ജനുവരി 23-ന് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനാണ് ആദ്യം ജാമ്യം ലഭിച്ചത്. തുടർന്ന് ഫെബ്രുവരി 2-ന് സുധീഷ് കുമാറും 5-ന് കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങി. 11-ന് എൻ. വാസുവും 18-ന് തന്ത്രി രാജീവരും 27-ന് കെ.എസ്. ബൈജുവുമാണ് പുറത്തിറങ്ങിയ മറ്റ് പ്രതികൾ. പത്മകുമാറിന് ഇതുവരെ ഒരു കേസിൽ മാത്രമാണ് ജാമ്യം ലഭിച്ചത്.

എൻ. വാസുവിനെ ചോദ്യം ചെയ്ത് ഇ ഡി

ശബരിമലയിലെ സ്വർണ്ണനിർമ്മിതമായ വാതിൽപ്പാളികൾ മാറ്റി പകരം ചെമ്പ് വെച്ചതുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ സംശയിച്ച് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി. ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. സ്വർണ്ണപ്പാളികൾ നീക്കം ചെയ്യാൻ കൂട്ടുനിന്നു എന്ന ആരോപണത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ എസ്. ശ്രീകുമാർ, മുരാരി ബാബു, മുൻ സെക്രട്ടറി എസ്. ജയശ്രീ, നടൻ ജയറാം, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരെ ഇ.ഡി. നേരത്തെ ചോദ്യം ചെയ്തിരുന്നു.

കേസിൽ ഇ ഡിയുടെ വ്യാപക റെയ്ഡ്

കേസിലെ പ്രധാന പ്രതികളായ എ. പത്മകുമാർ, ഉണ്ണികൃഷ്ണൻ പോറ്റി, എൻ. വാസു എന്നിവരുടെ വീടുകളുൾപ്പെടെ 21 കേന്ദ്രങ്ങളിൽ ഇ.ഡി. ഒരേസമയം റെയ്ഡ് നടത്തി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ ഉടമ പങ്കജ് ഭണ്ഡാരിയുടെ വീടും സ്ഥാപനവും, ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർധന്‍റെ വീട് എന്നിവിടങ്ങളിലും പരിശോധന നടന്നു. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടന്ന റെയ്ഡിന് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് കേസിൽ ഇടപെടാൻ അവകാശമുണ്ടെന്ന് ഇ.ഡി. ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതികളുമായി ബന്ധപ്പെട്ട സ്വത്തുവിവരങ്ങൾ ശേഖരിച്ച ശേഷമാണ് വിപുലമായ റെയ്ഡ് നടത്തിയത്. അതേസമയം, പ്രതികൾ സ്വർണ്ണക്കൊള്ളയിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഈ സ്വത്തുവകകൾ മരവിപ്പിക്കാനുള്ള നീക്കം എസ്.ഐ.ടി. തുടങ്ങിയിട്ടുണ്ട്.